#Metoo #HowIWillChange

“കഴുവേറീടെ മോനെ…” എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്.

ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു. നല്ല തഴമ്പുള്ള കൈ എന്റെ ഇടത് കവിളിൽ നല്ല ശക്‌തിയിൽ വന്ന് വീണു. കണ്ണടയുടെ കാലുകൾ വളഞ്ഞു, ഒരു ചില്ല് തെറിച്ച് താഴെപ്പോയി.

ഒന്നും പറയാൻ ആയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ജീവിതത്തിലെ ഏറ്റവും നാണംകെട്ട ഒരു നിമിഷം ആയിരുന്നു അത്. എതിരെ വരുന്ന KSRTC ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയാലോ എന്നുവരെ ഞാൻ ആലോചിച്ചു.

“നീ എവിടെ ഉള്ളതാടാ” ചുറ്റും കൂടിയ ആൾകൂട്ടത്തിൽ ഒരാൾ ചോദിച്ചു. തിരുവനന്തപുരം  തമ്പാനൂർ ബസ് സ്റ്റാൻഡിനു അടുത്തയായിരുന്നു സ്ഥലം.

“ഞാൻ ഇവിടെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്നതാണ് .. ” വരണ്ട ചുണ്ടുകൾ നാക്ക് കൊണ്ട് നനക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.

“അവനെ വിട്ടേര്, ഇങ്ങിനെ കുറെ തലതെറിച്ച പിള്ളേർ ഇറങ്ങിയിട്ടുണ്ട്, ഒരു തല്ല് കൂടി കൊള്ളാനുള്ള ത്രാണി അവനില്ല” കൂട്ടത്തിൽ ആരോ എനിക്ക് അപ്പോൾ ഒട്ടും അർഹിക്കാത്ത  സഹതാപം തന്നു. ഞാൻ ഈ സംഭവം നടന്ന കടയുടെ അരികിലൂടെ തിരിഞ്ഞു നോക്കാതെ താഴേക്കുള്ള വഴിയിലേക്ക് നടന്നു. കൂട്ടം കൂടിയവർ കരയാൻ തുടങ്ങിയ സ്ത്രീയെ സമാധാനിപ്പിച്ചു, എവിടെ നിന്നോ  അവരുടെ മകൻ ട്രൗസറും തിരുപ്പിടിച്ച് എന്താണ് സംഭവിച്ചത് എന്നറിയാത്ത അന്താളിച്ചു നിന്നു.

സ്ത്രീകളും ആയി ഒട്ടും ഇടപഴകാതെ ആയിരുന്നു എന്റെ ബാല്യവും കൗമാരവും. കൂട്ടുകാരുടെ പെങ്ങന്മാർ ഞങ്ങൾ വീട്ടിൽ കൂട്ടുകാരെ കാണാൻ വരുമ്പോൾ അടുക്കളയിലേക്ക് എഴുന്നേറ്റ് പോയി. ബന്ധുക്കളിൽ പെൺകുട്ടികളും ആൺകുട്ടികളും സംസാരിക്കാൻ അധികം അവസരങ്ങൾ കിട്ടിയില്ല. പഠിച്ചത് ബോയ്സ് ഒൺലി ഹൈ സ്കൂളിലും ഡിഗ്രി കോളേജിലും.

പക്ഷെ പ്രകൃതിയുടെ ലൈംഗിക ചോദന  സംസ്കാരവും ആയി വലിയ ബന്ധമില്ലാത്ത ഒന്നാണ്. പെൺകുട്ടികൾ ഒരു കൗതുക വസ്തുക്കൾ ആയിരുന്ന കുറെ ആൺകുട്ടികളിൽ ഒരാളായിരുന്നു ഞാനും. അമ്പലപ്പറമ്പിൽ വൈകുന്നേരം കൂടി ഇരുന്നു ഞങ്ങൾ അതിലെ കടന്നു പോയ പെൺകുട്ടികളുടെ മുലകളുടെ വലിപ്പത്തെ കുറിച്ച് സംസാരിച്ചു, കളിയാക്കാൻ പുതിയ വാക്കുകൾ കണ്ടുപിടിച്ചു.

ബസിൽ കയറിയാൽ ജാക്കി വയ്ക്കുന്നത് ഒക്കെ കൂട്ടുകാരുടെ ഇടയിൽ ഒരു രസമുള്ള സംസാരവിഷയം ആയിരുന്നു. ആൺകുട്ടികൾ ചെയ്ത ചെറിയ ചെറിയ കാര്യങ്ങൾ അവരെ ഞങ്ങളുടെ ഇടയിലെ ഹീറോസ് ആക്കി മാറ്റി.

എങ്ങിനെ എങ്കിലും ഒരു പെണ്ണിനെ പ്രാപിക്കണം എന്നത് ഒരു ശാരീരികവും മാനസികവും ആയ  ആവശ്യം ആയി മാറിയതും, ഹോസ്റ്റലിൽ നിൽക്കുന്നത് കൊണ്ട് കുറച്ച് സ്വാതന്ത്ര്യം കിട്ടിയത് കൊണ്ടും എന്തെങ്കിലും സംഭവിച്ചാൽ തന്നെ നാട്ടിലെപോലെ ആർക്കും എന്നെ അറിയില്ല എന്നുള്ളത് കൊണ്ടും, കാമുകിമാരില്ലാത്ത, സദാചാരത്തിന്റെ കാവൽമാലാഖാമാരായ പെൺകുട്ടികൾ ക്ലാസ് മേറ്റ്സ് ആയി ഉള്ള ഞാൻ  ഒരു വേശ്യയെ പ്രാപിക്കാൻ ഞാൻ തീരുമാനിച്ചു.

പക്ഷെ വേശ്യയെ എങ്ങിനെ കണ്ടുപിടിക്കും? സിനിമയിൽ കണ്ട ചില രംഗങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ചില തീരുമാനങ്ങളിൽ എത്തി. പ്രധാനമായും ബസ്‌സ്റ്റാന്റുകളിൽ ആയിരിക്കും ഞാൻ സിനിമകളിൽ കാണുന്ന വേശ്യകൾ. അവർ തലയിൽ നിറയെ  മുല്ലപ്പൂ വച്ചിരിക്കും. സന്ധ്യ കഴിഞ്ഞ് ബസ് സ്റ്റാൻഡിൽ തലയിൽ നിറയെ മുല്ലപ്പൂ വച്ച ഒരു സ്ത്രീയെ കണ്ടാൽ ഒന്ന് മുട്ടിനോക്കാം എന്നതായിരുന്നു എന്റെ ഗെയിം പ്ലാൻ.

കയ്യും കാലും വിറച്ച് നിന്ന പല മണിക്കൂറുകൾക്ക് ശേഷം ഇല്ലാത്ത ധൈര്യം സംഭരിച്ച് ബസ് സ്റ്റാൻഡിന്റെ കുറച്ച് ദൂരെ തലയിൽ മുല്ലപ്പൂ വച്ച് നിന്നിരുന്ന ഒരു ചേച്ചിയെ മുട്ടാൻ ഞാൻ തീരുമാനിച്ചു. ചേച്ചിയുടെ അടുത്ത് കൂടി പല പ്രാവശ്യം നടന്നു നോക്കി, പല ബസുകൾ വന്നിട്ടും കയറിപോകാത്ത അവർ ഞാൻ ഉദ്ദേശിച്ച ആൾ തന്നെ എന്ന് ഞാൻ കരുതി.അവരുടെ അടുത്ത് ചെന്ന് ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു..

“ചേച്ചി വരുന്നോ?”

“എന്താ മോനെ ചോദിച്ചേ കേട്ടില്ല” പെട്ടെന്ന് എന്റെ ചോദ്യം കേട്ട് തല തിരിച്ച് അവർ ചോദിച്ചു.

“അല്ല ഇവിടെ നല്ല ലോഡ്ജിൽ മുറി എടുക്കാം, വരുന്നോ”

“ഫ  തായോളി , നിനക്ക് അമ്മേം പെങ്ങളും ഇല്ലെടാ…”  ഒരാട്ട്‌ കേട്ടപ്പോൾ തന്നെ ഞാൻ ഉദ്ദേശിച്ച പോലെ അല്ല സംഗതി എന്നെനിക്ക് മനസിലായി.

ശബ്ദം കേട്ടിട്ട് എന്താണ് പെങ്ങളെ കാര്യം എന്ന് ചോദിച്ച് കുറച്ച് പേർ ഞങ്ങളുടെ അടുത്തേക്ക് വന്നു. നിന്ന നിൽപ്പിൽ ഭൂമി കുഴിഞ്ഞ താഴേക്കു പോയെങ്കിൽ എന്ന് എനിക്ക് തോന്നി.

“എന്റെ സാറേ, ഞാൻ ഒരു വീട്ടിൽ വേലയ്ക്ക് നിൽക്കുന്നതാണ്,  ജോലിക്കു പോയി തിരിച്ചു പോകുന്ന വഴിക്ക്, എന്റെ മോൻ മൂത്രം ഒഴിക്കാൻ പോയിട്ട് തിരിച്ചു വരാൻ വേണ്ടി ഇവിടെ നിൽക്കുന്ന സമയത്ത് ഈ പയ്യൻ വന്നു ലോഡ്ജിൽ പോകാമോ എന്ന്….”

“കഴുവേറീടെ മോനെ…” എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്.

തിരികെ നടന്നു പോകുമ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകനും അവന്റെ ഉമ്മയും രാവിലെ അഞ്ച് മണിക്കുള്ള ബസ് പിടിച്ചു, എറണാകുളം മാർകെറ്റിൽ നിന്ന് സെക്കന്റ് ഹാന്റ് തുണിത്തരങ്ങൾ വാങ്ങി ഒൻപത് മണിക്ക് മുൻപ് തിരിച്ചു വന്നു, സ്കൂളിൽ പോകുന്നത് ഓർമ വന്നു. നീയും ഉമ്മയും രാവിലെ തന്നെ എറണാകുളത്ത് നിന്ന് വരുന്നത്  എന്ത് കൊണ്ടാണ് എന്നൊക്കെ ഞങ്ങൾക്ക് അറിയാം എന്ന ചിലരുടെ കമെന്റുകൾ മനസിലാകാതെ മിഴിച്ചു നിന്ന ഒരു കുട്ടി. അങ്ങിനെ ഉള്ള ഞാനാണ് ഇങ്ങിനെ ഒരു സംഭവത്തിൽ വില്ലനായത്. ജീവിതത്തിൽ ഒരിക്കൽ മാത്രം ആത്മഹത്യ ചെയ്യണം എന്ന് ഉറപ്പിച്ച ഒരു ദിവസം ആയിരുന്നു അത്. ഞാൻ അപമാനിച്ച സ്ത്രീയുടെ കുട്ടി എന്റെ തന്നെ ചെറുപ്പം ആയിരുന്നു..

അന്ന് രാത്രി ഞാൻ ഡയറിയിൽ എഴുതി..

“കവിളിൽ അടികൊണ്ട പാട് തിണർത്ത് കിടന്നു, പക്ഷെ മനസിലെ ഈ പാട് മരിക്കുന്നത് വരെ ഇങ്ങിനെ കിടക്കും..”

നമ്മൾ എല്ലാം സാമൂഹിക ജീവികൾ ആണ്, നമ്മുടെ ചിന്തയും പ്രവർത്തിയും എല്ലാം സാമൂഹികമായ ചുറ്റുപാടുകൾ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. പെൺകുട്ടികളും ആയി ഒരു തരത്തിലും കൂട്ടുകൂടാൻ കഴിയാതെ വളരുന്ന ആൺകുട്ടികളും, പെൺകുട്ടികളെ പ്രായപൂർത്തി ആയാൽ പിന്നെ ആൺകുട്ടികളുടെ അടുത്തെ വിടാത്ത, ആൺ പെൺ സൗഹൃദങ്ങൾ വളരെ കുറഞ്ഞ ഒരു സമൂഹത്തിൽ ആൺകുട്ടികൾക്ക് പെൺകുട്ടികൾ ഒരു കൗതുകമാണ്. കൗമാരത്തിൽ ഹോർമോണുകൾ പെൺകുട്ടികളുടെ ശരീരം ഒരു ഭോഗവസ്തു ആയി മാത്രം ആൺകുട്ടികൾക്ക് തോന്നാൻ കാരണം അടുത്ത പെൺകൂട്ടുകാർ ഇല്ലാത്തത് കൊണ്ടും ആകാം. ഒരു പക്ഷെ ചെറുപ്പം മുതൽ ഫ്രീ ആയി സംസാരിക്കാൻ കഴിയുന്ന  ഒരു പെൺസുഹൃത്ത് എനിക്കുണ്ടായിരുന്നെങ്കിൽ എന്റെ മനോഭാവം ഇങ്ങിനെ ആവില്ലായിരുന്നു.

വിവാഹം കഴിഞ്ഞാണ് എന്റെ മനോഭാവം പൂർണമായും മാറിയത്. വളരെ പതുക്കെ നടന്ന ഒരു മാറ്റം. ഒരു പക്ഷെ വിദേശവാസം എന്നെ സഹായിച്ചിട്ടുണ്ടാവാം. തീർച്ചയായും സ്വീഡനിൽ വച്ച് കരോലിന എന്ന സുഹൃത്ത് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നീ എന്തിനാണ് ഇപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്, പെൺകുട്ടികളുടെ ആത്മാവിലേക്കുള്ള വാതിൽ അവരുടെ കണ്ണുകളിൽ ആണ് എന്ന് എന്നെ മനസിലാക്കി തന്നത് അവളാണ്.

#Metoo സംഭവങ്ങൾ ഒരുപാട് പെൺകുട്ടികൾ എഴുതുന്നുണ്ട്. പക്ഷെ ഇതിന്റെ മറുവശത്തു നിശബ്ദർ ആയി ഇരിക്കുന്നവർ നമ്മുടെ സമൂഹത്തിലെ ആണുങ്ങൾ തന്നെയാണ്, ഒരു പക്ഷെ നിങ്ങൾക്കും എനിക്കും അറിയാവുന്നവർ. നമ്മുടെ കൂട്ടുകാർ, സഹോദരങ്ങൾ, മക്കൾ, ഒരുപക്ഷെ ഈ വായിക്കുന്ന നിങ്ങൾ  തന്നെ.

ചിലർ സമൂഹത്തിന്റെ സ്ത്രീ വീക്ഷണത്തിന്റെ ഇരകൾ ആണെങ്കിൽ മറ്റു ചിലർ അവരുടെ കുറ്റവാസന കൊണ്ട് ചെയ്യുന്നതാണ്. എന്തായാലും, ഇരകൾ മാത്രം അല്ല മുന്നോട്ട് വരേണ്ടത്, ഇത് ചെയ്തവരും മുന്നോട്ട് വന്നു, നമ്മൾ എങ്ങിനെ മാറി അല്ലെങ്കിൽ ഇനി നമ്മൾ എന്നിങ്ങനെ മാറും എന്ന് സമൂഹത്തോട് തുറന്നു പറയേണ്ട ഒരു സന്ദർഭം കൂടി ആണിത്.

പേരറിയാത്ത ആ സ്ത്രീയോടും മകനോടും എല്ലാ ദിവസവും മനസ്സിൽ മാപ്പ് ചോദിച്ച് കൊണ്ട്….

#Metoo #HowIWillChange   

 

5 thoughts on “#Metoo #HowIWillChange

Add yours

  1. നാട്ടിൽ ആണിനേയും പെണ്ണിനേയും ചെറുപ്പം മുതൽ ഒന്നിച്ചിരിക്കുവാനും ഇടപഴകുവാനും അനുവദിക്കുന്നില്ല. സ്കൂളുകളിൽ വേർതിരിച്ചു ഇരുത്തുന്നു, പള്ളികളിൽ ദൈവമുൻപാകെ പോലും ഒന്നിച്ചു ഇരുത്തുന്നില്ല. ആണും പെണ്ണും ഒന്നിച്ചു യാതൊരു പരിപാടിയിലും പങ്കെടുക്കുവാൻ അനുവദീയമല്ല. വീടുകളിലും സ്ഥിതി അതുതന്നെ.
    ആയതിനാൽ ആണുങ്ങൾക്ക് പെണ്ണുങ്ങളുമായി ഇടപഴകുവാൻ അറിയില്ല, പെണ്ണുങ്ങൾക്ക്‌ ആണുങ്ങളുമായും.

    Like

  2. ശരാശരി മലയാളി പുരുഷലോകത്തിന്റെ പരിഛേദം. ആത്മവിമർശനത്തിലൂടെത്തന്നെ മുന്നോട്ടു പോകാൻ കഴിയണം. Hugs dear friend 🖤💙

    Like

  3. മറ്റ് ലിംഗപദവികളിലുള്ളവരുമായി ഇടപഴകാൻ അനുവദിക്കാതെ ഋഷ്യശൃംഗന്മാരായി കുട്ടികളെ വളർത്താനുള്ള നമ്മുടെ തെറ്റായ സാമൂഹിക ബോധമാണ് മാറേണ്ടത്; മാറ്റേണ്ടത്.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: