അമേരിക്കയിലേക്കും യൂറോപ്പിലേക്കും നോക്കൂ, അവർ എത്ര നല്ല സർവ്വകലാശാലകൾ പണിതു. എത്ര നല്ല പാലങ്ങളും റോഡുകളും നിർമിച്ചു. വലിയ ബാങ്കുകൾ , സ്റ്റോക്ക് മാർക്കറ്റ് എന്നിവയെല്ലാം ലോകത്തിന് അവരുടെ സംഭാവനയാണ്. ഇന്ത്യയിലും കേരളത്തിലും എന്തുകൊണ്ട് ഇതുപോലെയൊന്നും നടക്കുന്നില്ല? അതുകൊണ്ടല്ലേ നമ്മുടെ യുവാക്കൾ പുറംലോകത്തേക്കു ചേക്കേറുന്നത്? നമ്മുടെ നാട് എന്തുകൊണ്ടാണ് അവരെ പോലെ വികസിക്കാത്തത്. നമ്മുടെ രാഷ്ട്രീയക്കാരെ എന്തിനു കൊള്ളാം?
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പരിപാടിയിലോ, കേരളത്തിലെ യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വർത്തകളുട താഴെയോ ഒക്കെ മേല്പറഞ്ഞ പോലെയുള്ള കമന്റുകൾ ഒരുപക്ഷെ നിങ്ങൾ കണ്ടുകാണും. നിങ്ങൾ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് അമേരിക്കയും ബ്രിട്ടനും, സ്വീഡനും സ്പെയിനും ഇറ്റലിയും ഒക്കെ വികസിത രാജ്യങ്ങളായി നിൽക്കുമ്പോൾ ഏഷ്യയിലെയും ആഫ്രിക്കയിലെയും സൗത്ത് അമേരിക്കയിലെയും ഒക്കെ രാജ്യങ്ങൾ പിന്നോക്കം നിൽക്കുന്നത്? അതറിയാൻ എങ്ങിനെയാണ് ഒരു നാട്ടിൽ ഒരു ചിന്തകനോ എഴുത്തുകാരനോ ഉണ്ടാകുന്നതെന്നാലോചിച്ചാൽ മതി. നമ്മുടെ വീട്ടിൽ ഒരു എഴുത്തുകാരനോ ചിന്തകനോ ഉണ്ടാകുന്നത്, അവർക്ക് ഒരു പണിയും ചെയ്യാതെ, സമയത്തിന് തിന്നാൻ കിട്ടുമ്പോഴാണ്, വായിക്കാൻ പുസ്തകങ്ങൾ ലഭിക്കുമ്പോഴാണ്. ഇന്ത്യയിൽ എന്തുകൊണ്ട് വലിയ എഴുത്തുകാരിൽ ഭൂരിഭാഗവും “ഉയർന്ന” ജാതിയിൽ നിന്നുണ്ടായി എന്ന് ചോദിച്ചാൽ, പകലന്തിയോളം പാടത്തും പറമ്പത്തും അടിമപ്പണി ചെയ്ത “താഴ്” ജാതിക്കാർ, സ്വന്തം വയർ മുറുക്കിയുടുത്ത്, കൃഷിചെയ്ത് സമയാസമയത്തിനു മേലാളർക്ക് വെട്ടിവിഴുങ്ങാൻ ആഹാരം ഉണ്ടാക്കി കൊടുത്തതുകൊണ്ടാണ് എന്നാണുത്തരം. മേലനങ്ങാതെ ഭക്ഷണം ലഭിക്കാനുള്ള പാങ്ങുണ്ടായാൽ ചിന്തിക്കാൻ സമയം കിട്ടും. വെളുപ്പിന് എഴുന്നേറ്റ് അന്തഃവരെ പാടത്ത് പണിയെടുക്കുന്ന ഒരാൾക്ക് അതിനുള്ള സമയം ഉണ്ടാകില്ല, കഴിവുണ്ടെങ്കിൽ പോലും.
അതിന്റെ തന്നെ ഒരു വലിയ പതിപ്പാണ്, കോളനിവത്കരണവും അടിമപ്പണിയും കൊണ്ട് മേല്പറഞ്ഞ രാജ്യങ്ങൾ നേടിയ വികസനം. ഇത്രയും പേരുകേട്ട , ഐൻസ്റ്റീൻ ഒക്കെ ജോലിചെയ്ത പ്രിൻസ്ടൺ സർവകലാശാല നിർമിച്ചത് ആഫ്രിക്കയിൽ നിന്ന് ബലമായിക് പിടിച്ചുകൊണ്ടുവന്ന്, ചങ്ങലക്കിട്ട അടിമകളാണ്. പ്രിൻസ്ടൺ സർവകലാശാലയുടെ അനേകം പ്രെസിഡന്റുമാർ അടിമകളെ സ്വന്തമാക്കി വച്ചിരുന്നവരാണ്. ഈ അടിമകൾ കോട്ടൺ ഫീൽഡിലും മറ്റും , കൂലിയില്ലാത്ത വേല ചെയ്തുണ്ടാക്കിയ പൈസകൊണ്ടാണ്, അമേരിക്കയിലെ വെള്ളക്കാർ വലിയ മണിമാളികകൾ പണിതതും, റോഡുകൾ നിർമിച്ചതും, ഉയർന്ന വിദ്യാഭ്യാസം നേടിയതും. ബ്രൗൺ, കൊളംബിയ, ഹാർവാർഡ് തുടങ്ങിയ പുകൾപെറ്റ അമേരിക്കൻ സർവ്വകലാശാലകൾ എല്ലാം അടിമകളുടെ വിയർപ്പിന്റെ ഫലമാണ്. പ്രിൻസ്റ്റണിൽ ഇന്നും ശതമാനക്കണക്കിൽ ആഫ്രിക്കൻ അമേരിക്കക്കാരെ കുറച്ചാണ് പ്രവേശിപ്പിക്കുന്നത്. ഇത് വളരെ പഴയ കഥകളൊന്നുമല്ല, മിഷേൽ ഒബാമ തന്നെ തന്റെ ആത്മകഥയിൽ പ്രിൻസ്റ്റണിൽ നിന്നനുഭവിച്ച വർണവിവേചനത്തെ കുറിച്ച് പറയുന്നുണ്ട്. അമേരിക്കയെ സംബന്ധിച്ചിടത്തോളം , തദ്ദേശീയരായ സ്വദേശികളെ കൊന്നൊടുക്കി സൗജന്യമായി ഭൂമി ലഭിച്ചു, അവിടെ സൗജന്യമായി ജോലി ചെയ്യാൻ അടിമകളെ ലഭിച്ചു, വികസിക്കാൻ ഇനിയെന്താണ് വേറെ വേണ്ടത്? 40 ലക്ഷം അടിമകളെയാണ് ഒരു സമയത്ത് അമേരിക്ക ആഫ്രിക്കയിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് അടിമപ്പണി ചെയ്യിച്ചിരുന്നത്. അവരുടെ കുട്ടികളെയും അടിമകളായിട്ടാണ് കണക്കാക്കിയിരുന്നത്. ഇന്നത്തെ ആഫ്രിക്കൻ അമേരിക്കക്കാരിൽ പലരുടെയും Last Name അവരുടെ മുൻ തലമുറയിൽ പെട്ട ഉടമകളുടെ പേരാണ്. അതുകൊണ്ടാണ് അമേരിക്കൻ വിപ്ലവകാരിയും ചിന്തകനും , കറുത്ത വർഗക്കാരനുമായ മാൽകം ലിറ്റിൽ തന്റെ പേര് മാൽക്കം X എന്ന് മാറ്റിയത്.
1765 നും 1938 നും ഇടക്ക് ഇന്ത്യയിൽ നിന്ന് മാത്രം ബ്രിട്ടൻ കടത്തിക്കൊണ്ടു പോയത്, 45 trillion ഡോളറാണ് (ഒന്ന് കഴിഞ്ഞു 12 പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് ഒരു ട്രില്യൻ, ഇത് ബ്രിട്ടന്റെ ഇന്നത്തെ GDP യുടെ 15 ഇരട്ടിയോളം വരും). ബംഗാൾ ക്ഷാമം പോലെ ലക്ഷകണക്കിന് പേര് ഭക്ഷണം കിട്ടാതെ മരിച്ച കണക്കുകൾ വേറെ. ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമൊക്കെ കൊണ്ടുപോയ പൈസയും, അറ്റ്ലാന്റിക്കിനു കുറുകെ നടത്തിയ അടിമക്കച്ചടവും ഒക്കെയാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയെയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയെയുമൊക്കെ ഇന്നത്തെ നിലയിലെത്തിച്ചത്. നമ്മുടെ പൈസയും , വസ്തുവകകളും, അടിമകൾ സൗജന്യമായി പണിതുകൊടുത്ത കെട്ടിടങ്ങളും, റോഡുകളുമൊക്കെയാണ്, ഈ രാജ്യങ്ങളുടെ ഇന്നത്തെ വികസനത്തിന്റെ ആണിക്കല്ല്. ബ്രിട്ടൻ വരുന്നതിനു മുൻപ് ഏതാണ്ട് 7 trillion ഡോളറാണ് ഇന്ത്യയിൽ നിന്ന് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി അടിച്ചുമാറ്റിയത്.
സ്പെയിൻ തെക്കൻ അമേരിക്കയിൽ നിന്നും മെക്സിക്കോയിൽ നിന്നുമൊക്കെ കടത്തിയത് 180 ടൺ സ്വർണമാണ്. അമേരിക്കയിൽ കുടിയേറിയ വെള്ളക്കാർ ചെയ്ത പോലെ തദ്ദേശവാസികളെ മുഴുവനായി കൊന്നൊടുക്കിയില്ല എന്നത് മാത്രമാണ് ബ്രിട്ടൻ ഇന്ത്യയോടും, സ്പെയിൻ തെക്കൻ അമേരിക്കയോടും ചെയ്ത ഒരേ ഒരു ഉപകാരം. കോളനിവൽക്കരണത്തിന്റെയും അടിമക്കച്ചവടത്തിന്റെയും ലാഭം നിക്ഷേപിച്ചും, അതിന് പലിശക്ക് പണം കൊടുത്തുമാണ് ഈ രാജ്യങ്ങളിൽ നമ്മളിന്ന് കാണുന്ന സ്റ്റോക്ക് മാർക്കറ്റ് ഉണ്ടായിവരുന്നതും വികസിക്കുന്നതും. സാങ്കേതിക രംഗത്തുളള പുരോഗതിക്ക് പിന്നിൽ പ്രവർത്തിച്ചതും ലക്ഷകണക്കിന് ആളുകളുടെ കണ്ണീരുകൊണ്ടുണ്ടാക്കിയ ഈ പണമാണ്.
കോളനിവൽക്കരണത്തെക്കുറിച്ചും, അടിമക്കച്ചവടത്തെക്കുറിച്ചുമെല്ലാം വായിച്ചാൽ ഈ രാജ്യങ്ങളോട് നമുക്കുള്ള മതിപ്പ് ഇല്ലാതെയാകും. നമ്മുടെത് കുറ്റമറ്റ ഒരു രാജ്യമൊന്നുമല്ല. വികസനകാര്യത്തിലും കുറ്റമറ്റ ഭരണഘടനാ സ്ഥാപനങ്ങളുടെ കാര്യത്തിലുമൊക്കെ നമുക്ക് ഇനിയും കുറെയേറെ മുന്നോട്ട് പോകാനുണ്ട്. പക്ഷെ അഞ്ഞൂറിലേറെ വർഷങ്ങളായി അടിമക്കച്ചടവും കോളനിവൽക്കരണവും കൊണ്ട് “വികസിച്ച” ഇത്തരം രാജ്യങ്ങളുമായി ദയവായി സ്വാതന്ത്ര്യം കിട്ടി എൺപതു വർഷങ്ങൾ പോലുമാകാത്ത നമ്മുടെ രാജ്യത്തെ താരതമ്യം ചെയ്യരുത്.
“I am, somehow, less interested in the weight and convolutions of Einstein’s brain, than in the near certainty that people of equal talent have lived and died in cotton fields and sweat shops.”
- Stephen Jay Gould, Evolutionary Biologist
Leave a comment