Self Love

ആരാണ് നിങ്ങളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കേണ്ടത്? നിങ്ങളുടെ എല്ലാ കുറ്റങ്ങളും കുറവുകളുമറിഞ്ഞ് നിങ്ങളെ മരണം വരെ സ്നേഹിക്കാൻ ഒരാളുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതാരാണ് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളുമുണ്ടാകും. മാതാപിതാക്കളും സഹോദരങ്ങളും കാമുകനും കാമുകിയും ഭാര്യയും പങ്കാളിയുമൊക്കെ ആ ലിസ്റ്റിൽ വന്നുപോകും. പക്ഷെ ഈ പറഞ്ഞവരെല്ലാം നിങ്ങളെ സ്നേഹിക്കുന്നത്, നിങ്ങളുടെ എല്ലാ കുറ്റങ്ങളും കുറവുകളും ഉൾക്കൊണ്ടായിരിക്കണമെന്നില്ല. നമ്മളെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷക്ക് വിപരീതമായി നമ്മളെന്തെങ്കിലും ചെയ്താൽ സ്നേഹം അവിടെ അവസാനിക്കിക്കുകയോ പഴയ സ്നേഹത്തിൽ കുറവ് വരിയകയോ ചെയ്യും.
നമ്മുടെ എല്ലാ കുറ്റങ്ങളും നമുക്കറിയാവുന്നത് കൊണ്ട് സ്വയം സ്നേഹിക്കാമെന്നു വച്ചാൽ, സമൂഹം ഉണ്ടാക്കിവച്ചിരിക്കുന്ന വ്യവസ്ഥികൾക് പുറത്തുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ നമ്മൾ നമ്മളെ തന്നെ ചിലപ്പോൾ വെറുത്തതെന്നു വരും, ചിലപ്പോൾ മരണം വരെ. അങ്ങിനെ സ്വയം വെറുത്ത് കാലം കടന്നുപോകുമ്പോഴാകും ഒരുപക്ഷെ നമ്മൾ ചിന്തച്ചിരുന്നത് തെറ്റായിരുന്നില്ല എന്ന് തെളിയപെടുന്നത്. അന്ന് പക്ഷെ അതുകാണാൻ നമ്മളുണ്ടാവില്ല.

സ്വയം സ്നേഹിക്കുക എന്നത് സ്വാർത്ഥമായ ഒരു കാര്യമായി ഒരുപക്ഷെ തോന്നാം. സ്വയം സ്നേഹിക്കുക എന്നത് സമൂഹത്തിൽ നിന്ന് പൂർണമായും നമ്മൾ വിട്ടുനിൽക്കുന്ന ഒരവസ്ഥയാണെന്നു തെറ്റിദ്ധരിക്കരുത്. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെടുമ്പോൾ തന്നെ മറ്റുള്ളവർക്ക് നമ്മുടെ മാനസികാവസ്ഥയെ മോശമായ രീതിയിൽ നിയന്ത്രിക്കാൻ നമ്മൾ അനുവദിക്കാതിരിക്കുന്ന ഒരവസ്ഥ മാത്രമാണത്. അങ്ങിനെ നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ നോക്കുന്നത്, ഒരുപക്ഷെ മാതാപിതാക്കളാകാം, പങ്കാളികളാകാം, അധ്യാപകരാകാം നമ്മൾ ഇടപെടുന്ന സമൂഹത്തിൽ ആരുമാകാം. ചെറിയൊരു ഉദാഹരണം കൗമാരക്കാലത്ത് ചെയ്തിരുന്ന സ്വയംഭോഗത്തിന്റെ പേരിൽ സ്വയം വെറുക്കുകയും അതിൽ പശ്ചാത്തപിക്കുകയും ചെയ്യുന്ന കുട്ടികളാണ്. ഇത് ലൈംഗിക വളർച്ചയിലെ സ്വാഭാവികമായ കാര്യമാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ നമുക്ക് നമ്മളെ വെറുക്കേണ്ട കാര്യമില്ല. വിവാഹം കഴിഞ്ഞ ഒരു പുരുഷനെയോ സ്ത്രീയെയോ സംബന്ധിച്ചും സ്വയംഭോഗം ഒരു തെറ്റായ കാര്യമാണെന്നു കരുതുന്ന, അത് ചെയ്യുന്നതിന്റെ പേരിൽ സ്വയം മോശമായി വിചാരിക്കുന്ന, അനേകം പേരുണ്ട്.

നമ്മൾ ലോകത്തിലെ വേറെ ആരെയും പോലെ അല്ലെന്നും, ഈ ലോകത്ത് നമ്മുടെ അനുഭവങ്ങളിലൂടെ കടന്നുവന്ന ഒരേ ഒരാൾ നമ്മൾ മാത്രമെന്നെനും അറിഞ്ഞുകഴിഞ്ഞാൽ തീരുന്ന കുറ്റബോധങ്ങൾ മാത്രമേ ഈ ലോകത്തുള്ളൂ. വിവാഹത്തെ പോലുള്ള മോണോഗാമസ് ആയ ബന്ധങ്ങളിൽ ഏർപ്പെടുന്ന, മാനസികമായും ജനിതകപരമായും പൊളി അമോറസ് ആയ ഒരാൾ കടന്നു പോകുന്ന അവസ്ഥകൾ ആലോചിച്ച് നോക്കൂ. മറ്റ് പുരുഷന്മാരെ ഇഷ്ടപെടുന്ന ഒരു പുരുഷൻ സമൂഹത്തിന്റെ നിർബബന്ധത്തിനു വഴങ്ങി ഒരു സ്ത്രീയെ വിവാഹം കഴിച്ച് കഴിഞ്ഞു ജീവിതകാലം മുഴുവൻ അദ്ദേഹം കടന്നുപോകാൻ ഇടയുള്ള, ഒരു നിമിഷവും സ്വയം പഴിക്കുന്ന, അവസ്ഥ ആലോചിച്ചു നോക്കൂ.

നമ്മൾ ദൈനംദിനം ഇടപെടുന്ന സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് പുറത്തേക്കുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാലും , ആണായാലും പെണ്ണായാലും, വീടിനും, വീട്ടുകാർക്കും ഒക്കെ വേണ്ടി ഓടുന്നതിന്റെ ഇടയിൽ, ദിവസത്തിൽ കുറച്ചുനേരം നമ്മൾ നമ്മുക്ക് വേണ്ടി മാറ്റിവയ്ക്കണം. നിങ്ങളുടെ മനസിനെ ,സമൂഹം കുറ്റമാണെന്ന് കരുതുന്ന എല്ലാ അംശങ്ങളും ഉൾക്കൊണ്ടു തന്നെ , പൂർണമായും സ്നേഹിക്കാൻ നിങ്ങൾ മാത്രമേയുള്ളൂ. നമ്മൾ നമ്മുടെ ദൗർബല്യത്തെയും ശക്തിയെയും ഒരേപോലെ സ്വീകരിക്കുക. സ്വയം വിമർശനം പൊടിക്ക് കുറക്കുക. മറ്റുളളവരെ സന്തോഷിപ്പിക്കാൻ വേണ്ടി സ്വയം ചെറുതാക്കി പറയുന്നതും വിചാരിക്കുന്നതും നമുക്ക് അവസാനിപ്പിക്കാം. നമ്മുടെ ആത്മവിശ്വാസം തകർക്കുന്നവരെ ഒഴിവാക്കി, നമ്മളെ പ്രോത്സാഹിപ്പിക്കുന്നവരെ ജീവിതത്തിൽ കൂടുതൽ കൂടെക്കൂട്ടാം. നമ്മളെ കുറ്റം പറയുന്നത് മാതാപിതാക്കളോ പങ്കാളികളോ ആണെങ്കിൽ , അത് ഒരു ചെവി വഴി കേട്ട് മറുചെവി വഴി പുറത്തേക്ക് കളയാൻ പരിശീലിക്കാം.

സ്വയം സ്നേഹിക്കുക എന്നതൊരു ദീർഘയാത്രയാണ്. ഓരോ ദിവസവും ഓരോ കൊച്ചുചുവടുകളും പ്രധാനപെട്ടതാണ്. ഇടയ്ക്കുണ്ടാകുന്ന തിരിച്ചടികളിൽ നിന്ന് പൂർവാധികം ശക്തിയാർജ്ജിച്ച് നമുക്കീ യാത്ര തുടരണം.

സാധാരണയിൽ നിന്ന് വ്യത്യസ്തമായി, ഈ കുറിപ്പ് ഞാൻ എനിക്ക് ഇടക്കിടക്ക് വായിക്കാൻ വേണ്ടി എഴുതുന്നതാണ്. സമൂഹം കരുതുന്ന അളവുകളുടെ അകത്ത് നിൽക്കാത്ത എന്റെ സ്വഭാവത്തെ കുറിച്ച് സ്വയം വളരെ മോശമായി കരുതുന്ന ഒരാളാണ് ഞാനെന്ന് എന്റെ പ്രൊഫൈലിന്റെ ആമുഖം കണ്ടാൽ അറിയാൻ കഴിയും. അതിന്റെ കൂടെ ഇടക്ക് പിടിമുറുക്കുന്ന വിഷാദം കൂടി ആകുമ്പോൾ സംഗതി ജോർ.അതിന്റെ ഇടയിൽ എനിക്ക് കിട്ടുന്ന വലിയൊരു ഊർജമാണ് ഈ എഴുത്തുകൾ. ആന മൂത്രമൊഴിക്കുന്ന പോലെ നീട്ടിവലിച്ച് ടെക്സ്റ്റ് എഴുതുന്ന, ഇടക്ക് ആറുമാസത്തോളം അവധിക്കുപോകുന്ന ഈ പ്രൊഫൈലിനും ഇപ്പോൾ 50K ഫോള്ളോവെഴ്‌സ് ആയ വിവരം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിൽ ഏതാണ്ട് 5 മില്യൺ വ്യൂ ഉണ്ടായിരുന്നു. ദിവസത്തിൽ ഒരു മണിക്കൂർ മാത്രം എഴുതാൻ സമയം കിട്ടുന്ന, സ്പെല്ലിങ് പോലും ശരിയാകാതെ, രണ്ടാമതൊരിക്കൽ വായിക്കാതെ, പോസ്റ്റ് ചെയുന്ന എന്റെ എഴുത്തിന്റെ വിജയത്തിന്റെ പകുതി ക്രെഡിറ്റ് അത് ക്ഷമയോടെ വായിച്ച്, ലൈക്ക് ചെയ്യുകയും അതിന്റെ താഴെ ക്രിയാത്മകമായി കമന്റ് ചെയ്യുകയും ചെയ്യുന്നവരുടേതാണ്.

എന്നെ ജീവനോടെ നിലനിർത്തിയതിന് നിങ്ങളോടെല്ലാം ഹൃദയം നിറഞ്ഞ നന്ദി. ഒരു പക്ഷെ, നമ്മൾ ഇന്ന് തെറ്റെന്ന് കരുതി സ്വയം കുറ്റപ്പെടുത്തുന്ന കാര്യങ്ങൾക്കെല്ലാം, കാലം നമ്മളെയെല്ലാം വിചാരണ ചെയ്തു വെറുതെ വിടുമെന്ന വിശ്വാസത്തോടെ..

Leave a comment

Blog at WordPress.com.

Up ↑