ആരുമല്ലാത്തവരുടെ ആത്മകഥകൾ.
ബന്ധമൊന്നുമില്ലാതിരുന്ന ഇരുപതോളം വർഷങ്ങൾക്ക് ശേഷം ഞാനാണ് ആദ്യമായി പയ്യന്നൂർ രാമന്തളിയിലുള്ള എന്റെ ഉപ്പയുടെ ( ഉമ്മയുടെ ബാപ്പ) തറവാടന്വേഷിച്ചു പോകുന്നത്.
“കൊറ്റികടവിന് കുറുകെ വഞ്ചികൾ പോയ കാലമൊക്കെ പോയി മോനെ, ഇപ്പോൾ പാലം വന്നുകഴിഞ്ഞു എല്ലാവരും അതാണുപയോഗിക്കുന്നത്” : പയ്യന്നൂർ രാമന്തളിക്കടുത്തുള്ള കൊറ്റികടവിന് കുറുകെ കടത്തന്വേഷിച്ച എന്നോട്, അവിടെ മണൽ വരുന്ന വഞ്ചിക്കാർ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് എന്റെ ഉപ്പ ( ഉമ്മയുടെ ബാപ്പ) ഡയറിയിൽ എഴുതിയ അഡ്രസ് അടങ്ങിയ, പിഞ്ഞിത്തുടങ്ങിയ കടലാസ് എന്റെ കയ്യിലിരുന്ന വിറച്ചു. ഇരുപത് വർഷങ്ങൾക്ക് ശേഷം ഞാനാണ് ആദ്യമായി എറണാകുളത്ത്നിന്ന് ഉപ്പ ജനിച്ചുവളർന്ന വീടിനെയും വീട്ടുകാരെയും അന്വേഷിച്ചുപോകുന്നത്, അതും വീട്ടിൽ ആരോടും പറയാതെ. മട്ടാഞ്ചേരിയിൽ വീടുകളി യാസീൻ ഓതാൻ പോകുന്ന ഒരാളായിരുന്നു എന്റെ ഉമ്മയുടെ ബാപ്പ.
അധികം പൈസയൊന്നും കിട്ടാത്ത ഒന്നായിരുന്നു ഉപ്പയുടെ മൊല്ലാക്ക പണി. ഞങ്ങൾ കൊച്ചിയിലെ ഉമ്മയെന്നു വിളിച്ചിരുന്ന, ഉമ്മയുടെ ഉമ്മ, മട്ടാഞ്ചേരി കപ്പലണ്ടിമുക്കിൽ ,പഴയ ലാബെല്ല ഹോട്ടലിനു അടുത്തുളള ഇടവഴിയിൽ, നൂറോ ഇരുന്നൂറോ സ്‌ക്വയർ ഫീറ്റുളള, അഞ്ചോ ആറോ വീട്ടുകാർക്ക്, ഒരു കുളിമുറിയും ഒരു പാട്ട കക്കൂസും, ഒരു കിണറുമുള്ള, ഒരു ലെയിൻ വീടിന്റെ മുൻവശത്ത് ഒരു കൊച്ചു കട നടത്തിയും, കുറച്ചു വലുതായപ്പോൾ എന്റെ ഉമ്മ അടുത്തുളള കമ്പനിയിൽ ചെമ്മീൻ കിള്ളാൻ പോയുമെല്ലാമാണ് ആ വീട്ടിലെ അടുപ്പ് പുകഞ്ഞിരുന്നത്.
പയ്യന്നൂർ രാമന്തളി വടക്കുമ്പാട് സ്വദേശിയയായിരുന്നു എന്റെ ഉപ്പ. ഉമ്മയുടെ ബാപ്പയെ ഞങ്ങൾ അങ്ങിനെയാണ് വിളിച്ചിരുന്നത്. നേരത്തെ പറഞ്ഞ പോലെ, മട്ടാഞ്ചേരിയിൽ പല വീടുകളിലും യാസീൻ ഓതാൻ നടന്നിരുന്ന ഒരു മൗലവിയായിരുന്നു ഉപ്പ. ഇടക്ക് സ്കീസോഫ്രീനിയ പോലെ എന്തോ മാനസിക അസ്വാസ്ഥ്യം വന്നു , സ്വഭാവം മുഴുവൻ മാറി, വീട്ടുകാരെ മുഴു തെറി വിളിക്കുന്ന, അല്ലാത്തപ്പോൾ, ഖുർആൻ ഓതുന്നതിനൊപ്പം, ചങ്ങമ്പുഴയുടെ വാഴക്കുലയെല്ലാം നന്നായി ചൊല്ലുന്ന, അദ്ദേഹം , കിറുക്കൻ മുസ്ള്യായർ എന്നായിരുന്നു ഞങ്ങളുടെ വീടിനടുത്തു അറിയപ്പെട്ടിരുന്നത്. ചില വിശേഷ ദിവസങ്ങളിൽ കുറെ വീടുകളിൽ ഓതാൻ പോകുമ്പോൾ കിട്ടുന്ന ഭക്ഷണം കഴിച്ചു തീർക്കാനായിട്ടാണ് എന്റെ ബാപ്പ ആദ്യമായി ഉപ്പയുടെ കൂടെ കൂടുന്നതും, എന്റെ ഉമ്മയെ കല്യാണം കഴിക്കുന്നതും.
ഉപ്പ രാമന്തളിയിൽ നിന്ന് കൊച്ചിയിൽ എന്തുകൊണ്ട് വന്നു എന്നതിന് രണ്ടു ഭാഷ്യങ്ങൾ നിലവിലുണ്ട്. ഒന്നാമത്തേത് , യാഥാസ്ഥിക മുസ്ലിങ്ങളുടെ ഇടയിൽ നാടകം കളിക്കുന്നതൊക്കെ ആലോചിക്കാൻ പോലും പറ്റാത്ത സമയത്ത് ഒരു നാടകം കളിച്ചതിന് ഉപ്പയെ സമൂഹത്തിൽ നിന്ന് പുറത്താക്കിയെന്നും, അങ്ങിനെ മട്ടാഞ്ചേരിയിൽ വന്നുപെട്ടുമെന്നാണ്. മറ്റൊന്ന്, ഇപ്പോഴത്തെ നാവിക അക്കാഡമി ഇരിക്കുന്ന ഏഴിമലയിലൊക്കെ, വലിയ ഭൂസ്വത്തുണ്ടായിരുന്ന ഉപ്പയുടെ കുടുംബത്തിലെ ഒരു അമ്മാവൻ ഉപ്പയെ നാടൻ തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തി , ഉപ്പയുടെ പേരിലുള്ള സ്ഥലം പുള്ളിയുടെ പേരിൽ എഴുതികൊടുക്കാൻ ചോദിച്ചതിന്റെ പേടിയിൽ മനോനില തെറ്റി കൊച്ചിയിൽ എത്തിച്ചേർന്നു എന്നതുമാണ്. എന്തായാലും കൊച്ചിയിൽ വന്ന ഉപ്പ രണ്ടു വിവാഹം കഴിച്ചു. അതിൽ രണ്ടാമത്തേതാണ് എന്റെ ഉമ്മയുടെ ഉമ്മ. പറഞ്ഞ കഥകളിൽ ഏതാണ് ശരിയെന്ന് എനിക്കറിയില്ല. ഒരു പക്ഷെ രണ്ടും തെറ്റാകാം.
ഉപ്പ കൊച്ചിയിൽ വന്നു കല്യാണം കഴിച്ചതിനു ശേഷം വളരെ കുറച്ചു മാത്രമേ രാമന്തളിയിൽ സ്വന്തം വീട്ടിൽ പോയിട്ടുള്ളു. എന്റെ ഉമ്മയ്ക്ക് പത്ത് വയസുള്ളപ്പോഴാണ് അവസാനം പോയത്. അതിനുശേഷം ആദ്യമായി ആ വീട്ടിൽ പോയത് ഞാനാണ്. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഉപ്പയുടെ ആദ്യവിവാഹത്തിലെ മകന്റെ കയ്യിൽ നിന്ന് ഒരു കീറക്കടലാസിൽ എഴുതികിട്ടിയ അഡ്രസ്സും അന്വേഷിച്ചുള്ള യാത്ര. പയ്യന്നൂർ വരെ ട്രെയിനിൽ പോയി, അവിടെ നിന്ന് ബസ് പിടിച്ച് കൊറ്റി കടവെത്തിയപ്പോൾ പാലം വന്നതുകൊണ്ട് അവിടെ കടവ് തന്നെ പൂട്ടിപ്പോയി. പക്ഷെ ചോദിച്ചും പറഞ്ഞും ഞാൻ അവസാനം ആ വീട്ടിലെത്തി, ഒരു രാത്രി അവിടെ കഴിഞ്ഞു. പിന്നെ എന്റെ ഉമ്മയും പല തവണ അവിടെ പോയിട്ടുണ്ട്.
സ്വന്തമായി സോപ്പുകമ്പനിയും അരിക്കച്ചോടവുമൊക്കെ ഉണ്ടായിരുന്ന ഒരാളായിരുന്നു മേപ്പറമ്പിൽ യൂസഫ് എന്ന എന്റെ ബാപ്പയുടെ ബാപ്പ. ബാപ്പയുടെ ബാപ്പ ഏഴു കല്യാണം കഴിച്ചിട്ടുണ്ട്, ആലപ്പുഴ, ഇടുക്കി തുടങ്ങി , കേരളത്തിലെ പല ഭാഗങ്ങളിൽ നിന്ന്. ചില ഭാര്യമാർ ഒരേ വീട്ടിൽ താമസിക്കുന്നതിനൊക്കെ ഞാൻ സാക്ഷിയാണ്. ഏറ്റവും ഇളയ ഭാര്യയുടേതിനേക്കാൾ ഇളപ്പമായിരുന്നു ഉപ്പൂപ്പായുടെ മൂത്ത മകൾ. ആദ്യത്തെ ഭാര്യയായിരുന്നു എന്റെ ബാപ്പയുടെ ഉമ്മ. ബാപ്പയുടെ ഉമ്മ ആലപ്പുഴ പുറക്കാടുകാരിയായിരുന്നു. ഏഴുകല്യാണം കഴിഞ്ഞു എല്ലാവരെയും നോക്കാൻ കഴിയാതെ ദാരിദ്ര്യത്തിലാണ് ബാപ്പയുടെ ബാപ്പ മരിച്ചത്. അവസാനം ഞങ്ങൾക്ക് കിട്ടിയത് ഉളിയും കൊട്ടുവടിയുമൊക്കെയുള്ള ഒരു ആശാരിപ്പെട്ടി മാത്രമായിരുന്നു. മട്ടാഞ്ചേരിയിലുള്ള പകുതിപ്പേരും എന്റെ ബന്ധുക്കളായി വരുമെന്ന് ഞാൻ പകുതി തമാശയാണ് പകുതി കാര്യമായും പറയാൻ കാര്യമിതാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു ചാക്കിനു അറുപതു പൈസ നിരക്കിൽ കൂലിപ്പണി നടത്തുന്നത് വരെ , ചെമ്പിട്ട പള്ളിയിലെ കബർസ്ഥാനം വൃത്തിയാക്കുന്ന ജോലി വരെ എന്റെ ബാപ്പ ചെയ്തിട്ടുണ്ട്.
എന്റെ ബാപ്പ മൂന്നു വിവാഹം കഴിച്ചതാണ്. ആദ്യത്തെ ഭാര്യയാണ് എന്റെ ഉമ്മ. ബാപ്പയ്ക്ക് സ്ട്രോക്ക് വന്നു കടന്നപ്പോൾ , എത്ര കുട്ടികളാണ് എന്ന ഡോക്ടറുടെ ചോദ്യത്തിന് , നാലു കുട്ടികൾ എന്നാണ് ബാപ്പ അർദ്ധബോധാവസ്ഥയിൽ മറുപടി പറഞ്ഞത്. മറ്റു രണ്ടു ഭാര്യമാരിൽ ഇനി ഒരു കുട്ടി കൂടെ ഉണ്ടോ എന്നൊരു സംശയവും പേറിയാണ് ഇപ്പോഴുള്ള എന്ടജ് ജീവിതം. അത് ഒരു പക്ഷെ ഞാൻ കണ്ടുപിടിക്കാനുള്ള സാധ്യതയുണ്ട്.
നോക്കൂ ഈ ലോകത്ത് ആരുമല്ലാത്ത എന്റെ ബാപ്പയുടെയും ഉമ്മയുടെയും അവരുടെ മാതാപിതാക്കളുടെയും കഥകളാണ് ഞാൻ ഏറ്റവും ചുരുക്കി മുകളിൽ പറഞ്ഞത്. എന്റെ കുട്ടികൾ അവരുടെ കഥ പറയുമ്പോൾ മേല്പറഞ്ഞ കഥകളൊക്കെ മാഞ്ഞുപോകും. കാരണം അവർക്കറിയാവുന്നത്, ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ, കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള രണ്ടു മാതാപിതാക്കളുടെ കഥകൾ മാത്രമാണ്. എന്റെയോ ഗോമതിയുടെയോ അച്ഛന്റെയും അമ്മയുടെയും അവരുടെ അച്ഛനമ്മമാരുടെയും കഥകൾ അവർക്കറിയില്ല. രണ്ടോ മൂന്നോ ലക്ഷം വർഷങ്ങൾ മാത്രം പ്രായമുള്ള മനുഷ്യവർഗ്ഗത്തിലെ ഇങ്ങേയറ്റത്തെ കണ്ണികളാണ് നാം. നമ്മുടെ മുന്നേ നടന്ന ആളുകളുടെ കഥകളെല്ലാം ഇതുപോലെ വിസ്‌മൃതിയിലാണ്ടുപോയി കഴിഞ്ഞു. ചികഞ്ഞു നോക്കിയാൽ ഇതുപോലെയുള്ള അനേകം കഥകളുടെ ബാക്കിപത്രമാണ് നമ്മളോരുരുത്തരും. ഓരോ ആത്മകഥകളും മേല്പറഞ്ഞ പോലെ സംഭവബഹുലമായിരിക്കും. കോടികണക്കിന് മനുഷ്യരുള്ള ഈ ലോകത്ത് നമ്മുടെ ഓരോരുത്തരുടെയും കഥകൾ വ്യത്യസ്തങ്ങളാണ്. നമ്മുടെ വിരല്പാടുകൾ പോലെ അദ്വിതീയമായ കഥകളുള്ള മനുഷ്യരാണ് നമ്മൾ എല്ലവരും. ചിലർ കഥകൾ പറയുന്നു, ചിലർ പറയുന്നില്ല എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.
ഇതുവായിക്കുന്ന നിങ്ങളോരോരുത്തരോടും എനിക്ക് പറയാനുള്ളത് ഇതുമാത്രമാണ്, നിങ്ങൾ ഓരോരുത്തരും നിങ്ങളുടേതായ രീതിയിൽ സ്പെഷ്യലാണ്, കോടിക്കണക്കിന് അരിമണികളിൽ ഒന്നാണെന്ന് തോന്നുമ്പൊഴും നമ്മളെ വ്യത്യസ്തരാകുന്ന എന്തോ ഒന്നു, സംഭവങ്ങളുടെയും ജീനുകളുടെയും വേറെയൊരിടത്തും കാണാത്ത ഒരു കൂടിച്ചേരൽ നമ്മളിൽ എല്ലാവരിലുമുണ്ട്.
ആത്മകഥകൾ ഗാന്ധിക്കും മണ്ടേലക്കും മാത്രമല്ല ഉള്ളത്. നമ്മൾ ദിവസേന കണ്ടുമുട്ടുണന് ഓരോരുത്തർക്കും ഓരോ ആത്മകഥകളുണ്ട്, അവരുടേതായ അനുഭവങ്ങളും അത് രൂപപ്പെടുത്തിയ നീതിശാസ്ത്രങ്ങളും വിശ്വാസങ്ങളുമുണ്ട്. ഒരു മനുഷ്യനെ, സമൂഹത്തെ, രാജ്യത്തെ തന്നെ വിലയിരുത്താൻ രണ്ടു രീതികളുണ്ട്. ഒന്ന് അവർ ഇപ്പോൾ ചെയ്യുന്നതും വിശ്വസിക്കുന്നതും എന്താണ് അതിന്റെ അടിസ്ഥാനത്തിൽ അവരെ ഇഷ്ടപെടുകയോ വെറുക്കുകയോ ചെയ്യുക, അല്ലെങ്കിൽ അവരെങ്ങനെ അങ്ങിനെയായി തീർന്നുവെന്നു അറിയാൻ ശ്രമിച്ച് അവരോട് അനുഭാവത്തോടെ , അനുതാപത്തോടെ ഇടപെടുക. ഇത് മനുഷ്യരെ കുറിച്ചുമാത്രമല്ല, സമൂഹങ്ങളെയും മതവിശ്വാസികളെയും, രാഷ്ട്രീയ വിശ്വാസികളെയും എല്ലാം ഉദ്ദേശിച്ചുള്ളതാണ്.
അതുകൊണ്ട് ഇന്ന് കണ്ണാടി നോക്കുമ്പോൾ ഓർക്കുക, ലോകത്ത് നിങ്ങളെപ്പോലെ ഒരാളെ ഉള്ളൂ. ആ നിങ്ങൾ എന്ത് കഥയാണ് നിങ്ങളുടെ കുട്ടികൾക്ക് പറയാനായി ബാക്കി വയ്ക്കാൻ പോകുന്നത്? ലോകത്തോട് വെറുപ്പ് ഉള്ളിൽ കൊണ്ടുനടന്ന ഒരാൾ എന്ന നിലയിലോ അതോ അനുതാപപൂർവം മനുഷ്യരെ മനസിലാക്കാൻ ശ്രമിച്ച ഒരാളെന്ന നിലയിലോ?
Leave a comment