“മോൻ പറ്റുമെങ്കിൽ ഇവളുടെ ഭർത്താവിനെ എങ്ങിനെ എങ്കിലും സഹായിക്കു, നിങ്ങൾ മുസ്ലിങ്ങളുടെ കയ്യിൽ ഗൾഫിലെല്ലാം പോയി കുറെ പൈസ ഉള്ളതല്ലേ?” ഒരു കൂട്ടുകാരിയെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അവളുടെ ‘അമ്മ പറഞ്ഞതാണ്.
“‘അമ്മ എന്താണ് പറയണത്, ഞാൻ പോയി കണ്ട എന്തോരം മുസ്ലിം വീടുകളിൽ പട്ടിണിക്കാരാണ്…” സെൻസസ് എടുക്കാൻ പോയി തിരിച്ചു വന്നു അകത്തു മുഖം കഴുകാൻ പോയ കൂട്ടുകാരി അമ്മയെ തിരുത്തി. മുറിയിലെ ടിവിയിൽ സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന സിനിമ ഓടുന്നുണ്ടായിരുന്നു. എല്ലാവർക്കും ബിരിയാണി കൊടുക്കാൻ ഒടുവിൽ ഉണ്ണികൃഷ്ണനോട് പറഞ്ഞു കൊണ്ട് സുകുമാരിയുടെ കഥാപാത്രം
എനിക്ക് എന്റെ മാമയെ ആണ് ഓർമ വന്നത്. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ആദ്യം ആയി “ഗൾഫിൽ” പോയത് മാമയാണ്. മരുഭൂമിയിൽ ചൂടിൽ പേപ്പർ ഇടുന്ന ജോലിയും വണ്ടി കഴുകുന്ന ജോലിയെല്ലാം ചെയ്താണ് മാമ മൂന്നു പെങ്ങന്മാരെ കെട്ടിച്ചു വിട്ടത്. അന്നെല്ലാം അഞ്ചു വർഷം കഴിഞ്ഞാണ് ഗൾഫിൽ ജോലി ചെയ്യുന്നവർ നാട്ടിൽ വരുന്നത്. അങ്ങിനെ ഒരു വരവിൽ മാമാന്റെ കല്യാണവും കഴിഞ്ഞു. ഓരോ അഞ്ചു വർഷം കൂടുന്പോഴും പുള്ളി നാട്ടിൽ വന്നു രണ്ടു മാസം നിൽക്കും. അപ്പോൾ മാത്രം ആണ് അമ്മായിയും മാമയും ഒരുമിച്ചു താമസിക്കുന്നത്. അതിൽ തന്നെ കുറെ ദിവസം ബന്ധുക്കളെ കാണാനാണ് പോകും. ഇപ്പോൾ ഓർക്കുന്പോൾ എനിക്ക് ഭയങ്കര അത്ഭുതം ആണ് അങ്ങിനെ ഉള്ളവർ എങ്ങിനെ ആണ് പരസ്പര ബന്ധം നിലനിർത്തി കൊണ്ട് പോയത് എന്ന്. പക്ഷെ പട്ടിണിയുടെ മുൻപിൽ ഇതൊന്നും പ്രശ്നമല്ലല്ലോ. എന്റെ ഒരു കൊച്ചാപ്പ ഇപ്പോഴും ഗൾഫിൽ തന്നെയാണ്. ഒരേ ഒരു വ്യത്യാസം വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരും എന്നതാണു. പ്രിയദർശന്റെ കിളിച്ചുണ്ടൻ മാന്പഴത്തിലെ ശ്രീനിവാസൻ അവതരിപ്പിക്കുന്ന മൊയ്തൂട്ടി ഹാജി എന്ന കഥാപാത്രം കണ്ടപ്പോഴും ഞാൻ ഓർത്തു ഇവരൊക്കെ കേരളത്തിൽ എവിടെയാണ് ശരിക്കും ഉള്ളതെന്ന്.
“എടാ എന്റെ മോൾക്ക് മെഡിസിൻ പേടിക്കണം എന്ന് ഭയങ്കര ആശ ഉണ്ട്, പക്ഷെ എന്റെ കയ്യിൽ ആകെ 10 ലക്ഷം രൂപയാണുള്ളത്, അത് അവളെ കെട്ടിച്ച് വിടാൻ വേണ്ടി ഞാൻ സ്വരുക്കൂട്ടി വച്ചിരിക്കണേണ്. മെഡിസിന് പോണം എന്നും പറഞ്ഞു അവൾ കുറെ കരഞ്ഞു ഞാൻ സമ്മതിച്ചില്ല ഇപ്പൊ ബികോമിന് പോണ്. ” ബന്ധത്തിൽ പെട്ട ഷംസുവാണ്. അവന്റെ മോള് പഠിക്കാൻ മിടുക്കിയാണെന്ന് എനിക്കറിയാം, പക്ഷെ ഓട്ടോറിക്ഷ ഓടിക്കാണ അവനു താങ്ങാൻ പറ്റുന്നതല്ല അവളുടെ ആഗ്രഹം എന്നും എനിക്കറിയാം, അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
തിരിച്ചു വീട്ടിൽ വന്നു വായിക്കാൻ എടുത്ത പുസ്തകം സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയാണ്. നല്ല ആശയമാണ്. ഒരു കഥ വിശദീകരിക്കാൻ ചില കഥാപാത്രങ്ങളെ ഉപയോഗിക്കാതെ വയ്യ. എനിക്ക് പക്ഷെ ഇത് എന്റെ അനുഭവത്തിൽ തന്നെ ഉണ്ട്. ഒരു കൂട്ടുകാരനെ സഹായിക്കാൻ ന്യൂ ജേഴ്‌സിയിലെ ഇസ്കോൺ അന്പലത്തിൽ പോയപ്പോഴായിരുന്നു അത്. അന്പലം അടക്കേണ്ട സമയം ആയപ്പോൾ ഞങ്ങളോടാണ് ബാക്കിയുള്ള ഭക്ഷണം കളഞ്ഞിട്ടു മേശ വൃത്തിയാക്കാൻ പറഞ്ഞതു. നാലു ട്രേ മുഴുവൻ ചോറ് കളയുന്നതിനു മുൻപ് അത് ശേഖരിച്ചു പാവപ്പെട്ടവർക്ക് കൊടുക്കുന്ന എന്തെങ്കിലും സങ്കടന ഉണ്ടോ എന്ന് ഞാൻ ചോദിക്കാതിരുന്നില്ല. പക്ഷെ ദക്ഷിണ ആയി കിട്ടുന്ന ഭക്ഷണം ഇങ്ങിനെ കളയുന്നത് അവിടെ സാധാരണം ആണെന്ന് കൂടെ ക്ലീൻ ചെയ്യാൻ നിന്ന ആൾ പറഞ്ഞു. പക്ഷെ ഓരോരുത്തരുടെയും അനുഭവം വ്യത്യസ്തം ആണല്ലോ.
Leave a Reply