എന്റെ മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ബെർക്കിലിയിൽ ചേർന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ആ ക്യാമ്പസ് സന്ദർശിക്കുന്നത്. നോബൽ സമ്മാനം കിട്ടിയ ആളുകൾക്ക് അവിടെ പ്രത്യേകം കാർ പാർക്കിംഗ് ഉണ്ടെന്ന് കണ്ടപ്പോഴാണ് അത്രയും മാത്രം നോബൽ പ്രൈസ് അവിടെ കിട്ടുന്നുണ്ട് എന്ന് മനസ്സിലായതും, പിന്നീട് ഓരോ തവണ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോഴും അവിടെ നിന്നുള്ള ആർകെങ്കിലും നോബൽ കിട്ടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങിയതും.
അമേരിക്കയിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം ഇക്കാര്യത്തിൽ ഉണ്ടെകിൽ UC ബെർക്കിലിയിൽ വിവിധ ഡിപ്പാർട്മെന്റുകൾ തമ്മിൽ തന്നെ ലോകോത്തര നിലവാരമുള്ള പഠനങ്ങളുടെ കാര്യത്തിൽ അങ്ങിനെയൊരു മത്സരം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്, പ്രത്യേകിച്ച് കെമിസ്ട്രി / ഫിസിക്സ് ഡിപ്പാർട്മെന്റുകൾ തമ്മിൽ. നോബൽ അതിന്റെ ഒരു ബൈ പ്രോഡക്റ്റ് ആയിട്ട് വരുന്ന ഒന്നാണ്. രണ്ടായിരത്തി ഇരുപത്തിലെ കെമിസ്ട്രി നോബൽ സമ്മാനം CRISPR-Cas9 / ജീൻ എഡിറ്റിങ് മേഖലകളിലെ സംഭാവനകൾക്ക് ബെർക്കിലിയിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ Jennifer Doudna യ്ക്ക് ആയിരുന്നു എങ്കിൽ ഇക്കൊല്ലത്തെ നോബൽ ഫിസിക്സ് ഡിപ്പാർട്മെന്റിലെ John Clauser ആണ് പങ്കിടുന്നത്. ക്വാണ്ടം മെക്കാനിക്സിലെ Quantum entanglement എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ് ഇക്കൊല്ലത്തെ നോബൽ സമ്മാനം.
ഏതാണ്ട് നൂറു വർഷങ്ങൾക്ക് 1928 ൽ , അന്ന് പ്രശസ്തമായ കെമിസ്ട്രി ഡിപ്പാർട്മെന്റിനോട് കിടപിടിക്കുന്ന ഒരു ഫിസിക്സ് ഡിപ്പാർട്മെന്റ് വേണം എന്ന ചിന്തയിൽ നിന്നാണ് ബെർക്കിലി യൂണിവേഴ്സിറ്റി Ernest Lawrence എന്ന ശാസ്ത്രജ്ഞനെ അദ്ധ്യാപകനായി നിയമിക്കുന്നത്. നമ്മുടെ നാട്ടിലെ പോലെ കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല ഇവിടെയുള്ള അദ്ധ്യാപകർ ചെയ്യുന്നത്, ഏതാണ്ട് മുഴുവൻ സമയം ഗവേഷണങ്ങളിൽ ഏർപ്പെടുകയും, അതിനു സഹായത്തിന് ബിരുദ/ ബിരുദാനന്തര കുട്ടികളുടെ സഹായം സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇവിടെയുള്ള രീതി. Ernest Lawrence അന്ന് ബെർക്കിലിയിൽ ഇന്നത്തെ ലാർജ് ഹൈഡ്രോണ് കൊളൈഡറിന്റെ പൂർവ രൂപമായ സൈക്ലോട്രോൺ സ്ഥാപിക്കുന്നതും ബെർക്കിലി ഫിസിക്സ് ഡിപാർട്മന്റ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതും. ഈ ലാബിലാണ് പിന്നീട് മൻഹാട്ടൻ പ്രൊജക്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ആണവ ബോംബിന്റെ ആരംഭം കുറിക്കുന്നതും. ചുരുക്കപ്പേരിൽ ബെർക്കിലി ലാബ് എന്ന ഇതിന്റെ ഇപ്പോഴുള്ള മുഴുവൻ പേര് ലോറെൻസ് ബെർക്കിലി നാഷണൽ ലാബ് എന്നാണ്. ഇക്കൊല്ലത്തെ നോബൽ ഉൾപടെ പതിനഞ്ച് പേർക്കാണ് ഈ ലാബിലെ ഗവേഷണങ്ങൾക്ക് നോബൽ ലഭിച്ചിട്ടുള്ളത്.
ബെർക്കിലി ഫിസിക്സ് ഡിപ്പാർട്മെന്റിലെ Stuart Freedman നും ആയി ചേർന്ന് ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ നടത്തിയ പരീക്ഷണത്തിനാണ് ഇപ്പോൾ നോബൽ കിട്ടിയിരിക്കുന്നത്. 2012 ൽ അകാലത്തിൽ മരിച്ചില്ലായിരുന്നു എങ്കിൽ ഇത്തവണത്തെ നോബൽ Stuart Freedman കൂടി പങ്കിട്ടെടുത്തേനേ. ജോൺ ബെൽ തുടങ്ങിവച്ച അതുവരെ തിയറി മാത്രമായിരുന്ന ഒരു കാര്യം പരീക്ഷണത്തിലൂടെ ശരിയാണ് എന്ന് തെളിയിക്കാൻ കഴിഞ്ഞു എന്നതാണ് ഈ പരീക്ഷണത്തിന്റെ പ്രാധാന്യം. Quantum Mechanics എനിക്ക് ഇതുവരെ മനസിലാകത്ത ഒരു സംഭവമാണ്. പ്രകാശവര്ഷങ്ങൾ അകലെയുള്ള രണ്ടു ഫോട്ടോണുകൾ പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ക്ലാസിക്കൽ ഫിസിക്സ് മാത്രം മനസിലാക്കിയിട്ടുള എന്റെ ആലോചനയ്ക്ക് അപ്പുറത്താണ്. ഒരേ ഒരു ആശ്വാസം റിച്ചാർഡ് ഫെയ്ൻമാന്റെ പ്രശസ്തമായ വാചകമാണ് : ” If you think you understand quantum mechanics, you don’t understand quantum mechanics : നിങ്ങൾക്ക് ക്വാണ്ടം മെക്കാനിക്‌സ് മനസ്സിലാകുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ക്വാണ്ടം മെക്കാനിക്‌സ് മനസ്സിലാകില്ല”.
പക്ഷെ ഞാൻ പറയാൻ വന്നത് വേറെയൊരു കാര്യമാണ്. ശാസ്ത്ര ഗവേഷണങ്ങൾ നടത്തുന്നതിന്റെ ഒരു ബൈ പ്രോഡക്റ്റ് ആയിട്ടാണ് നോബൽ സമ്മാനം വന്നു ചേരുന്നത്, അല്ലാതെ നോബൽ കിട്ടാൻ വേണ്ടി ആളുകൾ ഗവേഷണം നടത്തുന്നതല്ല. മാത്രമല്ല ഇത്തരം പല ഗവേഷങ്ങങ്ങളും സര്വകലാശാലകളിലാണ് നടക്കുന്നത്. ലോകോത്തര ഗവേഷണങ്ങൾ സർവകലാശാലകളിൽ വെറുതെ നടക്കുന്നതല്ല, 1928 ൽ ബെർക്കിലി യൂണിവേഴ്സിറ്റി തങ്ങളുടെ ഫിസിക്സ് ഡിപ്പാർട്മെന്റ് ലോകോത്തരമാക്കാൻ നടത്തിയ ശ്രമങ്ങൾ പോലെ വ്യക്തമായ പ്ലാനോട് കൂടി കാര്യങ്ങൾ നടപ്പിലാക്കുന്നതിന്റെ പരിണിത ഫലമാണ് നൂറു വർഷങ്ങൾക്ക് ഇപ്പുറം ഒരു ഇവിടെ പത്തിൽ കൂടുതൽ നോബൽ സമ്മാനങ്ങളെ കുറിച്ച് നമ്മൾ പറയുന്നത്? ഇതൊക്കെ ഗവണ്മെന്റ് സർവകലാശാലകളിൽ നടക്കുമോ എന്നാണ് ചോദ്യമെങ്കിൽ UC ബെർക്കിലി ഒരു പൊതു സർവകലാശാലയാണ്, പ്രൈവറ്റ് അല്ല. കാലിഫോർണിയയിലെ ആളുകളുടെ ടാക്സ് കൊണ്ട് കാര്യങ്ങൾ നടത്തുന്ന, പലപ്പോഴും ആദ്യമായി അവിടെ ചേരുന്ന കുട്ടികൾക്ക് റൂം കൊടുക്കാൻ ബുദ്ധിമുട്ടുന്ന ഒരു യൂണിവേഴ്സിറ്റിയാണ്.
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്. എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത് ചെയ്തുകൂടാ? കുറ്റം പറയാൻ എല്ലാവർക്കും എളുപ്പമാണ് പക്ഷെ ഒരു പരിഹാരം പറയാനാണ് ബുദ്ധിമുട്ട്. മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് കൊണ്ടുവരുന്നത് ജിമ്മിൽ ചേരുന്നത് പോലെയാണ് എന്നെനിക് ചിലപ്പോൾ തോന്നാറുണ്ട്, എന്തെങ്കിൽം ചെയ്യണമെങ്കിൽ ഇന്ന് ഇപ്പോൾ തന്നെ ചെയ്യണം നാളത്തേക്ക് വച്ചാൽ നടക്കില്ല. ഇപ്പോൾ തന്നെ നമ്മൾ നമ്മുടെ സർവ്വകലാശാലകയിൽ ലോകോത്തര നിലവാരമുള്ള ആളുകളെ അധ്യാപകരായി എടുക്കുമെന്നും, നമ്മുടെ ഗവേഷണങ്ങൾ ലോകോത്തര പ്രസിദ്ധീകരണങ്ങളിൽ വരുന്നത് പോലുള്ള നിലവാരത്തിൽ ആക്കുമെന്നും എന്നൊക്കെ തീരുമാനമെടുത്ത് നടപ്പിലാക്കിയാൽ നൂറു വർഷങ്ങൾക്ക് അപ്പുറം ഇതിലേറെ നോബൽ സമ്മാനങ്ങൾ നമ്മുടെ കയ്യിലിരിക്കും, അതിനേക്കാളേറെ നമ്മുടെ ജീവിത നിലവാരം ഈ കണ്ടുപിടുത്തങ്ങൾ കൊണ്ട് വളരെ അധികാര വർധിക്കുകയും ചെയ്യും. ഓർക്കുക പല വിദേശ സർവകലാശാലകളിലും ഗവേഷണം നടത്തുന്നതും പല കണ്ടുപിടുത്തങ്ങൾ നടത്തുന്നതും നമ്മുടെ നാട്ടിൽ നിന്ന അവിടെ പോയി ഗവേഷണം നടത്തുന്നവരാണ്. ബുദ്ധിയോ കഴിവോ ഉള്ള ആളുകൾ ഇല്ലാത്തതിന്റെ പ്രശ്നമല്ല പ്രശ്നമല്ല,മറിച്ച് സാഹചര്യങ്ങൾ ഒരുക്കികൊടുക്കാത്തതിന്റെ പ്രശനമാണ്. പരിഹാരം നമുക്ക് കഴിയുന്ന ഒന്നാണ് എന്ന് താന്നെ വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.
Leave a Reply