എഴുപതുകളുടെ അവസാനം ഗൾഫിൽ പോയ ഒരു മാമ എനിക്കുണ്ടായിരുന്നു. ഗൾഫിൽ പത്രവിതരണം പോലെ അധികം പൈസ കിട്ടാതെ ഒരു ജോലിയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. മട്ടാഞ്ചേരി ടെർമിനസിൽ നിന്ന് ബോംബെയിൽ പോയി അവിടെനിന്ന് ഫ്ലൈറ്റ് പിടിച്ചായിരുന്നു അന്നത്തെ ഗൾഫിലേക്കുള്ള യാത്ര. ഇന്നത്തെ പോലെ ഫോണില്ലാത്ത ഒരു കാലമായിരുന്നു അത്. ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ വരുന്ന Air Mail ആയിരുന്നു പ്രധാന കമ്മ്യൂണിക്കേഷൻ മാർഗം. അഞ്ചുവർഷത്തിലൊരിക്കലാണ് ലീവ് കിട്ടിയിരുന്നത്, അതും രണ്ടുമാസത്തേക്ക് മാത്രം. ഓരോ വരവിനും സ്വന്തത്തിലോ ബന്ധത്തിന്റെ പെട്ട ഏതെങ്കിലും പെങ്ങന്മാരുടെ കല്യാണം ഉണ്ടാകും. അതുവരെ ശേഖരിച്ച വരുമാനമൊക്കെ രണ്ടുമാസം തികയുന്നതിനു മുന്നേ തീരും. അതിലൊന്ന് എന്റെ പെങ്ങളുടെ കല്യാണമായിരുന്നു. ഒരു ബെഡ് ആണ് ഗൾഫിൽ നിന്ന് മാമ കൊണ്ടുവന്നത്. ഇന്ത്യയിൽ നിന്ന് പുറത്തുപോയതിന് ശേഷമാണു, ഇന്ത്യയിലേക്ക് ബെഡ് , ടിവി പോലുള്ള സാധനങ്ങൾ കൊണ്ടുവരുന്നതിന്റെ ബുദ്ധിമുട്ടെനിക്ക് മനസിലായത്. അതിനിടയിൽ മാമയുടെ കല്യാണവും നടന്നു. കല്യാണ തിരക്കുകൾ തീരുന്നതിനു മുന്നേ മാമ തിരികെ പോവുകയും ചെയ്തു.
ഞാൻ കണക്കുകൂട്ടുകയായിരുന്നു. ഇരുപത്തിയഞ്ചു വർഷങ്ങളിൽ വെറും നൂറു ദിവസങ്ങളാണ് മാമ നാട്ടിൽ ഭാര്യയുടെ കൂടെ നിന്നത്. രണ്ടു കുട്ടികൾ ഉണ്ടായി. അവരെ വളർത്തേണ്ട ചുമതലയും, പ്രായമായ മാതാപിതാക്കളെ നോക്കേണ്ട ചുമതലയുമെല്ലാം അമ്മായിയുടെ തലയിലായിരുന്നു. ആർക്കും പരാതിയിലാത്ത വിധം അവർ കാര്യങ്ങൾ കൈകാര്യം ചെയ്തു. ഒരുപക്ഷെ തന്റെ ഭർത്താവിനോട് അവർ പരാതി പറഞ്ഞിരിക്കാം, പക്ഷെ പുറത്തു ഒരിക്കൽ പോലും തന്റെ ബുദ്ധിമുട്ടുകൾ അവർ കാണിച്ചിട്ടില്ല. ജോലിയുടെ ഭാഗമായി കിട്ടിയ സിഗരറ്റ് വലി ആരോഗ്യത്തെ ബാധിച്ചപ്പോൾ മാമ തിരികെ നാട്ടിലേക്ക് വന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം അതെ കാരണം കൊണ്ട് മരണത്തിനു കീഴടങ്ങുകയും ചെയ്തു. കുട്ടികൾ പഠിച്ച് ജോലി നേടി അവരവരുടേതായ കുടുംബങ്ങൾ തുടങ്ങിയിയപ്പോൾ, അദൃശ്യമായ ഒരു ശക്തിയെ അതിന്റെയെല്ലാം പിറകിൽ അമ്മായി ഉണ്ടായിരുന്നു.
വെഞ്ഞാറംമൂട്ട് കൂട്ടക്കൊല കേസ്സിന്റെ കാരണങ്ങളെക്കുറിച്ച് ന്യൂസ് ചാനലുകളിലും സോഷ്യൽ മീഡിയയിലും ചർച്ചകൾ നടക്കുമ്പോൾ എന്റെ മനസ് അബ്ദുൽ റഹീം എന്ന ആ ബാപ്പയുടെയും ഷെമി എന്ന ഉമ്മയുടെയും കൂടെയാണ്. ഇരുപത്തിയഞ്ച് വർങ്ങളായി പ്രവാസ ജീവിതം നയിച്ചിട്ടും, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാത്ത, ഒരു പക്ഷെ ഒന്ന് കരകേറാൻ വേണ്ടി തുടങ്ങിയ ബിസിനസ് തന്നെ കൊറോണയുടെ രൂപത്തിൽ തകർത്തത്തിലൂടെ നാട്ടിലേക്ക് വരാനുള്ള വാതിലടഞ്ഞത് മൂലം, സ്വന്തം ഉമ്മയും ഇളയ മകനും മരിച്ചിട്ടും കാണാൻ വരാൻ കഴിയാത്ത, പ്രവാസജീവിതത്തിലെ ഒരുപക്ഷെ ഏറ്റവും ദുഃഖഭരിതമായ ഒരേട്.
കുടുംബത്തെ നാട്ടിൽ നിർത്തി ഒറ്റയ്ക്ക് വേറൊരു രാജ്യത്ത്, കുറെ പേർ ബെഡ് ഷെയർ ചെയ്യുന്നവരുടെത് പോലെ തന്നെ കഷ്ടപെടുന്നവരാണ്, പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും, പങ്കാളി ഇല്ലാതെ, ഒറ്റയ്ക്ക് വളർത്തുന്ന നാട്ടിലെ മറുപാതികളും, അതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കുറച്ചുപേരെങ്കിലും സ്ത്രീകൾ ഗൾഫിൽ ജോലി ചെയ്യുമ്പോൾ നാട്ടിൽ കുട്ടികളെ നോക്കുന്ന ഭർത്താക്കന്മാരുമുണ്ട്. പഠനവും കുട്ടികളുടെ സ്വഭാവവുമായി ബന്ധപ്പെട്ട എന്ത് പരാതി വന്നാലും ആദ്യത്തെ പഴി വന്നു വീഴുന്നത് ഇവരിലായിരിക്കും. ഒറ്റയ്ക്ക്, പ്രായമായ മാതാപിതാക്കളെ നോക്കി , തങ്ങൾക്ക് ഒരു പക്ഷെ പരിചയമില്ലാത്ത കുട്ടികളുടെ വിദ്യഭ്യാസ കാര്യങ്ങൾ നോക്കി , നാട്ടിലെ വീടുവയ്ക്കുന്നതും നികുതി അടക്കുന്നതും മുതൽ, ബന്ധുക്കളുടെ കല്യാണത്തിന് പോകുന്നതും തുടങ്ങി രണ്ടുപേർ ചെയ്യണ്ട കാര്യങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന ഇവരാണ് യഥാർത്ഥത്തിൽ സൂപ്പർ ഹീറോകൾ. പക്ഷെ നമുക്കെല്ലാം ഇവർ അദൃശ്യരാണെന്നതാണ് സത്യം.
കുടുംബത്തെ നാട്ടിൽ ഒറ്റയ്ക്കാക്കി , വേറൊരു രാജ്യത്ത് ജോലി ചെയ്യുന്നവർ , ഒരു ജീവിതകാലത്ത് തന്നെ രണ്ടു രാജ്യങ്ങൾ പടുത്തുയർത്തുന്നവരാണ്. നമ്മുടെ സംസ്ഥാനത്തിന്റെ മാത്രമല്ല, ഒരു പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വന്നു ജോലി ചെയ്യുന്നവരുടെ കൂടി വരുമാനം ഇവരുടെ പണമാണ്. കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയുടെ വലിയൊരു പങ്ക് ഇവരുടേതാണ്. ശ്രീനാരായണ ഗുരു, അയ്യൻകാളി എന്നൊക്കെ പറയുന്ന അതെ സ്വരത്തിൽ ഗൾഫ് മലയാളികൾ എന്ന് കൂടി പറയേണ്ട അത്ര വലുതാണ് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മുന്നേടത്തിൽ ഇവരുടെ പങ്ക്. പക്ഷെ ഒരു വ്യക്തി അല്ലാതെ ഒരു സമൂഹമായത് കൊണ്ട് അർഹമായ അംഗീകാരം കിട്ടാത്തവരാണിവർ. ഈ വാർത്തയിലെ തന്നെ ബാപ്പയെ നാട്ടിലെത്തിക്കാൻ നമുക്കെന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നൊരു ചോദ്യം ബാക്കിയാകുന്നു. 75 ലക്ഷമാണ് കടമെന്നു വായിച്ച ഒരോർമ. ആരെങ്കിലും ഫണ്ട് പിരിവു തുടങ്ങിയാൽ നല്ലൊരു തുക സംഭാവന നല്കാൻ ഞാൻ തയ്യാർ.
Leave a comment