2009 ൽ ലാഹോറിന് മുപ്പത് കിലോമീറ്റർ അകലെ ഒരു പാടത്ത് കുറച്ച് സ്ത്രീകൾ വിളവെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് കുടിക്കാൻ കുറച്ച് വെള്ളം ചോദിച്ചു, അവർ കൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ വെള്ളം കൊടുത്ത സ്ത്രീയോട് മറ്റൊരു സ്ത്രീ വഴക്കിട്ടു. മുസ്ലിങ്ങൾ ക്രിസ്ത്യാനികളുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് ഹറാം ആണെന്നായിരുന്നു മറ്റേ സ്ത്രീയുടെ വാദം. കുറച്ചു വാഗ്വാദങ്ങൾക്ക് ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി.
പക്ഷെ അടുത്ത ആഴ്ച ഈ ക്രിസ്ത്യൻ സ്ത്രീ പ്രവാചകനെ അവഹേളിച്ച് സംസാരിച്ചു എന്ന് പറഞ്ഞു ഒരു കിംവദന്തി പരന്നു. പാകിസ്ഥാനിൽ ഇസ്ലാമിനെയോ പ്രവാചകനെയോ നിന്ദിച്ച് സംസാരിക്കുന്നത് മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. അങ്ങിനെയാണ് ലോകശ്രദ്ധ ആകർഷിച്ച ആസിയാ ബീബി കേസ് ആരംഭിക്കുന്നത്. അഞ്ച് കുട്ടികളുടെ മാതാവായ ഒരു സാധാരണ സ്ത്രീയാണ് ആസിയ ബീബി.
2010 പ്രതീക്ഷിച്ച പോലെ ആസിയാ ബീബിയെ തൂക്കികൊല്ലാൻ വിധിച്ചു. പ്രവാചകനെ അവഹേളിച്ചു എന്നത് ആസിയ ബീബിയോട് വിരോധമില്ല ആരോ ഉണ്ടാക്കിയ കെട്ടുകഥയാണ് എന്ന ആസിയാബീബിയുടെ വാദം ഒന്നും വിലപ്പോയില്ല.
ആസിയാബീബിയെ അകാരണമായാണ് തടവിൽ വച്ചിരിക്കുനിന്നത് എന്ന് അഭിപ്രായപ്പെട്ട ന്യൂനപക്ഷകാര്യ മന്ത്രിയായ ഷഹബാസ് ഭാട്ടിയെ 2011 മാർച്ചിൽ ചില മതഭീകരർ വെടിവെച്ചു കൊന്നു. ഭാട്ടി റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്നു.
സൽമാൻ തസീർ എന്ന ഭരണകക്ഷിയുടെ ഒരു നേതാവും 295A എന്ന മതനിന്ദാ നിയമം ആസിയ ബീബിയുടെ കാര്യത്തിൽ ദുരുപയോഗം ചെയ്തതാണ് എന്ന് വാദിച്ചു. മാലിക്ക് ക്വാദ്‌രി എന്ന സ്വന്തം സെക്യൂരിറ്റി ഗാർഡിനാൽ അദ്ദേഹവും വെടിയേറ്റു കൊല്ലപ്പെട്ടു.
ലാഹോർ ഹൈക്കോടതിയിൽ ആസിയ ബീബി അപ്പീൽ പോയി. പക്ഷെ 2014 ലാഹോർ ഹൈക്കോടതി വധശിക്ഷ ശരിവച്ചു.
കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ ചില ജഡ്ജിമാർ തങ്ങളുടെ വിശ്വാസം ഈ കേസിൽ വിധി പറയാൻ തടസമാകും എന്നത് കൊണ്ട് ആറു നിന്നു. വധശിക്ഷ റദ്ദ് ചെയ്‌താൽ പുറത്തിറങ്ങി നടക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലേക്ക് പാക്സിതാനിലെ കാര്യങ്ങൾ മാറി കഴിഞ്ഞിരുന്നു.
മാർപ്പാപ്പ വരെ ഉൾപ്പെട്ട പല മാപ്പപേക്ഷകൾക്കും, അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കും ഒടുവിൽ ഈ വർഷം ഒക്ടോബറിൽ പാകിസ്ഥാൻ സുപ്രീം കോടതി ആസിയ ബീബിയുടെ വധ ശിക്ഷ റദ്ദ് ചെയ്തു. പല സാക്ഷി മൊഴികളും വിശ്വാസ യോഗ്യമല്ല എന്നതായിരുന്നു വിധിയുടെ അടിസ്ഥാനം. അമേരിക്കയിലേക്കോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തേക്കോ ആസിയ ബീബി കുടിയേറും എന്നാണ് വിശ്വാസം, അല്ലെങ്കിൽ പാകിസ്ഥാനിൽ വച്ച് ആസിയ ബീബി കൊല്ലപ്പെടാൻ സാധ്യത ഉണ്ട്.
മത രാഷ്ട്രമായ പാകിസ്ഥാനിൽ ഇങ്ങിനെ ഒക്കെ നടന്നില്ലെങ്കിൽ അത്ഭുതമുള്ളൂ എന്ന് കരുതാൻ വരട്ടെ. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും 295A എന്ന മതനിന്ദാ നിയമം ഇന്ത്യയിലും ഉണ്ട്, അതെ പേരിൽ തന്നെ. പാകിസ്ഥാനിൽ 295AC എന്ന ഉപവകുപ്പ് വധശിക്ഷ നടപ്പിലാക്കാൻ വേണ്ടി എഴുതി ചേർത്ത വ്യത്യാസം ഒഴിച്ചാൽ, 295A നിയമം രണ്ടു രാജ്യങ്ങളിലും ഒന്നാണ്.
ഇതിനു കാരണം ഈ നിയമം സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ് എന്നതാണ്. 1927 ൽ രണ്ടു മത വിഭാഗങ്ങൾ മറ്റുള്ളവരുടെ മതങ്ങളെ കളിയാക്കികൊണ്ട് ഒരു ലഹളയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് കണ്ടപ്പോൾ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണ് 295A. രണ്ടു മതങ്ങൾ തമ്മിൽ ശത്രുത വളർത്തി ലഹളയിലേക്ക് നയിക്കുന്നത് തടയാൻ ഉപയോഗിക്കുന്നത് മറ്റൊരു നിയമം ആണ്, 153A.
ഒരു മതത്തിലെ ആളുകളുടെ വിശ്വാസങ്ങളെ മനപ്പൂർവം കളിയാക്കിയാലോ വിമർശിച്ചാലോ, ഏതെങ്കിലും ഭക്തന് ആരെങ്കിലും തന്റെ മതത്തെ മനപ്പൂർവം കളിയാക്കുന്നു എന്ന് തോന്നിയാലോ, ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസ് കൊടുക്കാം. പ്രശ്നം എന്താണെന്ന് വച്ചാൽ മൂന്ന് വർഷം വരെ ജയിൽ ശിക്ഷയോ പിഴയോ അതോ രണ്ടും കൂടിയോ കിട്ടുന്ന , ജാമ്യമില്ലാതെ അകത്തിടാൻ പറ്റിയ ഒരു വകുപ്പാണിത്. ഒരേ ഒരു പ്രശ്നമേ ഉള്ളൂ, ആർക്കു വേണമെങ്കിലും ഇത് ദുരുപയോഗം ചെയ്യാം. ആരെങ്കിലും തന്റെ മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്നൊരു പരാതി കൊടുത്താൽ മതി. അങ്ങിനെ ചെയ്തതിന്റെ പല ഉദാഹരണങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്.
ഒന്നാമത്തെ ഉദാഹരണം മലയാളി യുക്തിവാദി സനൽ ഇടമറുകിന്റെ കേസാണ്. മുംബൈയിലെ അവർ ലേഡി ഓഫ് വേളാങ്കണ്ണി എന്ന പള്ളിയിലെ ക്രൂശിത രൂപത്തിന്റെ കാലിൽ നിന്ന് വരുന്ന വെള്ളം അത്ഭുത പ്രവർത്തിയാണ് എന്ന് കത്തോലിക്കാ സഭ പറഞ്ഞപ്പോൾ, അത് താഴെ ഉള്ള അഴുക്കുചാലിൽ നിന്ന് ക്യാപില്ലറി ആക്ഷൻ വഴി എല്ലാം മുകളിലേക്ക് വരുന്നതാണെന്ന് സനൽ തെളിയിച്ചപ്പോൾ , 2012 ഏപ്രിലിൽ കാത്തോലിക് സെക്കുലർ ഫോറം എന്ന വിചിത്ര പേരുള്ള ഒരു സംഘടനാ സനലിനെതിരെ 295A പ്രകാരം കേസ് കൊടുത്തു. മാപ്പു പറഞ്ഞാൽ കേസ് പിൻവലിക്കാം എന്നായിരുന്നു സഭയുടെ വാഗ്ദാനം. ജാമ്യം കിട്ടാതെ ജയിലിൽ കിടക്കാൻ ഒരു താല്പര്യവും ഇല്ലാതിരുന്ന സനൽ, ഭൂരിപക്ഷവും നിരീശ്വരവാദികൾ ആയ പൗരന്മാരുള്ള ഫിൻലാൻഡിലേക്ക് കുടിയേറി.
മറ്റൊന്ന് ബാൽ താക്കറെ മരിച്ചപ്പോൾ ബോംബയിലെ മുഴുവൻ ജനജീവിതവും സ്തംഭിപ്പിച്ചതിനെ കുറിച്ച് അതിന്റെ ആവശ്യം ഇല്ലെന്നു ഒരു ഫേസ്ബുക് പോസ്റ്റിട്ട 21 വയസു മാത്രം പ്രായമുള്ള ഷഹീൻ ദാദാ എന്ന പെൺകുട്ടിയാണ്. ഇതേ 295A എന്ന നിയമം ആയിരുന്നു അവിടെയും ദുരുപയോഗം ചെയ്തത്. തങ്ങളുടെ വിശ്വാസത്തെ മനപ്പൂർവം മറ്റൊരാൾ അവഹേളിച്ചു എന്നത് വലിയ കൃത്യത ഇല്ലാത്ത ഒരു നിയമ നിർവചനമാണ്. അതിനെ ജഡ്‌ജിന് എങ്ങിനെ വേണമെങ്കിലും വ്യഖ്യാനിക്കാം. കഴിഞ്ഞ ദിവസം ആണ് മേഘാലയത്തിലെ ഒരു ജഡ്ജി ഇന്ത്യ ഹിന്ദു രാജ്യമായി പണ്ടേ പ്രഖ്യാപിക്കപ്പെടേണ്ടതായിരുന്നു എന്ന് വിധിക്കിടെ പ്രസ്താവിച്ചത്. ഇദ്ദേഹത്തിന്റെ ബെഞ്ചിൽ ഒക്കെ ഹിന്ദു മതത്തിനു എതിരായി 295A വന്നാൽ പ്രതി വെള്ളം കുടിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
എന്തുകൊണ്ടോ നമ്മുടെ നാട്ടിൽ മത വിശ്വാസികൾക്ക് എന്തോ പ്രത്യേക അവകാശങ്ങൾ ഉള്ളതുപോലെയാണ് ഭരണകൂടവും പോലീസും പെരുമാറുന്നത്. ആധുനിക വൈദ്യ ശാസ്ത്രത്തിൽ എനിക്കുള്ള വിശ്വാസത്തെ ജേക്കബ് വടക്കാഞ്ചേരിയും, മോഹനൻ വൈദ്യനും എല്ലാം ഹനിക്കുന്നു എന്ന് കാട്ടി ഒരു പരാതി കൊടുത്താൽ, ഒരു പക്ഷെ അവർക്ക് പകരം ഞാനായിരിക്കും അകത്തു പോകുന്നത്.
വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യത്തിലും ഉണ്ടീ ഇരട്ടത്താപ്പ്. ഒരു മത സംഘടനയുടെ മുൻപിൽ വച്ച് കല്യാണം കഴിച്ചാൽ നിങ്ങള്ക്ക് പിറ്റേന്ന് പോയി വിവാഹം രജിസ്റ്റർ ചെയ്യാം. അല്ലാതെ പോയാൽ ഒരു മാസത്തെ നോട്ടീസ് എല്ലാം ഇട്ടു നമ്മളെ വെള്ളം കുടിപ്പിച്ചിട്ടേ വിവാഹം രെജിസ്റ്റെർ ചെയാൻ സമ്മതിക്കൂ.
ഇനി ഇത്തരം മതനിന്ദാ നിയമങ്ങൾ പാകിസ്താനിലും ഉത്തരേന്ത്യയിലും മറ്റും മാത്രമേ ഉള്ളൂ എന്ന് വിചാരിക്കാൻ വരട്ടെ. ഇവിടെ കേരളത്തിലും അങ്ങിനെ ഒരാൾ അകത്തു കിടപ്പുണ്ട്. രാധാകൃഷ്ണ മേനോൻ എന്നൊരാൾ തന്റെ മതവികാരത്തെ വൃണപ്പെടുത്തി എന്ന് പറഞ്ഞു കൊടുത്ത കേസിൽ ജയിലിൽ കിടക്കുന്ന രഹനാ ഫാത്തിമയാണത്.
രഹ്ന ശബരിമലയിൽ കയറുന്ന വാർത്ത കണ്ടപ്പോൾ ഞാനതും ഗോമതിയും ഒരേ സ്വരത്തിൽ പറഞ്ഞത് ഇപ്പോൾ ഇത് വേണ്ടായിരുന്നു എന്നാണ്. എരിതീയിൽ എന്ന ഒഴിക്കുന്ന തരത്തിൽ ഉള്ള ഒരു സംഭവം ആയിട്ടാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ആ മലകയറ്റത്തെ കുറിച്ച് തോന്നിയത്. പക്ഷെ ഞങ്ങൾക്ക് അങ്ങിനെ വിചാരിക്കാൻ സ്വാതന്ത്ര്യം ഉള്ള പോലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ രഹ്നായ്ക്ക് ശബരിമലയിൽ കയറാനുള്ള അവകാശവുമുണ്ട്. പക്ഷെ ശബരിമലയിൽ കയറിയതിനെ പേരിൽ അല്ല രഹ്ന ഇപ്പോൾ ജയിലിൽ കിടക്കുന്നത്. മറിച്ച് മലയ്ക്ക് പോകാൻ മാലയിട്ടു രഹ്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ തന്റെ തുട കാണിക്കുന്നത് തന്റെ വിശ്വാസത്തെ ഹനിച്ചു എന്നാണ് രാധാകൃഷ്ണ മേനോന്റെ വിലാപം. ഇതേ ചിത്രം ഒരു ആണാണ് ഇട്ടിരുന്നതെങ്കിൽ പുള്ളിക്ക് ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല. പെണ്ണുങ്ങളുടെ തുടയ്ക്ക് മാത്രമാണല്ലോ ലൈംഗിക വികാരം ഉണർത്താൻ ഉള്ള കഴിവ്. മലയ്ക്ക് പോകാൻ മാലയിട്ട ആണുങ്ങളുടെ ഷർട്ടിടാതെ നിൽക്കുന്ന ചിത്രങ്ങൾ കണ്ട് ഒരു പെണ്ണിനും ലൈംഗിക വികാരം തോന്നാത്തത് എന്താണാവോ…
ഒരു തുണിയും ഇല്ലാതെ അമേരിക്കയിലെ നഗ്ന ബീച്ചിൽ കൂടി നടന്ന ഒരു മനുഷ്യനാണ് ഞാൻ. ഇവിടെ ജീവിച്ച ഇരുപത് വർഷക്കാലം കൊണ്ട് എനിക്ക് മനസിലായ ഒരു കാര്യം ലൈംഗികത നമ്മുടെ തലച്ചോറിലെ സംഭവം ആണെന്നുള്ളതാണ്. ഉദാഹരണത്തിന് തുട കുറച്ചൊക്കെ തുറന്നു കാണിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നവരാണ് പാശ്ചാത്യർ , പ്രത്യേകിച്ച് വേനൽക്കാലത്ത്. തുട അവരുടെ ലൈംഗിക ചോദന ഉണർത്തുന്ന ഒരു ശരീരഭാഗം ആയി അവർ കണക്കാക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അതെ സമയം ഇന്ത്യയിലെ സ്ത്രീകൾ സാരി ഉടുക്കുമ്പോൾ കാണാൻ കഴിയുന്ന പല ഭാഗങ്ങളും അവർക്ക് ലൈംഗിക ചോദന ഉണർത്തുന്ന ഭാഗങ്ങൾ ആണ് താനും. ഇന്ത്യയിലെ ആണുങ്ങൾക്ക് ഒരു കോലിൽ തുണി ചുറ്റിവച്ചാൽ വരെ ലൈംഗിക ചോദന ഉണരും എന്നത് വേറൊരു കാര്യം. ശരിക്കും ചികിത്സാ വേണ്ടത് പരാതിക്കാരനാണ് എന്നാണ് എന്റെ അഭിപ്രായം.
ഇങ്ങിനെ ഈ മതനിന്ദാ നിയമം ദുരുപയോഗം ചെയ്യുമ്പോൾ കാണുന്ന ഒരു കാഴ്ചയുണ്ട്, ഭൂരിപക്ഷ മത വിശ്വാസികൾക്ക് അവരറിയാതെ ഒരു ആനുകൂല്യം ഇതുവഴി കിട്ടുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുക്കൾ ചിരിക്കുമ്പോൾ, പാകിസ്ഥാനിൽ ഇതേ നിയമം വച്ച് മുസ്ലിങ്ങൾ ചിരിക്കുന്നത്. നമ്മൾ എല്ലാവരും ഒറ്റ കെട്ടായി എതിർത്തില്ലെങ്കിൽ ഈ നിയമം ദുരുപയോഗം ചെയ്യുന്നത് കൂടി വരും. പിന്നെ ആദ്യം അവർ സോഷ്യലിസ്റ്റുകൾ തേടി വന്നു എന്ന് തുടങ്ങുന്ന വാചകം മുഴുമിക്കാൻ ആളുണ്ടാവില്ല.
First they came for the socialists, and I did not speak out—because I was not a socialist.
Then they came for the trade unionists, and I did not speak out— because I was not a trade unionist.
Then they came for the Jews, and I did not speak out—because I was not a Jew.
Then they came for me—and there was no one left to speak for me.
നോട്ട് 1 : 295A അല്ലാതെ തങ്ങളുടെ മതവിശ്വാസത്തെ ഹനിക്കുന്നവരെ വേറൊരു തരത്തിൽ ആളുകൾ നേരിടുന്നുണ്ട്. ഒരു കോടതിയിലും പോകാതെ ആളുകളെ നേരെ കാലപുരിക്ക് അയക്കുന്ന രീതി ആണത്. 2014 മുതൽ തങ്ങളുടെ മതവിശ്വാസ പ്രകാരം മാതാവായ പശുവിനെ ഉപദ്രവിച്ചു എന്ന കള്ളക്കാരണങ്ങൾ കാണിച്ച് ഏതാണ്ട് അമ്പതു പേരെയാണ് ബിജെപി ആർഎസ്എസ് അനുബന്ധ സംഘടനകിൽ പെട്ട ആളുകൾ തല്ലിക്കൊന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഒരു അനക്കവും ഈ പശുക്കൊലകൾ ഉണ്ടാക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്. ആസിയ ബീബിക്ക് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ പല അന്താരാഷ്ട്ര മാധ്യമങ്ങളും ഈ പശുവിനെ കാണിച്ചുള്ള കൊലപാതകങ്ങളെ കുറിച്ച് വേണ്ട പ്രാധാന്യത്തോടെ എഴുതി കാണുന്നില്ല.
നോട്ട് 2 : രഹ്നയ്ക്ക് ജാമ്യം കൊടുക്കുന്നതിനെ ഗവണ്മെന്റ് വക്കീൽ എതിർത്തു എന്ന് വായിച്ചതാണ് വേറൊരു തമാശ. ഒരു വശത്ത് നവോഥാന മതിൽ പണിയുകയും മറുവശത്തു ഇതുപോലുള്ള പിന്തിരിപ്പൻ നിയമങ്ങളെ പിന്തുണക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
നോട്ട് 3 : 295A. Deliberate and malicious acts, intended to outrage religious feelings or any class by insulting its religion or religious beliefs.— Whoever, with deliberate and malicious intention of outraging the religious feelings of any class of citizens of India, by words, either spoken or written, or by signs or by visible representations or otherwise, insults or attempts to insult the religion or the religious beliefs of that class, shall be punished with imprisonment of either description for a term which may extend to three years, or with fine, or with both.
The offence committed under Section 295A is cognizable and a non-bailable and non-compoundable offence. Non-bailable offence means that a person arrested would not have right to be released on bail soon after arrest. In this case it is the discretion of the Court to grant or refuse to grant bail. Further non-compoundable offence means an offence which cannot be settled or pardoned by the affected party or the victim.
The offence committed under this section is cognizable in nature, which means that a competent Police officer can arrest the accused without any warrant and then he has to be produced before the Magistrate and only if the Magistrate feels and is satisfied that a case is made out against him that he would be detained otherwise would be released.
The section uses the phrase ‘malicious and deliberate acts’, which needs to be interpreted cautiously, as each and every act which might offend a particular religious class or group, cannot said to have been done with the intent to insult or hurt the feelings of any such class.
Leave a Reply