പ്രണയം വറ്റിയ ജീവിതങ്ങൾ

ഏറ്റവും പതുക്കെ മരിക്കുന്ന ഒന്നാണ് ദീർഘകാല പങ്കാളികളുടെ  ഇടയിലെ പ്രണയം. അതിൽ വിവാഹത്തിന് മുമ്പ്  പ്രണയിച്ചവരെന്നോ, വിവാഹം കഴിഞ്ഞു പ്രണയിച്ചവരെന്നോ വ്യത്യാസമില്ല.  കുട്ടി മരിച്ചെന്നറിയാതെ, ഗർഭം പേറി നടക്കുന്നത് പോലെയാണ് ചില വിവാഹബന്ധങ്ങൾ, അത്രയ്ക്ക് പതുക്കെയാണ് പ്രണയം മരിച്ചുപോവുന്നത്. അത് തങ്ങളുടെ ആരുടെയോ തെറ്റുകൊണ്ടാണെന്ന, ആവശ്യമില്ലാത്ത കുറ്റബോധവും പേറിയാണ് പല ദമ്പതികളും കാലം കഴിക്കുന്നത്. യഥാർത്ഥത്തിൽ വിരല്പാടുകൾ പോലെ വ്യത്യസ്തരായ രണ്ടുപേർ ദീർഘകാലം ഒരുമിച്ചു ജീവിക്കുന്നതാണ് അത്ഭുതകരമായ കാര്യം, അവരുടെ ഇടയിലെ പ്രണയം മരിക്കുന്നതോ , അവർ പിരിയുന്നതോ അല്ല. വർഷങ്ങൾ കഴിയുമ്പോൾ പരസ്പരം മാനസികമായും ശാരീരികമായും അകലുക എന്നത് വളരെ നോർമലായ  ഒരു കാര്യമാണ്. നമ്മുടെ സമൂഹം മറിച്ച് ചിന്തിക്കുന്നുണ്ടെകിൽ പോലും. അതാണ് യാഥാർഥ്യവും.  

വർഷങ്ങൾ കഴിയുമ്പോൾ, പ്രണയിനികൾ ആദ്യം കണ്ടുമുട്ടിയിപ്പോൾ വയറ്റിൽ പാറിനടന്ന പൂമ്പാറ്റകൾ കൂടൊഴിഞ്ഞു പോകും. ആദ്യത്തെ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ജീവിതം ജോലിയുടെയും കുട്ടികളെ വളർത്തുന്നതിന്റെയും, വയസായ  മാതാപിതാക്കളെ സംരക്ഷിക്കുന്നതിന്റെയും ഒക്കെ പിറകെ ആകും. അവരെ വളർത്തി വലുതാക്കി വിദ്യാഭ്യാസം നൽകി അവർ വീടൊഴിഞ്ഞു പോവുമ്പോളാകും, നമ്മൾ തമ്മിൽ പണ്ടുണ്ടായിരുന്ന ഊഷ്മള പ്രണയം തങ്ങളെ വിട്ടുപോയതായി പല പങ്കാളികളും മനസിലാക്കുനന്ത് തന്നെ. അപ്പോഴേക്കും ആദ്യം ജീവിതത്തിനു അർഥം നൽകിയ  ഉമ്മകളും ആലിംഗനങ്ങളും  ഒരു ചടങ്ങായി മാറിയിരിക്കും. രണ്ടുപേർക്കും അവരവരുടേതായ ഹോബികൾ , സുഹൃത്‌വലയങ്ങൾ ഉണ്ടായിക്കാണും , ഒരു പക്ഷെ പുതിയ പ്രണയങ്ങൾ വരെ. ഒരേ ബെഡിൽ ഒരാൾ വായിച്ചും ഒരാൾ ടിവി കണ്ടും, ക്ഷീണിച്ച് രണ്ടു സമയങ്ങളിൽ രണ്ടുപുറങ്ങളിലേക്ക് തിരിഞ്ഞു കിടന്നുറങ്ങും. പരസ്പരം പുണരാനായി കാത്തിരുന്ന രാത്രികൾ കൂർക്കം വലി കൊണ്ട് ശബ്ദമുഖരിതമാകും. 

ഇതിലൊന്നും ആർക്കും കുറ്റബോധം തോന്നേണ്ട കാര്യമില്ല. പത്തിരുപത്തിയഞ്ച് വർഷങ്ങൾ ആദ്യത്തെ ചൂടോടെ പ്രണയം കൊണ്ടുനടക്കുക എന്നത് മനുഷ്യന് ഏതാണ്ട് അസാധ്യമായ കാര്യമാണ് ( അങ്ങിനെയുള്ളവരുണ്ടെങ്കിൽ അവർക്ക് സ്തുതി)  ഇതൊക്കെ ആരുടെയും തെറ്റല്ല എന്നതാണ് യാഥാർഥ്യം. ആദ്യമൊക്കെ പരസ്പരം എന്തും പങ്കുവയ്ക്കുന്നവർ പതുക്കെ തങ്ങളുടെ ചിന്തകർ പങ്കുവയ്ക്കുന്നത് നിർത്തും. അവർ തങ്ങളുടെ പ്രിയ  സുഹൃത്തുക്കളോട് പങ്കുവയ്ക്കുന്നത്ര പോലും കാര്യങ്ങൾ പങ്കാളികളോട് പങ്കുവയ്ക്കാതെയാകും.  ജോലിയുടെയും കുടുംബത്തിന്റെയും പിറകെ നടക്കുമ്പോൾ പങ്കാളികളുടെ വിചാരങ്ങൾക്ക് കൊടുക്കാനുള്ള സമയം നമ്മുടെ കയ്യിലില്ലാതെ പോകും. സ്നേഹവും , അംഗീകാരവും കിട്ടാതെയാകുമ്പോൾ പങ്കാളികൾ പരസ്പരം കാര്യങ്ങൾ പങ്കുവയ്ക്കുന്നത് കുറയും.  രണ്ടുപേരും തങ്ങളെ ഒരിക്കലും വിട്ടുപോകിലെന്ന ഉറപ്പിൽ  ബന്ധങ്ങൾ taken for granted ആകും. ഒടുവിൽ ഒരു വീട്ടിൽ ഒരേ ചുമതലകളുടെ പല ഭാഗങ്ങൾ പൂർത്തീകരിക്കുന്ന രണ്ടുപേരായി പങ്കാളികൾ മാറും. ഒരു വീട്ടിൽ ഒരേ കട്ടിലിൽ, പക്ഷെ  ആയിരം മൈലകലെ രണ്ടുപേർ കിടന്നുറങ്ങും.  ശരീരങ്ങൾ തമ്മിലുള്ള അടുപ്പം പണ്ടേ കുറഞ്ഞു കാണും. കുട്ടികൾ വലുതായി ഇര തേടുന്നത് വരെ രണ്ടുപേരെ ഒരുമിച്ച് കൊണ്ടുപോകാനായി പ്രകൃതി ഒരുക്കിയ കെണിയായ  ലൈംഗിക ആകര്ഷണം അവസാനിക്കുന്നതോടെ, ആ  ബന്ധം ഒരു ചടങ്ങായി മാറും. എനിക്ക് പറ്റിയ പങ്കാളിയെയല്ല തനിക്ക് കിട്ടിയതെന്ന്  ബോധം ശക്തമാകാൻ തുടങ്ങും. ഓരോ ചെറിയ കാര്യങ്ങൾക്കും പരസ്പരം വഴക്കു കൂടുകയും, ചിലപ്പോൾ ഒരു പങ്കാളി, ഈ ബന്ധത്തിൽ നിന്ന്  വൈകാരികമായി പൂർണമായും പിൻവാങ്ങുകയും ചെയ്യും. തങ്ങൾ കൂട്ടിലകപ്പെട്ട പക്ഷികളാണെന്ന് പലർക്കും തോന്നിത്തുടങ്ങും. ഒരു ബന്ധത്തിന്റെ മരണം അത്രക്ക് പതുക്കെ നടക്കുന്നത് കൊണ്ട് ഇതൊക്കെ നടക്കുന്നുണ്ട് എന്ന് നമുക്ക് മനസിലാക്കണെമന്നു തന്നെയില്ല.   

എല്ലാവരും ഇങ്ങിനെയാണെന്നല്ല. ഒരേ ഹോബ്ബി പിന്തുടരുന്ന , തുടങ്ങിയ കാലത്തേ അതെ സൗഹൃദം ഇപ്പോഴും തുടരുന്ന പങ്കാളികളുമുണ്ട്. പക്ഷെ അതിന്റെ പിറകിൽ നല്ല പണിയുണ്ട്. പരസ്പരം എല്ലാം തുറന്നു പറയാനുള്ള അവസരം ഒരുക്കലാണ് അതിൽ പ്രധാനം. തന്നെ തന്റെ പങ്കാളി ഒരു കാര്യത്തിലും ജഡ്ജ് ചെയ്യില്ല എന്നൊരു  ബോധം വന്നാൽ ആളുകൾ എല്ലാം പങ്കുവയ്ക്കും. പലരും ബഹുമുഖമായ പങ്കാളികളുടെ വ്യക്തിത്വങ്ങളെ ഒരേ ഒരു കാര്യത്തിനൊക്കെ ജഡ്ജ് ചെയ്തു കളയും, ആരോഗ്യകരമായ ബന്ധത്തിന്റെ  അന്ത്യകൂദാശ അന്ന് തുടങ്ങും. പരസ്പരരം  തങ്ങൾക്ക് വേണ്ടതെന്താണ്, തങ്ങളുടെ വികാര വിചാര ആവശ്യങ്ങൾ എന്താണെന്ന് തുറന്നു പറയാനൊരു സ്വാതന്ത്ര്യം ഉണ്ടെകിൽ തന്നെ പകുതി പ്രശ്നങ്ങൾ തീരും. പിന്നീട് ഉള്ള എല്ലാം കാര്യങ്ങളും നിസാരമാണ്. 

പരസ്പരം അകന്നു പോകുന്ന, പ്രണയം വറ്റി പോകുന്ന ബന്ധങ്ങളാണ് നോർമൽ, അതിൽ കുറ്റബോധത്തിന്റെ ആവശ്യമില്ല. അല്ലതെയുള്ളത്, പങ്കാളികൾ പരസ്പരം മനസിലാക്കി, ബന്ധം പഴയ പോലെ നിർത്താൻ  നല്ല പണിയെടുത്ത് ഊഷ്മളമായ ബന്ധം നിലനിർത്തികൊണ്ടുപോകുന്ന ബന്ധങ്ങളാണ്. ഒരേ വീട്ടിൽ പരസ്പരം മനസിലാക്കാത്ത, പരസ്പരം മനസ്സിൽ വിദ്വേഷം കൊണ്ടുനടക്കുന്ന രണ്ടുപേരായി, കുട്ടികൾക്കും സമൂഹത്തിനും  വേണ്ടി മാത്രമായി ജീവിക്കുക എന്നത്, ഒരു സുഖമില്ലാത്ത കാര്യമാണ്. മാരിയേജ് കൗണ്സിലിംഗ് ഒക്കെ നമ്മുടെ നാട്ടിൽ taboo ആയ കാര്യങ്ങളാണ്. പക്ഷെ ഓർക്കുക ചില കേസുകളിൽ എങ്കിലും പഴയ അതെ ഊഷ്മളതയോടെ ബന്ധം തുടരാൻ പ്രൊഫെഷണൽ ഹെല്പ് സഹായിക്കും. ചിലർ ഒരു പക്ഷെ ആർക്കും സഹായിക്കാൻ കഴിയാത്ത ദൂരത്തു എത്തിക്കാണും. ചില കേസുകളിൽ എങ്കിലും  ഡിവോഴ്സ് ഏറ്റവും നല്ലൊരു ഓപ്ഷനാണ്. ജയിലിൽ നിന്ന് പുറത്തേക്ക് വരുന്ന അന്തേവാസികളെപോലെയാണ് ഈയടുത്ത ഡിവോഴ്സ് കിട്ടിയ എന്റെ ചില സുഹൃത്തുക്കൾ.

ഡിവോഴ്സ് ചെയ്തു, വേറെ ഒരാളെ കണ്ടുപിടിച്ചു ഇതുപോലെ ട്രെയിൻ ചെയ്തെടുക്കാൻ  സമയവും താല്പര്യവുമില്ലാത്ത കൊണ്ട് കൂടെ നിൽക്കുന്നു എന്ന് പറയുന്ന ഒരാൾക്ക് സമർപ്പണം. 

Leave a comment

Blog at WordPress.com.

Up ↑