ഈജിപ്ത് : എസ് കെയുടെ കാൽപ്പാടുകൾ തേടി

Part 1 :

“ഫെലൂക്ക (ഉല്ലാസവഞ്ചി) വേണോ ഫെലൂക്ക? വെള്ള നിലയങ്കിയും ചെറിയ കുടുങ്ങിയ വട്ടത്തൊപ്പിയും ധരിച്ച ഒരു കിഴവൻ അറബി എന്നെ സമീപിച്ചു ചോദിച്ചു : അസ്വാനിലേക്കു നദിയിലൂടെ ഒരു ഉല്ലാസയാത്ര. അസ്സ്വാൻ, ഈജിപ്തിന്റെ പുരാതന ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അഭിധാനമാണ് അസ്സ്വാൻ. ഞാൻ അസ്സ്വാൻ സന്ദർശിക്കാൻ തന്നെ തീരുമാനിച്ചു. ” : എസ് കെ പൊറ്റെക്കാട് , കൈറോ കത്തുകൾ , 1949 ഡിസംബർ.

ഇന്റർനെറ്റും ഗൂഗിളും ട്രിപ്പ് അഡ്‌വൈസറും ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ലോകം മുഴുവൻ സഞ്ചരിക്കുകയും അതെല്ലാം കേരളത്തിൽ തന്റെ വായനക്കാര്ക്ക് വേണ്ടി ചരിത്രവും, സാമൂഹ്യശാസ്ത്രവും , യാത്രാവിവരണവും ഒരുമിച്ചു ചേർത്ത് പുസ്തകങ്ങൾ എഴുതുകയും ചെയ്ത എസ്‌ കെ പൊറ്റക്കാടിന്റെ കാൽപ്പാടുകൾ പൂർണമായും പിന്തുടൽ അസാധ്യം ആണ്. ഉദാഹരണത്തിന് ഈജിപ്തിലൂടെ അദ്ദേഹം നടത്തിയ യാത്ര ഇനി ഒരിക്കലും ആർക്കും നടത്താൻ കഴിയില്ല. ഈജിപ്തിലെ നാസർ ഡാമിന്റെ പണി പൂർത്തി ആയതിനു ശേഷം വെള്ളത്തിന് അടിയിൽ പെട്ട് പോവേണ്ടി ഇരുന്ന അനേകം സ്മാരകങ്ങൾ ഐക്യ രാഷ്ട്ര സഭയുടെ സഹായത്താൽ പല രാജ്യങ്ങൾ കൂടി മാറ്റി സ്ഥാപിക്കുക ഉണ്ടായി. അത് കൊണ്ട് തന്നെ അദ്ദേഹം കടന്നു പോയ പല വഴികളും ഇപ്പോൾ വെള്ളത്തിന് അടിയിൽ ആണ്. മാറ്റി സ്ഥാപിച്ച സ്മാരകങ്ങളും നൈൽ നദിയിലൂടെ ഉള്ള യാത്രയും ഇപ്പോഴും ചെയ്യാൻ കഴിയും. അങ്ങിനെ ചെയ്ത ഒരു ചെറിയ യാത്ര ഓർത്തെടുക്കുകയാണ് ഇവിടെ.

അവൻ നുബിയൻ ആണ്, അവനെ വിശ്വസിക്കരുത്…
——————————————
തുണിയും കോണാനും ഇല്ലാതെ എന്ന് ഞങ്ങളുടെ നാട്ടിൽ ഒരു പ്രയോഗമുണ്ട്, ഏതാണ്ട് അത് പോലെ ആണ് ഈജിപ്തിലെ അസ്വാനിൽ വന്നിറങ്ങിയത്. ന്യൂ യോർക്കിൽ നിന്ന് ഈജിപ്തിലേക്ക് പുറപ്പെടുന്പോൾ താഹിറിർ ചത്വരത്തിൽ നടക്കുന്ന മുല്ലപ്പൂ വിപ്ലവം യാത്രയ്ക്ക് പ്രശ്നം ആകുമോ എന്ന ഒരു പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറെ ട്രാഫിക് ബ്ലോക്ക് എല്ലാം കഴിഞ്ഞു വൈകി ആണ് എയർപോർട്ടിൽ എത്തിയത്. ചെക്ക് ഇൻ എല്ലാം കഴിഞ്ഞു ഓടി പിടിച്ചു വിമാനത്തിൽ കയറാൻ എത്തിയപ്പോൾ സെക്യൂരിറ്റി തടഞ്ഞു.

“നിങ്ങളുടെ ഒരു ചെക്ക് ഇൻ ലഗേജ് ഈ വിമാനത്തിൽ കയറ്റാൻ പറ്റില്ല , സ്കാനിങ്ങിൽ അതിൽ വിമാനത്തിൽ കയറ്റാൻ പറ്റാത്ത ഒരു ഐറ്റം ഉണ്ട്.”

രണ്ടു പെട്ടികൾ ആണ് ഞങ്ങൾ സാധാരണ കൊണ്ട് പോകുന്നത്. ഒന്ന് എന്റെയും കുട്ടികളുടെയും വസ്ത്രങ്ങൾ , മറ്റൊരു പെട്ടി ഭാര്യയുടെതും. ഇതിൽ ഇതിലാണ് പ്രശനം എന്ന് ഞാൻ ചോദിച്ചെങ്കിലും സെക്യൂരിറ്റിക്കാരന് അത് അറിയില്ലായിരുന്നു.

“നിങ്ങള്ക്ക് ഒന്നുകിൽ തിരിച്ചു പോയി പെട്ടി തുറന്നു കാണിച്ചു അടുത്ത വിമാനത്തിൽ വരാം , അല്ലെങ്കിൽ ആ പെട്ടി ഇവിടെ ഉപേക്ഷിച്ചു യാത്ര പോയി തിരിച്ചു വന്നിട്ട് ഈജിപ്ത് എയർ ലൈനിന്റെ കൗണ്ടറിൽ നിന്ന് വാങ്ങാം. ഫ്ലൈറ്റ് വിടാൻ സമയം ആയതു കൊണ്ട് പെട്ടി അവിടെ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾ തീരുമാനിച്ചു. എന്തായാലും ഈജിപ്തിൽ ഇറങ്ങിയ ഉടനെ ഒരു തുണിക്കടയിലേക്കു നേരെ പോകേണ്ടി വരും.

അസ്വാനിൽ എത്തിയപ്പോൾ ആണ് ന്യൂ യോർക്കിൽ വച്ചിട്ട് പോന്ന പെട്ടി എന്റെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഉള്ളത് ആണെന്ന് മനസിൽ ആയതു. ഭാഗ്യത്തിന് ഭാര്യയുടെ പെട്ടി വന്നു. അസ്വാനിൽ നിന്ന് ഉച്ച കഴിഞ്ഞു ഞങ്ങൾ നൈൽ ക്രൂയിസ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങോട്ട് വച്ച് പിടിച്ചു. ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് എല്ലാവര്ക്കും അടി വസ്ത്രങ്ങൾ വരെ വാങ്ങേണ്ടതുണ്ട്. എസ് കെയുടെ കാൽപ്പാടുകൾ പിന്തുടരാൻ വന്ന ഞങ്ങൾക്ക് നല്ല പണി ആണ് കിട്ടിയത്.

എസ് കെ പൊറ്റക്കാട് ആഫ്രിക്കയുടെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നടത്തിയത് അസാധാരണമായ ഒരു യാത്രയാണ്. അതിന്റെ അവസാന ഭാഗത്താണ് അദ്ദേഹം ഈജിപ്തിലേക്ക് കടക്കുന്നത്. ഈജിപ്തിലേക്ക് കടക്കുന്നതിനു മുൻപ് സുഡാനിലൂടെ ഉള്ള യാത്രയിൽ നൈൽ നദിക്കരയിൽ നിൽക്കുന്ന നഗ്നരായ ഗോത്ര വർഗക്കാരെ കുറിച്ച് അദ്ദേഹം വർണിക്കുന്നുണ്ട്. അതിൽ പെട്ടവരാണ് ക്രിസ്തുവിനു മൂവായിരം കൊല്ലം മുൻപ് മുതൽ സുഡാനിന്റെ വടക്കും, ഈജിപ്തിന്റെ തെക്കു ഭാഗത്തും ആയി സ്ഥിരതാമസം ആക്കിയ നുബിയൻ വർഗക്കാർ.

ഈജിപ്ത് ഒരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയെ പോലെ ആണ്. വടക്കു കയ്‌റോ, അലക്സാണ്ഡ്രിയ ഭാഗങ്ങളിൽ വെളുത്ത നിറക്കാർ ആണ് കൂടുതൽ. സുന്ദരി ആയ ക്‌ളിയോപാട്ര അലക്സാണ്ഡ്രിയക്കാരി ആയിരുന്നു. യൂറോപ്പും ആയുള്ള അടുപ്പം ആണ് പ്രധാന കാരണം. പക്ഷെ തെക്കോട്ടു വരുന്തോറും അവരുടെ ആഫ്രിക്കൻ ജനിതകം കൂടുതൽ തെളിഞ്ഞു വരും. നൈൽ ഈജിപ്തിലേക്ക് കടന്നതിനു ശേഷം ഉള്ള പ്രധാന പട്ടണം ആയ അസ്വാനിൽ കറുത്ത നിറമുള്ള നുബിയൻ വർഗക്കാരാണ് കൂടുതൽ. ഇവിടെകാണുന്ന ഈജിപ്ത്കാരും കൈറോയിലെ സുന്ദരന്മാരെയും സുന്ദരികളെയും താരതമ്യപ്പെടുത്തുന്പോൾ കറുത്തവരാണ്.

ക്രൂയിസ് ചെറിയ ഒരു കപ്പൽ ആണ്. അൻപതിൽ താഴെ മുറികൾ, ഡൈനിങ്ങ് ഏരിയ, ഡെക് തുടങ്ങി വലിയ ഒരു ബോട്ട് എന്ന് വിളിക്കാവുന്ന വലിപ്പം. മുല്ലപ്പൂ വിപ്ലവം തുടങ്ങിയതിനു ശേഷം ടൂറിസ്റ്റുകൾ കുറഞ്ഞത് കൊണ്ട് വെറുതെ കിടക്കുന്ന കുറെ ഏറെ ബോട്ടുകൾ ഇവിടെ കാണാൻ കഴിയും. നല്ല കാലത്തു നൈലിലൂടെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്ന ബോട്ടുകൾ ആണിവ.

ബാഗ് എല്ലാം അകത്തു വച്ച് ഞാൻ വസ്ത്രങ്ങൾ വാങ്ങാനായി പുറത്തിറങ്ങി. ഒരു ചെറിയ പോർട്ട് ആണ് അസ്വാൻ . പുറത്തു ഒരു കുതിരക്കാരൻ നിൽപ്പ്പുണ്ട്. കൈറോയിലെ വെളുത്ത ഈജിപ്തുകാർ കണ്ടു പരിചയിച്ചവർക്കു കറുത്ത് ഉയരം കൂടിയ ആഫ്രിക്കൻ വംശജരായ അസ്വാൻക്കാരും ഈജിപ്ഷ്യൻസ് ആണെന്ന് വിശ്വസിക്കാൻ പ്രയാസം കാണും. സഹാറ മരുഭൂമിയുടെ നടുവിലായതു കൊണ്ട് മുഴുവൻ പൊടി പിടിച്ചു കിടക്കുന്ന ഒരു സ്ഥലം ആണ് അസ്വാൻ. നൈലിന്റെ അങ്ങേക്കരയിൽ ആണ് നുബിയൻ ആളുകളെ നൂറ്റാണ്ടുകൾ ആയി അടക്കം ചെയ്തിരിക്കുന്ന നുബിയൻ കല്ലറകൾ. അസ്വാൻ മാർക്കറ്റ് മുഴുവൻ ചുറ്റി നടന്നു കാണിക്കാം എന്ന് പുള്ളി പറഞ്ഞു. ഇന്ത്യയിൽ നിന്നെന്നു പറഞ്ഞപ്പോൾ വളരെ സന്തോഷം. “അമിതാബ് ബച്ചൻ, കരിഷ്മ കപൂർ….” കരിഷ്മ ആരാണ് കരീന ആരാണ് എന്നാണ് എനിക്ക് പോലും അറിയാത്തപ്പോൾ, അസ്വാനിൽ കിടക്കുന്ന ഇങ്ങേർക്ക് എങ്ങിനെ അമിതാഭ് ബച്ചനേയും കരിഷ്മയെയും മറ്റും അറിയാം എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഈജിപ്ത് ടീവീ യിൽ ഇന്ത്യയിലെ സോപ്പ് ഒപ്പാറ മുഴുവൻ അറബി സബ് ടൈറ്റിൽ വച്ച് കാണിക്കുന്ന കാര്യം കുറച്ചു ദിവസം കഴിഞ്ഞാണ് ഞാൻ മനസിൽ ആക്കിയത്.

കുതിര സവാരിക്കാരനെ ഒഴിവാക്കി ഒരു ടാക്സി വിളിച്ചു പോകാൻ ഞാൻ തീരുമാനിച്ചു. അസ്വാൻ മാർക്കറ്റ് 5 കിലോമീറ്റര് മാത്രം മാറി ആയിരുന്നു. രണ്ടു ടാക്സിക്കാരനാണ് ഉണ്ടായിരുന്നത്. രണ്ടു ടാക്സി ഡ്രൈവേഴ്സ് ആണ് ഉണ്ടായിരുന്നത്, വെളുത്ത ഒരാളും, കാഴ്ച്ചയിൽ നുബിയൻ എന്ന് തോന്നിക്കുന്ന മറ്റൊരാളും. രണ്ടു പേരും എന്റെ അടുത്ത് വന്നു വിലപേശൽ തുടങ്ങി. ഈജിപിൽ ആദ്യ ദിവസം ആയതു കൊണ്ട് വല്യ പിടി ഇല്ലെങ്കിലും ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങി. നുബിയൻ ഗ്രാമങ്ങളിലൂടെ കൊണ്ട് പോകാം എന്നെല്ലാം ഉള്ള ഓഫറുകൾ നിരസിച്ചതിന് ശേഷം മാർക്കറ്റിലേക്ക് പോയി സാധനങ്ങൾ വാങ്ങി തിരിച്ചു വരാൻ ഉള്ള പൈസ പറഞ്ഞു ഉറപ്പിച്ചു ഞാൻ നുബിയൻ ഡ്രൈവറുടെ കൂടെ പോകാൻ തീരുമാനിച്ചു.

“അവൻ നുബിയൻ ആണ്, അവനെ വിശ്വസിക്കരുത്” മറ്റെ ഡ്രൈവർ എന്നെ മാറ്റി നിർത്തി പറഞ്ഞു…

1994 -97 ൽ തിരുവനന്തപുരത്തു എംസിഎ പഠിക്കുന്പോൾ ഉള്ള ഒരു സംഭവം ആണ് ഓർമ വന്നത്. എന്റെ തന്നെ ക്‌ളാസിൽ പഠിക്കുന്ന രണ്ടു പേർ തമ്മിൽ എന്തോ കാര്യത്തിന് തുടങ്ങിയ തർക്കം ആണ്, അവസാനം ഇടുക്കിയിൽ കുടിയേറിയ ഒരു സൃഹൃത്തു ആണ് പറഞ്ഞത്

“ഈ പട്ടികളും പൂച്ചകളും വന്നു ഞങ്ങൾക്കു കിട്ടാനുള്ള സീറ്റെല്ലാം കൊണ്ട് പോവും, എന്നിട്ടും അഹങ്കാരത്തിനൊന്നും ഒരു കുറവും ഇല്ല”

തർക്കത്തിൽ ഉണ്ടായിരുന്ന മറ്റേ സുഹൃത്തിന്റെ ജാതി മനസ്സിൽ വച്ച് കൊണ്ടുള്ള സംസാരം കേട്ടപ്പോൾ, എന്റെ വായിൽ തികട്ടി വന്നു. അതും കാടുകളും മറ്റും കൈയേറി റബർ നട്ടു അതിന്റെ പൈസയിൽ പഠിച്ചു വന്നവരുടെ വായിൽ നിന്ന് തന്നെ അത് കേൾക്കേണ്ടി വന്നപ്പോൾ. അതെ അനുഭവം ആയിരുന്നു ഇവിടെയും… ആ ഉപദേശം അവഗണിച്ചു ഞാൻ നുബിയന്റെ കൂടെ തന്നെ പോയി. മാർക്കെറ്റിൽ നിന്നും ഉടുപ്പെല്ലാം വാങ്ങി വന്നു. ടൂറിസ്റ്റുകൾ കുറഞ്ഞത് കൊണ്ട് വലിയ പ്രയാസം ആണെന്ന് അയാൾ പറഞ്ഞു. അസ്വാൻ മാർക്കെറ്റിൽ വലിയ കടകളുടെ ഉടമസ്ഥർ മിക്കവാറും വെളുത്തവരും, ചന്തയിലെ ചെറിയ കച്ചവടക്കാരും, വലിയ കടകയിൽ ജോലിക്കു നിൽക്കുന്നവരും കറുത്തവരും ആയിരുന്നു. ഈജിപ്ത് യാത്രയിലെ ചിത്രങ്ങൾ കാണുമ്പോഴെല്ലാം ഞാൻ ഈ അനുഭവം ഓർക്കും.

ഈജിപ്ത് രണ്ടു തരത്തിൽ കാണാം. ഒന്നുകിൽ കൈറോയിൽ നിന്ന് തുടങ്ങി തെക്കോട്ട് അല്ലെങ്കിൽ അസ്വാനിൽ നിന്ന് വടക്കോട്ടു. ആദ്യത്തേത് ആണെകിൽ മാത്രമേ പിരമിഡ് കണ്ടാൽ ഒരു ലോക അത്ഭുതം ആയി നമുക്ക് തോന്നുകയുള്ളൂ. രണ്ടാമത്തേത് ആണെങ്കിൽ, കർണാക് ക്ഷേത്രവും, രാജാക്കന്മാരുടെ താഴ്വരയും, അബു സിമ്പലും എല്ല്ലാം കണ്ടു കഴിയുന്പോൾ പിരമിഡ് ഒരു സ്വാഭാവിക നിർമിതി ആയി മാത്രമേ നമ്മുക്ക് തോന്നുകയുള്ളൂ. ഈജിപ്തിലെ ഫറോവ രാജവംശം പിറവി എടുത്തത് അസ്വാനിൽ ആണ്. മാത്രം അല്ല, ഈജിപ്ടിലും അവിടെ നിന്ന് കടത്തി കൊണ്ട് പോയി ലോകത്തിലെ പല ഭാഗങ്ങളിലും പ്രതിഷ്ടിച്ചിട്ടും ഉള്ള വലിയ കരിങ്കൽ തൂണുകൾ ( ഒബ്ലിസ്ക്,(https://en.wikipedia.org/wiki/Obelisk) കുഴിച്ചു എടുത്തിരിക്കുന്നത് അസ്വാനിൽ നിന്നാണ്. പിന്നീട് അത് ജലമാർഗം പല ഭാഗങ്ങളിലേക്ക് കൊണ്ട് പോവുകയായിരുന്നു. 455 മുതൽ 1200 ടൺ വരെ ഭാരമുള്ള ഇവ എങ്ങിനെ ഇവിടെ നിന്നും നീക്കി എന്നുള്ളത് അത്ഭുതം ആണ്. ഈജിപ്തിൽ കാണാൻ കിടക്കുന്ന അത്ഭുതങ്ങളുടെ ഒരു ആരംഭം. ചിലപ്പോൾ കരിങ്കല്ലിൽ ഇവ കൊത്തി എടുക്കുന്നതിനു ഇടയ്ക്കു ഇവയ്ക്കു കേടു പാട് സംഭവിച്ചാൽ, അവ അവിടെ ഉപേക്ഷിച്ചു പോരും. അങ്ങിനെ ഉപേക്ഷിക്കപ്പെട്ട ഒരു ഒബെലിസ്‌ക് അസ്വാനിലെ ഒരു പ്രധാനപ്പെട്ട കാഴ്ച ആണ്.

അസ്വാനിലെ പുതിയ അണകെട്ട് രാഷ്ട്രീയ പരമായും പുരാതന ക്ഷേത്രങ്ങളെ സംബന്ധിച്ചും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. 1970-ൽ ഈ അണകെട്ട് പുതുക്കി പണിതത്തിനു ശേഷം ഉണ്ടായ 550 കിലോമീറ്റര് നീളമുള്ള തടാകത്തിനു നാസർ തടാകം എന്നാണ് പേര്. ഈജിപ്തിലെ വിപ്ലവ നായകനും, രണ്ടാമത്തെ പ്രസിഡന്റും ആയ അബ്ദുൽ ഗമാൽ നാസറിന്റെ ബഹുമാനാർത്ഥം ആണ് അത്. അദ്ദേഹം ആണ് ഈ അണകെട്ട് നിർമിക്കാൻ മുൻകൈ എടുത്തത്. ചേരി ചേരാ പ്രസ്ഥാനത്തെ കുറിച്ച് പഠിക്കുന്നവർക്ക് നെഹ്രുവും ഇദ്ദേഹവും ആയുള്ള സുഹൃദ് ബന്ധം ഓർമയുണ്ടാവും, ചേരി ചേരാ പ്രസ്ഥാനത്തിന്റെ മറ്റൊരു ശില്പി ആയിരുന്നു നാസർ. സൂയസ് കനാൽ ദേശസാൽക്കരണത്തിന്റെ ഒരു കാരണം ഈ അണകെട്ട് മൂലം വീട് നഷ്ടപ്പെട്ട് പോകുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള പണം കണ്ടെത്താൻ ആയിരുന്നു. അമേരിക്കൻ റഷ്യൻ ശീതസമരവും യുദ്ധവും രാഷ്ട്രീയവും താല്പര്യമുള്ളവർക്ക് ഇതിന്റെ ബാക്കി ഇവിടെ വായിക്കാം : https://en.wikipedia.org/wiki/Aswan_Dam

ഈ അണകെട്ട് മൂലം വെള്ളത്തിന് അടിയിൽ ആയി പോകുമായിരുന്നു 25 പുരാതന ക്ഷേത്രങ്ങളെ സംരക്ഷിക്കുവാനും മാറ്റി സ്ഥാപിക്കുവാനും UN മറ്റു രാജ്യങ്ങളുടെ സഹായം തേടി. വലിയ ക്ഷേത്രങ്ങൾ ഇങ്ങിനെ മാറ്റി സ്ഥാപിച്ചാൽ, ചില ചെറിയ ക്ഷേത്രങ്ങൾ മറ്റു രാജ്യക്കാർക്കു അവരുടെ രാജ്യത്തേക്ക് കൊണ്ടുപോകാം എന്നായിരുന്നു കരാർ. വലിയ പ്രതിമകളും ക്ഷേത്രങ്ങളും ചെറുതായി മുറിച്ചു , വേറെ സ്ഥലത്തേക്ക് കൊണ്ട് പോയി കൂട്ടി യോജിപ്പിക്കുക ആയിരുന്നു. ന്യൂ യോർക്ക് മെട്രോപ്പിലിട്ടൺ മ്യൂസിയത്തിലെ ടെംപിൾ ഓഫ് ടെണ്ടുർ ഇങ്ങിനെ അമേരിക്കയിലേക്ക് കൊണ്ട് വന്നതാണ്. എസ്‌ കെ യാത്ര ചെയ്യുന്പോൾ ഈ പുതിയ അണകെട്ട് പണിതിട്ടുണ്ടായിരുന്നിട്ടില്ല. അത് കൊണ്ട് തന്നെ നൈലിന്റെ അടുത്ത് തന്നെ ഈ ക്ഷേത്രങ്ങൾ കണ്ട കഥ അദ്ദേഹം എഴുതിയിട്ടുണ്ട്, പക്ഷെ നമ്മൾ കാണുന്നത് വേറെ സ്ഥലത്തു ആയിരിക്കും, ഉദാഹരണത്തിന് അബു സിമ്പൽ എന്ന ക്ഷേത്രം ഇപ്പോൾ കാണണം എങ്കിൽ മരുഭൂമിയിലൂടെ 3 മണിക്കൂർ ബസിനു പോകണം, എസ് കെ അത് നൈലിന്റെ അടുത്ത് ആണ് കണ്ടതായി എഴുതിയിരിക്കുന്നത്.

പക്ഷെ എല്ലാ സ്മാരകങ്ങളും മാറ്റാൻ സാധിച്ചില്ല, ചില സ്മാരകങ്ങൾ ഇപ്പോൾ ഈ തടാകത്തിനു അടിയിൽ അന്ത്യ നിദ്ര കൊള്ളുന്നു.

Must Visit ഇങ്ങിനെ പുരാതന പ്രതിമകൾ മാറ്റുന്നതിന്റെ ചിത്ര സഹിതം ഉള്ള വിവരണം : http://mashable.com/2015/05/26/abu-simbel-relocation

നുബിയൻ ആളുകളെ കുറിച്ചുള്ള ബ്ലോഗ്, ഇവരെ കുറിച്ച് വളരെ അധികം വിവരം ഈ ബ്ലോഗിലൂടെ ലഭിക്കും. : http://kwekudee-tripdownmemorylane.blogspot.com/2013/08/nuba-people-africas-ancient-people-of.html

Part II :

 

“അസ്സ്വാൻ അണക്കെട്ടിന്റെ മുകൾപ്പരപ്പിലൂടെ, നദിയിൽ അവിടവിടെ മുങ്ങിക്കിടക്കുന്ന പാറക്കെട്ടുകളുടെയും, പുരാതന ദേവാലയങ്ങളുടെയും പാർശ്വങ്ങളിലൂടെ ഒരു വെള്ളപ്പൂന്പാറ്റയെപ്പോലെ അഹമ്മദിന്റെ പാവഞ്ചി പാറികൊണ്ടിരിക്കെ ഈജിപ്തിന്റെ നൂറ്റാണ്ടുകൾ പറ്റിയുള്ള പരിമൃദുല സ്വപ്‌നങ്ങൾ എന്റെ കരളിലൂടെ ഇഴഞ്ഞുപോയ്ക്കൊണ്ടിരുന്നു. 3400 വർഷങ്ങൾ തുടർന്നുനടന്ന ഈജിപ്റ്റിഷ്യൻ ഫെറാവോ ചരിത്ര നാടകത്തിലെ ആദ്യരംഗങ്ങളാണ് അസ്വാനിൽ നാം ദർശിക്കുന്നത്. നൈൽ നദീതടത്തിന്റെ പശ്ചാത്തലത്തിൽ തന്നെ പല രംഗങ്ങളായി നാടകം തുടർന്ന് പോകുന്നു. ഉത്തര സുഡാനും ഈജിപ്തുകാരും എത്തിയോപ്പിയക്കാരും പേർഷ്യക്കാരും യവനരും റോമക്കാരും നായികനായകന്മാരായി നാടകത്തിയിൽ അരങ്ങേറുന്നു, ഒടുവിൽ ക്രിസ്തുവിനു മുപ്പതു കൊല്ലം മുൻപ് അലക്സാണ്ഡ്രിയയിൽ നൈൽ നദിയുടെ അന്ത്യരംഗത്ത്തിൽ വച്ച് ക്‌ളിയോപാട്രയുടെ മരണ നൃത്തത്തോടു കൂടി ആ അത്ഭുത നാടകം അവസാനിക്കുകയും ചെയ്യുന്നു” : എസ് കെ പൊറ്റെക്കാട്ട് , കൈറോ കത്തുകൾ, ഫെബ്രുവരി, 1950

അബു സിംബൽ കഴിഞ്ഞാൽ അസ്സ്വാനിലെ പ്രധാനപ്പെട്ട കാഴ്ച ഐസിസ് ദേവതയുടെ പ്രതിഷ്ഠ ഉള്ള ഫിലേ ക്ഷേത്രം ആണ്. ഐസിസ് ഈജിപ്തിലെ പ്രധാനപ്പെട്ട ഒരു ദേവത ആണ്. ആയ കാലത്തെ എല്ലാ മനുഷ്യരുടെയും വിശ്വാസങ്ങൾ പോലെ ഭൂമിയും, ആകാശവും, സൂര്യനും എല്ലാം ദേവന്മാരാണ്. ഭൂമിദേവിക്കും, ആകാശ ദേവനും ഉണ്ടായ പുത്രി ആണ് ഐസിസ്. അന്നത്തെ ഈജിപ്ഷ്യൻ ആചാര പ്രകാരം സ്വന്തം സഹോദരൻ ഒസിരിസിനെ വിവാഹം കഴിച്ചു. ഈജിപ്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവം ആയ ഗരുഡമുഖൻ ഹോറസിന്റെ ‘അമ്മ കൂടി ആണ് ഐസിസ്. അധുനിക ഈജിപ്തിന്റെ പതാകയിൽ ഉള്ള പരുന്തിന്റെ ചരിത്രം തേടി പോയാൽ നമ്മൾ എത്തി നിൽക്കുന്നത് ഹോറസിൽ ആയിരിക്കും.

അസ്സ്വനിൽ നിന്ന് , അണകെട്ട് കെട്ടിയപ്പോൾ വെള്ളത്തിൽ മുങ്ങി പോകാതിരിക്കാൻ വേണ്ടി മാറ്റി സ്ഥാപിച്ചത് കൊണ്ട്, ഒരു ബോട്ടിൽ യാത്ര ചെയ്താണ് ഈ ക്ഷേത്രത്തിൽ എത്തുക. ഈജിപ്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളെയും പോലെ പാപ്പിറസ് ചെടിയുടെ തണ്ടിന്റെ ആകൃതിയിൽ ആണ് തൂണുകൾ എല്ലാം നിർമിച്ചിരിക്കുന്നത്. ടോളമിയുടെ സമയത്തു (ബിസി 300) നിർമിച്ച ഈ ക്ഷേത്രം ഈജിപ്തിലെ പുതിയ ക്ഷേത്രങ്ങളിൽ ഒന്നാണ്.

വലിയ രണ്ടു കമാനങ്ങൾ ആണ് ആദ്യം നിങ്ങളെ വരവേൽക്കുക. നേരത്തെ എഴുതിയ പോലെ എല്ലാ ക്ഷേത്ര ഭിത്തികളിലും പല തരത്തിലും ഉള്ള കൊത്തുപണികളും എഴുത്തുകളും ആണ്. ഈ എഴുത്തെല്ലാം കൊത്തി വച്ചതു കൊണ്ട് മാഞ്ഞു പോയിട്ടില്ല. അകത്തു കയറിയാൽ വലിയ തൂണുകളും ഹൈറോഗ്ലിഫിക്സ് കൊത്തു പണികളും കാണാം. പുറത്തുള്ള സ്‌ഫിങ്‌സിന്റെ പ്രതിമയുടെ തല ആരോ ഉടച്ചു കളഞ്ഞിട്ടുണ്ട്. മാത്രം അല്ല അകത്തുള്ള ഐസിസിന്റെ തലയും ഇങ്ങിനെ തന്നെ ചെയ്തിട്ടുണ്ട്. ഹോറസിനെ മാത്രം വെറുതെ വിട്ടിരിക്കുന്നു. ഇതിന്റെ കാരണം റോമൻ പട്ടളക്കാരുടെ ഉപദ്രവം സഹിക്കാതെ റോമിൽ നിന്നും ഈജിപ്തിലേക്ക് കുടിയേറിയ ആദ്യ കാല ക്രിസ്ത്യാനികൾ ആണ്. റോമിൽ നിന്നും പലായനം ചെയ്ത അവർ താൽക്കാലികം ആയി ഉപയോഗ്യ ശൂന്യം ആയി കിടന്നിരുന്ന അന്പലങ്ങളിൽ ആണ് കുടിയേറിയത്. അതുകൊണ്ടു തന്നെ പല തൂണുകളിലും കുരിശിന്റെ രൂപം കൊത്തി ചേർത്തിരിക്കുന്നത് കാണാം. ചില മേൽക്കൂരകൾ, താഴെ പാചകം ചെയ്തത പുക കൊണ്ട് കറുത്ത് പോയിട്ടുണ്ട്.

ഈജിപ്തിലെ സ്മാരകങ്ങൾ കാണുന്നതിന് മുൻപ് അതിന്റെ ചരിത്രം, മതം, രാഷ്ട്രീയം എന്നിവയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണു. ഓരോ സ്മാരകത്തെ കുറിച്ച് എഴുതുന്പോഴും ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ പറയാം എന്ന് കരുതുന്നു.

ഒരേ ദേശത്തെ ചരിത്രത്തെ ഒരേ സമയത്തുള്ള പല രാജവംശങ്ങളുടെ ചരിത്രം കൊണ്ട് രേഖപ്പെടുത്താൻ സാധിക്കും.ഉദാഹരണത്തിന് സംഘ കാലത്തിനു ശേഷം ഉള്ള തമിഴ് ചരിത്രം ചോള ചേര പാണ്ട്യ ചിത്രങ്ങളുടെ ആകെത്തുകയാണ്. ഈജിപ്തിലെ സ്ഥിതി കുറച്ചു വ്യത്യാസമുണ്ട്, അവിടെ ഒരേ രാജവംശം ആണ് മുഴുവൻ രാജ്യവും ഭരിച്ചിരുന്നത്, പക്ഷെ പല നൂറ്റാണ്ടുകളിൽ പല രാജവംശങ്ങൾ ആയിരുന്നു, അത് കൊണ്ട് ഈജിപ്തിലെ ചരിത്രം ക്രിസ്തുവിനു 3200 വർഷം മുൻപുള്ള ഒന്നാം രാജവംശം മുതൽ ക്രിസ്തുവിനു 30 വര്ഷം മുൻപുള്ള ടോളമിയുടെ കാലം വരെ മുപ്പത്തി ഒന്ന് രാജവംശങ്ങളുടെ ചരിത്രങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു.

ക്രിസ്തുവിനു മുൻപ് 3200 കൊല്ലം മുൻപുള്ള കാര്യങ്ങൾ നമുക്ക് എങ്ങിനെ അറിയാം എന്നൊരു ചോദ്യം ആണ് എന്റെ മനസ്സിൽ ഈജിപ്തിന്റെ ചരിത്രം വായിച്ചപ്പോൾ ആദ്യം വന്നത്. പക്ഷെ ഈജിപ്തിലെ ഏതു പുരാതന ക്ഷേത്രങ്ങൾ സന്ദര്ശിച്ചാലും ഈ ചോദ്യം അസ്ഥാനത്ത് ആണെന്ന് മനസ്സിൽ ആകും. എവിടെ നോക്കിയാലും കാണുന്ന മതിലുകൾ മുഴുവൻ ഈജിപ്തിന്റെ അന്നത്തെ ഭാഷ ആയിരുന്ന ഹൈറോഗ്ലിഫിക്സ് എന്ന ഭാഷയിൽ പല ചരിത്രങ്ങളും , ഉത്തരവുകളും, ചിത്രങ്ങളും കൊത്തി വച്ചിരിക്കുകയാണ്. ഒരു ഇഞ്ചു പോലും വെറുതെ വിട്ടിട്ടില്ല. അത് വലിയ ക്ഷേത്രങ്ങൾ ആവാം, വേറും ഒരു തൂണാകാം.

പക്ഷെ ഒരു പ്രശ്നം ഉണ്ടായിരുന്നു, ഹൈറോഗ്ലിഫിക്സ് വായിക്കാൻ ആർക്കും അറിയുമായിരുന്നില്ല. മെക്സിക്കോയിലെ മായൻ ഭാഷ പോലെ അന്യം നിന്ന് പോയ ചെയ്ത ഒരു ഭാഷ ആയിരുന്നു ഹൈറോഗ്ലിഫിക്സ്. അവസാനം ഒരു ഫ്രഞ്ച് പട്ടാളക്കാരൻ ക്രിസ്തുവിനു ശേഷം 1799ൽ മെംഫ്സിലെ അവശിഷ്ടങ്ങളിൽ നിന്ന് റോസേറ്റാ സ്റ്റോൺ എന്ന ഫലകം കണ്ടു പിടിക്കുന്നത് വരെ. ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒരു ഐറ്റം ആണ് ഈ ഫലകത്തിന്റെ ഒറിജിനൽ, ഈജിപ്തിലെ കൈറോയിലെ മ്യൂസിയത്തിൽ ഇതിന്റെ ഒരു കോപ്പി മാത്രം ആണുള്ളത്. ബ്രിട്ടീഷുകാർ അടിച്ചുമാറ്റാൻ മിടുക്കന്മാർ ആണല്ലോ.

റോസേറ്റാ കല്ലിന്റെ പ്രത്യേകത അതിൽ ഒരേ ശാസനം മൂന്നു ഭാഷകളിൽ ഉണ്ടായിരുന്നു എന്നതാണ്. പുരാതന ഗ്രീക്ക്,ഡെമോടിക്, ഹൈറോഗ്ലിഫിക്സ് എന്നീ ഭാഷകൾ ആയിരുന്നു അവ. ഇരുപതു കൊല്ലം എടുത്തു മുഴുവൻ ശാസനവും മനസിലാക്കാൻ. ഹൈറോഗ്ലിഫിക്സ് ഭാഷ ചിത്രങ്ങൾ കൊണ്ടാണ് എഴുതുന്നത്. ഇതേ ശാസനം വലിയ പരിക്ക് കൂടാതെ അസ്സ്വാനിലെ ഫിലേ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തു. പക്ഷെ ഒരു സംശയം ബാക്കി ഈ കല്ലുകളിൽ ഗ്രീക്ക് ഭാഷ എങ്ങിനെ വന്നു ?

ബിസി 332ൽ ഗ്രീക്ക് ചക്രവർത്തി അലക്സാണ്ടർ ഈജിപ്ത് പിടിച്ചെടുത്തു. മാത്രമല്ല സ്വയം ഒരു ഫറോവ ആയി അവരോധിക്കുകയും ചെയ്തു. ഈജിപ്തുകാർക്ക് ഫറോവ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി ആണ്. മൂവായിരത്തോളം വർഷത്തെ ഈജിപ്തിൽ ഫറോവമാരുടെ ഭരണത്തിന്റെ അവസാനം ആയിരിന്നു അത്. അതിനു ശേഷം ഈജിപ്ത് ഭരിച്ചത് ടോളമി എന്ന ഗ്രീക്ക് രാജാവാണ്.

ഫിലേ അന്പലത്തിൽ വരുന്ന രാഷ്ട്രീയക്കാർ തങ്ങളെ കൊണ്ട് പൈസ പൂജ ചെയ്യിക്കുകയും, പല സാധനങ്ങളും അവിടെ നിന്ന് എടുത്തു കൊണ്ട് പോവുകയും ചെയ്യുന്നു എന്നുള്ള ഫിലേ അന്പലത്തിലെ പൂജാരിമാരുടെ പരാതിക്കു മറുപടി ആയി ടോളമി കൊടുത്ത ശാസനം ( ഫിലേ പൂജാരിമാർ ഉപദ്രവിക്കരുത് എന്ന് തുടങ്ങുന്ന) ആണ് റോസേറ്റാ ഫലകത്തിലും ഫിലേ അന്പലത്തിലെ ഫലകത്തിലും ഉള്ളത്. അത് കൊണ്ടാണ് ആ കല്ലിൽ ഗ്രീക്കും ഹൈറോഗ്‌ലിപിക്‌സും ചേർന്ന് വന്നതും ഈ ഭാഷ മനസിലാക്കാൻ നമുക്ക് സാധിച്ചതും.

ഈ ഇത്രയും രാഷ്ട്രീയ ചരിത്രം ആണ് ഫിലേ അന്പലത്തിനുള്ളത്. എനിക്ക് ഏറ്റവും പ്രധാനം ആയി തോന്നിയത് ഈജിപ്തിലെ ചില ബിംബങ്ങൾ ഇപ്പോഴുള്ള നമ്മുടെ മതങ്ങളിൽ ഉപയോഗപ്പെടുത്തി കണ്ടതാണ്. ഉദാഹരണത്തിന് ഐസിസ് ഹോറസിനെ മുലയൂട്ടുന്ന പ്രതിമയും, ക്രിസ്തുവിനെ മേരി മുലയൂട്ടുന്ന നാം ഇന്ന് കാണുന്ന ചിത്രങ്ങളും വളരെ സാദ്ര്യശ്യം ഉള്ളതാണ്. മാത്രമല്ല ഇവിടുത്തെ അൾത്താരയിൽ മൂന്ന് ദൈവങ്ങൾ ആണ് ഉള്ളത്, ഇതിൽ നിന്നാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന സങ്കല്പം വന്നത് എന്ന് ഗൈഡ് പറഞ്ഞു. ഒന്നുകിൽ അയാൾ ചുമ്മാ പറയുന്നത് ആവാം, പക്ഷേ ഐസിസിന്റെ പ്രതിമയും നാം ഇന്ന് കാണുന്ന മറിയത്തിന്റെ പ്രതിമയും വളരെ സാദ്ര്ശ്യം ഉള്ളതാണ്. അടുത്ത് മരണശേഷം ഉയിർത്തെഴുന്നേൽപ്പിക്കുന്നതിന്റെ സങ്കല്പം ആണ്. ഐസിസിന്റെ ഭർത്താവും സഹോദരനും ആയ ഒസിരിസിനെ മറ്റൊരു സഹോദരൻ ആയ സിത് കൊന്നുവെന്നും, ഐസിസ് തന്റെ തപ ശക്തിയാൽ ജീവൻ തിരിച്ചു കൊണ്ടുവന്ന ശേഷം ഉണ്ടായ കുട്ടിയാണ് ഹോറസ് എന്നുമാണ് ആ കഥ. ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിനു ശേഷവും ഈ കഥ യൂറോപ്പിലും മറ്റും വളരെ പ്രചാരമുള്ളതായിരുന്നു , ഫിലേയിലെ ഈ ക്ഷേത്രം വളരെ ഏറെ നാൾ ഒരു തീർത്ഥാടന കേന്ദ്രമായി നിലനിന്ന ഒന്നാണ്. (https://en.wikipedia.org/wiki/Osiris_myth)

ക്രിസ്ത്യൻ മതവും ഈജിപ്തും ആയുള്ള കൂടുതൽ വിവരങ്ങൾക്ക് : https://en.wikipedia.org/wiki/Jesus_in_comparative_mythology#Ancient_Egypt

Part III :

നൈൽ നദിയിലൂടെ ഉള്ള ബോട്ടു യാത്ര അസാധാരണ അനുഭവം ആണ്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സംസ്കാരത്തിന്റെ തൊട്ടിലാണ് ഈ പുഴ. സഹാറ മരുഭൂമിയാണ് ഈജിപ്തിന്റെ ഭൂരിഭാഗവും, നൈലിന്റെ കരകളിൽ ആണ് ഇവിടുള്ള സംസ്കാരം വളർന്നു പന്തലിച്ചതു. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ നിന്ന് ഉത്ഭവിച്ചു ഏഴായിരം കിലോമീറ്ററോളം ഒഴുകി മെഡിറ്ററേനിയൽ കടലിൽ ചേരുന്നത് വരെ എത്ര എത്ര സംസ്കാരങ്ങളാണ് ഇതിന്റെ കരകളിൽ വളർന്നതും തളർന്നതും.

അയ്യായിരം വര്ഷങ്ങള്ക്കു മുൻപുള്ള പല ചരിത്രങ്ങളും ഇതിന്റെ കരകളിലെ സ്മാരകങ്ങളിൽ നിങ്ങള്ക്ക് കാണാം, പക്ഷെ സൂക്ഷിച്ചു നോക്കിയാൽ അയ്യായിരം വര്ഷങ്ങള്ക്കു മുൻപ് ഇതിന്റെ കരകളിൽ ജീവിച്ചിരുന്നവരിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ ജീവിക്കുന്ന മനുഷ്യരെയും കാണാം. ഉദാഹരണത്തിന് വൈകുന്നേരം ബോട്ടിന്റെ സൈഡിൽ ഇരുന്നു നോക്കിയപ്പോൾ കണ്ട കഴുതപുറത്തു ഇരുന്നു പോകുന്ന കുറെ മനുഷ്യർ.

ബോട്ടിൽ ഇരുന്നാൽ നൈൽ നദിയുടെ കരകളിൽ ഉള്ള കൃഷി സ്ഥലങ്ങളും, ചില ഇടങ്ങളിൽ കൃഷി ഭൂമി അവസാനിച്ചു സഹാറ മരുഭൂമി തുടങ്ങുന്നതും കാണാം. ഇടയ്ക്കു ഞങ്ങൾ ഈജിപ്തിലെ ഒരു ഗ്രാമത്തിലൂടെ ഒട്ടകപ്പുറത്തു ഒരു യാത്ര നടത്തി. കൈറോയിൽ കാണുന്ന ആധുനിക ഈജിപ്ത് അല്ല ഇതിന്റെ കരകളിൽ ഞങ്ങൾ കണ്ടത്. തികച്ചും ദരിദ്ര നാരായണൻമാർ താമസിക്കുന്ന സ്ഥലങ്ങൾ. ഒരു പെൺകുട്ടി ആയിരുന്നു നിങ്ങളുടെ ഒട്ടക ഡ്രൈവർ. പരുത്തി പടങ്ങളുടെ ഇടയിലൂടെ ഞങ്ങൾ സഞ്ചരിച്ചു. ഈജിപ്തിലെ പ്രധാന കയറ്റുമതി ആണ് പരുത്തി.നൈൽ നദിയിൽ നിന്ന് ദൂരേക്കെ മാറുന്തോറും ജനവാസം കുറഞ്ഞു വരികയും കുറെ കഴിഞ്ഞു മരുഭൂമി തുടങ്ങുകയും ചെയ്യും.

ഉണക്കവടികളും പാപ്പിറസ് ചെടിയുടെ ഉണക്ക തണ്ടുകളും കൊണ്ട് ഉണ്ടാക്കിയ ചില വീടുകൾ ഞങ്ങൾ കണ്ടു. മുൻപ് എഴുതിയ പോലെ ഇന്ത്യക്കാരെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്. അതിന്റെ കാരണം ഈ ഒട്ടക യാത്രയ്ക്കിടയിൽ ഒരു ചെറിയ ചായക്കടയിൽ കയറിയപ്പോൾ ആണ് മനസ്സിൽ ആയതു. അവർ എല്ലാവരും Z ടീവീ കണ്ടു കൊണ്ടിരിക്കുകയാണ്. പുതിയ ഏതോ ഹിന്ദി സീരിയൽ അറബിക് സബ് ടൈറ്റിലോടെ ആണ്. എല്ലാവരും ബോളിവുഡ് സിനിമകളുടെയും ഇന്ത്യൻ ടീവീ സീരിയലുകളുടെയും ആസ്വാദകർ ആണെന്ന് ഗൈഡ് പറഞ്ഞു. വെറുതെ അല്ല അസ്സ്വാനിൽ കണ്ട നുബിയൻ അമിതാബ് ബച്ചൻ എന്നെല്ലാം പറഞ്ഞു എന്റെ അടുത്ത് സംസാരിക്കാൻ നോക്കിയത്.

മുല്ലപ്പൂ വിപ്ലവം (https://en.wikipedia.org/wiki/Egyptian_revolution_of_2011) കാരണം ഈജിപ്തിലെ വിനോദ സഞ്ചാര മേഖല വളരെ കഷ്ടപ്പാടിലായിരുന്നു.ഇപ്പോൾ അത് കൂടുതൽ പരിതാപകരം ആയിരിക്കാനാണ് സാധ്യത. ഈജിപ്തിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ പല കൂട്ടുകാരും ഞങ്ങളെ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു, പക്ഷെ ഇവിടെ ഇവിടുത്തെ സാധാരണക്കാരുടെ സ്നേഹം അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.

എസ് കെയുടെ യാത്ര വിവരണത്തിൽ പറയുന്ന ഫെലുക്ക (ഉല്ലാസ പായ് വഞ്ചി) ഒന്ന് ട്രൈ ചെയ്യാം എന്ന് വിചാരിച്ചു. പണ്ട് കാലത്തു ആളുകൾ പോയ പോലെ ആണ് ഇതിലെ യാത്ര. പായ് പല ദിശകളിൽ വച്ച് കാറ്റിന്റെ ദിശ അനുസരിച്ചു മുൻപോട്ടു പുറകോട്ടു കൊണ്ട് പോകാൻ പറ്റും. യാദൃച്ഛികം എന്ന് പറയട്ടെ ഞങ്ങളുടെ വഞ്ചിക്കാരന്റെ പേരും അഹമ്മദ് എന്നായിരുന്നു. അര മണിക്കൂറോളം ഫെലുക്കയിൽ നൈയിലിലൂടെ സഞ്ചരിച്ചു. നൈലിലെ അസ്തമയം മനോഹരം ആണ്. പക്ഷെ കുറച്ചു കഴിഞ്ഞു കാറ്റു നിലയ്ക്കുകയും, കരയിൽ നിന്ന് ഒരു ബോട്ടുകാരൻ വന്നു ഞങ്ങളുടെ ഫെലുക്ക കെട്ടി വലിച്ചു കരയിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

ബോട്ടിൽ രാത്രി വിനോദ പരിപാടികൾ ഉണ്ടായിരുന്നു. ബെല്ലി ഡാൻസ്, ഈജിപ്തിലെ പാരന്പരാഗതം ആയ ഗ്ലാസ് മേക്കിങ്, ഹൈറോഗ്ലിഫിക്സ് ഭാഷയിൽ നമ്മുടെ പേര് എഴുതിയ ലോക്കറ്റുകളും, ടി ഷർട്ടുകളും തുടങ്ങിയവ. ഞാനും ഭാര്യയും ഞങ്ങളുടെ പേര് ഹൈറോഗ്ലിഫിക്സിൽ എഴുതിയ ലോക്കറ്റും ടി ഷർട്ടും വാങ്ങി.

പിറ്റേന്ന് ആണ് കോം ഓന്പോയിലെ മുതല ദൈവത്തിന്റെ അന്പലത്തിൽ പോയത്. വിശ്വം സൃഷ്‌ടിച്ച മൂന്നു പേരിൽ ഒരാൾ എന്ന് ഈജിപ്റ്റുകാർ വിശ്വസിക്കുന്ന സോബേക് എന്ന മുതല ദൈവത്തിന്റെ ക്ഷേത്രം ആണിത്. മനുഷ്യന്റെ രൂപവും മുതലയുടെ തലയും. വളരെ ഏറെ കുരങ്ങുകൾ ഉള്ള നമ്മുടെ നാട്ടിൽ ഹനുമാൻ എന്ന പോലെ, വളരെ അധികം മുതലാകാം ഉണ്ടായിരുന്ന നൈലിന്റെ കരയിൽ ഒരു മുതല ദൈവം.

ടോളമിയുടെ കാലത്തു പുതുക്കി പണിത ഈ ക്ഷേത്രം ഈജിപ്ത് ചരിത്രം അനുസരിച്ചു പുതിയത് ആണ്. ക്രിസ്തുവിനു മുൻപ് ഒന്നോ രണ്ടോ നൂറ്റാണ്ടു മുൻപ് മാത്രം ആണിത് പുതുക്കി പണിതത്. മുതല ദൈവത്തോടൊപ്പം ഈജിപ്ത് റോമിന്റെ ഭാഗം ആകുന്നതിനു മുൻപ് ഭരിച്ചിരുന്ന അവസാനത്തെ ഫറോവ ആയ ക്ലിയോ പാട്രയുടെ ചിത്രങ്ങളും തൂണുകളിൽ കൊത്തി വച്ചിട്ടുണ്ട്. അതെ നമ്മുടെ സുന്ദരി ക്ലിയോ പാട്ര തന്നെ. ഈജിപ്ത് ദൈവം ആയ ഐസിസിന്റെ പുനർ അവതാരം ആണ് താനെന്നു ക്ലിയോ പാട്ര വിശ്വസിച്ചു. മാർക്ക് ആന്റണിയും ശേഷം സീസറും ആയെല്ലാം രാഷ്ട്രീയ സഖ്യങ്ങൾ ഉണ്ടാക്കിയ ക്ളിയോ പാട്ര മാർക്ക് ആന്റണിയെ വിവാഹം ചെയ്യുകയും ചെയ്തു. ക്ലിയോ പാട്രയുടെ ആത്മഹത്യ ആയിരുന്നു ഈജിപ്തിന്റെ ഫറോവ ഭരണത്തിന്റെ അവസാനത്തെ ആണിക്കല്ല്.

കോം ഓന്പോ ക്ഷേത്രത്തിനു അടുത്ത് തന്നെ ഒരു മ്യൂസിയം ഉണ്ട്. ഇപ്പോഴും തുണിയിൽ പൊതിഞ്ഞു വച്ചിരിക്കുന്നതും, പുറത്തു എടുത്തതും ആയ നൂറു കണക്കിന് മുതല മമ്മികൾ ആണ് ഇവിടെ ഉള്ളത്. അതെ ഈജിപ്തിൽ ഞാൻ കാണുന്ന ആദ്യത്തെ മമ്മി, ഒരു മുതലയുടേത് ആയിരുന്നു. മുതലകൾ മാത്രം അല്ല ഒരു ആഫ്രിക്കൻ മനുഷ്യ കുരങ്ങിനെയും മമ്മി ആക്കി വച്ചിട്ടുണ്ട്. മമ്മി റിട്ടേൺസ് എന്ന സിനിമ കണ്ടവർക്ക് അറിയാം, അടുത്ത ജന്മത്തിൽ ഫറോവയ്ക്ക് ജീവൻ തിരിച്ചു കിട്ടുന്പോൾ കൂടെ ജീവൻ തിരിച്ചു കിട്ടും എന്ന് കരുതി ആണ് ഈ മൃഗങ്ങളെയും, പലപ്പോഴും വേലക്കാരായ അടിമകളെയും ഇവർ മമ്മി രൂപത്തിൽ ആക്കി വച്ചതു.

കോം ഓന്പോ ക്ഷേത്രത്തിലെ മതിലുകളിൽ കാണുന്ന മറ്റൊരു കൊത്തുപണി അന്ന് ഉപയോഗത്തിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ശാസ്ത്ര ക്രിയ ഉപകരണങ്ങൾ ആണ്. ഇന്ന് ഒരു ഓപ്പറേഷൻ തിയേറ്ററിൽ കാണുന്ന മിക്ക ഉപകരണങ്ങളുടെയും രൂപങ്ങൾ ഈ തൂണുകളിൽ കൊത്തി വച്ചിട്ടുണ്ട്. ഒരു പക്ഷെ ഇവ ഭാവന ആവാം, അല്ലെങ്കിൽ അന്ന് ഉപയോഗിച്ചിരുന്നത് ആവാം, അറിയില്ല.

നൈലിലെ വെള്ളത്തിന്റെ നിരപ്പ് കുറിച്ച് വച്ചിരുന്ന നൈലോമീറ്റർ, കണക്കു കൂട്ടുവാൻ ഉപയോഗിച്ച സംഖ്യകൾ എന്നിങ്ങനെ ചരിതം ഇഷ്ടപ്പെടുന്നവർക്ക് ഒരു അക്ഷയ ഖനി ആണ് ഈ ക്ഷേത്രം. പല ഭാഗങ്ങളിലും പണ്ട് അടിച്ച നിറങ്ങൾ മായാതെ നിൽക്കുന്നുണ്ട്.

Part IV :

ഇന്ത്യയിൽ ജനിച്ചു വളർന്നത് കൊണ്ട് ഇവിടുള്ള ആയിരക്കണക്കിന് ദൈവങ്ങളിൽ പലരുടെയും പേരും അവരുടെ കഥകളും നമുക്ക് അറിയാം. പക്ഷെ ഈജിപ്തിൽ ചെന്നിറങ്ങി ഒരാഴ്ച കൊണ്ട് കേൾക്കുന്ന ദൈവങ്ങളുടെ പേരുകളും അവരുടെ കഥകളും കേൾക്കുന്പോൾ ആണ് ആദ്യമായി ഇന്ത്യ കാണാൻ വരുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടു നമുക്ക് മനസിലാവുക. നൂറുകണക്കിന് ദൈവങ്ങളെ കുറിച്ചും അവരുടെ ബന്ധങ്ങളെ കുറിച്ചും, അവർ തമ്മിൽ നടത്തിയ യുദ്ധങ്ങളെക്കുറിച്ചും എല്ലാം ഞങ്ങളുടെ ഗൈഡ് പറഞ്ഞു തന്നു. അതിൽ ഓർമ ഉള്ള ചിലരെ പരിചയപ്പെടുത്താം.

ഐസിസ് എന്ന ദേവതയെ ഞാൻ ഫില ക്ഷേത്രത്തെ കുറിച്ച് എഴുതിയപ്പോൾ പരിചയപ്പെടുത്തിയിരുന്നു. ആകാശ ദൈവമായ നത് ആണ് ഐസിസിന്റെ അമ്മ. ചിറകു വിരിച്ചു നിൽക്കുന്ന ഒരു പക്ഷിയായാണ് നത് വരക്കപ്പെട്ടിരിക്കുന്നതു. ഭൂമി ദേവൻ ആയ ജബ് ആണ് ഐസിസിന്റെ അച്ഛൻ.

സ്വന്തം സഹോദരൻ ആയ ഒസൈറീസ് ആണ് ഐസിസിന്റെ ഭർത്താവു. മരണം , പാതാളം തുടങ്ങി കുറച്ചു കുഴപ്പം പിടിച്ച ഡിപ്പാർട്മെന്റുകൾ ആണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തെ ആണ് മറ്റൊരു സഹോദരൻ ആയ സെത് കൊന്നു കളഞ്ഞു. സെത് കൊടുങ്കാറ്റു, യുദ്ധം തുടങ്ങിയ കുഴപ്പങ്ങളുടെ ദൈവം ആണ്. മരിച്ചു കിടക്കുന്ന ഓസൈറിസിനെ ഭാര്യ ഐസിസ് തന്റെ ശക്തി കൊണ്ട് കുറച്ചു നേരത്തേക്ക് ജീവൻ തിരിച്ചു കൊണ്ട് വരികയും അതിൽ ഒരു കുട്ടി ജനിക്കുകയും ചെയ്യുന്നു.

അങ്ങിനെ ജനിച്ച കുട്ടി ആണ് ഹോറസ്. വളരെ ശക്തിയുള്ള ഹോറസിന്റെ ഒരു കണ്ണ് സൂര്യനും മറ്റേ കണ്ണ് ചന്ദ്രനും ആണെന്ന് ഈജിപ്തുകാർ വിശ്വസിച്ചു. ഹോറസ് സെത്തുമായി യുദ്ധം ചെയ്യുകയും തന്റെ അച്ഛന്റെ ഘാതകനെ അവസാനം വധിക്കുകയും ചെയ്യുന്നു. ഇത്രയും പറഞ്ഞു കൊണ്ട് വന്നത് ഈജിപ്തിലെ ഫറോവമാരെ കുറിച്ച് പറയാൻ ആണ്. ഈജിപ്തിലെ എല്ലാ ഫറോവകളും സാധാ മനുഷ്യരും രാജാക്കന്മാരും ആയിരുന്നെങ്കിലും, അവർ ഹോറസിന്റെ പുനർ അവതാരങ്ങൾ ആണ് എന്ന് ഒരു കഥ അടിച്ചിറക്കി ആണ് രാജ്യം ഭരിച്ചത്.. ചുരുക്കി പറഞ്ഞാൽ രാജ്യം ഭരിക്കാൻ വേണ്ടി തങ്ങൾ ഒരു ദൈവത്തിന്റെ അവതാരമാണ് എന്നുള്ള കഥകൾ ആന്നെ ഉണ്ടായിരുന്നു എന്ന് ചുരുക്കം. രാജാവിനെ ചോദ്യം ചെയ്യുന്നത് ദൈവത്തെ ചോദ്യം ചെയ്യുന്നതിന് തുല്യം ആയിരുന്നു.

ഈജിപ്തിലെ മറ്റൊരു ദൈവം ആണ് റാ. സൂര്യ ദൈവം ആണ് ഇങ്ങേർ. ഈ ദൈവത്തെ കുറിച്ച് പിന്നീട് കൂടുതൽ പറയാം. കയ്‌റോ വരെ എത്തുന്പോഴേക്കും നിരവധി ദൈവങ്ങളും രാജാക്കന്മാരുടെയും റാണിമാരുടെയും കഥകൾ പറയേണ്ടി വരും.

നൈൽ യാത്രയുടെ മൂന്നാം ദിവസം ആണ് എഡ്ഫു അന്പലത്തിൽ പോയത്. ദാരിദ്ര്യം വിളിച്ചോതുന്ന ഒരു നഗരത്തിലൂടെ കുതിരവണ്ടിയിൽ ആണ് ഇവിടേക്കുള്ള യാത്ര. ഇന്ത്യയിലെ ഒരു കുഗ്രാമത്തിലൂടെ പോകുന്ന അനുഭവം.

എഡ്ഫു അന്പലം ഹോറസിന് വേണ്ടി ഉണ്ടാക്കിയത് ആണ്. ടോളമിയുടെ കാലത്താണ് ഈ അന്പലവും ഉണ്ടാക്കിയത് (300BC ). പക്ഷെ പിന്നീട് മണ്ണും പൊടിയും മൂടി കിടന്ന ഈ ക്ഷേത്രത്തിന്റെ മുകളിൽ ആളുകൾ വീടുകൾ വരെ വച്ചിരുന്നു. 1860ൽ ഒരു ഫ്രഞ്ച്കാരൻ ആണ് ഇത് കണ്ടുപിടിച്ചു കുഴിച്ചു എടുത്തത്. മുഴുവൻ മണ്ണിന്റെ അടിയിൽ ആയിരുന്നതിനാൽ, അധികം നാശം വരാതെ മുഴുവൻ ആയി നിലനിൽക്കുന്ന ഒരു ക്ഷേത്രം ആണിത്.

കയറിചെല്ലുന്പോൾ തന്നെ കാണാം പരുന്തിന്റെ മുഖമുള്ള ഹോറസിന്റെ ശിൽപം. എല്ലാ ഈജിപ്ത് ക്ഷേത്രങ്ങളെയും പോലെ പാപ്പിറസ് ചെടിയുടെ തണ്ടു പോലെ ഉള്ള തൂണുകൾ ഇവിടെയും കാണാം. ഹോറസ് സെതിനെ കൊല്ലുന്ന ചുമർ ചിത്രവും മറ്റും ഇപ്പോഴും ഉണ്ട്. ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത് ഒരു പശുവിന്റെ രൂപം മതിലിൽ കൊത്തി വച്ചിരിക്കുന്നത് ആണ്. നമ്മുടെ സിന്ധു നദീതട ഖനനത്തിൽ കണ്ടെടുത്ത ഒരു രൂപവും ആയി സാദ്ര്യശ്യം തോന്നി. ഹോറസിന്റെ ‘അമ്മ ആയ ഐസിസിനെ ചിലപ്പോൾ പശുവിന്റെ രൂപത്തിൽ ആണ് കാണിക്കുന്നത് എന്ന് ഗൈഡ് പറഞ്ഞു തന്നു.

Part V :

“സുഹൃത്തേ, രണ്ടു മണിക്കൂർ നേരം ഞാൻ ലുക്സർ ക്ഷേത്ര മണ്ഡലത്തിലങ്ങളിൽ ചുറ്റി നടന്നു കാഴ്ചകൾ കണ്ടു കഴിച്ചു ഊട്ടി. നാൽപതു നൂറ്റാണ്ടുകൾക്കപ്പുറത്തെ അത്ഭുതലോകം! ആ കാഴ്ചകൾ മനസ്സിൽ നിന്ന് മാഞ്ഞു പോവുകയില്ല. സഹസ്രാബ്ധങ്ങളുടെ എന്തോ മാസ്മര ശക്തി അവിടെ മറഞ്ഞു കിടപ്പുണ്ട്. കൊത്തു വേലകൾ നിറഞ്ഞ കൂറ്റൻ കൽത്തൂണുകളിലും തലപൊക്കി നിക്കുന്ന ശിലാരൂപങ്ങളിലും ചിത്രകലയും ചരിതകലവറയും ഒത്തു ചേർന്ന ഭിത്തികളിലും ചിന്നി ചിതറി കിടക്കുന്ന ചെങ്കൽ കഷണങ്ങളിലും എല്ലാം എല്ലാം” : എസ് കെ പൊറ്റെക്കാട്ട് , നൈൽ ഡയറി.

“Are you better than Thebes, situated on the Nile, with water around her? The river was her defense, the waters her wall.” : The Bible

പതിമൂന്നാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ ജനിച്ചു വളരെ കാലം ലക്സറില് താമസമാക്കുകയും ഇവിടെ തന്നെ മരണപ്പെടുകയും ചെയ്ത ഒരു സൂഫിവര്യൻ ആണ് അബ്ദുൽ ഹാഗാഗ്. ലക്സറിലെ ഈ ക്ഷേത്രം കണ്ടെത്തുന്നതിന് മുൻപ് ഇവിടെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ പേരിൽ ഉള്ള ഒരു പള്ളി ആണ്. ഗൈഡ് പറഞ്ഞത് പ്രകാരം ഈ പള്ളിക്കു വേണ്ടി ഒരു കിണർ കുഴച്ച തുടങ്ങിയതാണ് ലക്സർ ക്ഷേത്രത്തെ കണ്ടെത്താൻ സഹായിച്ചതു. ഈ പള്ളി ഇപ്പോഴും നമുക്ക് കാണാം.

ലക്സർ പുരാതന ഈജിപ്തിന്റെ തലസ്ഥാനമാണ്. തീബ്സ് എന്നാണ് ഇത് മുൻപ് അറിയപ്പെട്ടിരുന്നത്. ലക്സർ ക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ കർണാക് ക്ഷേത്രം, കിലോമീറ്ററുകളോളം മല തുരന്നു നിർമിച്ചിരിക്കുന്ന രാജാക്കന്മാരുടെയും റാണിമാരുടെയും താഴ്‌വര തുടങ്ങി അനേകം കാഴ്ചകൾ ആണ് ഇവിടെ ഉള്ളത്. കഴിഞ്ഞ തവണ വരെ ടോളമിയുടെ കാലത്തു കണ്ട ക്ഷേത്രങ്ങളെ കുറിച്ചാണ് പറഞ്ഞതെങ്കിൽ ലക്സർ മുതൽ ഫറോവമാരുടെ വരവായി.

ഈജിപ്ത് ചരിത്രത്തിലെ ഏറ്റവും പുഷ്കല കാലമായ പുതിയ രാജവംശത്തിലെ ( New Kingdom 1570–1070 BC) അനേകം രാജാക്കന്മാരുടെയും റാണിമാരുടെയും കഥ നടന്ന സ്ഥലം കൂടി ആണിത്. നിങ്ങൾക്കു ഒരു പക്ഷെ കേട്ട് പരിചയമുള്ള നെഫ്രട്ടീരി രാഞ്ജിയുടെ ക്ഷേത്രം ഇവിടെയാണ്, കിംഗ് ടുട്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്യൂട്ടൻഖാമുന്റെ മമ്മി ഇവിടെ നിന്നാണ് കണ്ടെടുത്തത്. ട്യൂട്ടൻഖാമുന്റെ ശവക്കല്ലറ ആണ് ഒട്ടും കോട്ടം തട്ടാതെ കണ്ടെടുത്ത ഒരേ ഒരു ശവക്കല്ലറ. ഇതിൽ നിന്ന് കിട്ടിയതെല്ലാം ഇപ്പോൾ കൈറോയിൽ ഉള്ള മ്യൂസിയത്തിൽ ആണ്. അതിനെ കുറിച്ച് പിന്നീട് എഴുതാം. ലോകത്തിലെ ഏറ്റവും വലിയ തുറന്ന മ്യൂസിയം എന്നാണ് ലക്സർ അറിയപ്പെടുന്നത്.

1390 ബിസിയിൽ ആമേൻഹോട്ടപ് എന്ന ഫറോവ ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ട്യൂട്ടൻ ഖാമുൻ , റാംസെസ് തുടങ്ങി അലക്സാണ്ടർ വരെ ഇതിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. അന്ന് മുതൽ ഇന്ന് വരെ കുറച്ചു നാളത്തെ ഇടവേള ഒഴിച്ചാൽ ഇവിടെ തുടർച്ചയായി പ്രാർത്ഥന നടന്നിട്ടുണ്ട്. ആദ്യം ഈജിപ്ത് രാജവംശവും, പിന്നീട് കോപ്റ്റിക് ക്രിസ്ത്യാനികളും പിന്നീട് ആയിരക്കണക്കിന് വര്ഷങ്ങള്ക്കു ശേഷം മുസ്ലിം പള്ളിയും ഇതേ സ്ഥലത്തു നിർമ്മിക്കപ്പെട്ടു.

ആമുൻ , അമ്മ ദൈവം ആയ എ മുത് ,സമയത്തിന്റെയും ചന്ദ്രന്റെയും ദൈവം ആയ ഖോൺസു എന്നിവയാണ് ഇവിടുത്തെ പ്രതിഷ്ഠ.
കയറിച്ചെല്ലുമ്പോൾ നമ്മെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ലക്സർ ക്ഷേത്രത്തിൽ ഉണ്ട്. ഒന്നാമതായി ഇഷ്ടികയിൽ പണിത വലിയ മതിലുകൾ. ഈ മതിലുകളുടെ അടുത്തായി നീളം കൂടിയ ഒരു ചരിഞ്ഞ പ്രതലം കാണാം. മുൻപ് വലിയ കല്ലുകൾ ഇങ്ങിനെ ഉള്ള ചരിഞ്ഞ പ്രതലത്തിലൂടെ ആണ് മുകളിൽ എത്തിച്ചിരുന്നത് എന്ന് ഗൈഡ് പറഞ്ഞു.

ഇവിടെ കുറെ അധികം ഒബ്ലിസ്കുകൾ കാണാം. വലിയ കുത്തനെ നിൽക്കുന്ന കല്ലുകൾ ആണ് ഒബ്ലിസ്ക്. 25 മീറ്റർ ഉയരത്തിലുള്ള ഒബ്ലിസ്ക് രാംസെസ് രണ്ടാമൻ പണി കഴിപ്പിച്ചതാണ്. ഇത് കൊണ്ട് വരുന്നത് അസ്വാനിലെ ക്വയറിൽ നിന്നാണ്. ഇത്ര വലിയ കല്ലുകൾ എങ്ങിനെ കൊണ്ട് വന്നു ഇങ്ങിനെ കുത്തി നിർത്തി എന്നത് അത്ഭുതം ആണ്. ഇവിടെ നിന്നും പല ഒബ്ലിസ്കുകളും പാശ്ചാത്യം അടിച്ചു മാറ്റി കൊണ്ട് പോയിട്ടുണ്ട്. പാരിസിലെ പ്രശസ്തമായ ഒബ്ലിസ്ക് , ന്യൂ യോർക്കിലെ സെൻട്രൽ പാർക്കിലെ ഒബ്ലിസ്ക് തുടങ്ങിയവ മുതൽ ലണ്ടനിലെ ക്‌ളിയോപാട്രയുടെ നീഡിൽ വരെ ഈജിപ്തിൽ നിന്നും കൊണ്ട് പോയതാണ്.

അമുൻ ഹോട്ടപ് മൂന്നാമൻ ആണ് ഇത് പണി കഴിപ്പിച്ചത്. ആമുൻ എന്ന ദേവന്റെ പേരിൽ ആണ് ഈ ഫറോവ അറിയപ്പെടുന്നത്. പിന്നീട് സൂര്യദേവൻ ആയ റാ ആയും കൂട്ടിച്ചേർത്തു ആമുൻ-റാ എന്ന ഒരു പുതിയ ദൈവത്തെ സൃഷ്ഠിച്ചു. ഈജിപ്തിനെ ഏറ്റവും ശക്തിയേറിയ ദൈവങ്ങളിൽ ഒന്നാണ് ആമുൻ-റാ. ആമുൻ-റാ ദൈവങ്ങളുടെ രാജാവാണ്. നമ്മുടെ ഇന്ദ്രനെ പോലെ. ഗ്രീസിലെ സീയൂസ് ദേവൻ ഈ ദൈവത്തിന്റെ ഗ്രീക്ക് പതിപ്പാണ്.

അമുൻ ഹോട്ടപ് മൂന്നാമന്റെ കാലം പുരാതന ഈജിപ്ത് ഏറ്റവുമ ഐശ്വര്യത്തിൽ നിന്ന കാലം ആണ്. പല ക്ഷേത്രങ്ങളും ഈ കാലത്താണ് പണിതത്. ഈജിപ്തിൽ ഇന്ന് കാണുന്ന രാജാക്കൻമാരുടെ ശില്പങ്ങളിൽ ഭൂരിഭാഗവും ഇദ്ദേഹത്തിന്റേതാണ്. രാജാക്കന്മാരുടെ താഴ്‌വരയിലെ ഇരുപത്തി രണ്ടാം ശവക്കല്ലറയിൽ ആണ് ഇദ്ദേഹത്തിന്റെ മമ്മി അടക്കം ചെയ്തിരിക്കുന്നത്.

റാംസെസ് രണ്ടാമനും, ട്യൂട്ടൻഖാമുനും കുറെ അധികം കൂട്ടിച്ചേർക്കലുകൾ ഇവിടെ നടത്തിയിട്ടുണ്ട്. ഇവിടെ കാണാവുന്ന വലിയ ഒരു പ്രതിമ റാംസെസ് രണ്ടാമന്റേതാണ്. ട്യൂട്ടൻ ഖാമൻ പത്നിയുമായി ഇരിക്കുന്ന പ്രതിമ മുഖം കുറച്ചു പരിക്ക് പറ്റിയത് ഒഴിച്ചാൽ മറ്റു കേടുപാടുകൾ ഇല്ലാതെ ഉണ്ട്. ചില മതിലുകളിൽ ക്രിസ്ത്യൻ പെയിന്റിങ്ങുകൾ കാണാം. കോപ്റ്റിക് ക്രിസ്ത്യാനികൾ ഇവിടെ ആരാധന നടത്തിയിരുന്നു എന്ന് പറയപ്പെടുന്നു.

ഇവിടെ നിന്നും കർണാക് ക്ഷേത്രം വരെ ഒരു പാത ഉണ്ട്. ഇരു വശത്തും മനുഷ്യന്റെ തലയുള്ള ആടിന്റെ പ്രതിമകൾ ആണ്. മൂന്നു കിലോമീറ്ററൽ നീളത്തിൽ 1350 ഓളം ആട് പ്രതിമകൾ ഇവിടെ ഉണ്ട്. അവന്യൂ ഓഫ് ദി സ്ഫിങ്ക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ട് കാലത്തു ഈ വഴിയിലൂടെ ലുക്സർ ക്ഷേത്രത്തിൽ നിന്നും കർണാക് ക്ഷേത്രം വരെ വലിയ ഘോഷ യാത്രകൾ നടക്കുമായിരുന്നു. പുരാതന ഈജിപ്തിലെ ഏറ്റവും വലിയ ആഘോഷമായ ഓപ്പേത് ഉത്സവത്തിൽ എമുൻ , മുത് , ഖോൺസു എന്നിവരുടെ പ്രതിമകൾ ഈ വഴിയിലൂടെ കർണാക് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകും. കർണാക് മനുഷ്യൻ ഇന്ന് വരെ ആരാധനയ്ക്കു വേണ്ടി പണിതിട്ടുള്ള കെട്ടിടങ്ങളിൽ ഏറ്റവും വലുതാണ്. അതിനെ കുറിച്ച് അടുത്ത തവണ എഴുതാം.

നോട്ട് : കയ്‌റോയ്ക്ക് മുൻപ് ലക്സർ കണ്ടാൽ ഒരു കുഴപ്പമുണ്ട്. ഇതിനു ശേഷം ആണ് നിങ്ങൾ ഗിസയിലെ പിരമിഡ് കാണുന്നതെങ്കിൽ വലിയ അത്ഭുതം ഒന്നും തോന്നില്ല. ലക്സറിൽ കാണുന്നതെല്ലാം പണിയാൻ കഴിയുമെങ്കിൽ ഒരു വലിയ പിരമിഡ് പണിയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല!മാത്രമല്ല കൈറോയിലെ മ്യൂസിയത്തിലെ മിക്ക വസ്തുക്കളും ഇവിടെ നിന്നുള്ളതാണ്, മമ്മികൾ ഉൾപ്പെടെ.

 

One thought on “ഈജിപ്ത് : എസ് കെയുടെ കാൽപ്പാടുകൾ തേടി

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: