ആണും പെണ്ണും ഇടകലർന്നാൽ..

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റങ്ങളിലൊന്ന് മുസ്ലിം പെൺകുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമാണ്, പ്രത്യേകിച്ച് മലബാറിലെ കുട്ടികളുടെ.  ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദ്യാഭ്യാസം വേണ്ടെന്നു വച്ചതിലൂടെ പിന്നോട്ട് പോയ മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസം, സർക്കാരിന്റെയും,  പല മത സാമൂഹിക സംഘടനകളുടെയും  ഇടപെടലുകളുടെ കാരണമായും , ഗൾഫിൽ നിന്നുള്ള പണത്തിന്റെ വരവോടു കൂടിയും,  അസാധാരണ കുതിപ്പാണ് കാഴ്ചവച്ചത്. ഇപ്പോൾ മലബാറിലെ മുസ്ലിം കുട്ടികൾക്ക് റാങ്ക് കിട്ടുന്നത് ഒരു സാധാരണ സംഭവമായി തീർന്നിട്ടുണ്ട്. ഞാൻ പഠിക്കുന്ന കാലത്ത് അതൊരു അപൂർവ വാർത്തയായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന ഒരു സമീപനം സമുദായത്തിൽ ഇപ്പോൾ സ്വാഭാവികമായി ഉണ്ടായിട്ടുണ്ട്.  മട്ടാഞ്ചേരിയിലെ മുസ്ലിം പെൺകുട്ടികൾ മെഡിസിനും, നഴ്സിങ്ങും, കമ്പ്യൂട്ടർ സയൻസും പഠിച്ച് വിദേശത്തു ജോലിക്ക് പോകുന്നത് പണ്ട് എനിക്കൊന്നും ആലോചിക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു. ഇപ്പോൾ അതൊക്കെ സാധാരണ കാര്യമായി ഇടത്തരം കുടുംബങ്ങൾ പോലും കരുതുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.  

പക്ഷെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒക്കെ കാണുന്നത് സത്യമാണെങ്കിൽ സാമൂഹികമായി ഒരു വലിയ മാറ്റം കൂടി മുസ്ലിം പെൺകുട്ടികളുടെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്. അവർ നല്ല വസ്ത്രങ്ങൾ ധരിക്കുകയും മേക്കപ്പ് ഇടുകയും, കല്യാണത്തിനും ഓണത്തിനും ക്രിസ്തുമസിനും എല്ലാം കൂട്ടുകാരുടെ കൂടെ ജീവിതം അടിച്ചു പൊളിച്ച് ജീവിക്കുകയും ചെയ്യുന്നുണ്ട്. കോളേജിലെ ക്ലാസുകളിൽ മാറിയിരിക്കാതെ എല്ലാ വിധ ആഘോഷങ്ങൾക്കും മുന്നിട്ടിറങ്ങുന്നുണ്ട്. എന്റെ ചെറുപ്പത്തിൽ ആൺകുട്ടികൾ  പെൺകുട്ടികളോട്  മിണ്ടുന്നതു ഒരു പാപമായാണ് കരുതിയിരുന്നത്. അതുകൊണ്ടാണ് പെണ്ണുങ്ങൾ വേറെ ഏതോ ജീവിവർഗമാണെന്ന തരത്തിൽ അന്നത്തെ ആണുങ്ങൾ പെരുമാറിയതും. “ചരക്ക്” എന്ന വാക്ക് പെണ്ണുങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കാൻ തുടങ്ങിയത് ഞാൻ കോളേജിൽ ഉണ്ടായിരുന്ന എൺപതുകളിൽ ആണെന്ന് തോന്നുന്നു. പക്ഷെ ഇപ്പോൾ ആൺകുട്ടികളും പെണ്കുട്ടികളൂം കോളേജുകളിൽ സ്വാഭാവികമായ ഇടപെടുന്നത് കൊണ്ട് പുതിയ തലമുറയിലെങ്കിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇടയിൽ ആരോഗ്യകരമായ സുഹൃത്ത് ബന്ധങ്ങൾ ഉടലെടുത്തു വരുന്നുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളേയും ഒരുമിച്ച് ഇരുത്തുക എന്നതാണ് സ്ത്രീകൾക്കെതിരിയുള്ള കുറ്റകൃത്യങ്ങൾ കുറയാൻ വേണ്ടുന്ന ആദ്യത്തെ കാര്യം എന്ന് ഞാൻ കരുതുന്നു. പെൺകുട്ടികൾ നമ്മളെ പോലെ സ്വന്തം അഭിപ്രായങ്ങളും, ചിന്തകളും ഒക്കെയുള്ള സാധാരണ മനുഷ്യനാണെന്ന് ആൺകുട്ടികൾ മനസിലാക്കുന്നത് ഇതുപോലുള്ള ഇടപഴകളുകളിലൂടെയാണ്. 

ഇത് സംഭവിക്കുമ്പോൾ ഏറ്റവും കൂടുതൽ കുരു പൊട്ടാൻ  പോകുന്നത് മത നേതൃത്വത്തിനാണ്. കാരണം നൂറ്റാണ്ടുകൾ മുൻപുള്ള സാമൂഹിക ചുറ്റുപാടുകളിൽ ഉണ്ടായ, അന്നത്തെ എല്ലാ അനാചാരങ്ങൾക്കും ന്യായീകരണം ചമക്കുന്ന, ഒരു മതത്തെ വിശദീകരിക്കുന്നു എന്ന വിധേന സമൂഹത്തിൽ തങ്ങളുടെ സ്ത്രീവിരുദ്ധ അഭിപ്രായങ്ങൾ  അടിച്ചേൽപ്പിക്കുകയാണ് മത നേതാക്കൾ ചെയ്യുക. സമൂഹം ഒരടി മുന്നോട്ട് വയ്ക്കുമ്പോൾ അതിനെ രണ്ടടി പിന്നോട്ട് കൊണ്ടുപോകാൻ ഇവർക്ക് കഴിയും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിലെ മുസ്ലിം മത രാഷ്ട്രീയ നേതൃത്വം പലപ്പോഴും വളരെ പക്വമായ തീരുമാനങ്ങളാണ് എടുക്കുന്നതെങ്കിലും ചില സമയത്ത് അവരുടെ നിലപാട് തികച്ചും പിന്തിരിപ്പനാണ്. അതിനൊരു ഉദാഹരണമാണ് ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകുന്ന എല്ലാ പ്രവർത്തനങ്ങളെയും മതത്തിന്റെ പേരിൽ എതിർക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ നിലപാട്. ജിമ്മിൽ ആണ്കുട്ടികളും  പെൺകുട്ടികളും ഒരുമിച്ച് പോകുന്നത് ഇപ്പോൾ നാട്ടിൽ സർവ്വസാധാരണമാണ്. കഴിഞ്ഞ കുറെ നാളുകളായി ആഴ്ചതോറും വന്നിരുന്ന മദ്രസ പീഡന വാർത്തകൾ കണ്ടപ്പോൾ  വായ തുറക്കാതിരുന്ന ഉസ്ദാതുമാർ  ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് കാണുമ്പോൾ വായ തുറക്കുന്നത് അദ്ഭുതകരമായ കാഴ്ചയാണ്. ജിമ്മിൽ പോകുന്ന പെണ്ണുങ്ങളെ കണ്ടാൽ വികാരം വരുന്ന ആണുങ്ങൾക്ക് നല്ല മാനസിക ചികിത്സയാണ് വേണ്ടത്. 

ഒരു പെൺകുട്ടിയുടെ കാല് കണ്ടത് കൊണ്ട് വികാരം ഉണ്ടാകുന്ന ആളുകൾ താമസിയാതെ മരിച്ചുപോവുകയും,  ഇതൊക്കെ നോർമൽ ആയി കാണുന്ന പുതിയ തലമുറ വരും എന്നതാണ് ഒരു ആശ്വാസം.  ഇത് നമ്മുടെ മതത്തിന്റെ കാര്യമാണ് വേറെ ആരും ഇടപെടരുതെന്ന് പറഞ്ഞു വരരുത്.  സ്ത്രീ സ്വാതന്ത്ര്യം പോലുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് മത നേതാക്കളുടെ തിട്ടൂരം ആവശ്യമില്ല. 

It’s common cause.

Leave a comment

Blog at WordPress.com.

Up ↑