ആണോ പെണ്ണോ?

ഹൈന്ദവ ക്ഷേത്രങ്ങളിൽ മറ്റിടങ്ങളിൽ നിന്ന് കൂടുതലായി ഒരു കാന്തികശക്തിയുമില്ലെന്ന് തെളിയിക്കുന്ന വീഡിയോ ഇട്ടതിനു, എന്നെയും കുടുംബത്തെയും സോഷ്യൽ ബോയ്‌കോട്ട് ചെയ്ത ന്യൂ ജേഴ്സിയിലെ മലയാളി കൂട്ടുകാരിൽ എന്റെ അടുത്ത മുസ്ലിം, ക്രിസ്ത്യൻ സുഹൃത്തുക്കളും ഉണ്ടായിരുന്നു. നമ്മളെന്തിനാണ് നമുക്കാവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാൻ പോകുന്നത് എന്നായിരുന്നു മുസ്ലിം സുഹൃത്തിന്റെ ചോദ്യം. പക്ഷെ അടിസ്ഥാന കാരണം, ഇന്നിവൻ സ്ത്രീകൾ ശബരിമലയിൽ കയറാൻ പറയുന്നു, നാളെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക് തുല്യസ്ഥാനം നൽകണമെന്ന് പറയുമെന്ന പേടി കൂടി ആയിരിക്കണം. ഞാൻ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലെങ്കിൽ കൂടി, വിശ്വസിക്കുന്ന സ്ത്രീകൾക്ക് ആരാധനാലയങ്ങളിൽ തുല്യ അവകാശമുണ്ടെന്നായിരുന്നു എന്റെ മറുപടി. എന്തായാലും കുറെ സുഹൃത്തുക്കൾ ഈ സാമൂഹിക ബഹിഷ്കരണം ഇന്നും അഭംഗുരം തുടരുന്നു.

മേല്പറഞ്ഞ സംഭവത്തിനു ശേഷം ഈ മുസ്ലിം സുഹൃത്തിനെ ഞാൻ ന്യൂ യോർക്കിലെ ഇന്ത്യൻ എംബസ്സിയുടെ മുന്നിൽ വച്ച് കണ്ടു. പൗരത്വ നിയമഭേദഗതിക്കെതിരെ കുറെ സംഘടനകൾ നടത്തിയ സമരസ്ഥലത്തുവച്ചായിരുന്നു അത്. പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ സമരത്തിൽ മലയാളി മുസ്ലിം സംഘടനകളും പങ്കെടുത്തിരുന്നു, അതിന്റെ ഭാഗമായിട്ടാണ് അന്ന് അവൻ അവിടെ വന്നത്. നമ്മുടെ ഇറച്ചിയിൽ മണ്ണ് പറ്റുന്നത് വരേയുള്ളൂ ഒരാളുടെ അരാഷ്ട്രീയത എന്നത് വെളിവാക്കിയ ഒരു സംഭവമായിരുന്നു അത്. മുസ്‌ലിം എന്ന മത ന്യൂനപക്ഷത്തെ എങ്ങിനെ സംഘപരിവാർ അക്രമിക്കുന്നുവോ അതുപോലെ തന്നെയാണ് സ്ത്രീകളുടെ അവകാശങ്ങളെ മതങ്ങൾ ആക്രമിക്കുന്നതും , അടിസ്ഥാന അവകാശങ്ങൾ തടയുന്നതും. ഒരിടത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശത്തെ നിഷേധിക്കുന്ന , വിശ്വാസം കാരണം പൗരത്വത്തെ വരെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ, മറ്റിടത്തു വിശ്വാസത്തിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ തുല്യാവകാശം നിഷേധിക്കുന്ന അവസ്ഥ. രണ്ടും ഒരേ വിഷയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്.

ഇതേപോലെ തന്നെയാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. നമ്മൾ എല്ലാവരും പലതരത്തിലുള്ള ലൈംഗികത ഉള്ളവരാണ്. Sex , Gender എന്നീ വാക്കുകളുടെ വ്യത്യാസം അറിയാത്ത അനേകമാളുകൾ നമ്മുടെ ഇടയിലുണ്ട്. ഒന്ന് നമ്മൾ ജനിക്കുമ്പോൾ ലഭിക്കുന്ന ശാരീരികമായി നമ്മൾ ഏത് വിഭാഗത്തിൽ പെടുന്നു എന്നത് സൂചിപ്പിക്കുമ്പോൾ, മറ്റേത് മനസ്സിൽ നമ്മൾ നമ്മളെ ആരായി കാണുന്നു എന്നതിനെ സൂചിപ്പിക്കുന്നു. നമ്മൾ എല്ലാവരും പരിപൂർണ സ്ത്രീകളോ പുരുഷന്മാരോ ആയ ജൻഡർ അല്ല, ഈ മഴവില്ലിനു ഇടയിൽ എവിടെയോ ഉള്ള ആളുകളാണ്. അത് നമ്മൾ ജനിച്ചപ്പോൾ നമുക്ക് കിട്ടിയ ലിംഗവുമായി (sex ) പൂർണമായും യോജിച്ച് പോകണമെന്നില്ല. (ഇപ്പറഞ്ഞ രണ്ടും (sex & gender) പരസ്പര വിരുദ്ധകോണുകളിൽ വരുന്നവർക്കാണ് നമ്മൾ ട്രാൻസ് ജൻഡർ എന്ന് പറയുന്നത്). ഈ പറഞ്ഞ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്ഥാനത്ത് , മത ന്യൂനപക്ഷങ്ങളെ നിർത്തിയാൽ മനസിലാക്കാൻ കഴിയുന്ന പ്രശ്നമേ തൽക്കാലം പി കെ ഫിറോസിനെ പോലുള്ള മുസ്ലിം ലീഗ് നേതാക്കൾക്കുള്ളൂ.

പക്ഷെ ഒരു പ്രശ്നമുണ്ട്, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികളെ പോലെ തന്നെയാണ് മലയാള ഭാഷയും. സെക്സ് എന്നാൽ ലൈംഗികത എന്നല്ലാതെ അതിന്റെ നേർത്ത അതിർവരമ്പുകൾ സൂചിപ്പിക്കുന്ന പദങ്ങൾ മലയാള ഭാഷയിലില്ല. ഉദാഹരണത്തിന് lesbian എന്നതിന് എന്താണ് ശരിയായ മലയാളപദം? താഴെ കൊടുത്തിരിക്കുന്ന എല്ലാ വിധ പ്രണയ – ലൈംഗിക വേർതിരിവുകൾക്കും നമ്മുക്ക് പുതിയ പദങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

Sapiosexual: ഒരാളുടെ ബുദ്ധി അറിവ് ഒക്കെ കണ്ടിട്ട് നമുക്ക് തോന്നുന്ന ആകർഷണം. ഒരാളുടെ രൂപം ഇതിൽ ഒരു തരത്തിലുള്ള പങ്കും വഹിക്കുന്നില്ല. (Attraction to intelligence or intellectual connection, often prioritizing mental stimulation over physical appearance)

Demisexual : ഒറ്റനോട്ടത്തിൽ ആകർഷണം തോന്നാതെ കുറെ നാൾ പരിചയപെട്ടു, ആഴത്തിലുള്ള വൈകാരിക ബന്ധത്തിന് ശേഷം ഉണ്ടാകുന്ന ആകർഷണം. (Sexual attraction only arises after forming a strong emotional bond. Part of the asexual spectrum)

Pansexual : സെക്സ്, ജൻഡർ ഇനീ വേർതിരിവുകൾ ഇല്ലാതെ എല്ലാവരോടും തോന്നാവുന്ന ആകർഷണം. ശരീരമല്ല മനസാണ് ഈ ആകർഷണത്തിന്റെ അടിസ്ഥാനം. ( Attraction to people regardless of gender, sex, or identity (e.g., “hearts, not parts”)

Asexual : പ്രണയം ഉണ്ടാകാമെങ്കിലും, ഒരുതരത്തിലുമുള്ള ലൈംഗിക ആകർഷണമേ തോന്നാത്ത അവസ്ഥ. ഇതും നോർമൽ ആണ്. ഇങ്ങിനെ ഉള്ളവരെ ഒക്കെ വിവാഹത്തിലേക്ക് തള്ളിവിട്ടു കുട്ടികൾ വേണമെന്ന് നിർബന്ധം പിടിക്കുന്ന സമൂഹത്തെ ഓർത്തുനോക്കൂ.
(Little or no sexual attraction to others, though romantic attraction may exist )

Fluid : മേല്പറഞ്ഞ സംഗതികളെല്ലാം മാറിമറിഞ്ഞു വരുന്ന അവസ്ഥ.

ഇതുപോലെ തന്നെ പ്രണയത്തിന്റെ കാര്യത്തിൽ ഇതുപോലെ കുറെ പദങ്ങൾ നമുക്ക് മലയാളത്തിൽ കൊണ്ടുവരേണ്ടതുണ്ട്. ഉദാഹരണത്തിന്, പങ്കാളിയുടെ സമ്മതത്തോടു കൂടി മറ്റൊരാളുമായി പ്രണയത്തിൽ ഏർപ്പെടുന്ന Polyamory, ഒരു സമയത്ത് ഒരാളോട് മാത്രം, പക്ഷെ ഒന്നിന് പിറകെ ഒന്നായി ഓരോ പുതിയ ആളുകളോടും ബന്ധം പുലർത്തുന്ന Serial Monogamy, പങ്കാളിയോട് പ്രണയം പുലർത്തുമ്പോൾ തന്നെ മറ്റുള്ളവരുമായി ലൈംഗിക ബന്ധം പുലർത്തുന്ന Swinging തുടങ്ങി അനേകം വാക്കുകൾ പ്രണയത്തിന്റെയും ലൈംഗികതയുടെയും അതിർവരമ്പുകളിലുണ്ട്. ഒരു പക്ഷെ ഇതിൽ ചിലതൊക്കെ കേൾക്കുമ്പോൾ നിങ്ങൾ നെറ്റി ചുളിച്ചേക്കാം, പക്ഷെ ഓർക്കുക രണ്ടു പേരുടെ പ്രണയവും ലൈംഗികതയും അവരുടെ സ്വന്തന്ത്ര്യമാണ്, അതിൽ കൈകടത്താനോ , അഭിപ്രായം പറയാനോ നമുക്കൊരു കാര്യവുമില്ല.

അമേരിക്കയിലെ പ്രസിഡന്റ് പോലും ലോകത്ത് ആണോ പെണ്ണോ മാത്രമേയുള്ളൂ എന്ന് , അയാളുടെ മതവിശ്വാസത്തിന്റെയോ വിവരക്കേടിന്റെയോ ഭാഗമായി പറയുമ്പോൾ, അത് കയ്യടിച്ച് അംഗീകരിക്കുന്ന കേരളത്തിലെ ന്യൂനപക്ഷ മതത്തിൽ പെട്ട രാഷ്ട്രീയക്കാർ, ട്രമ്പ് തന്റെ ഇസ്ലാമോഫോബിയ പുറത്തെടുത്ത് ഗാസയിൽ നിന്ന് ഫലസ്തീനികൾ വേറെ എവിടേക്കെങ്കിലും പോകണമെന്ന് കേൾക്കുബോഴും ആ കയ്യടി തുടരണം. മേല്പറഞ്ഞ പോലെ സ്വന്തം ഇറച്ചിയിൽ മണ്ണ് വീഴുന്ന വരെ നമുക്ക് മറ്റുള്ളവരെ പരിഹസിച്ച് ചിരിച്ചുകൊണ്ടിരിക്കാം.

ചിത്രം : എറണാകുളത്ത് ഒരു ട്രാൻസ് ജൻഡർ ആയത്കൊണ്ട് മാത്രം ചില മനുഷ്യരുടെ ഇരുമ്പുവടിക്ക് അടി വാങ്ങിക്കേണ്ടി വന്ന ഒരു പാവത്തിന്റെ പരിക്ക്. ശീതൾ ശ്യാം പോസ്റ്റ് ചെയ്തത്.

Leave a comment

Blog at WordPress.com.

Up ↑