Multiple Intelligence Theory

“എടാ പൊട്ടാ , ഇതുപോലും നിനക്ക് ശരിക്കും എഴുതാൻ അറിയില്ലേ. എത്ര നേരമായി ഞാൻ നിനക്ക് പറഞ്ഞു തരുന്നു…” രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടിയെ അവന്റെ രക്ഷിതാവ് കേരളത്തിലെ ഇക്കഴിഞ്ഞ വാർഷിക പരീക്ഷക്ക് പരിശീലിപ്പിക്കുന്നത് ഫോണിൽ കേൾക്കാൻ ഇടവന്നതാണ്. എനിക്ക് മുൻപുള്ള എന്നെ തന്നെ ഓർമ വന്നു. ഇതുപോലെ ഒരു മോശം രക്ഷിതാവ് ആയിരുന്നു ഞാനും, എന്റെ ബാപ്പയെ എനിക്ക് വെറുപ്പാണെന്ന് എന്റെ മകൻ സ്കൂൾ നോട്ടപുസ്തകത്തിൽ എഴുതിവയ്ക്കുന്നത് വരെ.

നമ്മൾ നമ്മുടെ കുട്ടികളെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അതിലെന്താണ് സംശയം എന്ന ഉത്തരമായിരിക്കും നിങ്ങളുടെ മനസ്സിൽ വരിക. പക്ഷെ യഥാർത്ഥത്തിൽ നമ്മൾ സ്നേഹിക്കുന്നത് നമ്മുടെ കുട്ടികളെയാണോ അതോ അവരുടെ നേട്ടങ്ങളെയാണോ എന്ന് ഒന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.

കുട്ടികളെ വളർത്തുന്ന കാര്യത്തിൽ ഞാൻ പണ്ട് വളരെ മോശമായിരുന്നു. എനിക്ക് എന്റെ ബാപ്പയെ വെറുപ്പാണെന്ന് എന്റെ മൂത്ത മോൻ സ്കൂൾ നോട്ട് ബുക്കിൽ എഴുതുകയും അത് കണ്ട സ്കൂൾ ടീച്ചർ എന്നെ സ്കൂളിലേക്ക് വിളിപ്പിച്ചു ഉപദേശം തരികയുമൊക്കെ ചെയ്തതിന് ശേഷമാണ് കുട്ടികളെ നമ്മുടെ നടക്കാതെ പോയ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള വസ്തുക്കൾ അല്ലാതെ , അവരുടേതായ വ്യക്തിത്വം അംഗീകരിച്ചുകൊണ്ട് ഞാൻ കാണാൻ തുടങ്ങിയതും, കുട്ടികളും ഞാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായതും. (ഇതിനെപറ്റി വിശദമായി മുൻപെഴുതിയിട്ടുണ്ട്)

ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ മൂത്ത മകൻ മിടുക്കനായിരുന്നു, ഞങ്ങൾ അവനെ ചേർത്ത, പെയിന്റിംഗ്, നീന്തൽ, ഫുടബോൾ, കണക്ക് ട്യൂഷൻ , പിയാനോ തുടങ്ങിയ എല്ലാ ക്ലാസുകളിലും അവൻ ഒന്നാമതെത്തി. ഓരോ തവണ നേട്ടമുണ്ടാകുമ്പോഴും അവനെ ഞങ്ങൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. പക്ഷെ യഥാർത്ഥത്തിൽ എന്റെ സ്നേഹപ്രകടനങ്ങൾ അവന്ന് നേട്ടങ്ങളോടായിരുന്നു. സ്കൂളിൽ മാർക്ക് കുറയുമ്പോഴും, ഫുടബോൾ മത്സരത്തിൽ ഗോളടിക്കുമായിരുന്ന സന്ദർഭങ്ങളിൽ അങ്ങിനെ ചെയ്യാതെ വരുമ്പോഴുമൊക്കെ ഞാൻ അവനെ വഴക്ക് പറഞ്ഞു. കുറെ കഴിയുമ്പോഴേക്കും, മാതാപിതാക്കളുടെ സ്നേഹം കിട്ടണമെങ്കിൽ എല്ലാത്തിലും ഒന്നാമതെത്തണം എന്നും, അവർക്ക് തന്നോടുള്ള സ്നേഹം ഉപാധികളോട് കൂടിയുള്ളതണെന്നും തിരിച്ചറിഞ്ഞതിന്റെ അനന്തര ഫലമായിരുന്നു അവന്റെ ഓരോ ക്ലാസിലെയും പ്രകടനം. അവർ എന്ത് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്നേഹം ലഭിക്കുന്നതെന്നും അല്ലാതെ ഉപാധിരഹിതമായ സ്നേഹമല്ല മാതാപിതാക്കളുടേതെന്നും കുട്ടികൾ തിരിച്ചറിയുമ്പോൾ അവർ അതിനെ മറികടക്കുന്നത് തങ്ങളുടെ എല്ലാ കഴിവുമെടുത്ത്, ഒന്നാമതാവാൻ ശ്രമിക്കും. അവരുടെ സ്വാഭാവികമായ കഴിവുകൾക്ക് വികാരങ്ങൾക്കും മാതാപിതാക്കൽ പലപ്പോഴും വില കൊടുക്കാറില്ല. കുറച്ച് കഴിയുമ്പോൾ ഇതൊരു ലൂപ്പ് ആകും. സ്നേഹം കുറയുമ്പോഴെല്ലാം കുട്ടികൾ കൂടുതൽ നന്നായി പെർഫോം ചെയ്യും. ഇങ്ങിനെയുള്ള കുട്ടികൾ വളർന്നു വരുമ്പോൾ തങ്ങളുടെ സ്വാഭാവികമായ കഴിവുകളെ കുറിച്ച് മറന്നുപോവുകയും, തങ്ങളെ സ്വത്വത്തെ സ്വയം ഉപേക്ഷിച്ചുകൊണ്ട്, തങ്ങളുടെ മാതാപിതാക്കൾക്ക് എന്താണോ വേണ്ടത് അങ്ങിനെയൊരു പതിപ്പായി അവർ മാറുകയും ചെയ്യും.

പുറത്തുനിന്നുള്ള validation ഇങ്ങിനെ നിർബന്ധം ആകുന്ന കുട്ടികൾ മുതിർന്നു കഴിയുമ്പോൾ ജോലിയിലും കൂട്ടുകെട്ടുകളിലും, പ്രണയത്തിലുമെല്ലാം കുഴപ്പങ്ങളിൽ ചെന്ന് ചാടും. മരിക്കുന്നത് വരെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന, അതുകൊണ്ട് മാത്രം സ്വയം സന്തോഷിക്കുന്ന, വേദനാജനകമായ ജീവിതം. നമ്മളിൽ തന്നെ ആവശ്യമില്ലാതെ സ്വയം കുറ്റപ്പെടുത്തുകയും, മറ്റുള്ളവരെ ആവശ്യത്തിൽ കൂടുതൽ സന്തോഷിപ്പിക്കുകയും ചെയ്യുന്ന അനേകം ആളുകൾ സ്വയം ഉള്ളിലേക്ക് നോക്കിയാൽ ഉള്ളിലെ പഴയ ആ കുട്ടിയെ കാണാം. തങ്ങൾ സ്നേഹിക്കപ്പെടുകയായിരുന്നില്ല, മറിച്ച് മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവ് എത്രയും നേരത്തെ ഉണ്ടാകുന്നുവോ അത്ര മാത്രം വേദന കുറഞ്ഞു കിട്ടും.

എന്റെ മകന്റെ കാര്യത്തിൽ സ്കൂളിലെ സംഭവത്തിന്റെ കൂടെ എന്നെ സ്വാധീനിച്ച ഒന്നാണ് ഹവാർഡ് ഗാർഡ്നറുടെ multiple intelligence theory . നമ്മൾ പലപ്പോഴും ബുദ്ധിശക്തിയെ കണക്കും സയൻസും ചെയാനുള്ള കഴിവായി വ്യാഖ്യാനിക്കുമ്പോൾ, ഈ സിദ്ധാന്തം പറയുന്നത് ഓരോ കുട്ടിയുടെയും കഴിവുകൾ വ്യത്യാസപ്പെട്ടിരിക്കുമെന്നും, പല കുട്ടികളും തങ്ങളുടെ ബുദ്ധിശക്തി പ്രകടിപ്പിക്കുന്നത് വ്യത്യസ്ത രീതികളിൽ ആയിരിക്കുമെന്നാണ്. കുട്ടികളുടെ കഴിവുകളെ താഴെ കാണുന്ന വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. പല കുട്ടികളിലും ഇതിൽ പല വിഭാഗങ്ങളിലും കഴിവുണ്ടാകുമെങ്കിലും എല്ലാത്തിലും ഒരേപോലെ കഴിവ് ഉണ്ടാകണമെന്നില്ല. ഉദാഹരണത്തിന് നന്നായി കണക്ക് ചെയ്യുന്ന ഒരു കുട്ടിക്ക് ആളുകളോട് ഇടപഴകാനുള്ള കഴിവ് അത്രക്ക് നന്നായി ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത് കൃത്യമായി മനസിലാകാൻ താഴെ കൊടുത്തിട്ടുള്ള വിവരണങ്ങളും അതിന്റെ കൂടെ ഞാൻ എനിക്ക് തന്നെ നൽകിയ സ്കോറും നോക്കുക. നിങ്ങളുടെ സ്കോർ നിങ്ങൾ തന്നെ നൽകുക. നമ്മൾ തമ്മിലുള്ള വ്യത്യാസം പകൽ പോലെ വ്യക്തമാകും.

Linguistic Intelligence: വായന, എഴുത്ത്, സംസാരിക്കൽ എന്നിവയുൾപ്പെടെ ഭാഷ ഫലപ്രദമായി ഉപയോഗിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ്. : എന്റെ സ്കോർ 5/10

Logical-Mathematical Intelligence: യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയമായി കാര്യങ്ങൾ മനസിലാക്കാനും ഉള്ള കഴിവ് : എന്റെ സ്കോർ 5/10

Musical Intelligence: സംഗീതം ഗ്രഹിക്കാനും സൃഷ്ടിക്കാനും അഭിനന്ദിക്കാനും ഉള്ള കഴിവ്. എന്റെ സ്കോർ 2/10 . I am tone deaf.

Spatial Intelligence: ദൃശ്യവൽക്കരണവും നാവിഗേഷനും ഉൾപ്പെടെയുള്ള സ്പേഷ്യൽ ബന്ധങ്ങൾ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവ്. ഈ കഴിവുള്ള പലർക്കും ദിശ കണ്ടുപിടിക്കുക വളരെ എളുപ്പമാണ്. കാർ പാർക്ക് ചെയ്തത് എവിടെയാണെന്ന് അഞ്ചുമിനിറ്റ് ആലോചിച്ചാൽ മാത്രം ഓർമ വരുന്ന, ചിലപ്പോൾ അതുപോലും കഴിയാത്ത എന്റെ സ്കോർ 0/10

Bodily-Kinesthetic Intelligence: നൃത്തം പോലുള്ള കലാരൂപങ്ങളിലൂടെയും മറ്റും ഒരാളുടെ ശരീരത്തെ ഫലപ്രദമായി ഉപയോഗിക്കാനും ശാരീരിക ചലനങ്ങളെ ഏകോപിപ്പിക്കാനുമുള്ള കഴിവ് : സൽസ പഠിക്കാൻ പോയിട്ട് മറ്റുള്ളവരുടെ കാലിൽ ചവിട്ടി സ്കൂൾ വരെ പൂട്ടിക്കാൻ പോയ എന്റെ സ്കോർ 0/10

Interpersonal Intelligence: സഹാനുഭൂതിയും സാമൂഹിക വൈദഗ്ധ്യവും ഉൾപ്പെടെ മറ്റുള്ളവരുമായി ഫലപ്രദമായി ഇടപെടാനുള്ള കഴിവ്. ഇങ്ങിനെയുള്ളവരെ പെട്ടെന്ന് കൂട്ടുകാരെ ഉണ്ടാക്കും. : എന്റെ സ്കോർ 6/10

Intrapersonal Intelligence: സ്വന്തം ചിന്തകൾ, വികാരങ്ങൾ, പ്രചോദനങ്ങൾ എന്നിവ ഉൾപ്പെടെ സ്വയം മനസ്സിലാക്കാനുള്ള കഴിവ്. നമ്മളെ നമ്മുക്ക് 100 ശതമാനം മനസിലാകുമെന്നൊക്കെ പലർക്കും തോന്നുമെങ്കിലും പൂർണമായി നമ്മളെ മനസിലാകുന്ന ആരുമില്ലെന്നതാണ് സത്യം. എന്റെ സ്കോർ 3/10

Naturalistic Intelligence: സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് പ്രകൃതി പ്രതിഭാസങ്ങൾ എന്നിവയുൾപ്പെടെ പ്രകൃതിയിലെ പാറ്റേണുകൾ തിരിച്ചറിയാനും തരംതിരിക്കാനും ഉള്ള കഴിവ്. : എന്റെ സ്കോർ 4/10

ഞാൻ എന്റെ സ്കോർ കൊടുത്തിരിക്കുന്നത് ഇത് വായിക്കുന്ന ആളുകൾക്ക് ഒരു റെഫെറെൻസിന് വേണ്ടിയാണ്. നിങ്ങളുടേത് ഇതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും എന്ന് ഉറപ്പാണ്. അങ്ങിനെയാണെങ്കിൽ നമ്മുടെ കുട്ടികളുടേതും നമ്മുടേതിൽ നിന്ന് വളരെ വ്യത്യസ്തം ആയിരിക്കില്ലേ? നമ്മൾ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആണെന്നത് കൊണ്ട് നമ്മുടെ കുട്ടികൾ ഡാൻസർ ആകാൻ പാടില്ല എന്നില്ലാലോ. ഏതുതരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോവുമ്പോഴും അവർ ഉപാധികളില്ലാതെ സ്നേഹിക്കപ്പെടുമെന്നും, അവരുടെ സ്വാഭാവികമായ കഴിവുകൾക്ക് നമ്മൾ പ്രോത്സാഹനം നൽകുമെന്നും ഉള്ള ഒരവസ്ഥ വീട്ടിൽ സൃഷ്ടിക്കാൻ കഴിഞ്ഞാൽ കുറെ പ്രശ്നങ്ങൾ അവിടെ തീരും.

നമ്മുടെ കുട്ടികളെ അവരുടെ നല്ല അവസ്ഥയിലും മോശം അവസ്ഥയിലും ഒരേ പോലെ സ്നേഹിക്കുന്ന മാതാപിതാക്കൾ ആകാം നമുക്കെന്ന് പറയാൻ എളുപ്പമാണ്. ഇളയ മകന്റെ, ഒരു വർഷത്തോളം എടുത്ത കോളേജ് അഡ്മിഷൻ പ്രോസസ്സ് കഴിഞ്ഞ ആഴ്ച കഴിഞ്ഞതേ ഉള്ളൂ. അമേരിക്കയിലെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളാകുന്ന സമയമാണിത്. ഇതുവരെ വലിയ പരിക്കില്ലാതെ രക്ഷപെട്ടു എന്നാശ്വാസം. ആരോ പറഞ്ഞ പോലെ നാളത്തെ പൗരന്മാരെ ഇന്ന് വളർത്തിയെടുക്കുന്ന ഇന്നലത്തെ തലമുറയാണ് നമ്മൾ. ഒരു പ്രോഡക്റ്റ് ഡോക്യൂമെന്റേഷനും ഇല്ലാതെയാണ് കുട്ടികൾ പിറക്കുന്നത്. കുട്ടികളെ വളർത്തുക എന്നത് വലിയൊരു ചുമതലയാണ്, പക്ഷെ കല്യാണം പോലെ തന്നെ നമ്മുടെ സമൂഹവും വിദ്യാഭ്യാസ രംഗവും ഒരു തരത്തിലും ഒരുക്കാതെ നമ്മളെ ഇതിലേക്ക് ഇറക്കി വിടും. പട്ടിക്ക് പൊതിയ തേങ്ങാ കിട്ടിയ പോലെയാണ് നമ്മുടെ കയ്യിൽ കിട്ടുന്ന കുട്ടികളുടെ അവസ്ഥ. പാവം നമ്മുടെ കുട്ടികൾ. നമ്മുടെ കുറെ കൂടി സ്നേഹം അവർ അർഹിക്കുന്നുണ്ട്.

നോട്ട് : അമേരിക്കയിലെയും മറ്റും അദ്ധ്യാപകർക്ക് വളരെ ഇഷ്ടമാണെങ്കിലും, ശാസ്ത്രീയമായി ചില വിമർശനങ്ങൾ നേരിടുന്ന ഒരു സിദ്ധാന്തമാണ് multiple intelligence theory. So take it with a grain of salt..

നോട്ട് 2 : ഫോട്ടോയിൽ കാണുന്ന ഒരാൾ കോളേജ് കഴിഞ്ഞ് ഇപ്പോൾ ജോലി ചെയ്യുന്നു, അടുത്ത ആൾ ഇക്കൊല്ലം കോളേജിലേക്ക് പോകും. ഒരു മാപ്പ് പറച്ചിലിൽ തീരാവുന്ന ദ്രോഹമല്ല ഞാൻ അവരോട് ചെയ്തിട്ടുള്ളത് 😦

Leave a comment

Blog at WordPress.com.

Up ↑