ശീലങ്ങൾ, ശീലക്കേടുകൾ….

“ചേട്ടൻ രാവിലെ തന്നെ ബീവറേജസിൽ പോയി ക്യു നിൽക്കും. ഒരു പെഗ് അടിച്ചില്ലെങ്കിൽ രാവിലെ ജോലിക്കു പോകാൻ പറ്റില്ല. ചില വൈകുന്നേരങ്ങളിൽ കുടിച്ചു ബോധം ഇല്ലാതെ ആണ് വരുന്നത്. ഭയങ്കര സ്നേഹം ഉള്ള മനുഷ്യൻ ആണ്, പക്ഷെ കുടിച്ചു കഴിഞ്ഞാൽ ഇടിയും ചീത്ത വിളിയും ഒക്കെയാണ്. കൂടെ കുടിക്കാൻ കുറെ കൂട്ടുകാരൃം. എനിക്ക് ജീവിതം തന്നെ മടുത്തെടാ, ഈ പിള്ളേരെ ഓർത്തിട്ടാണ് മുന്നോട്ടു പോകുന്നത്. പുള്ളിക്കും ഇത് നിർത്തിയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ പറ്റുന്നില്ല. കുറച്ചു ദിവസം നിർത്തിയാൽ പിന്നെയും തുടങ്ങും. ഈ കുടി മാറ്റാൻ ഉള്ള എന്തെങ്കിലും ചികിത്സയോ ഡോക്ട്ടറെയോ നിനക്ക് അറിയാമോ?” വർഷങ്ങൾക്ക് മുൻപ് വളരെ നാളുകൾക്കു ശേഷം കണ്ട കൂട്ടുകാരിയുടെ ചോദ്യം ആണ്.
 
ശ്രീ നാരായണഗുരുവിന്റെയും മറ്റു പല മഹാന്മാരുടെ പേരിലും ഞാൻ കേട്ടിട്ടുള്ള ഒരു കഥയാണ് ഓർമ വന്നത്. ഒരു കുട്ടിയുടെ പഞ്ചസാര തീറ്റ നിർത്താൻ അമ്മ കുട്ടിയെ ഗുരുവിന്റെ അടുക്കൽ കൊണ്ട് പോയ കഥ. ഇവരെ രണ്ടു പ്രാവശ്യം പിന്നീട് വരാൻ പറഞ്ഞു ഗുരു തിരിച്ചയച്ചു. മൂന്നാമത് കാണാൻ വന്നപ്പോൾ ഗുരു കുട്ടിയോട് മധുരം അധികം കഴിക്കരുത് എന്നുപദേശിച്ചു. ഇത് ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ എന്ന് അമ്മ ചോദിച്ചപ്പോൾ ഗുരു പറഞ്ഞത്രേ, ആദ്യം എന്റെ മധുരം കഴിക്കുന്ന ശീലം മാറ്റിയിട്ടു വേണ്ടേ കുട്ടിയോട് പറയാൻ. അതിനാണ് കഴിഞ്ഞ രണ്ടു പ്രാവശ്യവും നിങ്ങളെ തിരിച്ചു അയച്ചത്.
 
ഈ കഥ ഓർക്കാൻ കാരണം, കൂട്ടുകാരിയുടെ ഈ ചോദ്യം കേൾക്കുന്പോൾ ഞാനും ഒരു ആസക്തിയുടെ അടിമത്വത്തിൽ നിന്ന് എങ്ങിനെ പുറത്തു കടക്കും എന്നറിയാതെ വിഷമിക്കുന്ന സമയം ആയിരുന്നു. അശ്ലീയ വെബ് സൈറ്റുകൾ കാണുന്നത് ആയിരുന്നു എന്റെ ആസക്തി (porn addiction). വളരെ വർഷങ്ങൾക്ക് മുൻപ് ചെറുതായി തുടങ്ങി പിന്നീട് ദിവസം ഒരു മണിക്കൂറോളം സമയം നഷ്ടപ്പെടുത്തി തുടങ്ങിയപ്പോൾ ആണ് ഇത് ഒരു പ്രശ്നം ആയി മനസിലായത്. പറയുന്ന പോലെ ചെറിയ സംഭവം അല്ല ഇന്റർനെറ്റ് പോൺ, വർഷത്തിൽ പത്തു പതിനഞ്ച് ബില്യൺ ഡോളറിന്റെ ബിസിനസ് നടക്കുന്ന ഏരിയ ആണ്. എങ്ങിനെ പുറത്തു കടക്കും എന്ന് വിഷമിച്ച എന്റെ ജീവിതം മാറ്റി മറിച്ചത് ഒരു പുസ്തകം ആണ്. ചാൾസ് ദുഹിഗ്ഗിന്റെ ശീലങ്ങളുടെ ശക്തി എന്ന പുസ്തകം ( The Power of habit by Dharles Duhigg).
 
കുറച്ചു ശാസ്ത്രം
—————
 
ആദ്യമായി സൈക്കിൾ ചവിട്ടിയപ്പോഴോ, കാർ പുറകോട്ടു എടുത്തപ്പോഴോ, അതെല്ലാം ചെയ്യുവാൻ നമുക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരിന്നു എന്ന് ഇത് ചെയ്തവർക്ക് ഇപ്പോൾ ഓർത്താൽ മനസിലാകും. ഇതിനു കാരണം നമ്മുടെ തലച്ചോറിലെ പ്രധാനപ്പെട്ട ഭാഗം ആയ സെറിബ്രൽ കോർട്സ് ആണ് പുതിയ കാര്യങ്ങൾ ചെയ്‌യുന്നത്‌ എന്നുള്ളത് കൊണ്ടാണ്. കുറെ കഴിയുന്പോൾ സ്ഥിരം ചെയ്യുന്ന കാര്യങ്ങള്ക്ക് സെറിബ്രൽ കോര്ട്ടെക്സിന്റെ ആവശ്യം വരുന്നില്ല. അത് കൊണ്ട് ഇത്തരം കാര്യങ്ങളുടെ ഒരു പാറ്റേൺ ബാസിൽ ഗാംഗ്ലിയ എന്ന ഭാഗത്ത് ശേഖരിച്ചു വയ്ക്കുന്നു. പിന്നീട് സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നത് ബാസിൽ ഗാംഗ്ലിയ ആണ്, അത് കൊണ്ടാണ് ശീലം ആയവർക്ക് സൈക്കിൾ ഓടിക്കുമ്പോഴോ കാർ പുറകോട്ടു എടുക്കുന്പോഴോ ചിന്തിക്കേണ്ട ആവശ്യം വരാത്തത്. പറഞ്ഞു വരുന്പോൾ മതം പോലും ചില ശീലങ്ങൾ മാത്രമാണ് നമ്മളിൽ പലർക്കും, ചെറുപ്പം മുതലേ പോകുന്ന ആരാധനാലയങ്ങളിൽ പോവുന്നതും മറ്റും ശീലങ്ങൾ മാത്രമാണ്, ഭൂരിപക്ഷവും മത ഗ്രന്ഥങ്ങൾ വായിച്ചു മനസിലാക്കിയിട്ടല്ല അങ്ങിനെ ചെയ്യുന്നത്, മതങ്ങളുടെ വിജയവും ഇത്തരം ശീലങ്ങൾ വളർത്തി എടുക്കുന്നതിലാണ്.
 
അബോധമായി ചെയ്യുന്ന പോലെ ആണ് ഇത്തരം കാര്യങ്ങൾ നമ്മൾ ചെയ്യുന്നത്. ചീത്ത ശീലങ്ങളും തുടങ്ങി കുറച്ചു കാലങ്ങൾ കൊണ്ട് അബോധമായി ചെയ്യുന്ന അവസ്ഥ വരുന്പോഴാണ് അത് ആസക്തിയായി മാറുന്നത്.
 
ശാസ്ത്രീയമായി ഒരുപോലെ ആണെങ്കിലും സൈക്കിൾ ഓടിക്കുന്ന “ശീലവും” മദ്യപാനം, അശ്‌ളീല വെബ്സൈറ്റ് സന്ദർശനം, പുകവലി, അമിത ഭക്ഷണം, ഗെയിം അഡിക്ഷൻ തുടങ്ങിയവയ്ക്കു ഒരു പ്രധാന വ്യത്യാസം ഉണ്ട്. ഇത്തരം ശീലങ്ങളുടെ കാര്യത്തിൽ ഈ പ്രവർത്തികൾ ചെയ്തു കഴിയുന്പോൾ നമുക്ക് ഒരു പ്രതിഫലം കിട്ടുന്നുണ്ട്. മദ്യപാനം പുകവലി എന്നിവയിൽ ലഹരി, അശ്‌ളീല വെബ്സൈറ്റുകളുടെ കാര്യത്തിൽ ലൈംഗിക ഉത്തേജനം എന്നിവ. മാത്രമല്ല ഇത്തരം കാര്യങ്ങൾ ചെയ്തു കഴിയുന്പോൾ തലച്ചോർ ഡോപോമൈൻ എന്ന സന്തോഷ ഹോർമോൺ ഉൽപ്പാദിപ്പിക്കും. പക്ഷെ കുറെ നാൾ കഴിയുന്പോൾ ഇത്തരം ശീലങ്ങൾ ചെയ്യാൻ ആലോചിക്കുന്പോൾ തന്നെ തലച്ചോറിലെ ഡോപോമൈൻ ഹോർമോൺ ഉൽപ്പാദനം തുടങ്ങുന്നു, എന്ന് വച്ചാൽ മദ്യപാനം തുടങ്ങുന്നതിന് മുൻപ് അതിനെ കുറിച്ച് ആലോചിക്കുന്പോൾ തന്നെ, കിട്ടാൻ പോകുന്ന ഫലത്തെ ഓർത്തുള്ള സന്തോഷം ലഭിച്ചു തുടങ്ങുന്നു എന്നർത്ഥം. ഇതാണ് ചീത്ത ശീലങ്ങൾ അവസാനിപ്പിക്കാൻ നോക്കുന്പോൾ ഉള്ള ഏറ്റവും വലിയ വെല്ലുവിളി.
 
അമേരിക്കയിലെ MIT യിൽ എലികളിൽ ആണ് ശീലങ്ങളെ കുറിച്ചുള്ള പരീക്ഷണങ്ങൾ നടത്തിയത്. ഈ പരീക്ഷണങ്ങളിൽ നിന്ന് ഓരോ ദുശീലത്തിനും മൂന്ന് ഭാഗങ്ങൾ ഉണ്ടെന്നു കണ്ടുപിടിച്ചു.
 
എ) ശീലം തുടങ്ങുന്ന സൂചന (Cue) : ഉദാഹരണത്തിന് എന്റെ കാര്യത്തിൽ വീട്ടിൽ വെറുതെ വേറെ ആരും ഇല്ലാതെ ഇരിക്കുന്പോൾ ആണ് ഞാൻ അശ്‌ളീല വെബ്സൈറ്റുകൾ സന്ദർശിച്ചിരുന്നത്. പുകവലിക്കാരുടെ കാര്യത്തിലും മദ്യപാനികളുടെ കാര്യത്തിലും ബോറടി മാറ്റാനോ ആരോടെങ്കിലും കൂട്ടുകൂടി സംസാരിക്കാനോ ഉള്ള ത്വര.
 
ബി) ശീലത്തിന്റെ ഭാഗമായുള്ള ചര്യ (Routine) : മദ്യപാനികളുടെ കാര്യത്തിൽ ബാറിൽ പോയോ , കൂട്ടുകാരുടെ കൂടെ കൂടിയോ മദ്യപിക്കുന്നത്, ഓഫീസിൽ സിഗരറ്റ് വലിക്കുന്നവരുടെ കാര്യത്തിൽ എല്ലാ കൂട്ടുകാരെയും കൂട്ടി സിഗരറ്റു വലിക്കുന്ന സ്ഥലത്തേക്ക് പോയി സിഗരറ്റു വലിക്കുന്നത്. എല്ലാവരും ആയി കത്തി വയ്‌ക്കുന്നത്‌.
 
സി) ഈ ശീലം കഴിഞ്ഞു കിട്ടുന്ന സന്തോഷം (Reward) : ഉദാഹരണത്തിന് മദ്യപാനികളുടെയും സിഗരറ്റു വലിക്കാരുടെയും കാര്യത്തിൽ ലഹരിയും കൂട്ട് കൂടി വർത്തമാനം പറയുന്പോൾ കിട്ടുന്ന സന്തോഷവും.
 
നമുക്കുള്ള ദുശീലത്തിന്റെ ഈ മൂന്നു കാരണങ്ങൾ കണ്ടു പിടിച്ചു കഴിഞ്ഞാൽ ഇത് മാറ്റാൻ വളരെ എളുപ്പമാണ്. ഈ ചക്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗം നിർത്തുവാൻ കഴിഞ്ഞാൽ ഈ ശീലങ്ങൾ നിർത്താം. പക്ഷെ ഒരു പ്രശ്നം ഉണ്ട്, ഒരിക്കൽ ബാസിൽ ഗാംഗ്ലിയയിൽ എത്തിപ്പെട്ട ശീലങ്ങൾ പൂർണമായും തുടച്ചു നീക്കാൻ കഴിയില്ല. കുറെ വർഷങ്ങൾ ഡ്രൈവ് ചെയ്യാതിരുന്നിട്ടു നിങ്ങൾ ഡ്രൈവ് ചെയ്യാൻ തുടങ്ങുന്പോഴും കുറെ നാൾ സൈക്കിൾ ഓടിക്കാതിരുന്നിട്ട് ഓടിക്കുന്പോഴും ആദ്യത്തെ പോലെ ബുദ്ധിമുട്ട് അനുഭവപ്പെടാത്തതിന് കാരണം അതാണ്. അതുകൊണ്ടു നമുക്ക് ഇഷ്ടപെടാത്ത ശീലങ്ങളുടെ സ്ഥാനത്തു ഒരു പുതിയ ശീലം വളർത്തിക്കൊണ്ടു വരികയാണ് ചെയ്യേണ്ടത്.
 
ഇത്രയും വായിച്ചു മനസിലാക്കിയ ഞാൻ എന്റെ ദുശീലത്തെ അപഗ്രഥിച്ച് അത് മാറ്റി എടുത്തത് എങ്ങിനെ എന്ന് പറയാം.
 
എ) സൂചന : വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്പോൾ ഉള്ള ബോറടി. ചില ദിവസങ്ങളിലും വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നത് കൊണ്ടും, ഭാര്യയും കുട്ടികളും ജോലിക്കും സ്കൂളിലും പോകുന്നത് കൊണ്ടും അധികം ഒഴിവാക്കാൻ കഴിയാത്ത കാര്യം. കൂടുതൽ ദിവസങ്ങളിൽ ഓഫീസിൽ പോയും വീട്ടിൽ ഉള്ളപ്പോൾ തന്നെ അടുക്കളയിൽ സഹായിച്ചും ദുശീലത്തിലേക്കു എന്നെ എത്തിക്കുന്ന സൂചനകൾ പരമാവധി കുറച്ചു.
 
ബി) ശീലത്തിന്റെ ഭാഗം ആയുള്ള ചര്യ : അശ്‌ളീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് : മുകളിൽ പറഞ്ഞ മാറ്റങ്ങൾ എല്ലാം കഴിഞ്ഞിട്ടും കന്പ്യൂട്ടർ എടുത്തു എന്തെങ്കിലും ചെയ്യാനുള്ള ത്വര അടക്കാനാവാതെ വരുന്ന സമയത്തു ഞാൻ എഴുതാൻ തുടങ്ങി. സ്കൂളിലും കോളേജിലും കുറച്ചു കഥയും കവിതയും മാത്രം എഴുതിയിരുന്ന ഞാൻ ഞങ്ങൾ യാത്ര പോയ സ്ഥലങ്ങളെ കുറിച്ച് ഫേസ്ബുക്കിലെ പല യാത്ര ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തു. ചില ബ്ലോഗ് പോസ്റ്റുകൾ തുടങ്ങി. അങ്ങിനെ പഴയ ശീലത്തിന്റെ സ്ഥാനത്ത് ഒരു പുതിയ ശീലം തുടങ്ങി. കൂടുതൽ സുഹൃത്തുക്കളെ കിട്ടുവാൻ തുടങ്ങി. യാത്രയ്ക്ക് വേണ്ടിയും എഴുതാനും പഴയ വായന പുനരാരംഭിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞു യാത്രയുടെ പുറത്തുള്ള കാര്യങ്ങളും എഴുതി തുടങ്ങി. എന്റെ എഴുത്ത് തുടങ്ങിയതിന്റെ പിന്നിലെ വൃത്തികെട്ട ചരിത്രം ഇതാണ്.
 
പുതിയതായി തുടങ്ങിയ ഒരു ദുശീലം പെട്ടെന്ന് തന്നെ കണ്ടുപിടിക്കാനും ഈ പുസ്തകം എന്നെ സഹായിച്ചു. കാർ ഓടിച്ചു കൊണ്ടിരിക്കുന്പോൾ മൊബൈൽ ഫോൺ ചെക്ക് ചെയ്യുന്ന ഒരു ദുശീലം അടുത്ത് നിർത്തിയത്. സ്ഥിരമായി പോകുന്ന റൂട്ടിലൂടെ എന്നും കാറോടിച്ചു പോകുന്പോൾ ഉള്ള വിരസത ആയിരുന്നു cue. ഫോണിൽ ഹൂപ്ല എന്ന ഓഡിയോ ബുക്ക് റീഡർ ഇൻസ്റ്റാൾ ചെയ്തു ഞങ്ങളുടെ ടൗണിന്റെ ലൈബ്രറിയും ആയി ബന്ധിച്ചു ഓഡിയോ ബുക്ക് ഡൌൺലോഡ് ഇപ്പോൾ ഡ്രൈവ് ചെയ്യാൻ തുടങ്ങുന്പോൾ തന്നെ പുസ്തകം കേൾക്കാൻ തുടങ്ങും. പുസ്തക വായനയും ആയി, ഫോൺ ചെക്ക് ചെയ്യാനുള്ള വ്യഗ്രതയും നിന്നു.
 
ഇങ്ങിനെ പല കാര്യത്തിലും എന്റെ കാര്യത്തിൽ ഈ പുസ്തകം എന്നെ കുറെ സഹായിച്ചു. പക്ഷെ കൂട്ടുകാരിയുടെ ഭർത്താവു ഇപ്പോഴും മദ്യപാനി തന്നെയാണ്. ഇത് വായിക്കുന്ന ചിലർക്കെങ്കിലും ഈ വിവരങ്ങൾ ഉപകാരപ്പെട്ടാൽ സന്തോഷം.
 
വ്യക്തികൾക്ക് മാത്രമല്ല സമൂഹങ്ങൾക്കും ശീലങ്ങൾ ഉണ്ട്. അമേരിക്കയിൽ നിന്ന് നാട്ടിൽ വരുന്പോൾ ഞങ്ങളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് ആളുകൾ ക്യൂ തെറ്റിക്കുന്നതാണ്. ഇവിടെ ക്യൂ നിൽക്കുക എന്നതും കയ്യിലുള്ള ചവർ അടുത്തുള്ള ചവറ്റു തൊട്ടിയിൽ കളയുന്നതും ഒരു സമൂഹ ശീലം ആണ്. എന്നാൽ എന്ത് കൊണ്ടോ അതൊരു സമൂഹ ശീലം ആയി നാട്ടിൽ കാണുന്നില്ല. ഇത് ഒരു സമൂഹ ശീലം ആക്കി മാറ്റിയാൽ ഉള്ള ഗുണം കുട്ടികൾ അത് കണ്ടു പഠിച്ച് അതേപോലെ തന്നെ ചെയ്യും എന്നുള്ളതാണ്, അടുത്ത തലമുറയ്ക്ക് പുതിയ ക്ലാസ് എടുക്കേണ്ടി വരില്ല. പുതിയതായി തുടങ്ങിയ കൊച്ചി മെട്രോയിൽ എങ്കിലും ടിക്കറ്റ് വാങ്ങാനും, കയറാനും ഇറങ്ങാനും ക്യൂ നിൽക്കുന്നതും, മെട്രോയുടെ അകത്തു ചവർ ഇടാതിരിക്കുന്നതും ആയ പുതിയ സമൂഹ ശീലങ്ങൾ നമുക്ക് വളർത്തിയെടുക്കാം…
 
നോട്ട് : നിങ്ങൾക്ക് ഇങ്ങിനെ (പുറത്തു പറയാൻ പറ്റുന്ന) ദുശീലങ്ങൾ ഉണ്ടെങ്കിൽ അതിനെ അപഗ്രഥിച്ചു ഈ 3 ഭാഗങ്ങളെക്കുറിച്ചു (cue,routine,reward) കമന്റ് ചെയ്യാമോ? മുൻപ് നിർത്തിയ ദുശീലങ്ങൾ ഉണ്ടെങ്കിൽ അതെങ്ങിനെ നിർത്തി എന്ന് കൂടി പറഞ്ഞാൽ വായിക്കുന്ന മറ്റുള്ളവർക്ക് ഉപകാരം ആവും.
 
നോട്ട് 2 : മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതും പോൺ കാണുന്നതും തെറ്റാണെന്നല്ല ഈ പോസ്റ്റിൽ പറയുന്നത് , മറിച്ച് ആ ശീലങ്ങൾ നമ്മെ നിയന്ത്രിക്കാൻ അനുവദിക്കരുത് എന്നാണ്. മറ്റു തരത്തിൽ ഉപയോഗപ്രദമായി ഉപയോഗിക്കാവുന്ന നമ്മുടെ സമയം നഷ്ടപ്പെടുത്തുന്ന ശീലങ്ങൾ, നമ്മുടെ വീട്ടുകാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ശീലങ്ങൾ തുടങ്ങിയവ ആണ് പ്രശ്നക്കാർ.
 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: