കാറ്റും മഴയും മഞ്ഞുമെല്ലാം വിൽക്കാനും വാങ്ങാനും കഴിയുമോ? അതെ എന്നുമാത്രമല്ല, കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന മാർക്കറ്റ് ആണിത്. എനിക്ക് വട്ടാണെന്ന് പറയുന്നതിന് മുൻപ് തുടർന്ന് വായിക്കുക.
ഒരു കന്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ചെറിയ ഭാഗങ്ങൾ ആയ സ്റ്റോക്കുകൾ സ്റ്റോക്ക് മാർക്കെറ്റിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാം എന്ന് നിങ്ങൾക്ക് അറിയാമല്ലോ. അത് പോലെ കമ്മോഡിറ്റി മാർക്കറ്റുകളിൽ വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന ചിലതാണ് ഫോർവാർഡ് / ഫ്യൂച്ചർസ് കോൺട്രാക്ടുകൾ. വായിൽ കൊള്ളാത്ത വാക്കുകൾ ആയതു കൊണ്ട് ലളിതമായി വിശദീകരിക്കാം.
നിങ്ങൾക്ക് ബ്രെഡ് ഉണ്ടാക്കുന്ന ഒരു വലിയ കന്പനി ഉണ്ടെന്നു വിചാരിക്കുക. പലരും സ്ഥിരമായി നിങ്ങളുടെ കടയിൽ നിന്ന് നിശ്ചിത വിലയിൽ ബ്രഡ് വാങ്ങുന്നുണ്ട്. പക്ഷെ ഒരു കുഴപ്പം ഉണ്ട്. ഈ ബ്രഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതന്പ് നിങ്ങൾ മാർകെറ്റിൽ നിന്ന് വാങ്ങുന്പോൾ അതിന്റെ വില കൂടുകയും കുറയുകയും ചെയ്യും. പെട്ടെന്ന് ഗോതന്പ് ക്ഷാമം വന്നു വില വളരെ കൂടിയാൽ നിങ്ങളുടെ കന്പനി നഷ്ടത്തിൽ ആവും.
ഇനി നിങ്ങൾ ഒരു ഗോതന്പ് കൃഷിക്കാരൻ ആണെന്ന് സങ്കൽപ്പിക്കുക. ഇപ്പോൾ നിങ്ങളുടെ പ്രശ്‌നം ബ്രഡ് കന്പനിക്കാരന്റെ പ്രശ്നത്തിന്റെ നേരെ വിപരീതമാണ്. നല്ല മഴ കിട്ടി കൂടുതൽ ഗോതന്പ് ഉണ്ടായാൽ വില കുറയും. ചിലപ്പോൾ വിത്തിന്റെയും വളത്തിൻെറയും വില പോലും കിട്ടില്ല. അധ്വാനം വെറുതെ ആവുകയും ചെയ്യും.
ഇവിടെ ആണ് ഫ്യൂച്ചർസ് കോൺട്രാക്ടുകളുടെ രംഗപ്രവേശം. കൃഷിക്കാരൻ ഭാവിയിലെ ഒരു തീയതിയിൽ (expiration date ) ഒരു നിശ്ചിത വിലയ്ക്ക് (future price ) ഇത്ര അളവ് (lot size ) ഗോതന്പ് വിൽക്കാം എന്ന് ഒരു ഉടന്പടി ഉണ്ടാക്കുന്നു. ഈ കോൺട്രാക്ട് ഒരു നിശ്ചിത വിലയ്ക്ക് ബ്രെഡ് ഉണ്ടാക്കുന്ന കന്പനിക്കാരൻ വാങ്ങുന്നു. ഭാവിയിൽ ഗോതന്പിന്റെ വില കുറയുകയാണെങ്കിൽ കൃഷിക്കാരന് നഷ്ടം ഉണ്ടാവുന്നില്ല, കാരണം കൃഷിക്കാരൻ നിശ്ചയിച്ച വിലയ്ക്ക് ബ്രെഡ് കന്പനിക്കാരൻ ഗോതമ്പ് വാങ്ങാൻ ബാധ്യസ്ഥൻ ആണ്. ഇനി ഗോതമ്പന്റെ വില കൂടുകയാണെങ്കിൽ ബ്രെഡ് ഉണ്ടാക്കുന്ന ആൾക്ക് നഷ്ടം വരില്ല കാരണം നേരത്തെ നിശ്ചയിച്ച വിലയിൽ ഗോതന്പ് വിലക്കാൻ കൃഷിക്കാരൻ ബാധ്യസ്ഥൻ ആണ്.
ഇത് പോലെ വളരെ അധികം വസ്തുക്കൾ വാങ്ങാനും വിൽക്കാനും കോൺട്രാക്ട് ഉണ്ട്. ഗോതന്പ് , ഓറഞ്ച് ജ്യൂസ്, പെട്രോൾ, സ്വർണം തുടങ്ങിയ വിലപിടിച്ച വസ്തുക്കൾ (precious metals ) , കൂടുതൽ നാൾ സൂക്ഷിച്ചു വയ്ക്കാവുന്ന പോർക്ക് ബെല്ലി, കാപ്പി , കറൻസി തുടങ്ങി വളരെ അധികം വസ്തുക്കൾ ചിക്കാഗോ മെർക്കന്റിലെ എക്സ്ചേഞ്ച് പോലുള്ള കമ്മോഡിറ്റി മാർക്കറ്റുകളിൽ വാങ്ങാൻ കഴിയും. വിദേശത്ത് കന്പനിയോ നിക്ഷേപമോ ഉള്ളവർ കറൻസി ഫ്യൂച്ചർസ് വാങ്ങിയാൽ വിനിമയ നിരക്കിന്റെ വ്യത്യസം കൊണ്ടുള്ള റിസ്ക് ഒഴിവാക്കാം (FX futures ).
ഇത് വളരെ ലളിതം ആണെങ്കിലും ഒന്ന് രണ്ടു പ്രശ്നങ്ങൾ ഉണ്ട്. ഒന്നാമതായി ഒരു കോൺട്രാക്ടിന്റെ വില കുറവാണെങ്കിലും അതിൽ പറയുന്ന സാധനത്തിന്റെ അളവ് ഭീമം ആയിരിക്കും. മാർജിൻ എന്നാണ് ഇതിനെ പറയുന്നത്. അഞ്ചു ശതമാനം മുതൽ പതിനഞ്ച് ശതമാനം വരെ മാത്രം ആണ് കമ്മോഡിറ്റി മാർക്കറ്റിലെ മാർജിൻ. ഉദാഹരണത്തിന് ഒരു ഗോതന്പ് ഫ്യൂച്ചർ കോൺട്രാക്ട് യഥാർത്ഥത്തിൽ 5000 ബുഷെൽ (130 മെട്രിക് ടൺ) ഗോതന്പിന് വേണ്ടിയുള്ളത് ആണ്. $1700 ഡോളർ ഉണ്ടെങ്കിൽ $35000 രൂപയുടെ ഗോതന്പിനുള്ള കോൺട്രാക്ട് വാങ്ങാനോ വിൽക്കാനും കഴിയും. 10 ലക്ഷം വിലയുള്ള വീടിന് പതിനായിരം രൂപ അഡ്വാൻസ് കൊടുക്കുന്ന പോലെ ആണ് ഈ കോൺട്രാക്ടുകൾ. വീട് വാങ്ങുന്ന സമയം ആവുന്പോൾ 10 ലക്ഷം ഒപ്പിക്കണം.
അതുകൊണ്ട് ഇങ്ങിനെ ചെയ്യുന്ന കച്ചവടത്തിലെ ലാഭവും നഷ്ടവും ആദ്യത്തെ മുതൽ മുടക്കിനേക്കാൾ ഭീമം ആയിരിക്കും. $1700 ഡോളർ ഇട്ടു കളിക്കുന്നവന് $35000 രൂപ വരെ നേടാനോ നഷ്ടപ്പെടാനോ പറ്റും. അറിയാൻ പാടില്ലാത്തവർ ഇത് ട്രേഡ് ചെയ്താൽ ഒരു പക്ഷെ മെട്രിക് ടൺ കണക്കിന് ഗോതന്പോ ആയിരക്കണക്കിന് ബാരൽ പെട്രോളോ ഒരു പക്ഷെ വീട്ടിലേക്ക് വരും.
രണ്ടാമത്തെ പ്രശ്നം തുടങ്ങുന്നത് ബ്രെഡ് കന്പനിക്കാരനോ കൃഷിക്കാരനോ അല്ലാത്തവർ കളത്തിൽ ഇറങ്ങി കളിയ്ക്കാൻ തുടങ്ങുന്പോൾ ആണ്. കുറച്ചു പൈസ ഉള്ളവർക്ക് ഗോതന്പിന്റെ എല്ലാ കോൺട്രാക്ടുകളും വാങ്ങി കയ്യിൽ വച്ച് ആവശ്യാനുസരണം വിറ്റിട്ട് മാർക്കെറ്റിൽ ഗോതന്പിന്റെ വില കൂട്ടാനോ കുറയ്ക്കണോ കഴിയും. അത് പോലെ കറൻസി ട്രേഡ് ചെയ്ത് എക്സ്ചേഞ്ച് റേറ്റുകൾ മുതൽ പെട്രോളിന്റെ വില വരെ ഇങ്ങിനെ ഉള്ള ഊഹ കച്ചവടക്കാർക്ക് മാറ്റി മറിക്കാൻ കഴിയും. പല മാർക്കറ്റുകളുടെയും തകർച്ചയ്ക്ക് പിന്നിൽ ഇങ്ങിനെ ഊഹ കച്ചവടം നടത്തിയ കച്ചവടക്കാരാണ് ഉള്ളത്.
ഇനി നമ്മുടെ തലക്കെട്ടിലേക്ക് വരാം. കാലാവസ്ഥയെ ഉപജീവിച്ചു നടത്തുന്ന കുറെ വ്യവസായങ്ങൾ ഉണ്ട്. അമേരിക്കയിലെ മഞ്ഞു കോരുന്ന കന്പനികളും സ്വിറ്റസർലണ്ടിലെ സ്കീ റിസോർട്ടുകളും മറ്റും മഞ്ഞു പെയ്യുന്നത് ഉപജീവിച്ചു വരുമാനം ഉണ്ടാക്കുന്നവർ ആണ്. ഇങ്ങിനെ ഉള്ളവർക്ക് മഞ്ഞു വീഴ്ച കുറഞ്ഞാൽ വരുമാനം കുറഞ്ഞു നഷ്ടം ഉണ്ടാവും. വിൻഡ് ടർബൈൻ ഉപയോഗിച്ച വൈദുതി ഉൽപ്പാദിപ്പിക്കുന്ന സ്വകാര്യ വൈദ്യത കമ്പനികൾക്ക് കാറ്റ് കുറഞ്ഞാൽ ഒരു പ്രശ്നമാണ്. ഇങ്ങിനെ ഉള്ള കന്പനികൾക്ക് വേണ്ടിയാണ് 1999 ൽ ചിക്കാഗോ മെർക്കന്റയിൽ എക്സ്ചേഞ്ച് കാലാവസ്ഥ ഫ്യൂച്ചർ (weather futures ) ട്രേഡിങ്ങ് തുടങ്ങിയത്. മഴയുടെയും മഞ്ഞിന്റെയും കാറ്റിന്റെയും അളവ് വച്ച് നിങ്ങൾക്ക് കോൺട്രാക്ടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. കാലാവസ്ഥ ചതിച്ചാൽ ഈ ട്രേഡുകളിൽ കൂടിയുള്ള ലാഭം ആ നഷ്ടം കുറയ്ക്കും.
ഇവിടെയും ഇതുമായി ഒന്നും ഒരു ബന്ധവും ഇല്ലാതിരുന്ന വാൾ സ്ട്രീറ്റ് കന്പനിക്കാർ ട്രേഡ് ചെയ്തു പൈസ ഉണ്ടാക്കുമായിരുന്നു. ഞാൻ മുൻപ് ജോലി ചെയ്തിരുന്ന മെറിൽ ലിഞ്ച് എന്ന കന്പനിയിലെ ഹെഡ്ജ് ഫണ്ട് ഡിപ്പാർട്മെന്റിൽ ഞങ്ങൾ കാലാവസ്ഥ പ്രവചിക്കാൻ ഒരു ഡിപ്പാർട്മെന്റ് നടത്തിയിരുന്നു. അവർ ഒരു സൂപ്പർ കന്പ്യൂട്ടർ ലീസ് ചെയ്തിരുന്നു എന്നും കേട്ടിട്ടുണ്ട്.
നമ്മുടെ മട്ടാഞ്ചേരിയിലെ ഇത് പോലെ കുരുമുളക് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു എക്സ്ചേഞ്ച് ഉണ്ടായിരുന്നു. ജ്യൂ ടൗണിനടുത്തുള്ള ഇന്റർനാഷണൽ പേപ്പെർ എക്സ്ചേഞ്ച്. ഇപ്പോൾ പക്ഷെ പൂട്ടിപ്പോയി എന്ന് തോന്നുന്നു.
1983 ൽ ഇറങ്ങിയ ട്രേഡിങ്ങ് പ്ളേസെസ് എന്ന സിനിമ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്. തമാശയിലൂടെ കമ്മോഡിറ്റി ട്രേഡിങ്ങ് അടിസ്ഥാനമാക്കിയുള്ള ഒരു അടിപൊളി പടം. കണ്ടാൽ നഷ്ടം വരില്ല ഉറപ്പ്. (https://www.youtube.com/watch?v=sENssnI9CGc)
കാലാവസ്ഥ ഫ്യൂച്ചറിനെ കുറിച്ച് കൂടുതൽ അറിയാൻ : http://www.investopedia.com/articles/optioninvestor/05/052505.asp
Notes:
ഒന്ന് ) ഭൂരിഭാഗം കേസിലും ഗ്ലോബൽ മാർക്കെറ്റിൽ പരിചയമുള്ള രണ്ടു പേര് തമ്മിൽ ആയിരിക്കില്ല ഇങ്ങിനെ ഉള്ള കോൺട്രാക്ടുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത്. അതുകൊണ്ട് വിശ്വാസ്യത ഉറപ്പു വരുത്താൻ ഒരു കമ്മോഡിറ്റി എക്സ്ചെഞ്ചിലൂടെ ആണ് ഇത്തരം ട്രേഡ് നടക്കുക. കമ്മോഡിറ്റി എക്സ്ചേഞ്ച് എന്നാണ് ഇവയെ വിളിക്കുന്നത്. ഇവരാണ് ഈ കോൺട്രാക്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നത്.
രണ്ട് ) പരസ്പര വിശ്വാസമുള്ള രണ്ടു പേർക്ക് മുകളിൽ പറഞ്ഞ പോലെ അല്ലാതെയും ട്രേഡ് ചെയ്യാം. ഓവർ ദി കൌണ്ടർ (OTC ) ട്രേഡുകൾ എന്നാണ് അവയെ വിളിക്കുക.
മൂന്ന്) കമ്മോഡിറ്റികളുടെ വിൽക്കുന്ന സൈസ് സ്റ്റാൻഡേർഡ് ആക്കി മാറ്റിയിട്ടുണ്ട്. അത് ഒരു ഗോതമ്പ് കോൺട്രാക്ട് വാങ്ങി എന്ന് പറയുന്പോൾ അത് 5000 ബുഷേൽ ആണെന്ന് എല്ലാവർക്കും അറിയാം. സാധാരണ ഒരു USD കറൻസി കോൺട്രാക്ട് $1000 ത്തിന് ഉള്ളതാണ്.
നാല് ) ഞാൻ പറഞ്ഞ പോലെ കമ്മോഡിറ്റിയും ആയി ഒരു ബന്ധവും ആവശ്യവും ഇല്ലാത്തവർക്കും ഈ കോൺട്രാക്ടുകൾ ലാഭം ഉണ്ടാക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ വാങ്ങുകയാണ് വിൽക്കുകയും ചെയ്യാം. ഇങ്ങിനെ ഉള്ളവരാണ് ഇപ്പോഴുള്ള ട്രേഡിന്റെ ഭൂരിഭാഗവും നടത്തുന്നത്.
Leave a Reply