തുടർച്ചയായ പഴയ പാട്ടുകൾ ആണ് ആദ്യം കാതിൽ വീണത്. ഞാൻ പ്രീ ഡിഗ്രി പഠിച്ച കൊച്ചിൻ കോളേജിന്റെ ബീച്ച് ക്ലീനിങ് പ്രോഗ്രാമിന്റെ ഉത്ഘാടനത്തിന് പോയതായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഗുഡ് ഹോപ്പ് ഓൾഡ് ഹോമിൽ രാവിലെ ഭക്ഷണം കൊടുത്തു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. ഈ പഴയ പാട്ടെല്ലാം കേട്ട് ആളുകൾ ഉറങ്ങി പോകുമല്ലോ, പുതിയ പാട്ടുകൾ വയ്ക്കാൻ പറയൂ എന്ന് ആരോ പറയുന്ന കേട്ടു. കുറച്ചു കഴിഞ്ഞ പഴയ പാട്ടുകൾ നിന്ന്, പുതിയ അടിപൊളി പാട്ടുകൾ വന്നു.
രാവിലെ സ്പീക്കർ എല്ലാം എടുത്തു വയ്ക്കാൻ സഹായിച്ച സമയത്ത് സൗണ്ട് സിസ്റ്റം സെറ്റ് ചെയ്ത ആളെ ഞാൻ ശ്രദ്ധിച്ചിരുന്നു. കറുത്ത് പൊക്കം കുറഞ്ഞു കുറച്ചു പ്രായമുള്ള ഒരു മനുഷ്യൻ. പണ്ട് വലിച്ച ബീഡിയുടെ കറ ചുണ്ടിൽ ഇപ്പോഴും കാണാം. പഴയ പാട്ടുകൾ കേട്ട് തുടങ്ങിയപ്പോൾ തന്നെ മനസിലായി, പഴയ മട്ടാഞ്ചേരി ഫോർട്ട് കൊച്ചി ഭാഗത്ത് വളർന്നു വന്ന ആരോ ആണ്. മട്ടാഞ്ചേരിയുടെ ഗായകൻ ആയ മെഹ്ബൂബിനെ കാണുന്പോഴെല്ലാം വിളിച്ചിരുത്തി പാടിച്ചിരുന്ന, കയറ്റിറക്കു തൊഴിലാളികൾ പോലും ഗസലുകൾ പാടിയിരുന്ന പഴയ മട്ടാഞ്ചേരി. മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല എന്ന ഹിറ്റ് ഗാനം മുതൽ “നയാ പൈസയില്ല കയ്യിൽ നയാ പൈസയില്ല” എന്ന അവസ്ഥ മെഹബൂബിന് വന്നപ്പോൾ വരെ കൂടെ നിന്ന മട്ടാഞ്ചേരി.
പരിചയപ്പെടാൻ ചെന്നപ്പോൾ ആള് കുറച്ച് ദേഷ്യത്തിൽ ആയിരുന്നു.
“വേറെ കുറെ പരിപാടി ഉണ്ടായിട്ടും ഇതൊരു നല്ല കാര്യത്തിനാണല്ലോ എന്നോർത്താണ് ഞാൻ സമ്മതിച്ചത്. ഉച്ചയ്ക്ക് റിയാസ് കോമുവുമായി (കൊച്ചിൻ ബിനാലെയുടെ കുറേറ്റർ) ഒരു മീറ്റിംഗ് ഉണ്ട്, ഓഗസ്റ്റ് 21ന് റിയാസിന്റെ ഉരു എന്ന പരിപാടിയുടെ ഭാഗമായി ഒരു ഗാനം റെക്കോർഡ് ചെയ്യാനുള്ളതാണ്. അതിന്റെ തിരക്കിനിടയിൽ ആണ് എന്റെ സുഹൃത് വിളിച്ച ഈ പരിപാടിയെ കുറിച്ച പറയുന്നത്. എന്ത് തരം പാട്ടു വേണം എന്ന് എന്നോട് പറഞ്ഞില്ല അത് കൊണ്ടല്ലേ ഞാൻ പഴയ പാട്ടുകൾ വച്ചതു, അതിനു എന്നെ വന്നു ആളുകൾ വഴക്ക് പറഞ്ഞു. മോൻ കണ്ടതല്ലേ സൗണ്ട് സിസ്റ്റം സെറ്റ് ചെയ്യാൻ വന്ന ഞാൻ നിങ്ങളുടെ കസേര നിരത്തി വയ്ക്കാനും ബാനർ കെട്ടാനുമെല്ലാം സഹായിച്ചത്….” ആരോ വഴക്കു പറഞ്ഞതിന്റെ ദേഷ്യം ആണ്.
“അപ്പോൾ ഇക്ക പാട്ടുകാരൻ കൂടിയാണോ? ഇക്കയുടെ പേരെന്താണ്?”
“എന്റെ പേര് സിദ്ദിഖ്. പണ്ടൊക്കെ കുറെ പാട്ടു പാടുമായിരുന്നു. മെഹബൂബിന്റെ പാട്ടെല്ലാം. മട്ടാഞ്ചേരിക്ക് അതിന്റെതായ ഒരു പാട്ടു സംസ്കാരം ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം പോയി. ഞാനും കൂട്ടുകാരൻ അബുവും കൂടിയാണ് മെഹബൂബിന്റെ പാട്ടുകൾ പാടുന്നത്. ഒരു കരോക്കെ സിസ്റ്റം ഉണ്ട്. കിട്ടുന്ന വരുമാനം എല്ലാം ചെറിയ കുട്ടികൾക്ക് ഭക്ഷണത്തിനും പഠിക്കാനും മറ്റും കൊടുക്കും. ഇതുവരെ ആയിരത്തി ഇരുന്നൂറിലേറെ കുട്ടികൾക്ക് പൈസ കൊടുത്തിട്ടുണ്ട്…
കുറെ നാൾ കഴിഞ്ഞു ഇപ്പോൾ ആണ് റിയാസ് കോമു വിളിക്കുന്നത്, പഴയ പാട്ടുകൾ ഒന്ന് കൂടി പാടാൻ… ”
ആ കുറിയ മനുഷ്യൻ എന്റെ മുൻപിൽ വളർന്നു വലുതായി. കൊച്ചിയിൽ മെഹബൂബിന്റെ പാട്ടുകൾ പാടുന്ന അവസാന കൂട്ടുകെട്ടുകളിൽ ഒന്നായ അബു-സിദ്ദിഖ് കൂട്ടുകെട്ടിലെ സിദിഖ് ആണ് എന്റെ മുൻപിൽ ഇരിക്കുന്ന മനുഷ്യൻ. ആരും അറിയാതെ കുറെ ഏറെ ആളുകളെ സഹായിച്ച ഒരാൾ.
“ഇക്ക വിഷമിക്കണ്ട, എല്ലാവരും പുതിയ പിള്ളേരാണ്, പഴയ പാട്ടെല്ലാം ഇഷ്ടമാവണം എന്നില്ല അതുകൊണ്ടാവും അങ്ങിനെ പറഞ്ഞത്.” ഞാൻ സമാധാനിപ്പിക്കാൻ നോക്കി.
“അത് കുഴപ്പമില്ല, എന്തായാലും ഇവിടുത്തെ കാര്യങ്ങൾ നടന്നല്ലോ. അത് തന്നെ എന്റെ സന്തോഷം. പുതിയ കുട്ടികളല്ലേ, ഞങ്ങൾ വയസ്സന്മാരല്ലേ ഇതൊക്കെ ക്ഷമിച്ചു കൊടുക്കേണ്ടത്, എനിക്കൊരു പ്രശ്നവുമില്ല..”
ഉത്ഘാടനത്തിന് ശ്രീറാം വെങ്കിട്ടരാമൻ വരുന്നു എന്ന അന്നൗൺസ്‌മെന്റ് മുഴങ്ങി. ശ്രീറാം വെങ്കിട്ടരാമന്റെ ലളിതവും സുന്ദരവുമായ പ്രസംഗം ശ്രദ്ധിച്ചു കൊണ്ട് അരികിൽ ആരാലും അധികം ശ്രദ്ധിക്കപ്പെടാതെ സിദ്ധിക് ഇക്ക ഇരുന്നു. ചെറിയ ലോകത്തെ ഒരു വലിയ മനുഷ്യനായി….
അറിയപ്പെടാതെ പോകുന്ന ഇത്തരം ചെറിയ – വലിയ മനുഷ്യരാണ് ഈ ലോകത്തെ അതിസുന്ദരമാക്കുന്നത്…
https://www.facebook.com/uruartharbour/videos/185055258701670/
Leave a Reply