എന്തുകൊണ്ട് വീണ്ടും ട്രമ്പ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രമ്പ് തിരഞ്ഞെടുക്കപ്പെടുമെന്ന ഏതാണ്ട് ഉറപ്പായിരുന്നു. ഇവിടെയുള്ള കുറെ മലയാളി കൂട്ടുകാർ ട്രമ്പിനാണ് വോട്ട് ചെയ്തത്. ഞങ്ങളെ പോലെ ചില അതിമോഹികൾ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കാറ്റ് വീശുന്നത് ട്രമ്പിന് അനുകൂലമായിട്ടാണ് എന്നുറപ്പായിരുന്നു. 

അതിന്റെ പ്രധാന കാരണം സാമ്പത്തികമാണ്. ഭീകരമായ വിലക്കയറ്റത്തിലൂടെയാണ് അമേരിക്ക കഴിഞ്ഞ നാലു വർഷം കടന്നുപോയത്. ഇവിടെയുള്ള വലിയ സൂപ്പർ മാർക്കറ്റായ കോസ്റ്റ്‌കോയിൽ ഞങ്ങൾ മാസത്തിലെ രണ്ടു തവണ പോകും. ഓരോ തവണയും കൊറോണക്ക് മുൻപ് നൂറിനും നൂറ്റമ്പതിനും ഡോളറിനു ഇടക്കാണ്  ചിലവായിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ മൂന്നൂറ്റി അമ്പത് ഡോളറാണ് ഏകദേശ കണക്ക്, അതും ഒരേ അളവ് സാധനങ്ങൾക്ക്. ഇന്ത്യൻ കടയിൽ അമ്പത് ഡോളറിനടത്തു  ചിലവായ സ്ഥലത്ത്  ഇപ്പോൾ നൂറിൽ കൂടുതൽ. വീടുകളുടെ വില ഏതാണ്ട് ഇരട്ടിയായ സ്ഥിതിയാണ്. പുതുതായി വീട് വാങ്ങുന്നവർക്ക് ഇപ്പോൾ അതിഭീമമായ വില കൊടുക്കേണ്ടി വരും. ഞാൻ താമസിക്കുന്ന എഡിസൺ പോലെയുള്ള സ്ഥലങ്ങളിൽ സ്ഥലം ലഭ്യമല്ലാത്ത കൊണ്ട് പുതിയ വീടുകൾ നിർമിക്കാനും നിർവാഹമില്ല. 

 കൊറോണ സമയത്തെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ എടുത്ത ചില തീരുമാനങ്ങൾ  ഈ വിലക്കയറ്റത്തിന് പിന്നിലുണ്ട്.  പലിശ നിരക്ക് ഏതാണ്ട് പൂജ്യത്തിനോടടുത്ത് നിലനിർത്തിയത് ഉയർത്തിയത് ഈയടുത്ത കാലത്താണ്. പലിശ നിരക്ക് പൂജ്യത്തിനോടടുത്ത് നിർത്തിയാൽ അത് ബോണ്ട് മാർക്കറ്റിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. കൊറോണ കാരണം  ജോലിയില്ലാതെ വീട്ടിലിരിക്കുന്ന ആളുകൾക്ക്  സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാതെയിരിക്കാൻ, നേരിട്ടുള്ള ധനസഹായം പോലെ,  വളരെയധികം പണം വിപണിയിൽ ഇറക്കി. പല ഫാക്ടറികളും  കൊറോണയ്ക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ വലിയ വിലയ്ക്കാണ് തങ്ങളുടെ ഉൽപ്പന്നം വിറ്റഴിച്ചത്. ഇതൊക്കെയാണ്  പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങൾ. 

മറ്റൊരു പ്രധാന കാരണം നിയമവിരുദ്ധമായ കുടിയേറ്റമാണ്. നിയമവിധേയമായി H1B ജോലി വിസയിൽ കൂടി ഇവിടെ വന്ന് ഗ്രീൻ കാർഡിനും, പൗരത്വത്തിനുമായി പത്ത് പതിനഞ്ചു വർഷങ്ങൾ കാത്തിരുന്ന , പ്രൊഫെഷണൽ വിദ്യഭ്യാസ യോഗ്യത ഉള്ളവർ, പല നിയമവിരുദ്ധ മാർഗങ്ങളിലൂടെ ഇവിടെ വരുന്നവർക്കു പെട്ടെന്ന് തന്നെ ഡ്രൈവിംഗ് ലൈസൻസും കിട്ടുന്നതും, എന്തെങ്കിലും തരത്തിലുള്ള നുണകൾ പറഞ്ഞു അസൈലം വാങ്ങുന്നതുമെല്ലാം ഇവിടെ നിയമവിധേയമായി കുടിയേറിയവരുടെ ഇടയിൽ തന്നെ ട്രമ്പിനു അനുകൂലമായ മനോനില ഉണ്ടാക്കിയിട്ടുണ്ട്. ഇത് സാധാരണ മെക്സിക്കക്കാരും ഗുജറാത്തികളുമൊക്കെ ചെയ്യുന്ന കാര്യമാണെന്നാണ് ഞാൻ ധരിച്ചിരുന്നത്. പക്ഷെ  കൊച്ചിയിൽ എന്റെ വീടിനടുത്തുള്ള ഒരാൾ ഇതുപോലെ അനധികൃതമായി കുടിയേറിയതും, മറ്റൊരു  സുഹൃത്ത് ഒരു മാസം പൂർണ ഗർഭിണിയായ ഭാര്യയുമായി വന്നു ഇവിടെ താമസിച്ചു പ്രസവം കഴിഞ്ഞു കുട്ടിക്ക് അമേരിക്കൻ പൗരത്വം ഉറപ്പാക്കി തിരിച്ചു പോയതുമൊക്കെ കണ്ടപ്പോഴാണ് അനേക ലക്ഷങ്ങൾ ഇത് നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയ സ്‌കെയിലാണ് നടക്കുന്നത് എന്ന് മനസിലായത്. പുറം രാജ്യങ്ങളിൽ നിന്ന് എന്തുകൊണ്ടാളുകൾ വരുന്നു, നിയമപരമായി കൂടുതൽ പേർക്ക് കുടിയേറാൻ നമ്മൾ എന്തുകൊണ്ട് അവസരം നല്കണം , അവർ അമേരിക്കയുടെ നികുതി വരുമാനം വര്ധിപ്പിക്കയാണ് ചെയ്യുന്നത് എന്നൊക്കെയുള്ള വസ്തുതാപരമായ വാദങ്ങൾക്ക് ചെവി കൊടുക്കുന്ന ഒരമേരിക്കയല്ല ഇപ്പോൾ ഉള്ളത്. 

ഇതൊക്കെയാണെങ്കിലും, കൊറോണക്കാലത്ത് ട്രമ്പ് ഒരു വട്ടനാണെന്ന് മനസിലായ അമേരിക്കക്കാർ ഇയാൾക്ക് വോട്ട് ചെയ്യാനുള്ള പ്രധാന കാരണം ജോ ബൈഡനാണ്. ശാരീരിക പ്രശ്നമാണോ എന്തോ എന്നെനിക്ക് അറിയില്ല, മിക്ക സമയത്തും കിളി പോയ മട്ടിലായിരുന്നു പുള്ളി. പ്രത്യേകിച്ച് ട്രമ്പുമായുള്ള ആദ്യത്തെ ഡിബേറ്റ്. ജോ ബൈഡൻ  അമേരിക്കൻ പ്രസിഡന്റ്  എന്ന നിലയിൽ വളരെ വീക്ക് ആയ ഒരാളാലാണെന്ന് ആ ഡിബേറ്റ് കാണിച്ചു. ഒരു പക്ഷെ ജോ ബൈഡൻ പിന്മാറി വേറെ ആരെങ്കിലും ആദ്യത്തെ ഡിബേറ്റിനു മുന്നേ തന്നെ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ആയി വന്നിരുന്നുവെങ്കിൽ  ട്രമ്പിന് ഇത്ര മാത്രം പിന്തുണ കിട്ടില്ലായിരുന്നു. സാധാരണ ഡെമോക്രറ്റുകളെ സഹായിക്കുന്ന ലാറ്റിനോ, ബ്ലാക്ക് വോട്ടിങ് ബ്ലോക്കുകൾ ഇത്തവണ ട്രമ്പ് കൊടുപോയതിന് ജോ ബൈഡനു നല്ല പങ്കുണ്ട്. രണ്ടാം ഡിബേറ്റിൽ  കമല ഹാരിസ് ട്രമ്പിനെ  മലർത്തിയടിച്ചുവെങ്കിലും കാര്യങ്ങൾ അപ്പോഴേക്കും കൈവിട്ടുപോയിരുന്നു. ഡെമോക്രാറ്റിക്‌ പാർട്ടി ഇത്തവണ പലയിടത്തും മൃതപ്രായമായിരുന്നു. 

സൂപ്പർ റിച്ച് ആയ ഇലോൺ മസ്‌ക്കിനെ  പോലുള്ളവർ ട്രമ്പിനെ അധികാരത്തിൽ കൊണ്ടുവരാൻ സഹായിച്ചു എന്നതാണ് മറ്റൊരു കാരണം. നമ്മുടെ നാട്ടിൽ അദാനി മോദിയെ പിന്തുണക്കുന്ന അതെ കാരണങ്ങൾ തന്നെ ഇതിന് പിന്നിൽ. ഇപ്പോൾ സർക്കാരിന്റെ ഇടപെടലും ചിലവും കുറക്കാനുള്ള ഒരു ഡിപ്പാർട്മെന്റിനെ നയിക്കുന്നത് തന്നെ എലോൺ മസ്ക്കാണ്.  ട്രമ്പിന് നിരോധനമേർപ്പെടുത്തി ട്വിറ്റെർ, സ്വന്തമായി പൈസ കൊടുത്ത് വാങ്ങി X എന്ന് പേര് മാറ്റി, ട്രമ്പിനു അനുകൂലമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക വഴി , പൈസയുടെ മുകളിൽ പരുന്തും പറക്കില്ല എന്ന ചൊല്ല് പ്രാവർത്തികമാക്കി മസ്‌ക്ക്. 

ട്രമ്പ് ഒരു ഭ്രാന്തനും ഫാസിസ്റ്റും ഒക്കെയാണ് എന്ന എന്റെ പഴയ തോന്നലിന് ഇന്നും ഒരു മാറ്റവുമില്ല. ആദ്യത്തെ നാളുകളിൽ ഒപ്പ് വച്ച ഉത്തരവുകൾ തന്നെ അത് വ്യക്തമാക്കി തരുന്നുണ്ട്. അതിനെ പറ്റി വേറൊരു ദിവസം എഴുതാം. എന്തായാലും അടുത്ത നാലുവർഷം ലോകക്രമം മാറിമറിയുമെന്നത് ഉറപ്പാണ്. വലതുപക്ഷത്തിന് എത്രമാത്രം വലത്തേക്ക് പോകാൻ കഴിയുമെന്ന് ട്രമ്പ് കാണിച്ചുതരും.   

Leave a comment

Blog at WordPress.com.

Up ↑