ലൈംഗികത ആസ്വദിക്കാൻ ഉള്ളതാണ്..

സെക്സ് ഇഷ്ടമാണെന്ന് ഞാൻ പറയുമ്പോൾ തന്നെ “അയ്യേ” എന്ന് പറഞ്ഞു മുഖം ചുളിക്കുന്ന ആളുകൾ ഉള്ളപ്പോൾ, ഒരു സ്ത്രീ തനിക്ക് സെക്സ് ഇഷ്ടമാണെന്ന് പറഞ്ഞാൽ അവളെ ഒരു പോക്ക് കേസായി പരിഗണിക്കാനും, അവളൊരു വെടിയാണെന്നു പറഞ്ഞു നടക്കാനും ആളുകൾ കാണുമെന്ന് ഊഹിക്കാമല്ലോ.

ആണുങ്ങളോട് സംസാരിച്ചാൽ ചെവി പഴുത്തുപോകുമെന്നൊക്കെ പറഞ്ഞു സോഷ്യൽ കണ്ടിഷനിംഗ് നടത്തിയ സ്ത്രീകളുടെ ഒരു തലമുറയാണ് നമ്മുടേത്, അവിടെ പോയി ലൈംഗികത ആസ്വദിക്കാൻ ഉള്ളതാണ്, ഓർഗാസം ഒരു സ്ത്രീയുടെ അവകാശമാണെന്നൊക്കെ ഒരാണ് പറഞ്ഞാൽ, ഇവനൊരു കളി കിട്ടുമോ എന്നുള്ള അന്വേഷണമാണ് ഈ പോസ്റ്റെന്ന് വിധിയെഴുതാനും കുറെ പേര് കാണും. യാഥാർത്ഥത്തിൽ സെക്സ് എന്തോ വലിയ കാര്യമാണ്, പാപമാണ് , കുട്ടികളെ ഉണ്ടാക്കാൻ മാത്രമുള്ളതാണ്, അതാസ്വദിക്കുന്നതും അതിനെ കുറിച്ച് സംസാരിക്കുന്നതും മോശമാണ് എന്നൊക്കെ ഉള്ള മിഥ്യാധാരണകളിൽ ജീവിച്ച് മരിച്ചുപോകുന്ന ഒരു ജനതയാണ് നമ്മൾ. പ്രപഞ്ചം മനുഷ്യന് ആസ്വദിക്കാൻ ഒരുക്കി തന്നതിനെ കുറ്റബോധം വരുത്തുന്ന ഒന്നായി സമൂഹം കാണുന്നതിന്റെ ലോജിക് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

ഇന്ത്യയിലെ പെൺകുട്ടികളെ നമ്മൾ വളർത്തികൊണ്ടുവരുന്നത് സെക്സ് ഒരു കടമയായാണ്, പുനരുൽപാദനത്തിനുള്ള ഒരു ഉപകരണം മാത്രമാണ് എന്നൊക്കെ പറയാതെ പറഞ്ഞു പഠിപ്പിച്ചാണ്. അല്ലാതെ രണ്ടുപേർ തമ്മിലുള്ള അടുപ്പത്തിൻ്റെയോ സന്തോഷത്തിൻ്റെയോ ഉറവിടമായി നമ്മൾ സെക്സിനെ കാണുന്നതേ ഇല്ല. മിക്കപ്പോഴും, ഭർത്താവിൻ്റെ സന്തോഷത്തിനായിട്ടാണ് സ്ത്രീകൾ സെക്സ് ചെയുന്നത്. ഭർത്താക്കന്മാർക്കാകട്ടെ ഭാര്യമാരുടെ ലൈംഗിക ആവശ്യങ്ങളെ കുറിച്ച് വലിയ ബോധ്യങ്ങൾ ഉണ്ടാവുകയുമില്ല. കര പെട്ടെന്ന് ചൂടാവുകയും തണുക്കുകയും ചെയ്യുന്നത് പോലെ ആണുങ്ങൾ, സ്ത്രീകളുടെ ഓർഗാസം ഉണ്ടാകുമെന്നതിനെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലാതെ, പെട്ടെന്ന് ചൂടവുകയും, കാര്യം കഴിഞ്ഞു മറുഭാഗത്തേക്ക് തിരിഞ്ഞുകിടന്നുറങ്ങുകയും, ഇതാണ് സെക്സെന്ന് കരുതി ഭൂരിപക്ഷം സ്ത്രീകളും നെടുവീർപ്പിട്ട് കിടന്നുറങ്ങുകയും ചെയ്യും. ഫോർപ്ലേ, സ്ത്രീകളുടെ ഓർഗാസം എന്നൊക്കെ ഉള്ള കാര്യങ്ങൾ ഈയടുത്താണ് കേരളത്തിലെ സ്ത്രീകളുടെ ഡിക്ഷനറിയിൽ ഇടം പിടിക്കാൻ തുടങ്ങിയത്. അതിന്റെ ഒരു കാരണം സാമ്പത്തികമാണ്. അതുവരെ കുടുംബത്തിന്റെ വരുമാന സ്രോതസ് പുരുഷൻ മാത്രമായിരുന്നപ്പോൾ സ്ത്രീകൾക്ക് തങ്ങളുടെ ഭാഗം സംസാരിക്കാനുള്ള അവകാശം കുറവാണെന്ന് കരുതി പൊന്നു, പക്ഷെ ഇപ്പോൾ, സ്ത്രീകളും കുടുംബത്തിന്റെ വരുമാനത്തിന്റെ ഉറവിടത്തിൽ നല്ലൊരു പങ്ക് വഹിക്കാൻ തുടങ്ങി, ലൈംഗികത ഉപ്പെടെയുള്ള കാര്യങ്ങളിൽ തങ്ങൾക്കും അവകാശമുണ്ടെന്നുള്ള ബോധം വന്നു തുടങ്ങി.

തങ്ങളുടെ ശരീരത്തെ കുറിച്ചും, ലൈംഗികികത തരുന്ന ആനന്ദത്തെ കുറിച്ചും സംസാരിക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ചാണ് നമ്മൾ പെൺകുട്ടികളെ വളർത്തുന്നത്. അവരുടെ ലൈംഗിക ആനന്ദം ഒളിച്ചുവയ്ക്കേണ്ട ഒന്നാണെന്ന് അവരെ നമ്മൾ തെറ്റിദ്ധരിപ്പിക്കുന്നു. ലൈംഗികത ഒരു തെറ്റല്ല, പാപമല്ല, രഹസ്യമായി വയ്‌ക്കേണ്ട കാര്യമോ ഒരു ഡ്യൂട്ടിയോ അല്ല. പങ്കാളിക്ക് ഉപയോഗിച്ച് വലിച്ചെറിയണ്ട സ്ത്രീകളുടെ ലൈംഗികത. മനസ്സിൽ കുറ്റബോധം തോന്നാതെ , സ്വയമോ പരസ്പരമോ ആസ്വദിക്കേണ്ട ഒന്നാണ്. പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക അവയവങ്ങളെ കുറിച്ച് അറിവില്ല എന്നതാണ് സത്യം. കൂടാതെ കന്യാചർമം എന്നൊക്കെ പറഞ്ഞു പലരും നമ്മുടെ കുട്ടികളെ പേടിപ്പിച്ച് വച്ചിരിക്കുകയാണ്. സെക്സ് എഡ്യൂകേഷന്റെ ഭാഗമായി ശരീര ഭാഗങ്ങൾ പഠിപ്പിക്കുന്ന കൂട്ടത്തിൽ പഠിപ്പിക്കേണ്ട ഒരു കാര്യമാണ് സുരക്ഷിതമായ ലൈംഗികത പാപമല്ലെന്നും അതാസ്വദിക്കുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും.

ആണുങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടെന്ന് പറഞ്ഞാൽ അതൊരു സാധാരണ കാര്യമായി അംഗീകരിക്കുന്ന നമ്മുടെ സമൂഹം, പക്ഷെ പെണ്ണുങ്ങൾ സ്വയം ഭോഗം ചെയ്യുന്നതിന്റെ ഇച്ചീച്ചി ആയി പരിഗണിക്കുന്നത് വലിയൊരു ഇരട്ടത്താപ്പാണ്, പ്രത്യേകിച്ചും ക്ലിറ്റോറിസിന്റെ അഗ്രഭാഗത്ത് പുരുഷന്റെ ലിംഗാഗ്രത്തെക്കാൾ ഇരട്ടി സുഖം തരുന്ന നെർവ് എൻഡിങ്‌സ് ഉള്ളപ്പോൾ. വൈബ്രേറ്റർ ഉപയോഗിക്കുന്ന സ്ത്രീകളൊക്കെ ചീത്ത സ്ത്രീകളായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടെത് , കാരണം സ്ത്രീകൾ സ്വയം സുഖിക്കുക എന്നത് നമുക്കാലോചിക്കാൻ കൂടി കഴിയാത്ത ഒന്നാണ്. “റാബിറ്റ്” , “wand”, “ജി സ്പോട്ട്”, “ബുള്ളറ്റ്” എന്നീ വൈബ്രേറ്റർ മോഡലുകളിൽ ഏതാണ് തനിക്കിഷ്ടമെന്ന് പറയുന്ന ഭാര്യമാരെയും ഭാര്യ അതുപയോഗിക്കുന്നത് കണ്ടാസ്വദിക്കുന്ന ഭർത്താക്കന്മാരേയും കുറിച്ചാലോചിച്ച നോക്കൂ എത്ര സുന്ദരമായിരിക്കും ജീവിതം. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ പോലെ ഇഷ്ടപെടുന്ന ആളുകൾ പങ്കാളികളയുണ്ടാവാം. അവർ ഇതെങ്ങിനെ അവതരിപ്പിക്കുമെന്ന് വിചാരിച്ച് പകച്ചു നില്കുന്നുണ്ടാകാം. ലൈംഗികത തുറന്നു സംസാരിക്കാതെ വരുന്ന സ്‌പേസുകളിൽ നമ്മൾക്ക് നമ്മുടെ തന്നെ ഒരംശം നഷ്ടപ്പെടും, ചിലപ്പോൾ ഒരിക്കലും തിരിച്ചുകിട്ടാനാവാത്തവിധം. (ഇതൊന്നും ഇഷ്ടമില്ലാത്തവർക്ക് ഇതടിച്ചേല്പിക്കുന്ന കാര്യമല്ല ഞാൻ ഇവിടെ പറയുന്നതെന്ന് പ്രത്യേകം പറയണ്ടേ കാര്യമില്ലലോ..)

തലമുറകളായുള്ള പാപചിന്തയിൽ നിന്ന് പുറത്തേക്ക് വരാൻ നമുക്ക് സമയമായി. നമ്മുടെ ശരീരത്തെക്കുറിച്ചും, നമ്മുടെ ആനന്ദത്തെ കുറിച്ചും, നമ്മുടെ ഫാന്റസികളെ കുറിച്ചും അഭിമാനത്തോടെ, പരസ്പര ബഹുമാനത്തോടെ തുറന്നു സംസാരിക്കാൻ സമയമായി. ലൈംഗികത ഒരാൾ കൊടുക്കുകയും ഒരാൾ വാങ്ങുകയും ചെയ്യുന്ന ഒരു കച്ചവടം അല്ലെന്നും, അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന ഒരു പരസ്പര്യമാണെന്നും നമ്മുടെ ആൺകുട്ടികളെയും പെൺകുട്ടികളെയും, അതിനേക്കാളേറെ നമ്മളെത്തന്നെയും പറഞ്ഞു മനസിലാക്കാൻ സമയമായി. ഒരു സ്ത്രീയുടെ ഓർഗാസം അവളുടെ അവകാശമാണെന്നും, പലപ്പോഴും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആണുങ്ങൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും നമ്മൾ സ്വയം മനസിലാക്കേണ്ട സമയമായി.

ലൈംഗികത പാപമായി കാണുന്നതും, സ്ത്രീകളുടെ ആനന്ദത്തെ കണ്ടെത്താനുളള ആഗ്രഹത്തെ ഒരു മോശം കാര്യമായി കാണുന്നതുമൊക്കെ നമുക്ക് നിർത്താൻ സമയമായി. തുല്യതയ്ക്കും, ആനന്ദത്തിനും, വിശ്വാസത്തിനും ഉള്ള ഒരു സ്പേസ് ആയി ലൈംഗികത നമുക്ക് പരിഗണിക്കാൻ തുടങ്ങണം. സ്ത്രീകൾ അവരുടെ പങ്കാളികളോട് നിങ്ങളുടെ ലൈംഗിക ആവശ്യത്തെ കുറിച്ച് മനസ് തുറന്നു സംസാരിക്കുക. കാരണം ചില സംസ്കാരങ്ങളുടെ മാറ്റങ്ങൾ തുടങ്ങുന്നത് ഒരു പക്ഷെ കിടപ്പറകളിൽ നടക്കുന്ന ഒരു ചെറിയ സംഭാഷണത്തിൽ നിന്നായിരിക്കും.

മേല്പറഞ്ഞതൊക്കെ എഴുതാൻ എളുപ്പമാണ്, പ്രയോഗത്തിൽ കൊണ്ടുവരിക അത്ര എളുപ്പമല്ല. പക്ഷെ നമ്മുടെ വളർന്നു വരുന്ന തലമുറ ലൈംഗികതയെ കൂടുതൽ ആരോഗ്യകരമായി കാണുകയും, അതിനെകുറിച്ച് കൂടുതൽ ഓപ്പൺ ആയി സംസാരിക്കുകയും ചെയ്യുന്നത് കാണുന്നതാണ് ഒരാശ്വാസം. ലൈംഗികത പാപമായി കാണുന്ന അവസാനത്തെ തലമുറ നമ്മുടേത് ആകട്ടെ. സ്ത്രീകൾക്ക് മാത്രം സാധ്യമാകുന്ന തുടർച്ചയായ ഓര്ഗാസങ്ങൾക്ക് നമ്മുടെ കിടപ്പറകൾ വേദിയാകട്ടെ…

Leave a comment

Blog at WordPress.com.

Up ↑