“മുസ്ലിങ്ങൾ അധികാരത്തിലെത്തി മുഖ്യമന്ത്രി ആകാനാണ് ശ്രമം” എന്ന വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് കേരളത്തിലെ മുസ്ലിം സമുദായത്തിന് അർഹമായ മുഖ്യമന്ത്രി സ്ഥാനം ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്നൊന്ന് പരിശോധിക്കാം.
കേരളം രൂപീകരിച്ച് ഇതുവരെ 22,000 ദിവസങ്ങളാണ് വിവിധ മുഖ്യമന്ത്രിമാർ ഭരിച്ചിട്ടുള്ളത്. അതിൽ 81% (17896) സമയം ഹിന്ദു മുഖ്യമന്ത്രിമാരാണ് ഭരിച്ചിട്ടുളളത്. ഏതാണ്ട് 4000 ദിവസങ്ങൾ (19%) ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഭരിച്ചു . മുസ്ലിം മുഖ്യമന്ത്രി ഭരിച്ചത് വെറും 50 ദിവസങ്ങൾ (0.22 ശതമാനം).
അതായത് 55 ശതമാനം ഹിന്ദുക്കൾ ഉള്ള കേരളത്തിൽ 81 ശതമാനം സമയവും ഹിന്ദു മുഖ്യമന്ത്രിമാർ ആയിരുന്നു. 26 ശതമാനം ഉള്ള മുസ്ലിങ്ങൾ മുഖ്യമന്ത്രി ആയിരുന്നത് വെറും 0.22 ശതമാനം സമയം. ക്രിസ്ത്യൻ സമുദായത്തിന് മാത്രമാണ് പ്രാതിനിധ്യം കൃത്യമായി കിട്ടിയിട്ടുള്ളത് (18% ജനസംഖ്യ, 18 ശതമാനം സമയം ക്രിസ്ത്യൻ മുഖ്യമന്ത്രി).
അതുകൊണ്ട് നമുക്ക് ഇനി കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വേണം. അതിനു വേണ്ടി രണ്ടു മുന്നണികളും മുസ്ലിം നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തികൊണ്ടുവരാൻ ശ്രമിക്കണം. മുസ്ലിം സമുദായം കൂടുതൽ ആളുകൾ രാഷ്ട്രീയ രംഗത്തേക്ക് ഇറക്കാൻ ശ്രദ്ധിക്കണം. കേരളത്തിൽ മുസ്ലിം മുഖ്യമന്ത്രി വന്നാൽ ലോകമൊന്നും തകർന്നു വീഴില്ലെന്ന് മാത്രമല്ല അതൊരു സാമൂഹിക നീതി കൂടിയാകും. അത് നടക്കാതിരിക്കാൻ സമൂഹത്തിൽ ഭീതി പടർത്തുകയാണ് വേണ്ടതെന്ന് വെള്ളാപ്പള്ളിക്ക് നന്നായി അറിയാം. വെള്ളാപ്പള്ളി നടത്തിയ വർഗീയ പരാമർശത്തെ പുള്ളിയുടെ പേര് പറയാതെ അവിടെയും ഇവിടെയും തൊടാതെ വിമർശിച്ച സിപിഎം വലിയ നിരാശയാണ് സമ്മാനിച്ചത്. സ്വരാജ് മാത്രമാണ് വെള്ളാപ്പള്ളി പറഞ്ഞത് വർഗീയത ആണെന്ന് തുറന്നു തന്നെ പറഞ്ഞത്. മന്ത്രി വാസവന് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിനെ കുറിച്ച് ആരെങ്കിലും ക്ലാസ്സെടുത്തു കൊടുത്താൽ നന്നായിരിക്കും. പുള്ളിയെ പറഞ്ഞിട്ടും കാര്യമില്ല, കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിച്ചിട്ട് അധികം നാളായിട്ടില്ല.
മേല്പറഞ്ഞ കണക്കുകളിൽ നമ്മൾ ശ്രദ്ധിക്കാത്ത ഒരു പ്രശ്നമുണ്ട്. കാരണം ഇത് മതത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ മാത്രം ഉള്ള കണക്കാണ്. കേരളത്തിൽ ഇതുവരെ ഒരു സ്ത്രീ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ ഇടതുപക്ഷം ജയിച്ചപ്പോൾ, ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കിയിരുന്നു എങ്കിൽ ഇടതുപക്ഷം ഒരു ചരിത്ര നിർമാണം നടത്തിയേനെ, പക്ഷെ അതുണ്ടായില്ല എന്നെ നിരാശപ്പെടുത്തിയ ഒരു കാര്യമാണ്. ഇനി മറ്റൊരു കോണിലൂടെ നോക്കിയാൽ ഇടുക്കിയിൽ നിന്നൊരു മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അറിവ്. ഒരു ആദിവാസി മുഖ്യമന്ത്രി പോയിട്ട് അവരുടെ എണ്ണത്തിനനുസരിച്ച് ഒരിടത്തും പ്രാധിനിത്യം ഇല്ല. ഇങ്ങിനെ ഓരോ കാര്യങ്ങളെയും പ്രത്യേകം പ്രത്യേകം നോക്കാൻ തുടങ്ങിയാൽ ഇത് കൂടുതൽ സങ്കീർണമായ ഒരു പ്രശ്നമായി മാറുന്നതായി കാണാം. കഴിഞ്ഞ കാലത്തേ ചരിത്രവും സാമൂഹികവുമായ കാരണങ്ങളും കേരളത്തിലെ മുഖ്യമന്ത്രി മുതൽ അദ്ധ്യാപകർ, പോലീസുകാർ, ഐഎസ് ഓഫീസർമാർ ഒക്കെ ഏത് സാമൂഹിക മത ജാതി എന്നിവിടങ്ങളിൽ നിന്ന് വരുന്നു എന്നതിനെ സ്വാധീനിക്കുന്നുണ്ട്. അത് മാറിവരാൻ സമയമെടുക്കും.
എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള കാര്യം, പള്ളുരുത്തി പോലുള്ള ഒരു മതേതര സമൂഹത്തിൽ പഠിച്ചു വളർന്നു എന്നതാണ്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രവും, സഹോദരൻ അയ്യപ്പൻ പ്രസംഗിച്ച മൈതാനവും, അർജുനൻ മാഷിനെ പോലുള്ള ജീനിയസുകളും ഒക്കെ ഈ അഭിമാനത്തിന്റെ കാരണങ്ങളാണ്. പക്ഷെ അവിടെ തന്നെ വന്ന വെള്ളാപ്പള്ളിക്ക് വർഗീയത വിളമ്പാൻ ഇടം കൊടുത്തവർക്ക് ചരിത്രം മാപ്പ് കൊടുക്കില്ല. പള്ളുരുത്തിക്കാർ അർഹിക്കുന്ന വെറുപ്പോടെ വെള്ളാപ്പള്ളിയുടെ വാക്കുകൾ തള്ളിക്കളയുമെന്ന എനിക്കുറപ്പുണ്ട്. ശ്രീ ധർമ പരിപാലന യോഗം പോലുള്ള സംഘടനയെ വെള്ളാപ്പള്ളിയെ പോലുള്ള വർഗീയവാദികകളിൽ നിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ട്.
Leave a comment