നിങ്ങൾക്കറിയാത്ത നിങ്ങളുടെ രഹസ്യങ്ങൾ….

ഇത് നിങ്ങളെകുറിച്ചാണ്. നിങ്ങളറിയാത്ത നിങ്ങളുടെ രഹസ്യങ്ങളെ കുറിച്ചും ഇതുവരെ കാണുക പോലും ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മനസിനെ എനിക്ക് ഇവിടെ ഇരുന്നു കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നത് എങ്ങിനെ എന്നതിനെ കുറിച്ചും. ദയവായി അവസാനം വരെ വായിക്കുക. എന്ത് കൊണ്ട് പലപ്പോഴും നീളം കൂടുതലുള്ള പോസ്റ്റുകൾ നിങ്ങൾ വായിക്കുന്നില്ല എന്നതിന്റെ ഉത്തരം കൂടി ഇത് വായിച്ചാൽ കിട്ടും 🙂
 
ഒന്ന് രണ്ടു ചോദ്യങ്ങളിൽ നിന്ന് തുടങ്ങാം… (ദയവായി ഗൂഗിൾ ചെയ്യാതെ ഉത്തരം പറയുക, അറിയില്ലെങ്കിൽ ഊഹിച്ചാൽ മതി)
 
1) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളായ റെഡ് വുഡ് മരങ്ങളുടെ ഉയരം 1200 അടിയേക്കാൾ കൂടുതലാണോ കുറവാണോ ?
2) മേൽപ്പറഞ്ഞ റെഡ്‌വുഡ് മരത്തിന്റെ ഉയരം നിങ്ങളുടെ ഊഹത്തിൽ ഏകദേശം എത്ര അടി ആണ്?
 
താഴെ കാണുന്ന വാചകങ്ങളിൽ ഏറ്റവും ശരിയായ ഒരുത്തരം തിരഞ്ഞെടുക്കുക.
 
1) 2005 ന് ശേഷം സിറിയ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിച്ചത് കൊണ്ട് സ്വീഡനിൽ ബലാത്സംഗ കേസുകളുടെ എണ്ണം 200% കണ്ടു വർധിച്ചു.
2) അമേരിക്കയിൽ തോക്കു കൊണ്ടുള്ള ആക്രമണം (gun violence) കൊണ്ടുള്ള മരണം ഭീകര ആക്രമണം കൊണ്ട് മരിക്കുന്നവരുടെ എണ്ണത്തെക്കാൾ ആയിരം ഇരട്ടിയാണ്.
 
ഇനി ഇതിന്റെ ഉത്തരം എല്ലാം പറയുന്നതിന് മുൻപ് രണ്ടു ചെറിയ ചോദ്യങ്ങൾ കൂടി. മനക്കണക്കായി ചെയ്യുക.
 
1) 2 + 2 =
2) 12 X 19 =
 
മുകളിലെ ചോദ്യങ്ങളിൽ ആദ്യത്തേതിന്റെ ഉത്തരം പുഷ്പം പോലെ നിങ്ങൾക്ക് പറയാൻ കഴിഞ്ഞു കാണും. ഒട്ടും പ്രയത്നം ഇല്ലാതെ കൂട്ടിനോക്കാതെ എവിടെ നിന്ന് ഉത്തരം വന്നു എന്ന് പോലും നമുക്ക് അറിയാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം അത്ര എളുപ്പം അല്ല, തലച്ചോറിൽ എവിടെയോ എന്തൊക്കെയോ ചക്രങ്ങൾ തിരിയുന്നത് നമുക്ക് അറിയാൻ കഴിഞ്ഞു. തല ഉപയോഗിക്കേണ്ടി വന്നു.
 
ഇതിനു കാരണം നമ്മുടെ തലച്ചോറിൽ ഉള്ള രണ്ടു തരം സിസ്റ്റങ്ങൾ ആണ്. നമുക്ക് ഇതിനെ സിസ്റ്റം ഒന്ന്, സിസ്റ്റം രണ്ട് എന്ന് വിളിക്കാം. സിസ്റ്റം ഒന്ന് അധികം ആലോചിക്കാതെ പെട്ടെന്ന് തീരുമാനം എടുക്കാൻ സഹായിക്കുന്ന സിസ്റ്റം ആണ്. ഒരു സുഹൃത്തിനെക്കാണുന്പോൾ തിരിച്ചറിയുന്നതും സംസാരിക്കുന്നതും ഡ്രൈവ് ചെയ്യുന്നതും ഭാര്യയുടെയോ ബോസിന്റെയോ മുഖം കണ്ടു അവർ ഹാപ്പി ആണോ ദേഷ്യത്തിൽ ആണോ എന്ന് തിരിച്ചറിയുന്നതും മറ്റും അയത്നലളിതമായി നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആണ്. ഇത് സിസ്റ്റം ഒന്ന് ചെയ്യുന്നതാണ്.
 
എന്നാൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നത് മുതൽ ഏതു കാർ വാങ്ങണം, പുതിയതായി പണിയുന്ന വീടിന്റെ ഡിസൈൻ എന്നിങ്ങനെ പല കാര്യങ്ങളും നമ്മൾ തല പുകച്ചു ചെയ്യേണ്ട കാര്യങ്ങൾ ആണ്. ഇത് ചെയ്യുന്നത് സിസ്റ്റം രണ്ട് ആണ്.
 
ഇങ്ങിനെ രണ്ടു സിസ്റ്റം തലച്ചോറിൽ ഉണ്ടാവാൻ ഒരു പരിണാമപരമായ കാരണം ഉണ്ട്. മനുഷ്യൻ വേട്ടയാടി നടന്ന സമയത്തു ഒരു പൊന്തക്കാട്ടിൽ മഞ്ഞയും കറുപ്പും വരയുള്ള ഒരു ജീവിയെ കണ്ടു കൗതുകത്തോടെ അതിനടുത്തു പോയി കടുവ ആണെന്ന് ഉറപ്പു വരുത്തിയവരെല്ലാം പെട്ടെന്ന് തന്നെ കടുവയുടെ വായിൽ പോയവരാണ്, മഞ്ഞയും കറുപ്പും കണ്ടാൽ കടുവ ആണോ അല്ലെ എന്നൊന്നും നോക്കാതെ ജീവനും കൊണ്ട് പാഞ്ഞവരുടെ പിൻ തലമുറക്കാരാണ് നമ്മൾ. അതിജീവനം ആണ് ഈ സിസ്റ്റം ഒന്ന് തലച്ചോറിൽ കൂടുതൽ ഉപയോഗിക്കപെടാൻ ഒരു കാരണം.
 
മറ്റൊരു കാരണം ഊർജ ഉപയോഗം ആണ്. ശരീരത്തിന്റെ വെറും രണ്ടു ശതമാനം മാത്രം ഭാരം ഉള്ള തലച്ചോർ നമ്മുടെ ഊർജത്തിന്റെ ഇരുപതു ശതമാനം ഉപയോഗിക്കുന്ന ഒരു അവയവം ആണ്. പണ്ട് വേട്ടയാടി നടന്ന കാലത്തു സ്ഥിരമായി ഭക്ഷണം ലഭിക്കാത്ത വേളയിൽ ഊർജം അധികം ചിലവഴിക്കാതെ നോക്കാൻ വേണ്ടി ആണ് ഇത്തരം രണ്ടു സിസ്റ്റങ്ങൾ ഉണ്ടായി വന്നത്. അധികം ഊർജം ഉപയോഗിക്കാതെ , അധികം കാര്യകാരണങ്ങൾ അപഗ്രഥിക്കാതെ പെട്ടെന്ന് തീരുമാനം എടുക്കുന്ന ഒരു സിസ്റ്റം. പലപ്പോഴും ശരിയായി തീരുമാനങ്ങൾ എടുക്കുന്ന ഈ സിസ്റ്റം ആണ് കൂടുതൽ സമയവും നമ്മൾ ഉപയോഗിക്കുന്നത്. തെറ്റ് പറ്റിയാലും കുഴപ്പത്തെ ഇല്ലാത്ത കാര്യങ്ങൾക്കാണ്‌ ഈ സിസ്റ്റം ഉപയോഗിക്കേണ്ടത്. മഞ്ഞയും കറുപ്പും ഉള്ളത് കടുവ അല്ലെങ്കിലും ഓടിയത് കൊണ്ട് കുഴപ്പത്തെ വരാനില്ല. ഊർജം ലഭിക്കാൻ വേണ്ടി മനുഷ്യന്റെ തലച്ചോർ സിസ്റ്റം ഒന്ന് കൂടുതൽ നേരം ഉപയോഗിക്കാൻ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
 
എന്നാൽ ചെയ്യേണ്ട കാര്യങ്ങൾ ശരിയായി വന്നില്ലെങ്കിൽ ജീവൻ അപകടത്തിൽ ആവുന്ന കാര്യങ്ങൾ സമയം എടുത്തു ആലോചിച്ചു അപഗ്രഥിച്ചു ചെയ്യേണ്ട കാര്യങ്ങൾക്ക് സിസ്റ്റം രണ്ട്‌ തന്നെ ഉപയോഗിക്കണം, ഉദാഹരണത്തിന് ഒരു റോഡ് കുറുകെ കടക്കാൻ നിൽക്കുന്പോൾ വളരെ അധികം കണക്കു കൂട്ടലുകൾ നമ്മുടെ തലച്ചോറിലൂടെ കടന്നു പോകുന്നുണ്ട്. തെറ്റിയാൽ മരണം സംഭവിക്കാവുന്നത് കൊണ്ട് സമയവും ഊർജവും എടുത്താണ് തലച്ചോർ എപ്പോൾ റോഡ് മുറിച്ചു കടക്കണം എന്ന് കണക്കുന്നതു.
പക്ഷെ നാം വിചാരിക്കുന്ന പോലെ അത്ര ബുദ്ധിയുള്ള ഒന്നല്ല നമ്മുടെ തലച്ചോർ. പലപ്പോഴും രണ്ടാമത്തെ സിസ്റ്റം ഉപയോഗിക്കേണ്ട ജീവൻ അപകടത്തിൽ ആവുന്ന സമയത്തു പോലും സിസ്റ്റം ഒന്ന് ഉപയോഗിക്കാൻ ശ്രമിക്കും. ഉദാഹരണത്തിന് എന്റെ പെങ്ങളുടെ മകന് ഹെപ്പറ്റൈറ്റിസ് വന്നപ്പോൾ ആരുടെയോ ഉപദേശ പ്രകാരം വയനാട്ടിൽ ഒരു നാട്ടു വൈദ്യനെ കണ്ടു. വൈദ്യൻ കൊടുത്ത ഒറ്റമൂലി കഴിച്ചു പഥ്യം എടുത്തു വിശ്രമിച്ചപ്പോൾ രോഗം മാറി. കുറെ കൂട്ടുകാരോട് ഈ വൈദ്യരെ പറ്റി പറയുകയും ചെയ്തു. ഇതറിഞ്ഞ ഞാൻ നമ്മുടെ നാട്ടിൽ ഒരു മെഡിസിൻ നോബൽ പ്രൈസ് വരുന്നതെല്ലാം സ്വപ്നം കണ്ടു ഇവന്റെ രക്ത പരിശോധന ഫലം ഒരു ഡോക്ടർ സുഹൃത്തിന് അയച്ചു കൊടുത്തു. ഇത് ഹെപ്പറ്റൈറ്റിസ് A ആണ്, ഇതിനു വിശ്രമം മാത്രം മതി പ്രത്യേകിച്ച് മരുന്നൊന്നും വേണ്ട എന്ന് സുഹൃത്ത് പറഞ്ഞു, വൈദ്യനെ കണ്ടില്ലായിരുന്നെങ്കിലും രോഗം മാറുമായിരുന്നു, പക്ഷെ ഈ വൈദ്യന്റെ മേൽ വന്ന വിശ്വാസം അവനെ അടുത്ത തവണ ഹെപ്റ്റിറ്റിസ് ബി വന്നാലും ഇയാളുടെ അടുത്ത എത്തിച്ചേനെ, പണി പാളിയേനെ.
 
എന്ത് കൊണ്ടാണ് വളരെ വർഷങ്ങൾ എടുത്തു ചെയ്യുന്ന ക്ലിനിക്കൽ സ്റ്റഡീസ് (ഇങ്ങിനെ പഠനം നടക്കുന്ന 100 മരുന്നുകളിൽ ഈ പരീക്ഷണങ്ങൾ എല്ലാം വിജയിച്ചു പുറത്തിറങ്ങുന്നത് അഞ്ചോ ആറോ മാത്രം ആണ് https://www.fda.gov/ForPatients/Approvals/default.htm) വിശ്വസിക്കാതെ നമ്മൾ ആരുടെയോ വാക്കുകൾ വിശ്വസിക്കുന്നത്? ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെ വാക്‌സിനുകളെ കുറിച്ചുള്ള കള്ള പ്രചാരങ്ങൾ വിശ്വസിക്കുന്നത്? എന്ത് കൊണ്ടാണ് പ്രസവത്തെ വീട്ടിലാക്കിയാൽ കുഴപ്പം ഇല്ല എന്ന് കരുതുന്നത്? എന്ത് കൊണ്ടാണ് ഒരു ഒറ്റമൂലി കൊണ്ട് എല്ലാ രോഗവും മാറ്റം എന്ന് ഒരാൾ പറയുന്പോൾ ചിലരെങ്കിലും വിശ്വസിക്കുന്നത്?
 
കാരണം നമ്മുടെ തലച്ചോർ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന, വസ്തുതകളേക്കാളും കണക്കുകളെക്കാളും ഉപരി മറ്റുള്ള ഒരാളുടെ പറഞ്ഞു കേട്ട അനുഭവങ്ങൾ വിശ്വസിക്കാൻ കൂടുതൽ മുൻ‌തൂക്കം കൊടുക്കുന്ന, സിസ്റ്റം ഒന്ന് കൂടുതൽ ഉപയോഗിക്കാൻ വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള ഒന്നാണ്.
 
ഇത് കൊണ്ടാണ് അനുഭവ കഥകൾ എഴുതുന്പോൾ കൂടുതൽ ലൈക് കിട്ടുന്നതും ശാസ്ത്രീയ പഠനങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റുകൾ അധികം ആരും ശ്രദ്ധിക്കാതെ പോകുന്നതും. പോസ്റ്റുകളുടെ നീളം നോക്കി നമ്മുടെ തലച്ചോർ ഇത് വായിക്കേണ്ട എന്ന് തീരുമാനിക്കുന്നതിനും കാരണം ഇതാണ്. മോഹനൻ വൈദ്യർക്കും ജേക്കബ് വടക്കുഞ്ചേരിക്കും ഇൻഫോ ക്ലിനിക്കിനെക്കാൾ റീച് കിട്ടാൻ കാര്യവും ഇത് തന്നെയാണ്.
 
പക്ഷെ ഇങ്ങിനെ സിസ്റ്റം ഒന്ന് ഉപയോഗിക്കുന്പോൾ അനേകം തെറ്റുകൾ വരാൻ സാധ്യത ഉണ്ട്. ഉദാഹരണത്തിന് നമ്മുടെ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് വരാം.
 
1) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളായ റെഡ് വുഡ് മരങ്ങളുടെ ഉയരം 1200 അടിയേക്കാൾ കൂടുതലാണോ കുറവാണോ ?
2) മേൽപ്പറഞ്ഞ റെഡ്‌വുഡ് മരത്തിന്റെ ഉയരം ഏകദേശം എത്ര അടി ആണ്?
 
ഏറ്റവും ഉയരം കൂടിയ റെഡ്‌വുഡ് മരത്തിന് വെറും 380 അടി ഉയരം മാത്രമേ ഉള്ളൂ. പക്ഷെ ഇത് നേരത്തെ അറിയാമായിരുന്ന കുറച്ചു പേരൊഴികെ മിക്കവരുടെയും ഊഹം ഇതിനേക്കാൾ കൂടുതൽ ആയിരുന്നു എന്ന് എനിക്കറിയാം. കാരണം ഇത് 1200 അടിയേക്കാൾ കൂടുതലാണോ കുറവാണോ എന്ന് ഒരു ചോദ്യം ഇതിനു മുൻപേ ഞാൻ ഇട്ടു കൊടുത്തിട്ടുണ്ട്, നമ്മുടെ മനസ് ആ സംഖ്യയുടെ അടുത്തുള്ള ഒരു സംഖ്യ ആണ് ഉയരമായി നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. സാമൂഹിക മനശ്ശാസ്ത്രത്തിൽ ഇതിനെ നങ്കൂരം ഇടൽ ( anchoring) എന്നാണ് പറയുക. എത്ര എളുപ്പം ആണ് നമ്മുടെ തലച്ചോറിനെ പറ്റിക്കാൻ കഴിയുന്നത്. ഇരുന്നൂറു രൂപ വിലയുള്ള വസ്തുക്കൾക്ക് 199.99 രൂപ വിലയിട്ടിരിക്കുന്നത് എന്ത് കൊണ്ടാണെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ തലച്ചോർ അബോധമായി 199.99 നെ ഇരുന്നൂറിന് പകരം നൂറു രൂപയുമായി ആണ് ബന്ധപ്പെടുത്തുന്നത്.
 
ചില വക്കീലന്മാരും പോലീസുകാരും തലച്ചോറിന്റെ ഈ സവിശേഷത ഉപയോഗപ്പെടുത്താറുണ്ട്. ഇസ്രത് ജഹാൻ കേസിൽ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്ത വേളയിൽ പോലീസ് ഇത് വിദഗ്ധമായി ഉപയോഗിച്ചത് വായിച്ചത് ഓർമ വരുന്നു. ഇതിനെ പറ്റി മലയാളത്തിൽ സിനിമ തന്നെ ഇറങ്ങിയിട്ടുണ്ടല്ലോ…
 
1) 2005 ന് ശേഷം സിറിയ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിച്ചത് കൊണ്ട് സ്വീഡനിൽ ബലാത്സംഗ കേസുകളുടെ എണ്ണം 200% കണ്ടു വർധിച്ചു.
 
2) അമേരിക്കയിൽ തോക്കു കൊണ്ടുള്ള ആക്രമണം (gun violence) കൊണ്ടുള്ള മരണം ഭീകര ആക്രമണം കൊണ്ട് മരിക്കുന്നവരുടെ എണ്ണത്തെക്കാൾ ആയിരം ഇരട്ടിയാണ്.
 
ഉത്തരം രണ്ടാമത്തേതാണ്. 2015 ലെ സ്വീഡനിലെ ബലാത്സംഗ കേസുകളുടെ എണ്ണം 2005 ലേതിനേക്കാൾ കുറവായിരുന്നു. അമേരിക്കയിൽ ഭീകര ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആയിരം ഇരട്ടി ആണ് തോക്കു കൊണ്ടുള്ള അക്രമത്തിൽ കൊല്ലപ്പെടുന്നവർ.
 
അങ്ങിനെ സിസ്റ്റം രണ്ട് ഉപയോഗിക്കേണ്ട സ്ഥലത്തു നമ്മുടെ തലച്ചോർ സിസ്റ്റം ഒന്ന് ഉപയോഗിക്കുന്നത് മൂലം ഉണ്ടാവുന്ന ചില പ്രശ്നങ്ങൾ ഇവിടെ പറയാം. ഓരോന്നും ഓരോ പോസ്റ്റിനുള്ള വകയാണ്. ഇവിടെ ചുരുക്കി പറഞ്ഞു പോകാം.
 
1) ഫ്രെമിങ് : പരാജയപ്പെടാൻ പത്തു ശതമാനം സാധ്യത ഉള്ള ഒരു ഓപ്പറേഷൻ നിങ്ങൾ തിരഞ്ഞെടുക്കുമോ അതോ തൊണ്ണൂറു ശതമാനം വിജയ സാധ്യത ഉള്ള ഒരു ഓപ്പറേഷൻ നിങ്ങൾ തിരഞ്ഞെടുക്കുമോ ? കണക്കു പ്രകാരം ഇത് രണ്ടും ഒന്നാണെങ്കിലും ആളുകൾ രണ്ടാമത്തെ ഓപ്പറേഷൻ ആയിരിക്കും തിരഞ്ഞെടുക്കുക. ഇവിടെ ആണ് ആധുനിക ഡോക്ടർമാർ ഭാഷയും കണക്കും പഠിക്കേണ്ടതിന്റെ ആവശ്യകത. നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും, വ്യാജ വൈദ്യന്മാർ എല്ലാം വിജങ്ങളുടെ കഥ മാത്രമേ പറയൂ, എന്നാൽ ആശുപത്രിയിലെ ഡോക്ടർമാർ പരാജയപ്പെടാനുള്ള സാധ്യത ആണ് നിങ്ങളോട് പ്രധാനമായും പറയുന്നത്.
 
നൂറിൽ പത്തു പേർ ഒരു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കാൻ സാധ്യത ഉള്ള ഒരു കാൻസർ കേസിൽ ചില ഡോക്ട്ടർമാർ രോഗികളോട് പറയുന്നത് നൂറിൽ തൊണ്ണൂറു പേരും ഒരു വർഷത്തിനുള്ളിൽ മരിച്ചു പോകും എന്നാണ്, ഇപ്പോഴും ജീവിച്ചിരിക്കുന്ന പത്തു പേരെ എങ്കിലും ഞാൻ കാണിച്ചു തരാം എന്ന് പറയുന്ന വൈദ്യനെ ആളുകൾ കൂടുതൽ വിശ്വസിക്കും. കണക്കു പ്രകാരം ഇത് രണ്ടും ഒന്ന് തന്നേ ആണെങ്കിലും രോഗിയുടെ തലച്ചോറിലെ സിസ്റ്റം ഒന്ന് വൈദ്യൻ പറയുന്ന ഒരു വര്ഷം കഴിഞ്ഞും ജീവിക്കുന്ന അനേകം രോഗികളെ ഞാൻ കാണിച്ചു തരാം എന്ന വാദത്തിൽ വീഴും ( വൈദ്യരുടെ കണക്കുകൾ ആരും ശാസ്ത്രീയമായി പരിശോധിക്കുന്നില്ല എന്നത് വേറെ കാര്യം, ഇത് ഭാഷയുടെ ഒരു ഉദാഹരണമായി പറഞ്ഞു എന്നെ ഉള്ളൂ, ഇത് രണ്ടും ആനയും ആനപിണ്ഡവും ആണ് ഫലങ്ങൾ താരതമ്യപ്പെടുത്തി വരുന്പോൾ). പല പ്രശസ്ത മെഡിക്കൽ സ്കൂളുകളിലും കണക്കും ഭാഷ പരിജ്ഞാനവും പ്രധാനമായും ടെസ്റ്റ് ചെയ്യാൻ കാരണം ഇതാണ്. ഞാൻ നാട്ടിൽ പ്രീ ഡിഗ്രി പഠിച്ചപ്പോൾ കണക്ക് സെക്കന്റ് ഗ്രൂപ്പിന്റെ ഭാഗമേ അല്ലായിരുന്നു.
 
2) ഭയം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ (നെഗറ്റീവ് ബയസ്): വിമാനത്തിൽ പറക്കുന്നതാണോ റോഡിൽ ഡ്രൈവ് ചെയ്യുന്നതാണോ കൂടുതൽ സുരക്ഷിതം? കണക്കു നോക്കിയാൽ ആദ്യത്തേതാണ് എന്ന് കാണാം പക്ഷെ മിക്കവർക്കും വിമാന യാത്ര ഡ്രൈവ് ചെയ്യുന്നതിനേക്കാൾ പേടിയാണ്. നമുക്ക് എന്തെങ്കിലും അസുഖ ലക്ഷണങ്ങൾ വന്നിട്ട് ഗൂഗിളിൽ നോക്കി നിങ്ങൾക്ക് കാൻസർ ആണോ എന്നൊക്കെ എന്നെങ്കിലും സംശയിച്ചിട്ടുണ്ടോ? തൊണ്ട വേദന വന്നാൽ കാൻസർ, ഒരു കുരു വന്നാൽ കാൻസർ തുടങ്ങി… നിങ്ങൾ ഒറ്റക്കല്ല. നമ്മളിൽ പലരും ചെയ്യുന്ന കാര്യം ആണ്. ഭയം നമ്മുടെ തലച്ചോറിന്റെ ഒരു പ്രധാന അതിജീവന മാർഗം ആണ്, പക്ഷെ ആവശ്യം ഇല്ലാത്ത ചില കാര്യങ്ങളിൽ ഇത് കയറി ഇടപെടും എന്ന് മാത്രം.
 
3) കിട്ടിയ പരിമിത വിവരങ്ങളിൽ നിന്ന് വലിയ തീരുമാനങ്ങളിൽ എത്തുന്നത് : ഉദാഹരണത്തിന് അമേരിക്കയിൽ ട്രന്പ് തിരഞ്ഞെടുക്കപെട്ടില്ലായിരുന്നെങ്കിൽ അമേരിക്കയിലെ എല്ലാ ക്രിസ്ത്യാനികളെയും ഒന്നുകിൽ മുസ്ലിങ്ങൾ ആക്കുമായിരുന്നു അല്ലെങ്കിൽ എല്ലാവരുടെയും തല വെട്ടുമായിരുന്നു ( ഇത് ഞാൻ പറഞ്ഞതല്ല, കഴിഞ്ഞ പോസ്റ്റിൽ എന്റെ ഒരു സുഹൃത്ത് കമന്റ് ചെയ്തതാണ്).
 
ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ചു കാണിക്കുന്ന മാധ്യമങ്ങളുടെ ഇരകളാണിവർ. കണക്കു പ്രകാരം അമേരിക്കയിൽ ഭീകര ആക്രമണം മൂലം മരിക്കാൻ ഉള്ള സാധ്യത കട്ടിലിൽ നിന്നും വീണു മരിക്കുന്നതിനേക്കാളോ ഇടിമിന്നലേറ്റ് മരിക്കുന്നതിനേക്കാളോ താഴെ ആണ്. പക്ഷെ മാധ്യമ വാർത്തകൾ എല്ലാം കേട്ടിട്ട് കണക്ക് നോക്കി നിങ്ങളുടെ തലച്ചോറിനെ സമാധാനിപ്പിക്കാൻ നോക്കൂ, ബുദ്ധിമുട്ടായിരിക്കും. അല്ലെങ്കിൽ ലളിതമായി ആലോചിച്ചാൽ അമേരിക്കയിലെ ഗൺ വയലൻസ് മൂലം ഉള്ള മരണം ഭീകരവാദത്തിനേക്കാൾ ആയിരം ഇരട്ടി എന്നെന്നും ആദ്യം ശരിയാക്കേണ്ടത് ഇവിടുത്തെ ഗൺ ഉപയോഗ നിയമങ്ങൾ ആണെന്നും കാണാൻ കഴിയും.
 
അഞ്ഞൂറ് പേജുള്ള പുസ്തകത്തിൽ എഴുതി നിറക്കാൻ മാത്രം കാര്യങ്ങൾ ഇതുമായി ബന്ധപെട്ടു ഉണ്ട്. കൂടുതൽ കാര്യങ്ങൾ പിനീട് വേറെ പോസ്റ്റിൽ എഴുതാം, പക്ഷ അടുത്ത തവണ ജേക്കബ് വടക്കുഞ്ചേരിയെയോ മോഹനൻ വൈദ്യരെയോ കാണാൻ പോകുന്നവർ ഓർക്കുക, ഒരു ഒറ്റമൂലി കൊണ്ട് എല്ലാ രോഗവും മാറ്റം എന്ന് പറയുന്നത് ഒരു വാക്ക് കൊണ്ട് ഒരു നോവൽ എഴുതി എന്ന് പറയുന്നത് പോലെയാണ്. സിസ്റ്റം ഒന്ന് ഉപയോഗിക്കാണോ സിസ്റ്റം രണ്ട് ഉപയോഗിക്കണോ എന്ന് നിങ്ങള്ക് തീരുമാനിക്കാം.
 
ബോണസ് ചോദ്യം : ഒരു ബാറ്റിനും ബോളിനും കൂടി ഒരു രൂപ പത്തു പൈസ ആണ്, ബാറ്റിനു ബോളിനേക്കാൾ ഒരു രൂപ കൂടുതൽ ആണെങ്കിൽ ബാറ്റിന്റെയും ബോളിന്റെയും വിലകൾ എത്ര? ഉത്തരം കമന്റ് ചെയൂ സമ്മാനങ്ങൾ നേടൂ 🙂
 
നോട്ട് 1 : ഡാനിയേൽ കാനേമാൻ : തിങ്കിങ് ഫാസ്റ്റ് ആൻഡ് സ്ലോ. ഇക്കണോമിക്‌സിൽ നോബൽ സമ്മാനം നേടിയ സൈക്കോളജിസ്റ് ആണ്. എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം ആണിത്.
 
 
ഡ്രൈവിംഗ് / ഫ്ലയിങ് : http://traveltips.usatoday.com/air-travel-safer-car-travel-1581.html
 
എന്റെ ചെറുപ്പത്തിൽ ശാസ്ത്ര സാഹിത്യ പരിഷത് ചെയ്തിരുന്ന ശാസ്ത്ര / ആരോഗ്യ പ്രചാരണങ്ങൾ ഇപ്പോൾ ഫേസ്ബുക്കിൽ നടത്തുന്ന ഡോക്ടർമാരുടെ കൂട്ടായ്മ ആയ ഇൻഫോ ക്ലിനിക്ക് (https://www.facebook.com/infoclinicindia/) നിങ്ങൾ ഫോളോ ചെയ്യണ്ട ഒന്നാണ്, ശാസ്ത്രമാണ് വിഷയം, സിസ്റ്റം രണ്ട് ഉപയോഗിച്ച് വായിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: