വളരെ വർഷങ്ങൾക്ക് ശേഷമാണു ഞാൻ ബാലനെ കാണുന്നത്. ഞാൻ സുഹൃത്തുക്കളെ സൽക്കരിക്കാൻ വിളിച്ചു വരുത്തിയ പാർട്ടി തീരുന്പോഴേക്കും ആറോ ഏഴോ ലാർജിന്റെ ലഹരിയിൽ ആയിരുന്നു അവൻ. ഇപ്പോൾ തൃശൂരിൽ താമസിക്കുന്ന അവനെ തിരിച്ച് കാറിൽ കൊണ്ട് പോയി വിടാമെന്ന് ഞാൻ പറഞ്ഞു. പോകുന്ന വഴിക്കു വെല്ലിങ്ടൺ ഐലൻഡിലെ ATH ബാറിൽ ഒന്ന് കൂടി വണ്ടി നിർത്തി ഒരു ലാർജ് കൂടി അവൻ വിഴുങ്ങുന്നത് അത്ഭുതത്തോടെ ഞാൻ നോക്കിനിന്നു. സ്കൂളിൽ പഠിക്കുന്പോൾ ഒന്നാമതായിരുന്ന, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റെല്ലാം ഉണ്ടായിരുന്ന അവനെ ഞാൻ ഓർത്തു. അക്വിനാസ് കോളേജിൽ പ്രീ ഡിഗ്രിക്ക് ഒരു പെൺകുട്ടിയുടെ പുറകെ നടന്നതും അവൾ അവനെ തിരിഞ്ഞു നോക്കാതെ പോയതും മുതലാണ് അവൻ വെള്ളമടിയും സിഗരറ്റ് വലിയും എല്ലാം തുടങ്ങിയത്.
“നീ ഇങ്ങിനെ വീട്ടിൽ കയറി ചെന്നാൽ നിന്റെ ഭാര്യ വഴക്കു പറയില്ലേടാ?” ഞാൻ ചോദിച്ചു
“അവൾ മാതാ അമൃതാനന്ദമയിയുടെ പുറകെ ആണെടാ. എനിക്കീ ഭക്തിയിലൊന്നും വലിയ വിശ്വാസമില്ല. ഞങ്ങൾ തമ്മിൽ ചേരില്ല. നീയൊക്കെ പ്രേമിച്ചു വിവാഹം കഴിചത് കൊണ്ട് എന്റെ പൊരുത്തക്കേടൊന്നും പറഞ്ഞാൽ മനസിലാവില്ല…” പറഞ്ഞു കൊണ്ടിരിക്കുന്പോൾ തന്നെ അവന്റെ ഭാര്യയുടെ കാൾ വന്നു. എന്ത് കൊണ്ടോ അവന്റെ ഭാര്യയോട് ഇവന് ഇങ്ങിനെ കുടിക്കാൻ അവസരം ഒരുക്കിയതിന് മാപ്പു പറയണം എന്നെനിക്ക് തോന്നി ഞാൻ ഫോൺ എടുത്തു.
“ചേട്ടൻ ഹാർട്ടിന്റെ പ്രശനം മൂലം ഒരു ആഞ്ജിയോ കഴിഞ്ഞിരിക്കുകയാണ്, ദയവായി നിങ്ങൾ കൂട്ടുകാർ ഇങ്ങിനെ ചേട്ടനെ കുടിപ്പിക്കരുത്. ചേട്ടൻ കുടി നിർത്താൻ ഞാൻ പോയി പ്രാർത്ഥിക്കാത്ത അന്പലങ്ങൾ ഇല്ല.” അവന്റെ ഭാര്യ പറഞ്ഞപ്പോഴാണ് ഇവന്റെ ആരോഗ്യം ഇത്ര മോശം ആണെന്ന് ഞാൻ അറിയുന്നത്. ഞങ്ങളോടൊന്നും ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അവനെ വീടിന്റെ മുൻപിൽ ഇറക്കി വിട്ട് , അവന്റെ ഭാര്യയെ അഭിമുഖീകരിക്കാൻ ശക്തിയില്ലാതെ ഞാൻ തിരിച്ചു പൊന്നു.
“സാർ പ്രേമിച്ചാണോ കല്യാണം കഴിച്ചത്? ” തിരിച്ചു വരുന്പോൾ കാർ ഡ്രൈവർ ചോദിച്ചു. മുപ്പതിനോടടുത്ത പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ.
“അതെ , ഇപ്പോൾ കുറെ വർഷങ്ങൾ ആയി ..”
“നിങ്ങൾ തമ്മിൽ എന്നിട്ട് പ്രശ്നം ഒന്നും ഇല്ലേ?”
“വലിയ പ്രശ്നങ്ങൾ ഒന്നുമില്ല, എന്തെ അങ്ങിനെ ചോദിക്കാൻ?”
“ഞാനും പ്രേമിച്ചാണ് കല്യാണം കഴിച്ചത്. പക്ഷെ വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അവൾക്ക് എപ്പോ നോക്കിയാലും എന്നെ സംശയം ആണ്. വേറെ ഒരു പെണ്കുട്ടിയോടും മിണ്ടാൻ പാടില്ല. വീട്ടിൽ നിന്ന് പുറത്തു പോയാൽ മണിക്കൂര് കൂടുന്പോൾ വിളിച്ചു എവിടെ ആണെന്ന് പറഞ്ഞു കൊണ്ടിരിക്കണം. ഭയങ്കര പോസ്സസീവെനീസ് ആണ്. എന്റെ ഫോണും ഇപ്പോഴും ചെക്ക് ചെയ്യും. വീട്ടിൽ അമ്മയോടും പെങ്ങളോടും ഭയങ്കര വഴക്ക്. എന്റെ അറേഞ്ച് മാര്യേജ് കഴിച്ച കൂട്ടുകാരുടെ ഭാര്യമാർക്ക് ഇങ്ങിനെയുള്ള കുഴപ്പം ഒന്നും ഇല്ല.”
ഞാൻ മനസിൽ ഓർത്തു എല്ലാവര്ക്കും അക്കരെ പച്ചയാണ്. സ്കൂളിൽ പഠിക്കുന്പോൾ ഒരു കൂട്ടുകാരൻ ഓട്ടോഗ്രാഫിൽ എഴുതിയത് ഓർമ്മ വന്നു.
“സ്നേഹിച്ച് ഇഷ്ടപ്പെട്ടവരെ കിട്ടിയില്ലെങ്കിൽ സ്നേഹിക്കാതെ കിട്ടിയവരെ ഇഷ്ടപ്പെടുക….”
ഓർക്കുക നിങ്ങളുടെ ഭാര്യ ഒരു പക്ഷെ വേറൊരാൾക്ക് കിട്ടാതെ പോയ കാമുകി ആയിരിക്കും. ഭാര്യമാർക്ക് അവരുടെ ഭർത്താവു വേറൊരു പെണ്ണിന് ആശിച്ചു കിട്ടാതെ പോയ കാമുകനും….
എല്ലാവരും പ്രേമിക്കുന്ന ഒരു ലോകം എത്ര സുന്ദരമായിരിക്കും….
Leave a Reply