എന്താണ് പിണറായി വിജയൻറെ പ്രശ്നം.

എന്റെ ഇത്ത പത്താം ക്ലാസ് പാസ്സായപ്പോൾ എന്റെ ബാപ്പയുടെയും ഉമ്മയുടെയും കുടുംബത്തിൽ പത്താം ക്ലാസ് പാസ്സാകുന്ന വിരലിൽ എണ്ണാവുന്ന പെൺകുട്ടികൾ ഒരാൾ ആയിരുന്നു. പത്ത് കഴിഞ്ഞു കോളേജിൽ ചേരണം എന്നല്ലാതെ അതെങ്ങനെയാണ് ചെയേണ്ടത് എന്ന് വീട്ടിൽ ആർക്കും വലിയ പിടിയിലായിരുന്നു. സ്ഥലം എംഎൽഎ യോ എംപിയോ കോളേജിലേക്ക് ഒരു കത്ത് കൊടുത്താൽ അവിടെ അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട് എന്ന് കേട്ട് എന്റെ ഉമ്മ അന്നത്തെ സ്ഥലം എംഎൽഎ ആയ ടി പി പീതാംബരൻ മാഷിനോട് (കോൺഗ്രസ് എസ്, ഇടതുപക്ഷം ) ഒരു റെക്കമെൻഡേഷൻ ലെറ്റർ ചോദിക്കാനായി എന്നെയും കൂട്ടി പോയി.

“ഇങ്ങിനെ എല്ലാവരും ലെറ്റർ ചോദിച്ചു വന്നാൽ ഞാൻ എങ്ങിനെ തരാനാണ്, ഞാൻ ലെറ്റർ കൊടുക്കുന്ന എല്ലാവർക്കും കോളേജിനു അഡ്മിഷൻ കൊടുക്കാൻ പറ്റില്ലല്ലോ” എന്ന വെട്ടിമുറിച്ചുള്ള ഒരു ഉത്തരമാണ് ഞങ്ങൾക്ക് കിട്ടിയത്. പിന്നെ അന്നത്തെ എംപി ആയിരുന്ന കെവി തോമസിന്റെ (കോൺഗ്രസ്) വീട്ടിൽ പോയി ഇതേ ചോദ്യം ചോദിച്ചു. ഉടനെ തന്നെ അദ്ധേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് ഒരു ലെറ്റർ എഴുതി തരാൻ പറഞ്ഞു. ഞങ്ങൾക്ക് വലിയ സന്തോഷമായി.

പക്ഷെ ഈ ലെറ്റർ കൊണ്ട് കാര്യമൊന്നും ഉണ്ടായില്ല. മാർക്ക് കുറവായതു കൊണ്ട് ഇത്താക്ക് പ്രമുഖ കോളേജിൽ ഒന്നും അഡ്മിഷൻ ലഭിച്ചില്ല, ഒരു പ്രൈവറ്റ് കോളേജിൽ ആണ് പ്രീഡിഗ്രി പഠിച്ചത്. കുറച്ചു നാൾ കഴിഞ്ഞു വേറൊരാൾ പറഞ്ഞാണ് ഞങ്ങൾ ഒരു കാര്യമറിഞ്ഞത്, കെവി തോമസ് ഇങ്ങിനെ റെക്കമെൻഡേഷൻ ലെറ്റർ ചോദിക്കുന്ന എല്ലാവര്ക്കും കൊടുക്കും, അതിനു പാക്ഷേ കോളേജ് അധികൃതർ ഒരു വിലയും കല്പിക്കില്ല. യഥാർത്ഥ റെക്കമെൻഡേഷൻ കെ വി തോമസ് കോളേജിൽ നേരിട്ട് വിളിച്ചു പറയുക ആണ് ചെയ്യുക. വസ്തുതാപരമായി ആലോചിച്ചു നോക്കുമ്പോൾ അതായിരിക്കണം സത്യം അല്ലെങ്കിൽ പീതാംബരൻ മാഷ് ചോദിച്ച പോലെ എല്ലാവര്ക്കും റെക്കമെൻഡേഷൻ ലെറ്റർ കൊടുത്താൽ അഡ്മിഷൻ എല്ലാവര്ക്കും അഡ്മിഷൻ കൊടുക്കാൻ പറ്റില്ലല്ലോ. പക്ഷെ ഇവർ രണ്ടുപേരും ഇത് കൈകാര്യം ചെയ്ത രീതി വ്യത്യസ്തം ആയിരുന്നു.

പിണറായി വിജയൻറെ വാർത്താ സമ്മേളനം കാണുമ്പോൾ എനിക്കീ സംഭവമാണ് ഓർമ വരുന്നത്. വളരെ വസ്തുതാപരമായിട്ടാണ് പിണറായി സംസാരിക്കുന്നത്. എന്നാൽ ആളുകൾക്ക് വേണ്ടതും വാർത്ത മാധ്യമങ്ങൾ അദ്ധേഹത്തിന്റെ കയ്യിൽ നിന്ന് കിട്ടണം എന്ന് പ്രതീക്ഷിക്കുന്നതും കുറച്ചു വികാരപരമായ കാര്യങ്ങളാണ്. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളോ, കയ്യിൽ തെളിവുകളോ കൃത്യമായി ഇല്ലാതെ ഉള്ള ഊഹാപോഹങ്ങളെയോ കുറിച്ച് ചോദിക്കുമ്പോൾ പുള്ളിയുടെ മുഖത്തു ടെൻഷൻ തെളിഞ്ഞു കാണാം, കാരണം വസ്തുതകളെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങൾ ചെയ്യുന്നവർക്ക് ചെയ്യാൻ പറ്റാത്ത ഒരു പണിയാണ് വസ്തുതകളെ അറിയാത്ത കാര്യങ്ങളെ കുറിച്ചോ, നടക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങളെ കുറിച്ചോ സംസാരിക്കുന്നതും അതിനെ അടിസ്ഥാനപ്പെടുത്തി ഊഹാപോഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും. അതേസമയം വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ആണെകിൽ ഇങ്ങിനെ ഉള്ളവർ കുറെ സംസാരിക്കുകയും ചെയ്യും, ഉദാഹരണത്തിന് മാധ്യമ പ്രവർത്തകരെ വ്യക്തിഹത്യ ചെയ്യുന്ന കാര്യത്തിൽ ഏറെക്കുറെ സമയം എടുത്ത് ഉദാഹരണങ്ങൾ പറഞ്ഞു കൊണ്ട് ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷവും ഇതുപോലെ ചെയ്യുന്നുണ്ട് എന്നും എല്ലാവരും ഇതിൽ നിന്ന് പിന്മാറണം എന്നും പറയാൻ പത്ത് മിനിറ്റോളം എടുത്തു കണ്ടിരുന്നു. പിണറായി വിജയൻ ഒരു വാർത്താ വായനക്കാരൻ ആയി മാറി, ഇങ്ങിനെ കണക്ക് മാത്രം പറയാൻ ആണെങ്കിൽ പുള്ളി എന്തിനാണ് എല്ലാ ദിവസവും വാർത്ത സമ്മേളനം നടത്തുന്നത് എന്നൊക്കെ എന്റെ കൂട്ടുകാർ ചോദിച്ച് ഞാൻ കേട്ടിട്ടുണ്ട്. മറ്റ് രാഷ്ട്രീയക്കാർ നടത്തുന്ന പത്രസമ്മേളങ്ങളിലെ മസാല പിണറായി അധികം പറഞ്ഞു കണ്ടിട്ടില്ല, പല വിവാദ പരാമർശങ്ങളും പത്രക്കാർ പുള്ളിയുടെ വായിൽ വിരലിട്ടു വാങ്ങിയെടുക്കുന്നതാണ്. അതുവരെ പറഞ്ഞ പല വസ്തുതകളും അങ്ങിനെ ഒരു വിവാദത്തിൽ മുങ്ങി പോവുകയും ചെയ്യും.

കുറച്ചു നാളുകൾക്ക് മുൻപ് കൊറോണ കഴിഞ്ഞുള്ള കേരളത്തെ കുറിച്ച്, നമ്മൾ ഇനിയുള്ള കാലം എങ്ങിനെയാണ് കൃഷി ചെയ്യാൻ പോകുന്നത് എന്നെല്ലാം വിശദമായി ഒരു വാർത്താസമ്മേളനം പിണറായി നടത്തിയിരുന്നു. ഞാൻ വളരെ അധികം ഫോളോ അപ്പ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ച ഒരു പത്രസമ്മേളനം ആയിരുന്നു അത്. പക്ഷെ ഒരു പത്രപ്രവർത്തകൻ പോലും തുടർ ചോദ്യങ്ങൾ പോലും ചോദിച്ചിരുന്നില്ല. പിന്നീട് സ്വർണ കടത്ത് കേസ് വന്നപ്പോൾ കൂടുതൽ മസാല വാർത്തകളിൽ അങ്ങിനെയുള്ള കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള വാർത്തകൾ എല്ലാം മുങ്ങിപ്പോയി.

വാർത്താമാധ്യമങ്ങൾ ഇതുപോലെ വസ്തുതകൾക്ക് പിറകെ പോകാതെ മസാല വാർത്തകൾക്ക് പോകുന്നത് എന്ത് കൊണ്ടാണെന്നു പരിശോധിച്ചാൽ അങ്ങിനെയുള്ള വർത്തകൾക്കാണ് കാഴ്ചക്കാർ കൂടുതൽ എന്നതാണ് ഉത്തരം. അവർക്ക് കൂടുതൽ പരസ്യ വരുമാനം കിട്ടുന്നത് ഇങ്ങിനെയുള്ള വാർത്തകൾ കൊടുക്കുമ്പോൾ അല്ലെങ്കിൽ വിവാദം ഉണ്ടാകുമ്പോൾ ആണ്. കാരണം നമ്മൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ഇതാണ്. ഞാൻ തന്നെ സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിച്ച് ഡാമിന്റെ ഷട്ടർ ഉയർത്തുന്നതിന് കുറിച്ച എഴുതിയല്ലോ ഡബിൾ സ്ലിറ്റ് പരീക്ഷണത്തെ കുറിച്ച് എഴുതിയാലോ കിട്ടുന്ന വായനക്കാരുടെ ഇരട്ടിയിൽ അധികം എന്റെ ഒരു സ്വകാര്യ അനുഭവത്തെ കുറിച്ച് എഴുതിയാൽ ഉണ്ടാകും. കാരണം നമ്മൾ എല്ലാവരും വസ്തുതപാരായ കാര്യങ്ങളേക്കാൾ കൂടുതൽ കഥകൾ കേൾക്കാനും മറ്റും ഇഷ്ടപ്പെടുന്നവർ ആണ്.

എന്തുകൊണ്ടാണ് നമ്മൾ ഇതുപോലെ വസ്തുതകൾ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങൾ ഇഷ്ടപ്പെടാതെ കഥകളുടെ പിറകെ പോകുന്നത് എന്നറിയണമെങ്കിൽ ഞാൻ മുൻപ് ഒരു പോസ്റ്റിൽ എഴുതിയിട്ടുള്ള, ഡാനിയേൽ കനീമാൻ എഴുതിയ തിങ്കിങ് ഫാസ്റ്റ് ആൻഡ് സ്ലോ എന്ന പുസ്തകം വായിച്ചാൽ മതിയാകും. ഉദാഹരണത്തിന് താഴെ ഉള്ള രണ്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രമിക്കുക.

1) Fill in the blank : “Bread and …. “

2) 27 X 19 =

ആദ്യത്തെ ചോദ്യം വായിച്ച ഉടനെ തന്നെ ബട്ടർ എന്ന് ഉത്തരം അധികം ആലോചിക്കാതെ നിങ്ങളുടെ മനസ്സിൽ വരും, രണ്ടാമത്തേത് കാൽക്കുലേറ്റർ ഉപയോഗിച്ച് അല്ലാതെ ആണ് ചെയ്തത് എങ്കിൽ തല കുറച്ച് ഉപയോഗിക്കേണ്ടി വരും (മിക്കവാറും ആളുകൾ ഉത്തരം skip ചെയ്തിരിക്കാൻ ആണ് സാധ്യത). യഥാർത്ഥത്തിൽ തലച്ചോറിലെ രണ്ടു വ്യത്യസ്ത രീതികൾ ആണ് ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നത്. ആദ്യത്തെ സിസ്റ്റം തലച്ചോറിൽ മുൻപ് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് ഉത്തരം കണ്ടുപിടിക്കുന്നത് കൊണ്ട് അധികം ഊർജവും അതുവഴി ഗ്ളൂക്കോസും ഉപയോഗിക്കുന്നില്ല. എന്നാൽ രണ്ടാമത്തെ സിസ്റ്റം തലച്ചോറിലെ കൂടുതൽ ഊർജം ഉപയോഗിക്കുന്ന ഭാഗങ്ങൾ കൊണ്ടുവേണം ചെയ്യാൻ. നമ്മൾ വേട്ടയാടി നടന്നിരുന്ന സമയത്ത് സ്ഥിരം ആയി ഭക്ഷണം ലഭിക്കുമായിരുന്നില്ല എന്നത് കൊണ്ട് ഗ്ളൂക്കോസ് കുറച്ചുപയോഗിക്കുന സിസ്റ്റം ഒന്നാണ് മനുഷ്യന്റെ തലച്ചോർ ആദ്യം ഉപയോഗിക്കാൻ ശ്രമിക്കുക. അതുകൊണ്ടാണ് കണക്കു ചെയ്യുന്നതിനേക്കാൾ കൂടുതൽ കഥകൾ കേൾക്കാൻ നമുക്ക് ഇഷ്ടമുള്ളത്.

പക്ഷെ ഏറ്റവും മികച്ച ഒരു രാഷ്ട്രീയക്കാരന് വസ്തുതകളെയു കഥകളെയും കോർത്തിണക്കാൻ കഴിയണം. എന്നാൽ മാത്രമേ ആളുകളുടെ മനസിലേക്ക് കാര്യങ്ങൾ മികച്ച രീതിയിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ. പിണറായി കുറച്ചു കൂടി ശ്രദ്ധ ചെലുത്തേണ്ട ഒരു വശം ആണിത് . പുള്ളി ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ഒന്ന് ചിരിച്ചു കണ്ടാൽ കൊള്ളാം എന്നെനിക്ക് തോന്നിയിട്ടുണ്ട്. വസ്തുതകൾ മാത്രം പറയുന്നത് കൊണ്ട് ആരും ശ്രദ്ധിക്കാതെ പോകുന്ന വേറെ ഒരാൾ രാഹുൽ ഗാന്ധിയാണ് , ഒരു വസ്തുതയും ഇല്ലാതെ ആളുകളെ വികാരം കൊള്ളിക്കുന്നത് മോദിയും, പുള്ളിക്കാണ് രാഹുലിനേക്കാൾ ആയിരം മടങ്ങ് ശ്രദ്ധ കിട്ടുന്നതും.

പറഞ്ഞു വന്നത് പ്രശനം പിണറായി വിജയന്റേത് മാത്രമല്ല നമ്മുടേത് കൂടിയാണ് എന്നാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഭരണം നടത്തുകയും, ആളുകളുടെ മുന്നിൽ അത് അവതരിപ്പിക്കുമ്പോൾ അവരുടെ മനസ്സിൽ തറക്കുന്ന പോലെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുകയും ചെയ്യുന്ന രാഷ്ട്രീയക്കാർക്കെ ഈ നവമാധ്യമ സമയത്ത് നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ…

Leave a comment

Blog at WordPress.com.

Up ↑