“നസീർ, ഞങ്ങൾ ജൈന മതക്കാർക്ക് മൺസൂൺ സമയത്ത് ചില ഭക്ഷണ നിയന്ത്രണങ്ങളുണ്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള ചതുർമാസങ്ങൾ കുറെ അധികം ചെടികളും, പ്രാണികളും എല്ലാം ഉണ്ടായിവരുന്ന കാലമായാണ് ജൈനമതക്കാർ കണക്കാക്കുന്നത്. അത് കൊണ്ട്, പച്ചനിറത്തിലുള്ള ഇലകൾ ഞങ്ങൾ ഈ മാസങ്ങളിൽ ഉപയോഗിക്കാറില്ല. മറ്റു മാസങ്ങളിൽ പോലും ഭൂമിയുടെ അടിയിൽ വളരുന്ന ഉരുളക്കിഴങ്ങോ, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയോ, അത് പറിച്ചെടുക്കുമ്പോൾ ചില സൂക്ഷ്മമായ ജീവികൾക്ക് പരിക്കേൽക്കും എന്ന കാരണത്താൽ, ഞങ്ങൾ ഭക്ഷണത്തിൽ ചേർക്കാറില്ല. അത് കൊണ്ട് നിങ്ങൾക്ക് ഭക്ഷണം അത്ര ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല..”
എറണാകുളത്തെ നഗര മധ്യത്തിൽ, വളരെ വലിയ ഒരു ഫ്ലാറ്റിൽ, വച്ച്, ഞാൻ ഇന്നേവരെ കഴിച്ച ഏറ്റവും സ്വാദിഷ്ടമായ ഉച്ചയൂണുകളിൽ ഒന്ന് കഴിക്കുന്നതിനു മുൻപ് , ഏതാനും മണിക്കൂറുകൾ മുൻപ് മാത്രം പരിചയപ്പെട്ട, എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകം ആണ് മുകളിൽ.
ജൈന വിശ്വാസത്തെ കുറിച്ച് ഒരു ചുണ്ണാമ്പും അറിയാത്ത ഞാൻ ഉള്ളിയും ഇഞ്ചിയും ഇല്ലാതെ എങ്ങിനെ കറിവെക്കും എന്ന് ചെറുതായി ഉള്ളിൽ വേവലാതിപ്പെട്ടു. ഉള്ളി മുറിച്ച് വഴറ്റിയാണ് ഞാൻ ഉണ്ടാക്കുന്ന ഭൂരിപക്ഷം കറികളും തുടങ്ങുന്നത് തന്നെ. പക്ഷെ പല തരം പരിപ്പുകൾ കൊണ്ടുണ്ടാക്കിയ കറികളും, പനീർ മസാലയും, ചപ്പാത്തിയും തുടങ്ങി ഗംഭീര ഭക്ഷണം ആയിരുന്നു അന്ന്. ഇതൊക്കെ ഉള്ളിയും ഇഞ്ചിയും ഒന്നും ഇല്ലാതെ ഉണ്ടാക്കിയതാണെന്ന് പറഞ്ഞില്ലെങ്കിൽ വിശ്വസിക്കില്ല.
പക്ഷെ ഇങ്ങിനെ ഒരു പുതിയ അനുഭവത്തിനു കാരണം കേരളത്തിലെ വെള്ളപ്പൊക്കം ആയിരുന്നു.
ഓഗസ്റ്റിൽ നാട്ടിൽ വന്നപ്പോൾ ഞാൻ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ പെട്ടുപോയി. പതിനേഴാം തീയതി തിരിച്ചു വിമാനം കയറേണ്ട എന്റെ തിരിച്ചുള്ള യാത്രയും വിമാനത്താവളവും ഒരുപോലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയി. ഓഗസ്റ്റ് പതിനഞ്ചാം തീയതി കോരിച്ചൊരിയുന്ന മഴയിൽ പോലും കൊച്ചിൻ കോളേജ് അലുംനി അസോഷിയേഷന്റെ വാർഷിക പരിപാടിയിൽ ആടിയും പാടിയും പങ്കെടുത്ത ഞങ്ങൾ പതിനാറാം തീയതി അതെ അസോസിയേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മറ്റുള്ള അംഗങ്ങളും ആയി പങ്കുചേർന്നു.
ഫേസ്ബുക്കിൽ പലരും പല രീതിയിൽ നേതൃത്വ പാടവത്തോടെയും മറ്റും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തികൊണ്ടിരുന്നപ്പോൾ, വെള്ളപൊക്കത്തിന്റെ വ്യാപ്തിയും മറ്റും കണ്ട് കുറച്ചൊരു ഷോക്കിൽ ആയിരുന്നു ഞാൻ. ഞാൻ ചെയ്ത പ്രധാന കാര്യം കൊച്ചിൻ കോളേജ് അസോസിയേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായതാണ്.
ഗുജറാത്തികളും , ജൈനന്മാരും, കച്ചി മേമന്മാരും, ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഹിന്ദുക്കളും തുടങ്ങി ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്കാരങ്ങളും ഉൾപ്പെടുന്ന മട്ടാഞ്ചേരി ഫോർട്ട് കൊച്ചി ഭാഗത്തുള്ള കോളേജ് ആയതു കൊണ്ട് , കൊച്ചിൻ കോളേജ് സാംസ്‌കാരിക വൈവിധ്യങ്ങളുടെ കാര്യത്തിൽ ഒരു ഇടിവെട്ട് കോളേജാണ്. അപ്പോൾ പിന്നെ 1967 മുതലുള്ള വിദ്യാർത്ഥികൾ ഉൾപ്പെടുന്ന അതിന്റെ അലുംനി അസോസിയേഷന്റെ കാര്യം പറയേണ്ടല്ലോ. മറ്റൊരു കാര്യം ഏതാണ്ട് എല്ലാ അംഗങ്ങൾക്കും ഇതുപോലെ നേതൃത്വ പാടവമുള്ള മറ്റൊരു സംഘടന ഞാൻ വേറെ കണ്ടിട്ടില്ല.
പതിനാറാം തീയതി പ്രധാന പ്രവർത്തന മേഖല എറണാകുളമായിരുന്നു. കുറച്ച് സാധനങ്ങൾ തോപ്പുംപടിയിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ട് പോയ സമയത്താണ് ഉച്ചക്ക് ഊണ് കഴിക്കാനായി അസോസിയേഷൻ സെക്രട്ടറി സലീമിന്റെ കൂടെ ഒരു ഞങ്ങളുടെ കൂടെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ട വേറൊരു കൂട്ടുകാരന്റെ കൂടെ ഊണ് കഴിക്കാൻ പോയ അനുഭവമാണ് മുകളിൽ.
പതിനാറിന് തിരിച്ചു വീട്ടിൽ പോകുന്ന സമയത്ത് കുമ്പളങ്ങി ഭാഗത്ത് നിന്ന് ഒരു വലിയ ലോറി പതുക്കെ വരുന്നത് കണ്ടു. മുൻപിൽ ട്രാഫിക് നിയന്ത്രിച്ചു കൊണ്ട് കുറെ ചെറുപ്പക്കാർ ഓടി നടന്നു. മുകളിൽ ഇലക്ട്രിക്ക് കമ്പികൾ ലോറിയിലെ ലോഡിൽ തട്ടാതിരിക്കാൻ മുകളിലേക്ക് മാറ്റാനായി തോട്ടിയുമായി കുറെ ചെറുപ്പക്കാർ. ഇത്ര മാത്രം ബഹളം കേട്ടത് കൊണ്ട് ഞാൻ ലോറിയിൽ എന്താണ് ലോഡ് എന്ന് നോക്കി. അതൊരു വലിയ വള്ളമായിരുന്നു. ഇപ്പോൾ കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഒരു മീൻപിടുത്തക്കാരുടെ “നാവികസേനയിലെ” കുറെ ആളുകൾ ആയിരുന്നു അത്. അന്ന് രാത്രി വാർത്ത കണ്ടപ്പോൾ മാത്രമാണ് ഈ പോയ വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിൽ വരുത്തിയ വലിയ മാറ്റം കണ്ടറിഞ്ഞത്.
പിറ്റേന്ന് കോളേജിൽ വച്ച് ക്യാമ്പിലേക്ക് ഉള്ള സാധനങ്ങൾ കോളേജ് ക്യാന്റീനിൽ കൊണ്ടുപോയി വച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു പയ്യൻ ഞങ്ങളെ സമീപിച്ചു. മുന്നൂറോ നാന്നൂറോ ആളുകൾ ഉള്ള ഒരു ക്യാമ്പിലേക്ക് രാത്രി ഭക്ഷണം വേണം എന്നായിരുന്നു അവന്റെ ആവശ്യം. നിമിഷ നേരത്തിനുള്ളിൽ കുറെ ആളുകൾ പല ഭാഗത്തേക്കു വിളിച്ചു പറഞ്ഞ് ഭക്ഷണം ഏർപ്പാട് ചെയ്യുന്ന മാജിക് ഞാൻ നേരിട്ട് കണ്ടു. കോളേജ് അസോസിയേഷനിലെ തന്നെ പലരും ക്യാമ്പുകൾക്ക് വേണ്ടി വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നുണ്ടായിരുന്നു. ആദ്യത്തെ ദിവസം ചില ഭാഗങ്ങളിൽ ഭക്ഷണം കൂടുതൽ ആയി വേസ്റ്റ് ആയി എന്ന പരാതി വന്നു കഴിഞ്ഞപ്പോൾ, പിറ്റേന്ന് മുതൽ ക്യാമ്പിൽ വിളിച്ച് ചോദിച്ച് ഉറപ്പു വരുത്തി മാത്രം കൊടുക്കുന്ന രീതി വന്നു. ഒരു ദിവസം കൊണ്ട് തന്നെ ദുരിതാശ്വാസ പ്രവർത്തങ്ങളുടെ പ്രവർത്തന രീതികൾ ഏതാണ്ട് പ്രഫഷണൽ നിലവാരത്തിലെത്തി. പലയിടത്തും ആവശ്യത്തിൽ കൂടുതൽ ആളുകൾ ആയിരുന്നു. എറണാകുളത്തെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അൻപോട് കൊച്ചി നടത്തിയ സെന്ററിൽ വളന്റിയേഴ്‌സ് കൂടിയിട്ട് കുറെ പേരെ തിരിച്ച് അയക്കുന്ന സ്ഥിതി വരെ ഉണ്ടായി.
അഭിജിത്തും, ടോട്ടോച്ചാനും , കിരണും, പ്രശാന്തും , സുരേഷും എന്ന് വേണ്ട, മുഴുവൻ ഫേസ്ബുക് സമൂഹവും ഈ വെള്ളപ്പൊക്കത്തെ നേരിട്ട വിധം കേരളചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതി വയ്ക്കപ്പെടും എന്നെനിക്കുറപ്പാണ്.
വളരെ നാളുകൾ കഴിഞ്ഞു പല ജാതി മതസ്ഥരും, ആണും പെണ്ണും ഒരുമിച്ച് കൂടിയ സ്ഥലങ്ങൾ ആയി മാറി ക്യാമ്പുകൾ. കേരളത്തിൽ ആണും പെണ്ണും ഒരു സമൂഹത്തിന്റെ ഭാഗമായി കുടുംബത്തിന്റെ പുറത്ത് ഒത്തുകൂടുന്ന അവസരങ്ങൾ വളരെ കുറവാണു. ക്യാമ്പിൽ ഉണ്ടായിരുന്ന സമയത്ത് മുൻപൊന്നും ഇല്ലാതിരുന്ന ഒരു സാമൂഹിക അന്തരീക്ഷം സംജാതമായി. ആരുടെ തലയിൽ ഉദിച്ച ആശയം ആണെങ്കിലും മിക്ക ക്യാമ്പുകളിലും പാട്ടുകൾ പാടാനും ഡാൻസ് ചെയ്യാനും ഉള്ള സംവിധാനങ്ങൾ ഉണ്ടായി, കുട്ടികളും പുരുഷന്മാരും, സ്ത്രീകളും പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. അതിൽ ചില വിഡിയോകൾ വൈറൽ ആയി മാറുക വരെ ഉണ്ടായി. ക്യാമ്പുകൾ പിരിഞ്ഞു പോകുന്നവർ കെട്ടിപിടിച്ചു കരഞ്ഞു യാത്ര പറയുന്ന കാഴ്ചകൾ കണ്ണ് നനയിപ്പിക്കാൻ പോന്നവയായി.
വെള്ളപ്പൊക്കത്തിന്റെ സമയത്ത് കേരളത്തിന് ഒരു മതവും ഒരു ജാതിയും ഒരു രാഷ്ട്രീയവും മാത്രമായിരുന്നു. അന്ന് എല്ലാവരും സഹോദരരായിരുന്നു. ഒരേ ഒരു ലക്‌ഷ്യം മാത്രമായിരുന്നു. കഴിവ് പരീക്ഷപെടുന്ന അവസരത്തിൽ എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ച് ഒന്നാകുന്ന ഒരു സമൂഹമാണ് നമ്മുടേതെന്ന് നമ്മൾ തെളിയിച്ച സമയം കൂടി ആയിരുന്നു അത്.
കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും, മലയാളി, അതിനേക്കാളേറെ മനുഷ്യൻ എന്നഭിമാനം തോന്നിയ ഒരു വർഷമാണ് കടന്നു പോകുന്നത്.
Leave a Reply