സുഡാനി ഫ്രം അമേരിക്ക..

സുഡാനി ഫ്രം അമേരിക്ക..

എന്റെ ഉമ്മയെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിച്ചാണ് എന്റെ മൂത്ത മകൻ നിതിൻ മലയാളം പഠിച്ചത് 🙂

സുഡാനി ഫ്രം നൈജീരിയ കണ്ടപ്പോൾ നിതിൻ ചെറുപ്പത്തിൽ ഒറ്റക്ക് നാട്ടിൽ പോയതാണ് ഓർമ  വന്നത്. പരസ്പരം ഭാഷ അറിയാതെ നിതിനും ഉമ്മയും കുറച്ച് ബുദ്ധിമുട്ടി. പക്ഷെ ഈ ചിത്രത്തിൽ കാണിക്കുന്ന പോലെ സ്നേഹത്തിന് മുന്നിൽ ഭാഷ ഒരു പ്രശ്നമേ അല്ലല്ലോ.

നിതിൻ അങ്ങിനെ പോയി മലയാളം പഠിച്ച പോയ ഓർമ വച്ചാണ് ഞാൻ ഇപ്പോൾ ഹാരിസിനെ സ്കൂൾ അവധിക്ക് നാട്ടിൽ അയച്ചിരിക്കുന്നത്. കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ട് എന്നുള്ളത് മാത്രമാണ് ഇത്തവണത്തെ വ്യത്യാസം. ഉമ്മയും അവനും കൂടി പരസ്പരം അറിയാത്ത ഭാഷയിലെ അഭ്യാസം തുടങ്ങി കഴിഞ്ഞു. ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ മതി മതി എന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും ചോറ് ഇട്ടത് സ്നേഹം കൂടിയത് കൊണ്ടാണ് എന്നവന് മനസിലായി വരുന്നതേ ഉള്ളൂ..

വീട്ടിലെ പൂച്ചയും, കോഴിയും താറാവും ഒക്കെയാണ് അവന്റെ കൗതുകങ്ങൾ. അതിന്റെ കൂടെ കുറച്ച് കൊച്ചി സ്പെഷ്യൽ കൊതുകു വിശേഷങ്ങളും.

നിതിനോട് ഞാൻ ചോദിച്ചു, അവൻ ഒറ്റക്ക് നാട്ടിൽ നിൽക്കാൻ പോയപ്പോൾ ഉള്ള അവന്റെ ഓർമ്മകളെ കുറിച്ച്. നോമ്പ് തുറക്കാൻ വൈകുന്നേരം ഉണ്ടാക്കുന്ന പലഹാരങ്ങളും, ഉമ്മ മലയാളം പത്രം വായിക്കാൻ പഠിപ്പിച്ചതും ഒക്കെ ആണവന്റെ  ഓർമ്മകൾ. പക്ഷെ ഒറ്റക്ക് നാട്ടിൽ പോയപ്പോൾ അവൻ മനസിലാകാതെ പോയ ഒരു വലിയ കാര്യം നടന്നു, അവന്റെ ബാപ്പയുടേം അമ്മയുടേം അച്ഛനമ്മമാരും ആയി ഒരു ആത്മബന്ധം ഉണ്ടായി. ഞാൻ കുട്ടികളെ ഒറ്റക്ക് നാട്ടിൽ വിടുന്നത് അതിന് വേണ്ടി മാത്രമാണ്. അങ്ങിനെ ഒരു ബന്ധം ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ഭാഷയും സംസ്കാരവും ഒക്കെ പ്രശ്നമേ അല്ല.

ഈ സിനിമയിൽ സുഡാനിയെ വീട്ടിൽ നോക്കുന്ന ഉമ്മയും ഉമ്മയുടെ കൂട്ടുകാരിയും, ഉമ്മയുടെ രണ്ടാം ഭർത്താവും, പശുവും ആയി വരുന്ന നായരും എല്ലാം ചെയ്യുന്നത് ഒരേ കാര്യമാണ്, മനുഷ്യനും  മനുഷ്യനും തമ്മിൽ ജാതിയും മതവും അതിർത്തികളും മാറ്റിവച്ച് ചെയ്യുന്ന ഒരു ആത്മ സംഭാഷണം. ചില കാര്യങ്ങൾ മനസിലാക്കാൻ ഭാഷയുടെ ആവശ്യമേ ഇല്ല. 

നാട്ടിൽ പോയി നിന്നിട്ട് തിരിച്ചു വന്നപ്പോൾ നിതിൻ കേരളത്തെ കുറിച്ച്  പറഞ്ഞ പോലെ

“അവരൊക്കെ വലിയ പണക്കാരൊന്നും അല്ല,  പക്ഷെ എല്ലാവരും ഭയങ്കര ഹാപ്പിയാണ്”

നൈജീരിയയിൽ തിരിച്ചു പോയി സാമുവലും അത് തന്നെ പറഞ്ഞു കാണും. 

ജീവിതം അത്രയേ ഉള്ളൂ, ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിഞ്ഞാൽ പിന്നെ വേറെന്താണ് വേണ്ടത്.   

 

One thought on “സുഡാനി ഫ്രം അമേരിക്ക..

Add yours

Leave a comment

Blog at WordPress.com.

Up ↑