മലയാള കവിത.

സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വെറുത്തു പോയ ഒന്നാണ് മലയാള കവിത.

ഒന്നാമത്തെ കാര്യം കഠിന പദങ്ങളുള്ള കവിതകളാണ് മിക്കവയും. നമ്മുടെ ദൈനംദിന ജീവിതവും ആയി ഒരു ബന്ധവും ഇല്ലാത്തവ. നമ്മൾ ദിവസേന സംസാരിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത് എന്ന ശാഠ്യം പിടിച്ച് എഴുതിയ പോലുള്ളവ.

“ചലദളിഝങ്കാരം ചെവികളിലംഗാരം,

കോകിലകൂജിതങ്ങൾ കൊടിയ കർണ്ണശൂലങ്ങൾ,

കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം,

അതിദുഃഖകാരണമിന്നാരാമസഞ്ചാരണം.” : ഉണ്ണായിവാര്യർ

“തടിനീ ജല ബിംബിതാങ്കിയായ്

ക്ഷമയെക്കുംബിടുവോരു താര പോൽ

സ്ഫുടമായ് ഭവദംഘ്രിലീന ഞാ –

നമലേ !ദ്യോവിലുയർന്ന ദീപമാം ” : ആശാൻ

എന്നൊക്കെ ഉള്ള സ്കൂളിലെ കവിതകൾ കാണുമ്പോൾ ഒന്നും മനസിലാവാതെ കാണാപ്പാഠം പഠിച്ച് ഞാൻ വശം കെട്ടിട്ടുണ്ട്. പക്ഷെ ഇതിന്റെ കൂടെ വരുന്ന ഗദ്യം ഇത് പോലെ ദുഷ്കരം ആയിരുന്നില്ല താനും. ബഷീറിന്റെ “പാത്തുമ്മയുടെ ആടും ” മറ്റും എന്ത് രസമാണ് വായിക്കാൻ. ഈ കവികൾക്ക് സാധാരണ മലയാളത്തിൽ കവിത എഴുതിയാൽ പോരെ എന്ന് പലപ്പോഴും തോന്നിയിട്ടും ഉണ്ട്.

രണ്ടാമത്തെ കാര്യം വൃത്തം അലങ്കാരം എന്നൊക്കെ ഉള്ള പൊല്ലാപ്പുകളാണ്.

ഉപമ, ഉൽപ്രേക്ഷ, രൂപകം തുടങ്ങി കുറെ അലങ്കാരങ്ങളും അതിന്റെ ലക്ഷണങ്ങളും പഠിക്കണം.

“മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലയോ ഇത്

എന്നു വർണ്ണ്യത്തിലാശങ്ക ഉൽപ്രേക്ഷാഖ്യയലംകൃതി” : എല്ലാം മനസിലായി 🙂

മഞ്ജരി, കാകളി , കേക തുടങ്ങിയ വൃത്തങ്ങളും…

“ശ്ലഥകാകളി വൃത്തത്തിൽ

രണ്ടാം‌പാദത്തിലന്ത്യമായ്, രണ്ടക്ഷരം കുറഞ്ഞീടി- ലതു മഞ്ജരിയായിടും.” ശ്ലഥ കാകളി അറിഞ്ഞിട്ട് വേണ്ടേ ..

കവിത ആസ്വദിക്കാൻ പോലും കഴിയാത്ത സമയത്ത് ഇതൊക്കെ എന്നൊക്കെ പഠിച്ചിട്ട് എന്ത് കിട്ടാനാണ്?

അങ്ങിനെ വിട്ട മലയാള കവിത പിന്നീട് എന്റെ മനസിലേക്ക് വരുന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിലൂടെയാണ്.

“അന്തമാം സംവത്സരങ്ങൾക്കുമക്കരെ

അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ

കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ…

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള

ദുഃഖം എന്താനന്തമാണെനിക്കോമനെ

എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ

നിൻ അസാന്നിദ്ധ്യം പകരുന്ന വേദന …” : ബാലചന്ദ്രൻ ചുള്ളിക്കാട്..

പ്രണയത്തിന്റെ ചൂരിൽ നമ്മളോട് സ്വകാര്യമായി നമ്മളുടെ ഭാഷയിൽ മലയാള കവിതയ്ക്ക് സംസാരിക്കാൻ ആവുമെന്ന് ബാലചന്ദ്രൻ ആണെനിക്ക് കാണിച്ചു തന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഡി വിനയചന്ദ്രൻ സാറിന്റെ അനർഗ്ഗളമായ കവിതാ പ്രവാഹവും, കുരീപ്പുഴ ശ്രീകുമാറിന്റെ ജെസ്സിയും കവികൾ ചൊല്ലിത്തന്നെ കേട്ടപ്പോൾ കവിത എന്റെ ആത്മാവിലേക്ക്

തിരികെ കയറിവന്നു.

“പെത്തഡിൻ തുന്നിയ മാന്ത്രിക പട്ടിൽ നാം

സ്വപ്ന ശൈലങ്ങളിൽ ചെന്നു ചുംബിക്കവേ

ഉത്തുംഗതകളിൽ പാർവ്വതീ ശങ്കര

തൃഷ്ണകൾ തേടി കിതച്ചാഴ്ന്നിറങ്ങവേ….

തൃപ്തി തീർത്ഥങ്ങളിൽ പാപനാശത്തിന്റെ

വക്കോളമെത്തി തിരിച്ചു നീന്തീടവേ…

ജെസീ… നിനക്കെന്തു തോന്നി….. ” : ജെസ്സി ,കുരീപ്പുഴ ശ്രീകുമാർ

ഇവർക്കെല്ലാം എങ്ങിനെ ഇത്ര തീവ്രമായി എഴുതാൻ കഴിയുന്നു എന്നുള്ള സംശയം മാറിയത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സ്‌മരണകൾ മലയാളം ആഴ്ചപ്പതിപ്പിൽ വരാൻ തുടങ്ങിയപ്പോഴാണ്. ഓരോ കവിയുടെയും സ്വാകാര്യ ജീവിതത്തിന്റെ ചെറിയൊരു ചിന്താണ് കവിതയായി പുറത്തേയ്ക്ക് വരുന്നതെന്നും അവരുടെ ഉള്ളിലെ അഗ്നിയെ ശമിപ്പിക്കാൻ അവർ കണ്ടെത്തിയ ഒരു വഴിയാണ് കവിതയെന്നും ചെറുതായി മനസിലായിത്തുടങ്ങി …

ഉദാഹരണത്തിന് വിവാഹത്തിന് മുൻപ് ഉണ്ടായ സ്വന്തം കുഞ്ഞിനെ അബോർട്ട് ചെയ്ത് ആശുപത്രിയിൽ നിന്നിറങ്ങുമ്പോഴാണ്

“ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീയെന്‍ മകനേ

നരകങ്ങള്‍ വാപിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാനാരെനിക്കുള്ളൂ..

നീയല്ലാതെയെങ്കിലും..

ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീയെന്‍ മകനേ

പെറ്റു വീഴാനിടമെങ്ങു നിനക്കന്യര്‍ വെട്ടിപ്പിടിച്ചു കഴിഞ്ഞൊരീ ഭൂമിയില്‍

സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍ ചുണ്ടത്തറിവ് ചുരത്തുന്നതെങ്ങിനെ?

വേല കിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ വേദനയുണ്ടുവളരുന്നതെങ്ങിനെ?”

എന്ന കവിത എഴുതിയത് എന്നറിയുമ്പോഴാണ് കവിത കവിയുടെ ജീവൻ തന്നെയാണ് എന്ന സത്യം നമ്മൾ അറിയുന്നത്.

ആ ഒരു കാലഘട്ടം കഴിഞ്ഞ് ഞാൻ ശ്രദ്ധിക്കുന്നത് ഫേസ് ബുക്കിലും ബ്ലോഗിലും നടന്ന മലയാള കവിതാ വസന്തമാണ്. ഇഷ്ടം പോലെ എഴുത്തുകാർ. അനേകം ബിംബങ്ങൾ. ഉപമയും ഉൽപ്രേക്ഷയും കാകളിയും മഞ്ജരിയും ഒന്നുമില്ലാതെ മലയാള കവിത മണ്ണിലേക്കിറങ്ങി വന്ന പ്രതീതി. രഗില സജിയെ പോലുള്ള വീട്ടമ്മമാരും അതിലുണ്ട്.

“അത്രയൊന്നും

ആരും സ്നേഹിച്ചിട്ടില്ല

മിണ്ടിയിട്ടില്ല.

തൊട്ടിട്ടില്ല.

പഴുതുകളിൽ കിട്ടുന്ന

ഒട്ടിപ്പിടുത്തങ്ങളാണ്

കള്ളത്തരങ്ങളാണ്

തമ്മിലിരുത്തങ്ങളാണ്

മിണ്ടിത്തൂറ്റലുകളാണ്

കിടന്നുഴലുകളാണ്

ഒറ്റയായാനന്ദിച്ച ഒറ്റയാവലുകളാണ്

ജീവിച്ചതിന്നടയാളങ്ങളായുള്ളൂ എന്ന്

മറക്കുന്നു.

ഒരാൾ മരിച്ചതിന്റെ കണക്ക് നോക്കിയാൽ

അയാൾ തന്നെ ജീവിച്ചതിലുമധികമായിരിക്കുമെന്ന്

അറിഞ്ഞോണ്ട് മായ്ക്കുന്നു.

ഇടവേളകളില്ലാത്ത കാലം

യന്ത്രങ്ങളായല്ലോ ഇരുന്നതെന്ന്

വിലപിച്ചൊടുങ്ങുമ്പോ

അയാൾ ഒരിക്കൽ കൂടി മാത്രം

മരിക്കുന്നു.” രഗില

ലളിതമായ വാക്കുകൾ ഉപയോഗിച്ച് ചുരുങ്ങിയ വരികളിൽ ഒരു പുസ്തകം നിറയെ എഴുതുവാനുള്ള തത്വശാസ്ത്രം എത്ര എളുപ്പമാണ് രഗില എഴുതി വയ്ക്കുന്നത്.

എന്റെ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട കവി വീരാൻകുട്ടിയാണ്. ഒരൊറ്റ കവിതയിൽ വീണുപോയതാണ് ഞാൻ. ഇത് വരെ എഴുന്നേറ്റിട്ടില്ല. ഇതുവരെ മുന്നൂറോളം കവിതകൾ അദ്ദേഹത്തിന്റെത് വായിച്ചിട്ടുണ്ട്.

“‘ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട്

കെട്ടിപ്പിടിക്കുന്നു

ഇലകള്‍ തമ്മില്‍തൊടുമെന്ന് പേടിച്ച്

നാം അകറ്റി നട്ട മരങ്ങള്‍ ” ആശ്ലേഷം (വീരാന്‍കുട്ടി)

ഈ കവിതകളുടെ പശ്ചാത്തലത്തെ കുറിച്ചൊക്കെ കവികൾ എഴുതുവാൻ തുടങ്ങിയാൽ അവരുടെ ജീവിത പുസ്തകം ആയിരിക്കും നിങ്ങളുടെ മുൻപിൽ മലർക്കെ തുറന്നുവയ്ക്കപ്പെടുക.

പറഞ്ഞു വന്നതിതാണ്. ഒരു കവിത മോഷ്ടിക്കുമ്പോൾ നിങ്ങൾ മോഷ്ടിക്കുന്നത് കവിയുടെ ജീവിതം തന്നെയാണ്. അതുകൊണ്ടാണ് കവിതാ മോഷണത്തിൽ കവികൾ കൂടുതൽ വൈകാരികമായി പ്രതികരിക്കുന്നതും, ഓരോ വരിയും എന്ത് കൊണ്ട് വ്യത്യാസപ്പെടുത്തി എന്നാശങ്കപ്പെടുന്നതും. ആരുടെ കവിതയും സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ നിൽക്കരുത്, അടുത്തറിയുന്ന ആളായാലും അല്ലെങ്കിലും. കാരണം കവികളുടെ അനുഭവങ്ങൾ നമുക്ക് ഒരു തരത്തിലും കോപ്പി അടിക്കാൻ പറ്റാത്തവയാണ്.

*ഫേസ്ബുക്കിൽ എഴുതുന്ന നിങ്ങൾക്ക് ഇഷ്ടപെട്ട കവികൾ ആരൊക്കെയാണ് ?

One thought on “മലയാള കവിത.

Add yours

Leave a comment

Blog at WordPress.com.

Up ↑