Warning : Unpopular Opinion

നമ്മുടെയെല്ലാം പൊതുബോധം കൊണ്ട് ചിന്തിച്ചാൽ, വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങൾ കുറയും എന്നായിരിക്കും നമ്മൾ വിശ്വസിക്കുക. പക്ഷെ കണക്കുകൾ നേർ വിപരീതമാണ്, പ്രത്യേകിച്ച് അമേരിക്കയിൽ. അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളും വധശിക്ഷ നടപ്പിലാക്കാതെ സംസ്ഥാനങ്ങളുമുണ്ട്. അവയിൽ വധശിക്ഷ നടപ്പിലുള്ള സംസ്ഥാനങ്ങളിൽ, മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണ്. അതിനർത്ഥം വധശിക്ഷ എടുത്ത് കളഞ്ഞാൽ ഉടനെ കുറ്റകൃത്യത്തിന്റെ നിരക്ക് കുറയുമെന്നല്ല, മറിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് കൊണ്ട് കുറ്റകൃത്യങ്ങളുടെ അളവിൽ വലിയ മാറ്റങ്ങൾ വരില്ല എന്നാണ്.

ഗ്രീഷ്മ നടത്തിയ കൊലപാതക രീതിയെ കുറിച്ചും അതിന്റെ ഫലമായി ഷാരോൺ വളരെ വേദന അനുഭവിച്ച് മരിച്ചതും ഒക്കെയോർക്കുമ്പോൾ, ഗ്രീഷ്മയെ തൂക്കിക്കൊല്ലണം , അല്ലെങ്കിൽ ആജീവനാന്തം ജയിലിൽ ഇടണമെന്നൊക്കെ എനിക്കും തോന്നുന്നുണ്ട്. പക്ഷെ സമൂഹത്തിന്റെ പ്രതികാരം തീർക്കാനുള്ള ഒരു ഇടമായല്ല ആധുനിക സമൂഹങ്ങൾ ജയിലുകൾ കാണുന്നത്, മറിച്ച്, ആവശ്യമായ ശാരീരിക മാനസിക ചികിത്സ നൽകി ഒരാളെ, സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കുന്ന ഇടങ്ങളാവണം ജയിലുകൾ. ലോകത്തിലെ ഏറ്റവും പുരോഗതി പ്രാപിച്ച, ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളായ സ്കാന്ഡിനേവിയൻ രാജ്യങ്ങൾ ഈ രീതിയാണ് പിന്തുടരുന്നത്. പലപ്പോഴും ഓപ്പൺ ജയിലുകളാണ് ഈ രാജ്യങ്ങളിൽ ഉള്ളത്. കഠിന ശിക്ഷ നൽകുന്ന രാജ്യങ്ങൾ അപേക്ഷിച്ച് , ജയിലിൽ കിടന്നവർ , പിന്നീട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ സ്കാന്ഡിനേവിയൻ രാജ്യങ്ങളാണ്. ചില കേസുകളിൽ മാനസിക ശാരീരിക വൈകല്യങ്ങൾ വരെ ഒരാളെ കുറ്റവാളിയാക്കുന്നുണ്ട്.

കുറ്റവാളിയെ പുനരധിവസിപ്പിക്കണം എന്ന് പറയുന്നത്, അവർ ചെയ്ത കുറ്റത്തെ ന്യായികരിക്കുകയാണെന്ന്, ദയവായി, തെറ്റിദ്ധരിക്കരുത്. മരണശിക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം, പിന്നീട് ഏതെങ്കിലും കാരണത്താൽ കുറ്റം അവർ ചെയ്തിട്ടില്ല എന്ന് തെളിഞ്ഞാൽ, മരണശിക്ഷയുടെ കാര്യത്തിൽ ശിക്ഷ പിൻവലിക്കാൻ പറ്റില്ല. അമേരിക്കയിൽ വധശിക്ഷ കാത്ത് കിടന്ന 18 പേരെയാണ് ആധുനിക DNA തെളിവുകളുടെ അടിസ്ഥാനത്തിൽ , innocenceproject എന്ന സംഘടന രക്ഷിച്ചെടുത്തത്. മിക്കവാറും വധശിക്ഷയ്ക്ക് ഇരയാകുന്നവർ സാമ്പത്തികവും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരായിരിക്കും. പത്രപ്രവർത്തകനായ കെഎം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ഇപ്പോൾ എവിടെയാണെന്ന് നോക്കിയാൽ മതി ഞാൻ ഈ പറയുന്നത് സത്യമാണോ എന്നറിയാൻ. ജോസി ജോസെഫിന്റെ നിശബ്ദ അട്ടിമറി ( silent coup ) എന്ന പുസ്തകത്തിൽ സർക്കാർ തന്നെ മത, ജാതി, സാമൂഹിക, സാമ്പത്തിക താഴ്ന്ന നിലകളിലുള്ള ഉള്ള നിരപരാധികളെ വെടിവച്ചു കൊന്ന കേസുകളെ പറ്റി എഴുതിയിട്ടുണ്ട്. നമ്മൾ കൊടും കുറ്റവാളികളായി പത്രങ്ങളിൽ വായിച്ച പല കേസുകളിലും ഇരകൾ പോലീസിനാൽ വെടിവച്ച് കൊല്ലപ്പെട്ടതിന്റെ അണിയറ രഹസ്യങ്ങൾ ആ പുസ്തകത്തിലുണ്ട്.

എന്റെയും മനസിലെ വികാരത്തിന് അപ്പുറത്തുള്ള ഒരു കാര്യമാണ് മുകളിൽ എഴുതിയിട്ടുള്ളത്, പക്ഷെ വികാര വിക്ഷോഭങ്ങൾക്ക് പകരം വസ്തുതകൾ നമ്മുടെ സമൂഹത്തെ മുന്നോട് നയിക്കട്ടെ.

Leave a comment

Blog at WordPress.com.

Up ↑