എന്റെ പേരിൽ കിഴക്കേടത്ത് എന്ന് വരാൻ കാരണം ഏറണാട്ട് അന്പലം എന്ന് ഞങ്ങൾ ചുരുക്കി വിളിക്കുന്ന ഏറണാട്ട് വനദുർഗ ക്ഷേത്രം ആണ്. അതിന്റെ കിഴക്കു ഭാഗത്തു താമസിച്ചിരുന്ന എല്ലാവരുടെയും വീട്ടു പേർ കിഴക്കേടത്തു എന്നായിരുന്നു. അതിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉൾപ്പെടും. ഈ ക്ഷേത്രം സ്വന്തമെന്ന പോലെ നടത്തിക്കൊണ്ടു പോയിരുന്നത് അതിനടുത്തു താമസിച്ചിരുന്ന നായർ, കുറുപ്പ്, മേനോൻ എന്നിങ്ങനെ പേരുകളിൽ വാലുള്ള ചിലർ ആയിരുന്നു. പാല് വാങ്ങിക്കാൻ മാത്രമാണ് ഞങ്ങൾ അവിടെ പോയികൊണ്ടിരുന്നത്. പാല് ഞങ്ങളുടെ പാത്രത്തിൽ ഒഴിച്ചതിനു ശേഷം ഞങ്ങളുടെ ദേഹത്തു തൊടാതെ നാണയം അവരുടെ കയ്യിലേക്ക് ഇട്ടു കൊടുക്കുക ആണ് അന്ന് ചെയ്തിരുന്നത്. അങ്ങിനെ സ്ഥിരം പോയിക്കൊണ്ടിരുന്നു വീട്ടിലെ സാവിത്രി അന്തർജ്ജനം ഒരിക്കൽ ബോധം കേട്ട് വീണപ്പോൾ പിടിക്കാൻ വന്ന ശാന്ത ചേച്ചിയോട് “എന്നെ തൊടരുത്” എന്ന് പറഞ്ഞാണ് മരിച്ചത്. എന്റെ വീടിനടുത്തു കൂടുതലും പുലയ, ഈഴവ , വിശ്വകർമ വിഭാഗത്തിൽ പെട്ടവർ ആണ് താമസിച്ചിരുന്നത്. അവർക്കാർക്കും ജാതിയുടെ വാൽ ഇല്ലായിരുന്നു. ഞാൻ കോളേജിൽ പോകാൻ തുടങ്ങുന്പോഴേക്കും കേരളത്തിലെ പുരോഗമന ചിന്താഗതിക്കാരായ പല “മുന്നോക്ക” ജാതിക്കാരും പേരിൽ നിന്ന് ജാതി വാല് മുറിച്ചു കളയുകയും അവർക്ക് ജനിച്ച കുട്ടികളുടെ പേരിൽ നിന്നും ജാതി വാൽ മാറ്റുകയും ചെയ്തു.
ഞങ്ങൾ കുട്ടികൾ എല്ലാം ചെറുപ്പത്തിൽ കളിച്ചു മറിഞ്ഞത് ആ അന്പലത്തിന്റെ ചുറ്റുവട്ടത്താണ്. അന്പലത്തിന് പുറകിൽ വലിയ മാവുകളും വലിയ മറ്റു മരങ്ങളും കൂടി നല്ല പകൽ പോലും കുറച്ചു ഇരുട്ടും തണുപ്പും ഉള്ള ഒരിടമാക്കി മാറ്റിയിരുന്നു. അവിടെയാണ് കുട്ടികൾ മരത്തിൽ കയറുന്നതും സാറ്റും കള്ളനും പോലീസും കളിക്കുന്നതും മറ്റും. അന്പലക്കുളത്തിന്റെ കരയിലെ മൈലാഞ്ചി അരച്ചാണ് ഞങ്ങൾ പെരുന്നാളിന് മൈലാഞ്ചി ഇട്ടിരുന്നത്.
കൗമാര പ്രായത്ത് കളം പള്ളുരുത്തി വെളിയിലെ ശ്രീ ഭവാനീശ്വര ക്ഷേത്ര മുറ്റത്തേക്ക് മാറി. കൂട്ടുകാർ ഒത്തുകൂടി രാഷ്ട്രീയവും സിനിമയും ചർച്ച ചെയ്തത് മുതൽ ടൈപ്പിംഗ് കഴിഞ്ഞു വരുന്ന പെൺകുട്ടികളെ നോക്കി വെള്ളമിറക്കിയിരുന്നത് വരെ അവിടെ വച്ചാണ്. വൈകുന്നേരം കൂടിയാൽ രാത്രി വൈകുന്നത് വരെയുള്ള കത്തി വയ്ക്കലുകളിലൂടെ ആണ് ഞങ്ങളുടെ രാഷ്ട്രീയ ബോധങ്ങൾ രൂപപ്പെടുന്നതും മറ്റും. ഇങ്ങിനെയുള്ള കുറെ കൂട്ടങ്ങൾക്ക് ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ വിശാലമായ മുറ്റം സാക്ഷ്യം വഹിച്ചു.
വാക്‌സിനുകൾ പ്രചാരത്തിൽ ആവുന്നതും ആളുകൾ കൂടുതലായി പരന്പരാഗത വൈദ്യന്മാരെ വിട്ട് ആശുപത്രികളിലേക്ക് പോകാൻ തുടങ്ങിയതും എന്റെ ചെറുപ്പത്തിൽ ആണ്. എന്നെക്കാളും രണ്ടു വർഷം മുൻപ് മാത്രം ജനിച്ച എന്റെ ഇത്തയ്ക്ക് വാക്‌സിനുകൾ ഒന്നും ലഭിച്ചിരുന്നില്ല. അതിന്റെ ഫലമായി പോളിയോ വരികയും തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് രക്ഷപെടുകയും ചെയ്തു. എനിക്കും അനിയനും എല്ലാ വാക്‌സിനുകളും ലഭിക്കാൻ ഇത് കാരണം ആയിരിക്കണം.
പല മുസ്ലിം സ്ത്രീകളും സ്കൂളുകളിൽ പോകാൻ തുടങ്ങിയതും പുറത്തു ജോലിക്കു പോകാൻ തുടങ്ങിയതും പൊതു സമൂഹത്തിലേക്ക് തങ്ങളുടെ അഭിപ്രയങ്ങളുമായി ഇറങ്ങി വന്നതും ഇതേ സമയത്താണ്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് മുസ്ലിം സ്ത്രീകളും ചെറുതായി ഇറങ്ങിത്തുടങ്ങി.
വല്ലപ്പോഴും ഒരിക്കൽ മാത്രം നാട്ടിൽ പോകുന്നവരായതു കൊണ്ട് നാട്ടിലെ മാറ്റങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്നത് പ്രവാസികൾക്കാണ്. കഴിഞ്ഞ തവണ ഓർമ പുതുക്കാൻ ഏറണാട്ട് ക്ഷേത്രത്തിൽ പോയ ഞാൻ കണ്ടത് അന്പലത്തിന് ചുറ്റും കന്പി വേലി കെട്ടി അതിന് ചുറ്റുമുള്ള സ്ഥലങ്ങൾ എല്ലാം അടച്ചു കെട്ടിയിരിക്കുന്നതാണ്. ഒരു ചെറിയ ഗേറ്റും വച്ചിട്ടുണ്ട്. കുട്ടികളെ ആരെയും കയറ്റാതിരിക്കാൻ ചെയ്തതായിരിക്കാം, അല്ലെങ്കിൽ സ്വന്തമായ സ്ഥലങ്ങൾ സംരക്ഷിക്കാൻ ചെയ്തതായിരിക്കാം, പക്ഷെ എനിക്ക് ഭയങ്കര നഷ്ടബോധം തോന്നി. വീടുകളിൽ പറന്പുകൾ ഇല്ലാതായി വരുന്ന ഇക്കാലത്ത് നാട്ടിലെ കുട്ടികൾക്ക് ഓടിക്കളിക്കാൻ അത് തുറന്ന് കൊടുത്തിരുന്നെകിൽ നന്നായിരുന്നു. പള്ളുരുത്തി വെളിയിലെ അന്പലത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതും വേലി കെട്ടി തിരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ചെറുപ്പക്കാരുടെ കൂട്ടങ്ങളെ അധികം ഇപ്പോൾ കാണാറില്ല. പക്ഷെ അതിനേക്കാളേറെ കന്പിവേലിക്കകത്ത് നിൽക്കുന്ന ക്ഷേത്രങ്ങളെ കാണുന്പോൾ അങ്ങിനെ അല്ലാതെ കണ്ടു ശീലിച്ച എനിക്ക് മനസ്സിൽ ഒരു വേദന.
പേരിലെ ജാതി വാലുകളുടെ കാര്യത്തിലും പഴമ തിരിച്ചു വരികയാണ്. സ്വന്തം പേരിൽ ജാതി വാലില്ലാത്ത എന്നാൽ സ്വന്തം കുട്ടികളുടെ പേരിൽ ജാതി വാൽ ചേർത്ത എന്റെ സുഹൃത്തുക്കളുടെ എണ്ണം കൂടി വരുന്നു. എന്റെ ജാതി എന്റെ ജനിതകത്തിന്റെ ഭാഗം ആണ് എന്ന് തർക്കിക്കുന്ന ഒരു കൂട്ടുകാരനിൽ വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. എല്ലാവരെയും കിഴക്കേടത്ത് എന്ന ഒറ്റപ്പേരിൽ കോർത്ത ആ മാജിക് നഷ്ടപ്പെടുമോ?
ആരോഗ്യ രംഗത്തും ആളുകൾ (വ്യാജ) വൈദ്യന്മാരുടെ അടുത്തേക്ക് തിരിച്ചു പോവുകയാണ്. വ്യാജ വൈദ്യന്മാർ ആരോഗ്യമുള്ള ഭക്ഷണം എന്ന എല്ലാവരും ഇഷ്ടപെടുന്ന എല്ലാവർക്കും ബാധകമായ ഒരു കാര്യത്തിൽ തുടങ്ങി പതുക്കെ വാക്‌സിൻ വിരോധത്തിലേക്കും പഴയത് എല്ലാം നല്ലതാണു, മുൻപ് നമ്മുടെ കയ്യിൽ എല്ലാത്തിനും മരുന്നുണ്ടായിരുന്നു , പണ്ടുള്ളവർ വളരെ ആരോഗ്യമുള്ളവരായിരുന്നു തുടങ്ങിയ തെറ്റായ വിവരങ്ങൾ ആളുകളിൽ ഫീഡ് ചെയ്യുന്നു. കോളേജിലെ പ്രൊഫസർമാർ വരെയുള്ളവർ ഇങ്ങിനെ ഉള്ള വാചകമടികളിൽ വീണു പോവുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാവുന്നില്ല. ഇങ്ങിനെ ഒക്കെ പറയാൻ ഇവിടെ വരെ അവരെ എത്തിച്ചത് തന്നെ ഒരു പക്ഷെ അവർ ചെറുപ്പത്തിൽ എടുത്ത വാക്‌സിൻ ആയിരിക്കാം എന്നതാണ് തമാശ. ഇവരുടെ കുട്ടികൾ വളർന്നു വരുന്പോൾ ആ ഒരു തലമുറ നമ്മുടെ “Herd immunity” – യെ തന്നെ ബാധിച്ചേക്കാം.
കുട്ടികളെ കണ്ടിഷൻ ചെയ്തെടുക്കുന്നതിന്റെ വേറെ ഒരു ഉദാഹരണമാണ് കേരളത്തിലെ വർദ്ധിച്ചു വരുന്ന പർദ്ദ / നിക്കാബ് ഉപയോഗം.നിങ്ങളുടെ കുട്ടികളെ ചെറുപ്പത്തിലേ തന്നെ ഇത് ഇടാൻ ശീലിപ്പിക്കുകയോ വീട്ടിലെ മറ്റുള്ളവർ ഇത് ഇട്ടു കാണുകയോ ചെയ്യുന്പോൾ നിങ്ങൾ കുട്ടികളുടെ മനസിനെ കണ്ടീഷൻ ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങിനെ വളർന്ന വരുന്ന കുട്ടികളോട് പർദ്ദ / നിക്കാബ് നമ്മുടെ കാലാവസ്ഥയ്ക്ക് ചേരുന്നതല്ല എന്ന് പറയുന്പോൾ ഇത് എന്റെ സ്വാതന്ത്ര്യം ആണെന്നാണ് മറുപടി ലഭിക്കുന്നത്. അതിനു പിറകിൽ ചെറുപ്പം മുതലുള്ളതും സാമൂഹികവും ആയ കണ്ടിഷനിംഗ് ആളുകൾ ഓർക്കണം എന്നില്ല. (ഒരു സന്തോഷം : വസ്ത്രത്തിന്റെ കാര്യത്തിൽ ഇത് നടക്കുന്നുണ്ടെങ്കിലും മുസ്ലിം സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾ വർധിച്ചു തന്നെ വരുന്നുണ്ട്.). കഴിഞ്ഞ ഒരു മുപ്പത് വർഷത്തെ മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണ രീതി എടുത്തു നോക്കിയാൽ മാറ്റം മനസിലാവും.
പറഞ്ഞു വരുന്പോൾ മുന്നോട്ടു വച്ച ഓരോ അടിക്കും രണ്ടടി നമ്മൾ ഇപ്പോൾ പുറകോട്ടു വയ്ക്കുന്നുണ്ടോ എന്നൊരു സംശയം…..
Leave a Reply