മതങ്ങളിലെ സ്ത്രീ വിരുദ്ധത…

“നീ ഹിന്ദുക്കളുടെ കാര്യം നോക്കുന്നത് എന്തിനാണ്? ആദ്യം മുസ്ലിങ്ങളുടെ പ്രശനങ്ങൾ പരിഹരിക്കൂ എന്നിട്ട് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് സംസാരിക്കാം”

“മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ നിനക്ക് എന്തൊരു സന്തോഷമാണ്. എന്തൊക്കെ പറഞ്ഞാലും ഒരു സോഫ്റ്റ് മുസ്ലിം പ്രേമം നിന്റെ ഉള്ളിൽ കിടപ്പുണ്ട്, അതുകൊണ്ടാണ് ശബരിമലയിൽ നീ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്…”

“ആചാരങ്ങൾ ഏതു മതത്തിലേത് ആയാലും ആളുകൾ പിന്തുടരട്ടെ , യുക്തിവാദികൾക്ക് അതിലെന്ത് കാര്യം?

ശബരിമലയും ആയി ബന്ധപ്പെട്ട എന്റെ പോസ്റ്റുകളും വിഡിയോകളും കണ്ടിട്ട് എന്റെ ഇവിടെയുള്ള ചില സുഹൃത്തുക്കളും, ചില ഫേസ്ബുക് സുഹൃത്തുക്കളും പറഞ്ഞ കമെന്റുകൾ ആണ് മുകളിൽ.

ഉത്തരം പറയാൻ കുറച്ച് വർഷങ്ങൾ പിന്നോട്ട് പോകണം.

“നീ പോയി ബാപ്പാക്ക് ചോറെടുത്തു വച്ചിട്ടുണ്ട് എന്ന് പറ”

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം പതിവില്ലാതെ ഉമ്മ എന്നോട് ആവശ്യപ്പെട്ടതാണ്. സാധാരണ ഉമ്മ തന്നെ ചോറെടുത്തിട്ട് വച്ച് ബാപ്പയെ വിളിക്കുന്നത് കൊണ്ട്, പതിവില്ലാതെ എന്താണ് ഒരു മാറ്റം എന്ന് ഞാൻ അത്ഭുതപ്പെട്ടു. അടുത്ത നാല് വർഷത്തേക്ക് ബാപ്പയ്ക്കും ഉമ്മയ്ക്കും ഇടയിൽ ഉള്ള സംസാരം ഞങ്ങൾ കുട്ടികൾ വഴി മാത്രം ആകുമെന്ന് അന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കുട്ടികൾ ആ സത്യം മനസിലാക്കി. ബാപ്പ വേറെ വിവാഹം കഴിച്ചു. ഉമ്മയും ബാപ്പയും പരസ്പരം സംസാരിക്കുന്നില്ല. മുൻപ് ആഴ്ചയിൽ ഒരിക്കൽ ഉണ്ടായിരുന്ന വഴക്ക് ദിവസേന ആയി, ബാപ്പയുടെ ഉമ്മയെ രണ്ടാമത്തെ ഭാര്യയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി. ആഴ്ചയിൽ മൂന്നോ നാലോ ദിവസങ്ങൾ മാത്രം ബാപ്പ ഞങ്ങളുടെ വീട്ടിൽ വരാൻ തുടങ്ങി, ബാക്കി ദിവസങ്ങളിൽ പാണാവള്ളിയിൽ ഉള്ള രണ്ടാമത്തെ ഭാര്യയുടെ വീട്ടിലും.

അടുത്തുള്ള ഒരു കടയിൽ നിന്ന് ദിവസേന വേണ്ട സാധനങ്ങൾ പറ്റു പറഞ്ഞു വാങ്ങാൻ ഏർപ്പാട് ചെയ്തു. ആഴ്ചയിൽ ഒരിക്കൽ ബാപ്പ ആ കടയിൽ പൈസ കൊടുക്കും.

പക്ഷെ പതിനാലു വർഷങ്ങൾ കൂടെ താമസിച്ച ഒരു സ്ത്രീയെയും കുട്ടികളെയും ഇങ്ങിനെ വീട്ടിൽ ഒറ്റയ്ക്ക് ആക്കിയിട്ട് എങ്ങിനെ ഒരാൾക്ക് വേറെ കല്യാണം കഴിക്കാൻ സാധിക്കുന്നു? ഈ നാട്ടിൽ നിയമവും പോലീസും ഒന്നും ഇല്ലേ? എന്റെ മനസ്സിൽ ഉദിച്ച ചോദ്യങ്ങൾ അതൊക്കെ ആയിരുന്നു.

ബാപ്പയുടെ ബാപ്പ ഏഴ് വിവാഹം കഴിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ടെങ്കിലും, എന്റെ സ്വന്തം ബാപ്പ രണ്ടാമത് കെട്ടിക്കഴിഞ്ഞപ്പോൾ ആണ് ഇസ്ലാമിൽ ഒരു പുരുഷനു നാലുവരെ ഭാര്യമാർ ഒരേ സമയം ആവാം എന്ന പ്രാകൃത നിയമത്തിന്റെ പ്രശനങ്ങളെ കുറിച്ച് എനിക്ക് ബോധ്യം വന്നത്.

ഖുർആൻ വായിച്ചു നോക്കിയപ്പോൾ വീണ്ടും കൺഫ്യൂഷൻ ആയി. ഖുറാനിൽ നാലു കെട്ടാം എന്ന് പറയുന്നത് അനാഥ സ്ത്രീകളെകുറിച്ചാണ് (https://quran.com/4/3). പ്രധാനമായും അടിമ സ്ത്രീകളെ സംരക്ഷിക്കാൻ ആയിരുന്നിരിക്കണം. അടിമ സമ്പ്രദായം നിലവിൽ ഉണ്ടായിരുന്ന ഏഴാം നൂറ്റാണ്ടിലെ നിയമം ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിൽ എന്നിങ്ങനെയാണ് ബാധകം ആകുക? മാത്രമല്ല പല വിവാഹങ്ങൾ കഴിക്കുന്ന പുരുഷന്മാർ അനാഥകളെ അല്ല കല്യാണം കഴിക്കുന്നത്. അപ്പോൾ ഇത് ഖുറാന് എതിരല്ലേ?

എന്റെ വീടിനടുത്തുള്ള കച്ചേരിപ്പടി സുന്നിപള്ളിയിൽ ഉമ്മ എന്നെയും കൂട്ടി പോയി ഒരു പരാതി കൊടുത്തു. രണ്ടു ചോദ്യങ്ങൾ ആയിരുന്നു ഉമ്മാക്ക് ഉണ്ടായിരുന്നത്.

ആദ്യമായി ഒരാൾക്ക് വേറെ വിവാഹം കഴിക്കണം എങ്കിൽ ആദ്യ ഭാര്യയുടെ സമ്മതം വേണം എന്നാണ് ഉമ്മയുടെ അറിവ്. ബാപ്പ പോയി കല്യാണം കഴിച്ച മഹല്ലുകാർ എങ്ങിനെ ആണ് ഇദ്ദേഹത്തിന് ആദ്യഭാര്യയുടെ സമ്മതം ഉണ്ടെന്നു അറിയുക?

രണ്ടാമത് എല്ലാ ഭാര്യമാരെയും ഒരേ പോലെ നോക്കാൻ കഴിയും എങ്കിൽ മാത്രം വേറെ കല്യാണം കഴിക്കുക എന്നാണ് ഖുർആൻ പറയുന്നത്, അതിന്റെ കൂടെ തന്നെ ഒരാൾക്ക് പോലും അങ്ങിനെ ചെയ്യാൻ കഴിയില്ല എന്ന് പറയുന്നുണ്ട് (https://quran.com/4/129), അപ്പോൾ എങ്ങിനെ ആണ് ഇസ്ലാമിൽ ബഹുഭാര്യ സമ്പ്രദായം നടപ്പിലാക്കാൻ പറ്റുക?

പള്ളിയിൽ ഉണ്ടായിരുന്നവരുടെ ഉത്തരം വളരെ ലളിതമായിരുന്നു.

“ഇതൊക്കെ നാട്ടുനടപ്പാണ്, മത നിയമങ്ങളെ ചോദ്യം ചെയ്യാൻ ആണെങ്കിൽ നിങ്ങൾക്ക് ഭയങ്കര ബുദ്ധിമുട്ടായിരിക്കും.

വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നടക്കണ്ട , ഒരു മകളെ കെട്ടിച്ചു വിടാൻ ഉള്ളതാണ്”

അന്നെനിക്ക് മനസിലായത് രണ്ടു കാര്യങ്ങൾ ഉണ്ട്.

ഒന്ന്, എല്ലാ മതങ്ങളും സ്ത്രീവിരുദ്ധങ്ങൾ ആണ്. നൂറ്റാണ്ടുകൾക്ക് മുൻപ് അന്നത്തെ സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ നിയമങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്നത് ആന മണ്ടത്തരം ആണ്.

രണ്ട് , മതങ്ങളിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ഉണ്ടെങ്കിൽ പോലും, പുരുഷ പുരോഹിത വർഗം അതിനേക്കാളേറെ സ്ത്രീവിരുദ്ധന്മാരാണ്. ദൈവത്തിനും മനുഷ്യനും ഇടയ്ക്ക് ആരും ഇല്ലെന്ന് പറയപ്പെടുന്ന ഇസ്ലാമിൽ പോലും പുരോഹിത വർഗത്തിന് നിയമങ്ങൾ ഉണ്ടാക്കാനും വളച്ചൊടിക്കാനും കഴിയും.

ബാപ്പ പറഞ്ഞ കടയിൽ നിന്ന് സാധനം വാങ്ങുന്നത് കൊണ്ട് മാത്രം സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാകില്ല എന്ന് ഉമ്മ പെട്ടെന്ന് മനസിലാക്കി. അച്ചാറും കോഴിമുട്ടയും വിറ്റും, എറണാകുളം മാർകെറ്റിൽ പോയി സെക്കന്റ് ഹാൻഡ് തുണി വാങ്ങി അലക്കി, തയ്ച്ചു വിറ്റും ഉമ്മ സ്വന്തമായി കുറച്ച് പണം ഉണ്ടാക്കി. ബാപ്പ ഇല്ലാത്ത ദിവസങ്ങളിൽ ഉറങ്ങാതെ ഞങ്ങൾക്ക് കാവലിരുന്നു. സ്കൂളിൽ പോയിട്ടില്ലാത്ത, അതുവരെ എഴുത്തും വായനയും അറിയാത്ത ഉമ്മ, വായിക്കാൻ പഠിച്ചു , മംഗളവും മനോരമ ആഴ്ചപ്പതിപ്പും രാത്രി ഉമ്മയ്ക്ക് കൂട്ടായി. ബാപ്പ ഇല്ലാത്ത രാത്രികളിൽ ഉമ്മയുടെ തലയിണയുടെ അടിയിൽ ഒരു വെട്ടുകത്തി ഭദ്രമായി ഉണ്ടായിരുന്നു.

എന്റെ ജീവിതത്തിൽ ഇതൊക്കെ നടക്കുമ്പോൾ, പുറത്ത് വേറൊരു പ്രശ്നം വെന്ത് കത്തുകയായിരുന്നു. പ്രമാദമായ ഷാബാനോ കേസ്. പതിനാലു വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 62 വയസുള്ള ഷാബാനോ എന്ന സ്ത്രീയെയും അഞ്ച് മക്കളെയും ഭർത്താവ് ഇറക്കി വിട്ട കേസ് ആയിരുന്നു അത്. പ്രതിമാസം വെറും 179 രൂപ ജീവനാംശം കിട്ടാൻ വേണ്ടി ആയിരുന്നു ഷാ ബാനോ കേസ് കൊടുത്തത്. ഖുർആൻ പ്രകാരം മൊഴി ചൊല്ലിയ സ്ത്രീക്ക് ജീവനാംശത്തിന് അർഹത ഇല്ല എന്നായിരുന്നു ഷാ ബെനോയുടെ ഭർത്താവു മൊഹമ്മദ് അഹമ്മദ് ഖാന്റെ നിലപാട്. എല്ലാ മുസ്ലിങ്ങൾക്കും വേണ്ടി നിലപാട് എടുക്കേണ്ട ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ്, അന്ന് ആണുങ്ങൾക്ക് അനുകൂലം ആയി നിലപാട് എടുത്തു.

1985 ഏപ്രിൽ 23 നു ജസ്റ്റിസ് ചന്ദ്രചൂഡൻ ഉൾപ്പെടെയുള്ള ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് ഏകസ്വരത്തിൽ ഷാ ബാനോയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

ഇന്ന് ശബരിമല വിധിക്കെതിരെ ആളുകൾ ഇറങ്ങിയ പോലെ മുസ്ലിം പുരുഷന്മാരും ചില സ്ത്രീകളും ഈ വിധിക്കെതിരെ ഇന്ത്യ ഒറ്റയ്ക്ക് പ്രകടനം നടത്തി. സുപ്രീം കോടതിക്ക് മതത്തിൽ എന്ത് കാര്യം എന്നായിരുന്നു അന്നത്തേയും വാദം. ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന വാദം. പാർലിമെന്റിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന രാജീവ് ഗാന്ധിയുടെ കോൺഗ്രസ് ഗവണ്മെന്റ് മത പുരോഹിതന്മാർക്ക് അടിയറവ് പറഞ്ഞു കൊണ്ട് ഈ വിധി അസ്ഥിരമാക്കുകയും , മൊഴി ചൊല്ലിയതിന് ശേഷം 90 ദിവസം മാത്രം മുസ്ലിം സ്ത്രീക്ക് ജീവനാംശം കൊടുത്താൽ മതി എന്ന നിയമം പാസാക്കുകയും ചെയ്തു. അതിന് അവർ ഇട്ട പേരായിരുന്നു രസകരം, മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമം 🙂 (https://en.wikipedia.org/wiki/The_Muslim_Women_(Protection_of_Rights_on_Divorce)_Act_1986)

ഇന്ത്യയിലെ കോൺഗ്രസ് ഗവണ്മെന്റ് മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്ന എന്ന വധം ഉയർത്തി ഹിന്ദുത്വ പാർട്ടികൾക്ക് ശക്തി പകർന്ന ഒരു നിയമം കൂടി ആയിരുന്നു അത്.

ഇന്ന് ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകളെ കയറ്റരുത് എന്നും പറഞ്ഞു സമരം നടത്തുന്ന കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് ഇതെല്ലാമാണ്. മതമോ, ആചാരമോ, വിശ്വാസമോ, രാഷ്ട്രീയമോ ഒന്നും അല്ല ഈ നാമജപങ്ങളുടെ പ്രശനം, വെറും സ്ത്രീവിരുദ്ധതയാണ്.

അടിസ്ഥാന മനുഷ്യ അവകാശങ്ങളെ കുറിച്ചുള്ള മനുഷ്യന്റെ ബോധവും ചർച്ചകളും പതിനാറാം നൂറ്റാണ്ടിൽ തന്നെ തുടങ്ങിയതാണ്. ഇന്ത്യയിൽ നാരായണഗുരുവിനെ പോലുള്ളവർ മുന്നോട്ടു വച്ച ജാതി നിർമ്മാർജ്ജനവും, അയ്യൻ‌കാളി മുന്നോട്ടുവച്ച വിദ്യാഭ്യാസ അവകാശവും എല്ലാം മറ്റും ഈ അടിസ്ഥാന മനുഷ്യ അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള കാഴ്ചപ്പാടുകൾ ആണ്.

അതും കഴിഞ്ഞു വളരെ വർഷങ്ങൾ കഴിഞ്ഞാണ് സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ തുല്യ അവകാശം ഉള്ളവരാണ് എന്നുള്ള ചിന്തകൾ വരുന്നത്. അമേരിക്കയിൽ പോലും സ്ത്രീകൾക്ക് വോട്ടവകാശം വരുന്നത് 1920 ൽ മാത്രമാണ്. ആഗോളതലത്തിൽ ഉണ്ടാകുന്ന ഈ കാഴ്ചപ്പാടിന്റെ തുടർച്ചയായാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെയും നോക്കികാണേണ്ടത്.

അല്ലാതെ ഞാൻ ഒരു അവസരം വന്നപ്പോൾ വേറെ മതത്തിനെ കുറ്റം പറഞ്ഞതല്ല. എല്ലാ മതത്തിലും സ്ത്രീവിരുദ്ധതയുടെ കാവടിയാട്ടം ഉണ്ട്. വളരെ ധൃഢമായ ചട്ടക്കൂടുള്ള അബ്രഹാമിക് മതങ്ങളെ അപേക്ഷിച്ചു മാറ്റങ്ങൾ വരുത്താൻ എളുപ്പം ഹിന്ദു മതത്തിലാണ്, അതിന് കൈവരുന്ന അവസരങ്ങൾ വെറും രാഷ്ട്രീയത്തിന്റെ പേരിൽ വേണ്ടെന്നു വയ്ക്കരുത്.

നമ്മുടെ വീട്ടിലുള്ള എല്ലാവരും തുല്യരാണ് എന്ന് നമുക്കൊക്കെ എന്ന് ബോധം വരാനാണ്?

നോട്ട് : എന്റെ ബാപ്പ മൂന്നാമത് ഒരു കല്യാണം കൂടി കഴിച്ചു. ഞാൻ കോളേജിൽ പഠിക്കുമ്പോൾ, എന്റെ പെങ്ങളുടെ വിവാഹ സമയത്ത് മറ്റു സ്ത്രീകളെ ഉപേക്ഷിച്ച് ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വന്നു. അവരൊക്കെഇപ്പോൾ എവിടെയാണ് എന്നെനിക്കറിയില്ല, ഒരു ഭാര്യ മരിച്ചു പോയി എന്ന് കേട്ടിരുന്നു. മറ്റേ ഭാര്യയുടെ കാര്യം അറിയില്ല.

One thought on “മതങ്ങളിലെ സ്ത്രീ വിരുദ്ധത…

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: