മകനും ഭാര്യയും എവിടെ പോയാലും തങ്ങളെ കൊണ്ടുപോകണമെന്ന് വാശി പിടിക്കുന്ന ചില അമ്മമാരേ കണ്ടിട്ടുണ്ടോ? അത് ഭാര്യയും ഭർത്താവും സിനിമക്ക് പോയാലും ഒന്നോ രണ്ടോ ദിവസത്തേക്ക് ഗോവയിലോ ബാംഗ്ലൂരിലോ കശ്മീരിൽ ഒക്കെ പോയാലും തങ്ങളെ കൊണ്ടുപോകണം എന്ന് മാത്രമല്ല, കൊണ്ടുപോയില്ലെങ്കിൽ തിരികെ വന്നു കഴിയുമ്പോൾ വീടുകളിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കുകയും , ബന്ധുക്കളും അയല്പക്കകാരുമായുള്ള എല്ലാവരോടും നമ്മുടെ കുറ്റം പറയുകയും ചെയ്യുന്ന ചില അമ്മമാരുണ്ട്.
ചില അമ്മമാർ വർഷങ്ങളോളം ആ പക മനസ്സിൽ കൊണ്ട് നടക്കും എന്നുള്ളത് കൊണ്ട്, ഒന്നുകിൽ മക്കൾ യാത്ര തന്നെ ക്യാൻസൽ ചെയ്യും അല്ലെങ്കിൽ എവിടെ പോയാലും അമ്മമാരേ കൂടി കൊണ്ടുപോകും. ഈയടുത്ത് മൂന്നാഴ്ച ഇന്ത്യയിൽ പോയി വന്ന എന്റെ മാനേജർ പറഞ്ഞത് അമ്മയ്ക്ക് മുട്ടുവേദന കാരണം എവിടെയും പോകാൻ കഴിയാത്തത് കൊണ്ട് അവരും എവിടെയും പോയില്ല എന്നാണ്. ഭാര്യയുടെ വീട്ടിൽ പോലും ഒന്നോ രണ്ടോ ദിവസം കൂടുതൽ നിന്നാൽ അമ്മ വഴക്ക് പറയുമത്രെ. മൂന്നാഴ്ച്ച മുഴുവൻ അമ്മയുടെ കൂടെ വീട്ടിൽ തന്നെ നിന്ന് ആയാലും ഭാര്യയും കുട്ടികളും.
ഇങ്ങിനെയുളള വാശിയുടെ കാരണമായി പല അമ്മമാരും പറയുന്നത് തങ്ങളെ തങ്ങളുടെ ഭർത്താക്കന്മാർ എവിടയേയും കൊണ്ടുപോയിട്ടില്ല, ഇതുപോലെ സ്നേഹിച്ചിട്ടില്ല, പരിഗണിച്ചിട്ടില്ല എന്നൊക്കെയാണ്. സംഭവം കേൾക്കുമ്പോൾ ജീവിതത്തിൽ അങ്ങിനെയൊക്കെ നടക്കാത്ത അമ്മമാരോട് നമുക്ക് സങ്കടമൊക്കെ തോന്നുമെങ്കിലും, അവരുടെ ജീവിതത്തിലെ ട്രോമകൾ തീർക്കാനുളളതള്ള അവരുടെ മക്കളുടെ ജീവിതം.
ഇന്ത്യൻ കുടുംബങ്ങളിൽ ചെറുപ്പം മുതൽക്കേ തന്നെ സ്നേഹവാറും ഉത്തരവാദിത്വവും കൂടിക്കലർന്നാണിരിക്കുന്നത്. മാതാപിതാക്കൾ കുട്ടികളെ സ്നേഹിക്കുന്നത് , പ്രായമാവുമ്പോൾ ഈ കുട്ടികൾ അവരെ സ്നേഹിക്കും നോക്കുമെന്നൊക്കെ പ്രതീക്ഷിച്ചാണ്. ചില മാതാപിതാക്കള്ക് പക്ഷെ പരിചരണം മാത്രം പോരാ അവരുടെ പഴയ ജീവിതത്തിലെ കുറ്റവും കുറവുമൊക്കെ മാറ്റേണ്ടത് കൂടി കുട്ടികളുടെ ഉത്തരവാദിത്വമാണ്. അങ്ങിനെ ചെയ്തില്ലെങ്കിൽ, ഞാനൊക്കെ അവനെ പത്ത് മാസം ചുമന്ന് പ്രസവിച്ച്, വളർത്തി വലുതായിക്കിയിട്ട് ഇപ്പോൾ അവർ ആരും എന്നെ നോക്കുന്നില്ല എന്നൊരു വൈകാരിക കുറ്റബോധം കുട്ടികളിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തും. പലരും അതിൽ വീണുപോവുകയും ചെയ്യും.
ഇന്ത്യയിൽ ഭൂരിഭാഗം കേസുകളിലും വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ ഭർത്താവിന്റെ വീടുകളിലേക്ക് മാറി താമസിക്കും. അപ്പോഴാണ് ശരിക്കുള്ള ഡ്രാമ തുടങ്ങുന്നത്. ഭാര്യയെ ഒന്ന് കൂടുതൽ സ്നേഹിച്ചാൽ അമ്മയുടെ പരാതി ഉടനെ വരും. കല്യാണം കഴിഞ്ഞതിൽ പിന്നെ അവനു എന്നെ വേണ്ട, അവളെ മതി, ഇങ്ങിനെ ഒരു പെങ്കോന്തൻ. അമ്മയാണ് ആദ്യം നിന്റെ ജീവിതത്തിൽ വന്നത് ഭാര്യയല്ല. അമ്മയുടെ സന്തോഷം നിന്റെ ചുമതലയാണ്. ഭാര്യയെ അധികം സ്നേഹിക്കാത്ത ഭർത്താക്കന്മാരാണ് ഉത്തമനായ മകൻ എന്നൊരു തെറ്റിദ്ധാരണ ചില അമ്മമാർക്ക് ഉണ്ടെന്ന് തോന്നുന്നു. അതിന്റെ അടിസ്ഥാന കാരണം നോക്കിപോയാൽ നമ്മൾ നമ്മുടെ അമ്മമാരുടെ അസന്തുഷ്ടമായ ദാമ്പത്യ ജീവിതം കാണേണ്ടി വരും.
കുട്ടികളുടെ പ്രവർത്തികളാണ് മാതാപിതാക്കളുടെ സന്തോഷം തീരുമാനിക്കുന്നത് എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. അച്ഛനും അമ്മയും തമ്മിലുള്ള പഴയതും പുതിയതുമായ പ്രശ്നങ്ങളും അവ മൂലമുണ്ടായ ട്രോമകളും തീർക്കാൻ മക്കൾക്ക് യാതൊരു ഉത്തരവാദിത്തങ്ങളും ഇല്ല. അത് അച്ഛന്റെയും അമ്മയുടെയും മാത്രം ഉത്തരവാദിത്വമാണ്. നമ്മളെ ജനിപ്പിച്ച് വളർത്തി വലുതാക്കി എന്നത് മാതാപിതാക്കളുടെ ഇമോഷണൽ ട്രോമ മക്കൾ തീർക്കണമെന്ന് പറയുന്നതിന് ഒരു ന്യായീകരണമേ അല്ല.
അച്ഛനും അമ്മയും ഇടപെട്ടില്ലെങ്കിൽ തന്നെ വളരെ സങ്കീർണമായ ഒന്നാണ് വൈവാഹിക ദാമ്പത്യ ജീവിതം. അത് കൂടുതൽ വഷളാക്കാനേ മേല്പറഞ്ഞ ഇടപെടലുകൾ സഹായിക്കൂ. കുട്ടികളെ ഇമോഷണൽ ആയിട്ട് guilt trap ചെയ്യുന്നതും ഷെയിം ചെയ്യുന്നതും കുട്ടികളുടെ മാനസിക ആരോഗ്യത്തെ തന്നെ ബാധിക്കും.
ഇത് പരിഹരിക്കാൻ ചെയ്യേണ്ട ഏറ്റവും എളുപ്പമുളള കാര്യം , വിവാഹ ജീവിതം തുടങ്ങുബോൾ തന്നെ ബൗണ്ടറികൾ നിശ്ചയിക്കുക എന്നതാണ്. മാതാപിതാക്കളെ സാമ്പത്തികമായും മറ്റും സഹായിക്കാൻ തയ്യാർ ആണെന്നും അവരുമായി ക്വാളിറ്റി സമയം പങ്കിടാൻ തയ്യാറാണെന്നും അതെ സമയം തനിക്കും പങ്കാളിക്കും അതെ പോലെ തന്നെ ക്വാളിറ്റി സമയം ആവശ്യമാണെന്നും അതിൽ മാതാപിതാക്കൾ ഇടപെടില്ല എന്നും ആദ്യമേ തന്നെ പറഞ്ഞുറപ്പ് വരുത്തണം. ഇത് പക്ഷെ സാമ്പത്തികമായി ഒറ്റക്ക് നിൽക്കാൻ പറ്റിയാൽ മാത്രമേ നടക്കൂ. സാമ്പത്തികമായി മാതാപിതാക്കളുടെ സഹായം നിങ്ങൾക്ക് വേണം എന്നുണ്ടെങ്കിൽ ഈ ഇമോഷണൽ ഡ്രാമ അതറിഞ്ഞു കൊണ്ട് സഹിക്കുകയോ, അല്ലെങ്കിൽ മാതാപിതാക്കളെ ഇതിനെപറ്റി ബോധവത്കരിക്കുകയോ മാത്രമേ നടക്കൂ. എന്തായാലും തുറന്നു സംസാരിക്കുക.
അമ്മമാർ മാത്രമല്ല, അമിതമായ നിയന്ത്രിക്കുന്ന അച്ചന്മാരുമുണ്ട്. മക്കൾ എത്ര വലുതായാലും അവർക്കൊന്നും അറിയില്ല, എല്ലാം താൻ തന്നെ ചെയ്താലേ ശരിയാകൂ എന്ന് കരുതുന്നവർ. മക്കൾക്ക് ഒറ്റക്ക് സ്ഥലം വാങ്ങാനോ വീട് സ്വന്തം ഇഷ്ടപ്രകാരം വയ്ക്കണോ ഇത്തരക്കാർ സമ്മതിക്കില്ല. അവർക്ക് കൂടി വേണ്ടിയാണ് മുകളിൽ എഴുതിയത്.
മാതാപിതാക്കളുടെ വ്യക്തി വൈകല്യങ്ങളും മാനസിക ട്രോമകളും കാരണം ജീവിത കാലം മുഴുവൻ ട്രോമയിൽ കഴിയേണ്ടി വരുന്ന എന്നെപ്പോലുള്ള ചിലർക്ക് വേണ്ടി എഴുതിയത്. നമ്മൾ ഇതുപോലുള്ള മാതാപിതാക്കൾ ആകാതെ ഇരിക്കാൻ ഉളള ഓർമപ്പെടുത്തൽ കൂടിയാണിത്.
Leave a comment