ചില കുടുംബപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ എന്റെ ബാപ്പ വേറെ വിവാഹം കഴിച്ച കഥ ഞാൻ മുൻപെഴുതിയിട്ടുണ്ട്. അന്നൊക്കെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഞങ്ങളുടെ വീട്ടിലും, മറ്റു ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ വീടുകളിലുമായിരുന്നു ബാപ്പ രാത്രി കഴിഞ്ഞിരുന്നത്. എനിക്ക് പത്തോ പന്ത്രണ്ടോ വയസും, എന്റെ ഇത്തയ്ക്ക് പതിനാലോ പതിനഞ്ചോ വയസും , എന്റെ അനിയന് ഏഴോ എട്ടോ വയസും പ്രായമുള്ള സമയമാണ്. ബാപ്പ വരാത്ത ദിവസങ്ങളിൽ കൗമാരക്കാരിയായ ഒരു മകളുമായി ഒറ്റക്ക് വീട്ടിൽ കഴിയുന്നത് ഉമ്മയ്ക്ക് അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. തലയിണയുടെ അടിയിൽ വെട്ടുകത്തി വച്ചുറങ്ങിയാൽ പോലും രാത്രി നല്ലവരായ നാട്ടുകാരുടെ ശല്യം ചിലപ്പോഴൊക്കെ ഒളിഞ്ഞു നോട്ടത്തിന്റെ രൂപത്തിൽ ഉണ്ടായിരുന്നു. അന്നൊക്കെ ഉറങ്ങാതെ ഇരുന്നു മനോരമയും മംഗളവും ഒക്കെ വായിച്ചാണ്, സ്കൂളിൽ പോകാത്ത എന്റെ ഉമ്മ മലയാളം വായിക്കാൻ പഠിച്ചത് (ഒരിക്കൽ schedule തെറ്റിച്ച് രാത്രി വന്ന എന്റെ ബാപ്പ തന്നെ വെട്ടുകത്തിയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണ്..)
അടുത്തുള്ള ഒരു കടയിൽ ഞങ്ങൾക്ക് വേണ്ട അത്യാവശ്യ സാധങ്ങൾ വാങ്ങിക്കാൻ വേണ്ടി ബാപ്പ ഏർപ്പാട് ചെയ്തിരുന്നു. അതുകൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു. അതിന്റെ കൂടെ ഉമ്മയുടെ കോഴി വളർത്തലും തയ്യലും, എറണാകുളം മാർകെറ്റിൽ വെളുപ്പിനെ എന്നെയും കൂട്ടി പോയി, സെക്കന്റ് ഹാൻഡ് തുണിത്തരങ്ങൾ എടുത്ത് , അലക്കി തയ്ച്ചു , അയല്പക്കങ്ങളിൽ വില്പനയുമൊക്കെയായി, ഉമ്മയും കുറച്ചു പൈസ കണ്ടെത്തിയിരുന്നു. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ പള്ളുരുത്തി വെളി അമ്പലത്തിൽ കപ്പലണ്ടി വിൽക്കാനും, പത്ത് ജയിച്ചപ്പോൾ , കുട്ടികൾക്ക് ട്യൂഷൻ എടുക്കാനുമൊക്കെ തുടങ്ങി, എന്റെ വക പോക്കറ്റ് മണി ഞാനും കണ്ടെത്തിയിരുന്നു.
ഞങ്ങളുടെ അയല്പക്കത്ത് ഉണ്ടായിരുന്ന രണ്ടു മുസ്ലിം കുടുംബങ്ങളിൽ ഒന്നായിരുന്നു ഞങ്ങളുടേത്. ബാപ്പ രണ്ടാമത് കല്യാണം കഴിച്ചപ്പോൾ അത് മതത്തിന് എതിരാണെന്ന് കരുതി ഉമ്മ എന്നെയും കൂട്ടി കച്ചേരിപ്പടി ജമാഅത്തിൽ ചോദിയ്ക്കാൻ ഒക്കെ പോയിട്ടുണ്ട്. പക്ഷെ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത് മതം അനുവദിച്ച ഒന്നാണെന്ന മറുപടിയോ എന്തോ ആണ് അന്ന് ഉമ്മാക്ക് കിട്ടിയതെന്ന് തോന്നുന്നു, ഓർമയില്ല. ഖുർആൻ പഠിപ്പിക്കാൻ മദ്രസയിൽ വന്ന ഉസ്താദ് ഒരു കുട്ടിയ അടിച്ച് ഒരു പരുവമാക്കിയ ഒരു സംഭവത്തോടെ ഞങ്ങളുടെ മദ്രസ പഠനവും മുടങ്ങിയിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട് മുടങ്ങാത്ത ഒന്നേ ഒന്ന് പള്ളിയിലേക്കുള്ള മാസപിരിവ് മാത്രമായിരുന്നു. മതം ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൽ ഈയൊരു പ്രധാന ഘടകമായിരുന്നില്ല.
വർഷങ്ങൾക്ക് ശേഷം ഞാൻ ഗോമതിയെ വിവാഹം കഴിച്ച് വീട്ടിൽ നിൽക്കുന്ന സമയത്ത് , അയല്പക്കത്തെ ഒരു മുസ്ലിം ദമ്പതികൾ ഞങ്ങളെ കാണാൻ വന്നു. എനിക്ക് ഒരു മുൻപരിചയവും ഇല്ലാത്ത അവർ, ഒരു പക്ഷെ ഒരു മുസ്ലിം യുവാവ് , വേറൊരു സംസ്ഥാനത്തെ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ കൗതുകത്തിന്റെ പുറത്ത് ഞങ്ങളെ കാണാൻ വന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഗോമതിയെ ഇസ്ലാമിലേക്ക് മാറ്റുന്നത് എപ്പോഴാണ് എന്നറിയുക ആയിരുന്നു അവരുടെ സന്ദർശനോദ്ദേശ്യം. അതിനുള്ള മാർഗ നിർദേശങ്ങൾ നൽകാനും മറ്റുമായിട്ടായിരുന്നു അവരുടെ വരവ്. മതം ഒരു സ്വകാര്യ കാര്യമായത് കൊണ്ടും, ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ പെൺകുട്ടികൾ മതം മാറാൻ നിർബന്ധിക്കപ്പെടും എന്നുള്ളത് കൊണ്ടും ഒരു തരത്തിലും ഗോമതി മതം മാറുന്ന കാര്യം ഞങ്ങൾ ആലോചിച്ച് കൂടി ഉണ്ടായിരുന്നില്ല (അല്ലെങ്കിലും പ്രണയത്തിലും വിവാഹത്തിലും മതം മാറണം എന്നാരെങ്കിലും പറഞ്ഞാൽ, ആ പരിപാടി അവിടെ നിർത്തിയേക്കണം). ഇനി അവളുടെ ഇഷ്ടപ്രകാരം അവൾ ഇസ്ലാമിലേക്ക് മാറിയാൽ, ഞാൻ തിരിച്ച് ഹിന്ദു മതത്തിലേക്ക് മാറുമെന്ന്, ഉമ്മയോട് നേരത്തെ തന്നെ പറഞ്ഞിരുന്ന കാര്യമാണ്. പക്ഷെ ഞാൻ വല്ലപ്പോഴും കാണുന്ന അയല്പക്കകാരോട് അതൊന്നും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. പൊന്നാനിയിൽ പോയി പഠിച്ച് ഇസ്ലാമിലേക്ക് ഷഹദ് കലിമ ചൊല്ലി വരുന്നതിനെ കുറിച്ചൊക്കെ അവർ പറയാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരു കാര്യം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“പണ്ട്, എന്റെ ബാപ്പ വേറെ വിവാഹം കഴിഞ്ഞു പോയ സമയത്ത്, ഞങ്ങൾ പട്ടിണിയാണോ അല്ലയോ, സുരക്ഷിതമായി ജീവിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിഞ്ഞു നോക്കാതെ ആളുകൾ, ഇപ്പോൾ ഞാൻ വേറെ മതത്തിൽ നിന്ന് വിവാഹം കഴിച്ചു എന്ന് കേട്ടപ്പോൾ, പെൺകുട്ടിയെ ഇസ്ലാമിലേക്ക് മാറ്റുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ എന്ത് അവകാശമാണുള്ളത്? ”
ഈ ചോദ്യം അവർ പ്രതീക്ഷിച്ചിരുന്നതല്ല. അയൽപ്പക്കാരെ വെറുപ്പിക്കരുത് എന്ന അർത്ഥത്തിൽ ഉമ്മ എന്നെ നോക്കിയത് കൊണ്ട് ഞാനവിടെ നിർത്തി. അന്ന് പെട്ടെന്ന് ഇറങ്ങി പോയ അവർ പിന്നീട് ഞങ്ങളുടെ വീട്ടിലേക്ക് ഒരിക്കലും വന്നു ഞാൻ കണ്ടില്ല.
ചില വിശ്വാസികളും, പുരോഹിതന്മാരുമൊക്കെ അങ്ങിനെയാണ്. നമ്മൾ പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞു നോക്കില്ല. നമ്മൾ വേറെ മതത്തിൽ നിന്ന് ഒരു പെണ്ണിനെ വിവാഹം കഴിക്കുകയോ, കുട്ടികൾ വളർന്നു വലുതായി അവർ നമ്മളെ കാശ്മീരിൽ കൊണ്ടുപോവുകയോ ഒക്കെ ചെയ്യുമ്പോൾ മാത്രം കുരു പൊട്ടുന്ന, ചില ജന്മങ്ങളുണ്ട്. 25 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് നഷ്ടപെട്ട ഒരു സ്ത്രീ കഷ്ടപ്പെട്ട് കൂലിവേല ചെയ്തു മക്കളെ വളർത്തിയപ്പോളൊന്നും തിരിഞ്ഞു നോക്കാതിരുന്ന ആളുകൾക്ക് , ഇപ്പോൾ അവർ മണാലിയിൽ പോയി മഞ്ഞ് വാരി സന്തോഷിക്കുന്ന വീഡിയോ കണ്ടപ്പോൾ ചൊറിച്ചിൽ വരുന്നു. “ഇരുപത്തിയഞ്ച് വർഷമായി ഭർത്താവ് മരണപ്പെട്ട വലിയുമ്മാക്ക് ഏതെങ്കിലും മൂലയ്ക്കിരുന്ന് ദിക്റും സ്വലാത്തും ചൊല്ലിയാൽ പോരെ” എന്നാണ് ഉസ്താദിന്റെ ചോദ്യം. അതും ലോകത്തിലെ എല്ലാ സൃഷ്ടികളും അള്ളാഹു പടച്ചതാണെന്നു വിശ്വസിക്കുന്നവരാണ് ഇവർ എന്നുള്ളതാണ്, ഇതിന്റെ ഏറ്റവും വലിയ തമാശ. ഈ ഉസ്താദിന്റെ ഭാര്യ മരിച്ചുപോയാലും ഇല്ലെങ്കിലും ഉസ്താദിനു വേറെ കെട്ടാം , പക്ഷെ പെണ്ണുങ്ങൾ കഷ്ടപ്പെട്ട് കുട്ടികളെ വളർത്തണം, കഷ്ടപ്പെട്ട് മരിക്കണം, ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കരുത്. മറ്റുളളവരുടെ സങ്കടം കണ്ട് സന്തോഷം വരുന്ന ഒരു മാനസിക രോഗമുണ്ട്, Schadenfreude എന്നാണ് അതിന്റെ പേര്. ഉസ്താദിന് ചികിത്സ വേണ്ടത് അതിനാണ്. മരിച്ചുകഴിഞ്ഞുള്ള സ്വർഗ്ഗവും നരകവുമല്ല, മനുഷ്യർ ജീവിച്ചിരിക്കുമ്പോഴുള്ള സ്വർഗ്ഗവും നരകവും ആകട്ടെ മൊല്ലാക്കമാരുടെ ഫോക്കസ് പോയിന്റ്. പട്ടിണി കിടക്കുന്നവരെ അന്വേഷിച്ചു കണ്ടെത്തി അവരെ ആശ്വസിപ്പിക്കട്ടെ. അപ്പോൾ, കുറേനാൾ കഴിഞ്ഞു അവർ സന്തോഷികുമ്പോൾ നിങ്ങൾക്കും കൂടെ ചേർന്ന് സന്തോഷിക്കാം.
അതുവരെ നഫീസുമ്മ യാത്രകൾ പോകട്ടെ, സന്തോഷിക്കട്ടെ. മറ്റുളളവരുടെ സങ്കടം കാണുമ്പോൾ അത് നമ്മുടെ സങ്കടമായി തോന്നുകയും, മറ്റുള്ളവർ സന്തോഷിക്കുന്നത് കാണുമ്പോൾ സന്തോഷിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരായി നമുക്ക് തുടരാം.
Leave a comment