ഞാൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ, ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ കാണുന്നത്, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത, എന്റെ പ്രായമുള്ള ഒരു കുട്ടിയെ, വീടിന്റെ പിറകിൽ ഉമ്മ കുളിപ്പിക്കുന്നതാണ്. കയ്യിൽ ചകിരിയൊക്കെ വച്ച് നന്നായി തേച്ച് ഉരച്ച് കുളിപ്പിക്കുണ്ടായിരുന്നു. ആരെങ്കിലും ബന്ധുക്കൾ വിരുന്നിനു വന്നതാണോ എന്ന് നോക്കിയപ്പോൾ വീട്ടിൽ ബാപ്പയെ അല്ലാതെ വേറെ ആരെയും കണ്ടില്ല. ഉമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. ഒരു റെയിൽവേ ലൈനിന്റെ അവസാന സ്റ്റേഷൻ ആയ, മട്ടാഞ്ചേരി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കരയുകയായിരുന്ന ഈ കുട്ടിയെ ബാപ്പ ദയ തോന്നി വീട്ടിൽ വിളിച്ചുകൊണ്ടുവന്നതാണ്. വീട്ടിൽ നിർത്തി ഞങ്ങളുടെ കൂടെ വളർത്താൻ ആണ് ഉദ്ദേശം. പണ്ട് വഴിയിൽ കാണുന്ന പൂച്ചകളെ വീട്ടിൽ കൊണ്ടുവരുന്ന ശീലം ബാപ്പയ്ക്ക് ഉണ്ടായിരുന്നു, പിന്നീട് അവ പെറ്റുപെരുകാൻ തുടങ്ങിയപ്പോൾ ആ ശീലം നിന്നതാണ്, പക്ഷെ ഒരു കുട്ടിയെ വീട്ടിൽ കൊണ്ടുവരുമെന്ന് ആരും കരുതിയില്ല. ആ കുട്ടിക്ക് തമിഴ് മാത്രമാണ് അറിയുന്നത്, പറയുന്നത് പലതും ഞങ്ങൾക്കും മനസിലാകുന്നുണ്ടായിരുന്നില്ല. വണ്ടി മാറി കയറി വന്നതാണോ, വീട്ടിൽ നിന്ന് ഒരു ദേഷ്യത്തിന് ഇറങ്ങി പോന്നതാണോ, വിശപ്പ് സഹിക്കാതെ ഒരു ജോലി തിരക്കി വന്നതാണോ എന്നൊന്നും ആർക്കും മനസിലായില്ല. (ഹോട്ടലുകളിലും മറ്റും തമിഴ് നാട്ടിൽ നിന്നുള്ള അനേകം കുട്ടികൾ ജോലി ചെയ്തിരുന്ന ഒരു സമയമായിരുന്നു അത്). അന്ന് രാത്രി ഞങ്ങളുടെ കൂടെയാണ് ആ കുട്ടി അത്താഴം കഴിച്ചത്.
കൂലിപ്പണിക്കാരനായ ബാപ്പയുടെ ചലവിൽ വീട്ടിൽ ഞങ്ങൾ മൂന്ന് മക്കളെ കൂടാതെ, ബാപ്പയുടെ പുനർവിവാഹം ചെയ്ത സഹോദരിയുടെ മകനും ഉണ്ടായിരുന്നു. ഇനിയൊരാളെ കൂടി, അതും ഒരു ബന്ധവുമില്ലാത്ത ഒരു കുട്ടിയെ വീട്ടിൽ താമസിപ്പിക്കാൻ പറ്റില്ലെന്ന് ഉമ്മ കട്ടായം പറഞ്ഞു. ബാപ്പയുടെ പെങ്ങളുടെ ഭർത്താവ് ഇതുപോലെ എറണാകുളം മാർക്കെറ്റിൽ നിന്ന് കരഞ്ഞ ഒരു പെൺകുട്ടിയെ വീട്ടിൽ വിളിച്ചുകൊണ്ടു വന്ന് വളർത്തി വലുതാക്കി വിവാഹം കഴിക്കുന്ന വരെ വളർത്തിയ കഥകളൊക്കെ ഞങ്ങൾ കേട്ടിരുന്നുവെങ്കിലും അത്രയ്ക്ക് വിശാലമനസ്കത ഉമ്മയ്ക്ക് ഉണ്ടാകാത്തത് കൊണ്ടാണോ, അതോ ഉമ്മയുടെ പ്രായോഗിക ബുദ്ധി കാരണമാണോ എന്നറിയില്ല, അന്ന് രാത്രിയിലെ വഴക്കിനു ശേഷം ബാപ്പ ആ കുട്ടിയെ അടുത്ത ദിവസം തന്നെ തിരികെ റെയിൽവേ സ്റ്റേഷനിൽ തന്നെ കൊണ്ട് വിട്ടു. ആ കുട്ടിയുമായി സംസാരിച്ച ഒരോർമയും എനിക്കില്ല, അവനു പിന്നീട് എന്ത് സംഭവിച്ചുകാണും എന്ന് ഇതുവരെ ഞാൻ ആലോചിച്ചിട്ടുമില്ല, ഇന്ന് വീണ്ടും കോഴിക്കോട്ടെ പോലീസുകാരൻ കുഞ്ഞുമുഹമ്മദിന്റെ കഥ ഒരിക്കൽ കൂടി കേൾക്കുന്നത് വരെ.
സംഗീതത്തോട് വലിയ അഭിരുചിയുണ്ടായിരുന്ന കുഞ്ഞുമുഹമ്മദ് ഇക്ക തെരുവിൽ പാട്ട് പാടി അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്ന രണ്ടു കുട്ടികളെയാണ് എടുത്തു വളർത്തിയത്. മുഹമ്മദ് സാബിറിനെയും, ലെസ്ലി ആൻഡ്രൂസിനെയും. പിതാക്കന്മാർ ഉപേക്ഷിച്ച രണ്ടു കുട്ടികളായിരുന്നു അവർ.
വയറ്റത്തടിച്ച് പാട്ടുപാടുന്ന അവസ്ഥയിൽ കുഞ്ഞുമുഹമ്മദ് തെരുവിൽ നിന്ന് കണ്ടെടുത്ത മുഹമ്മദ് സാബിറിന്റെ പിതാവ്, ബംഗാളി ഗായകനായ ജാൻ മുഹമ്മദ് ഖാൻ ആയിരുന്നു. കേരളത്തിൽ സംഗീത കച്ചേരിക്ക് വരുമായിരുന്ന അദ്ദേഹത്തിന് മലയാളി ഭാര്യയിൽ ഉണ്ടായ കുട്ടിയായിരുന്നു മുഹമ്മദ് സാബിർ. പിന്നീട് ബാപ്പ ഉപേക്ഷിച്ചു പോയപ്പോൾ ബാപ്പയിൽ നിന്ന് പഠിച്ച ഹിന്ദുസ്ഥാനി സംഗീതം അവനു തുണയായി വന്നു. ഈ കുട്ടിയാണ് പിന്നീട് മലയാള സിനിമയിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വശ്യത വെളിപ്പെടുത്തിയ എം എസ് ബാബുരാജ്. താമസമെന്തേ വരുവാൻ മുതൽ ഒരു പുഷ്പം മാത്രമെൻ വരെ പി ഭാസ്കരനുമായി ചേർന്ന് അദ്ദേഹം തീർത്ത മെലഡികൾക്ക് നമ്മൾ കാത്തുകൊടുക്കുമ്പോൾ ഈ പ്രതിഭയെ തെരുവിൽ നിന്ന് കണ്ടെത്തിയ കുഞ്ഞുമുഹമ്മദിനെ കൂടി ഓർക്കുക.
ലെസ്ലി ആൻഡ്രൂസിന്റെ പിതാവ് മകനെ തള്ളിപ്പറഞ്ഞത്, ലെസ്ലി ആൻഡ്രൂസ് ബർമയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞാണ്. നീലക്കുയിൽ എന്ന സിനിമയിലെ “എങ്ങനെ നീ മറക്കും കുയിലേ…” എന്ന ഗാനം പാടി നമ്മുടെ ഹൃദയത്തിലേക്ക് കസേരയിട്ടിരുന്ന, പിന്നീട് കേരള സൈഗാൾ എന്നറിയപ്പെട്ട, കോഴിക്കോട് അബ്ദുൾ ഖാദറാണ് ഈ പറഞ്ഞ ലെസ്ലി ആൻഡ്രൂസ്.
ഈ വളർത്തച്ഛൻ ബന്ധം കൊണ്ടാണ് കോഴിക്കോട്ട് അബ്ദുൽ ഖാദർ ഗാനമേളകകളിൽ പാടുമ്പോഴെല്ലാം വേദിയിൽ എം എസ് ബാബുരാജ് ഉണ്ടെങ്കിൽ ഹാർമോണിയം മീട്ടാൻ അദ്ദേഹം തന്നെ ഇരിക്കുന്നത് ( ഇതുപോലെ ബാബുരാജ് ഹാർമോണിയം വായിച്ചു കൊടുക്കുന്ന മറ്റൊരാൾ മട്ടാഞ്ചേരിയുടെ സ്വന്തം മെഹബൂബാണ്, ബാബുരാജിന്റ കഥയോട് സാമ്യമുള്ള ദാരിദ്ര്യത്തിന്റെ പിടിയിൽ പെട്ട ജീവിതം ആയിരുന്നു അദ്ദേഹത്തിന്റേതും. നീയല്ലാതാരുണ്ടെനിക്ക് നിത്യം നിത്യം കത്തെഴുതാൻ എന്ന നീലി സാലിയിലെ പാട്ട് ഈയടുത്ത് സിതാര വീണ്ടും പാടിയപ്പോൾ ചിലരെങ്കിലും ഒറിജിനൽ പാട്ട് പാടിയ മെഹ്ബൂബിനെ ഓർത്തുകാണും).
ഈയടുത്ത് വീണ്ടും സഫാരി ചാനലിൽ ജോൺ പോൾ ബാബുരാജിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ ഇതെല്ലാം ഓർമ വന്നു. അന്ന് എന്റെ വീട്ടിൽ ഒരു ദിവസം മാത്രം താമസിച്ച ആ കുട്ടി ഇപ്പോൾ എവിടെയായിരിക്കും? കുടുംബവും കുട്ടികളുമുണ്ടാകുമോ? ഒരു പക്ഷെ ഞങ്ങളുടെ കൂടെ വളർന്നിരുന്നുവെങ്കിൽ അവന്റ ജീവിതം എന്താകുമായിരുന്നു? ഊഹിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ.. എന്തായാലും ലോകത്തിന്റെ ഏതെങ്കിലും കോണിൽ സന്തോഷമായിരിക്കട്ടെ…..
Leave a Reply