ഉത്തമ കുടുംബിനി എന്ന അശ്ലീലം..

ആനീസ് കിച്ചണിൽ പറഞ്ഞ, നന്നായി പാചകം ചെയ്യുകയും വീട്ടിലെ മറ്റു കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന ഉത്തമ കുടുംബിനി എന്റെ വീട്ടിലും ഉണ്ടായിരുന്നു, ഞാൻ കാണാൻ കുറച്ച് വൈകിപ്പോയി. ഒരു പഴയ കുറിപ്പ് താഴെ.

പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഞാനും ഗോമതിയും ഏറ്റവും കൂടുതൽ തല്ലുകൂടിയിട്ടുള്ളത് എവിടെയെങ്കിലും പോകാൻ സമയത്തിന് വീട്ടിൽ നിന്ന് ഇറങ്ങാത്തതിന് വേണ്ടിയാണ്. പാർട്ടിക്കോ, കുട്ടികളുടെ സ്കൂളിലെ പരിപാടിക്കോ, ആരുടെയെങ്കിലും ബർത്ത് ഡേയ്‌ക്കോ, എന്തിനായാലും കുറച്ച് പോലും വൈകി എത്തിയാൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ഒരുതരം OCD. ഞങ്ങൾക്ക് രണ്ടു പേർക്കും റെഡി ആവാൻ അധികം സമയം വേണ്ട, പക്ഷെ ഗോമതി റെഡി ആയിക്കഴിഞ്ഞും വീട്ടിൽ നിന്നിറങ്ങുന്നതിന് കുറെ സമയം എടുക്കുക്കും.

കഴിഞ്ഞ മാസം അവൾ അവളുടെ കൂട്ടുകാരുടെ കൂടെ ലാസ് വെഗാസിൽ പോയപ്പോൾ വീട് നോക്കുന്ന മുഴുവൻ ചുമതല എന്റേതായിരുന്നു. സമയത്തിന് ഭക്ഷണം കൊടുത്ത്, കുട്ടികളെ കൃത്യ സമയത്ത് സ്കൂളിൽ വിട്ട് നല്ല സമയ നിഷ്ഠ പാലിക്കുന്ന ഒരാഴ്ച ഞാൻ മനസ്സിൽ കണ്ടു.

വൈകുന്നേരം മോനെ മ്യൂസിക് സ്കൂളിൽ കൊണ്ടുപോകാൻ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് തുണി അലക്കാൻ ഇട്ട കാര്യം ഓർത്തത്. അതൊന്നു ഉണക്കാൻ വേണ്ടി ഡ്രയറിൽ ഇട്ടിട്ടു അടുത്ത സെറ്റ് വാഷിംഗ് മെഷീനിൽ ഇട്ടാൽ ക്ലാസ് കഴിഞ്ഞു വരുമ്പോഴേക്കും ഒരു അടുത്ത സെറ്റ് തുണി ഇടാൻ റെഡി ആയിരിക്കും എന്നോർത്തത്. മോനെ ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞു നനഞ്ഞ തുണികൾ ഡ്രയറിൽ കയറ്റി ഒരു ലോഡ് വാഷിംഗ് മെഷീനിലും കയറ്റി ഓൺ ചെയ്തു വരുമ്പോൾ മൂത്തവൻ മാറ്റി ഇട്ട സോക്സ് തറയിൽ കിടക്കുന്നു. സോക്സ് എല്ലാം ഒരുമിച്ച് വാഷിംഗ് മെഷീനിൽ ഇട്ടതെ ഉള്ളൂ, ഓടിപോയി മെഷീൻ തുറന്നു ഈ സോക്‌സും കൂടി തിരുകി കയറ്റുമ്പോഴേക്കും മോൻ വാതിൽക്കൽ നിന്ന് വൈകും എന്നും പറഞ്ഞു നിലവിളി തുടങ്ങി.

ഓടി അടുക്കള വഴി പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോൾ ദോശ മാവു കുഴച്ച പാത്രം കഴുകാൻ ആയി സിങ്കിൽ ഇരിപ്പുണ്ട്. കുറച്ചു വെള്ളം നിറച്ചു വച്ചാൽ അത് കുതിർന്നിരിക്കും, രാത്രി കഴുകാൻ എളുപ്പമായിരിക്കും. ഒരു മിനിറ്റിന്റെ കാര്യമേയുള്ളൂ. മോനോട് ഒരു മിനിറ്റ് കൂടെ എന്ന് വിളിച്ചു പറഞ്ഞു പത്രവും നനച്ചു വച്ചു ഓടി വന്നു കാറിൽ കയറി. അതിനിടയ്ക്ക് ഷൂ റാക്കിൽ നിന്ന് താഴെ വീണു കിടന്ന് രണ്ടു ഷൂ എടുത്തു നേരെ വയ്ക്കുകയും ചെയ്തു.

സ്റ്റാർട്ട് ചെയ്തു കഴിഞ്ഞപ്പോൾ ഒരു സന്ദേഹം, മീൻ കറി അടുപ്പത്തു വച്ചത് ഓഫ് ചെയ്തുവോ ആവൊ? പിന്നെയും ഇറങ്ങി അടുക്കളയിലേക്ക് ഓടി സ്റ്റവ് ഓഫ് ചെയ്തു എന്നുറപ്പു വരുത്തി. വെറുതെ ഫയർ ഡിപ്പാർട്മെന്റിന് പണി ഉണ്ടാക്കി വയ്ക്കണ്ടലോ?

ഗോമതി ഉള്ളപ്പോൾ എന്നും കറക്റ്റ് സമയത്ത് കുട്ടികളെ മ്യൂസിക് ക്ലാസ്സിൽ വിടുന്ന ഞാൻ അന്ന് അഞ്ചു മിനിറ്റ് വൈകിയെത്തി.

ഇപ്പോൾ ഞാൻ അവളോട് എന്തിനാണ് വീടിനു പുറത്തേക്ക് ഇറങ്ങുമ്പോൾ ഇത്ര സമയമെടുക്കുന്നത് എന്ന് ചോദിക്കാറേ ഇല്ല. കാരണം ആണുങ്ങൾ പുറത്തേക്ക് ഇറങ്ങുന്ന പോലെയേ അല്ല പെണ്ണുങ്ങൾ വീടിനു പുറത്തേക്ക് ഇറങ്ങുന്നത് എന്ന് ആ ഒരാഴ്ച കൊണ്ട് ഞാൻ പഠിച്ചിരുന്നു.

പെണ്ണുങ്ങൾ അവരുടെ ആത്മാവിന്റെ ഒരംശം വീടിനുള്ളിൽ തൂക്കിയിട്ടിട്ടാണ് പുറത്തേക്ക് ഇറങ്ങുന്നത് എന്നും, ഇറങ്ങുന്നതിനു മുൻപ് ആയിരം കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്തു തീർക്കാറുണ്ട് എന്നും എനിക്ക് ഇപ്പോൾ നന്നായി അറിയാം!

ഇതുവരെ ഞാൻ കാണാതെ പോയ ആയിരം കാര്യങ്ങൾ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: