പ്രണയം ഒരു രാസപ്രവർത്തനമാകുന്നു….

ആദ്യമായി നിങ്ങൾ നിങ്ങളുടെ കാമുകനെ അല്ലെങ്കിൽ കാമുകിയെ കണ്ട സന്ദർഭം ഒന്നോർത്തുനോക്കൂ. 

അവനെ അല്ലെങ്കിൽ അവളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് അവരോട് പറയാൻ വാക്കുകൾ കിട്ടാതെയാകും, പ്രണയം ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന പരമ്പരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ  ഹൃദയമിടിപ്പ് കൂടും, കൈകൾ വരെ വിയർക്കും. 

പ്രണയം തുടങ്ങിക്കഴിയുമ്പോൾ  നിങ്ങൾ മണിക്കൂറുകളോളം ലോകത്തിലെ എന്തൊക്കെയോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ഒരു കപ്പ് കാപ്പിക്ക് അപ്പുറവും ഇപ്പുറവും കണ്ണിൽ കണ്ണിൽ നോക്കി മണിക്കൂറുകളോളം ഇരിക്കും. നിങ്ങൾ നിങ്ങളുടേത് മാത്രമായ ഒരു ലോകത്തായിരിക്കും. ജീവിതത്തിലെ ഏറ്റവും മനോഹരമായ ചില നിമിഷങ്ങളിലൂടെ നിങ്ങൾ കടന്നുപോകും. 

പക്ഷെ പ്രണയത്തിന്റെ “അവസാനം” അവർ വിവാഹിതരായി എന്ന വാചകം  അന്വർഥമാക്കി കൊണ്ട് വിവാഹം, കുടുംബം കുട്ടികൾ ഒക്കെ ആയി കഴിയുമ്പോൾ മേല്പറഞ്ഞ പോലുള്ള  പ്രണയം അവസാനിക്കും. വിവാഹം അഞ്ചാറ്  വർഷത്തിലേറെയായ ആളുകൾ ഒന്ന് പിറകിലേക്ക് ചിന്തിച്ചു നോക്കൂ അവസാനം എന്നാണ് നിങ്ങൾ നിങ്ങളുടെ പ്രണയിനിയുടെ കണ്ണുകളിൽ നോക്കികൊണ്ടിരുതെന്ന്? എന്നാണ് നമുക്കത് നഷ്ടപെട്ടത് എന്നോർത്ത് നോക്കിയിട്ടുണ്ടോ?  ജീവിത തിരക്കുകൾക്കിടയിൽ പ്രണയം കൈമോശം വന്നുവെന്നു പറയാമെങ്കിലും ഇതിന്റെ പിറകിൽ കുറച്ച് രാസപ്രവർത്തനങ്ങളുണ്ട്, അത് മനസിലാക്കി കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് എന്താന്നെനു ഇപ്പോൾ വിവാഹിതരായവർക്കും, ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന് ഇപ്പോഴുള്ള പ്രണയിതാക്കൾക്കും അറിയാൻ കഴിയും. 

പ്രണയത്തിന്റെ കാര്യത്തിൽ യഥാർത്ഥത്തിൽ ഹൃദയത്തിനു വലിയ പങ്കൊന്നുമില്ല, മറിച്ച് നിങ്ങളുടെ തലച്ചോർ  മൂന്നു ഘട്ടങ്ങളിലായി ചില ഹോർമോണുകളുടെ  സഹായത്തോടെ നടത്തുന്ന  ചില രാസപ്രവർത്തനങ്ങളുടെ ഫലമാണ് നിങ്ങൾ അനുഭവിക്കുന്ന സ്വാഭാവിക  പ്രണയം. ഇതിലെ ആദ്യഘട്ടം ടെസ്റ്റോസ്റ്റിറോൺ , ഈസ്ട്രജൻ എന്നീ ലൈംഗിക ഹോർമോണുകളുടെ  സഹായത്തോടെ, നിങ്ങൾക്ക് ലൈംഗികമായി ഒരു ചോദന ഉണ്ടാവുന്ന ഘട്ടമാണ്. വേറെ ഏതൊരു ജീവിയെ പോലെ മനുഷ്യശരീരവും  തന്റെ ഡിഎൻഎ അടുത്ത തലമുറയിലേക്ക് കൈമാറാൻ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമാണ്. അടുത്ത ആരോഗ്യമുളള തലമുറ ഉല്പാദിപ്പിക്കാൻ പറ്റിയ ഒരു പങ്കാളിയോടെ ലൈംഗികമായി തോന്നുന്ന മോഹമാണ് (Lust) നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രണയത്തിന്റെ ആദ്യ പടി. മനുഷ്യന്റെ മാത്രം കഴിവായ പ്രായോഗികമായി കാര്യങ്ങൾ വിശകലനം ചെയ്തു ഒരു ബന്ധത്തിൽ ഏർപ്പെടുന്ന തലച്ചോറിലെ ഫ്രോണ്ടൽ കോർടെക്സ് ഒക്കെ പിന്നീടാണ് പ്രവർത്തനം തുടങുന്നത്. അതുകൊണ്ടാണ് കണ്ട ഇഷ്ടം തോന്നുന്ന എല്ലാവരെയും നമ്മൾ പ്രണയിക്കാത്തതും സെക്സിന് സമ്മതം ആണോ എന്ന് ചോദിക്കാത്തതും.  

അബോധപൂർവ്വമായി നടക്കുന്ന ഈ ആദ്യത്തെ പടിക്കു ശേഷം പരസ്പര ആകർഷണം എന്ന അടുത്ത പടി  തുടങ്ങുന്നു. തനിക്ക് ഇഷ്ടപെട്ടവന്റെ അല്ലെങ്കിൽ ഇഷ്ടപെട്ടവളുടെ, കണ്ണും മൂക്കും മുടിയും സംസാരവുമെല്ലാം നമുക്ക് വളരെ ആകർഷകമായ തോന്നിക്കുന്ന ഘട്ടമാണിത്, ഇത് നമുക്ക് വളരെ അനുഭവവേദ്യമായ ഒരു ഘട്ടമാണ്. മൂന്നു ഹോർമോണുകളാണ്  ഈ സന്ദർഭത്തിൽ പ്രവർത്തിക്കുന്നത്, നമുക്ക് സന്തോഷം തരുന്ന ഡോപോമൈൻ ആണ് ഇതിൽ ആദ്യത്തേത്. പ്രണയത്തിന്റെ കാര്യത്തിൽ മാത്രമല്ല, സിഗരറ്റ് വലിക്കുന്നത് പോലുള്ള സന്തോഷം തരുന്ന, ചിലപ്പോൾ ദുശീലങ്ങൾ ആകുന്ന, ഏതാണ്ട് എല്ലാ പ്രവർത്തികളും ഡോപോമൈനും ആയി ബന്ധപ്പെട്ടതാണ്. നമ്മൾ പ്രേമിക്കുന്നവരെ കാണുമ്പോൾ അറിയാതെ ഉള്ളിലുണ്ടാകുന്ന സന്തോഷം ഈ ഹോർമോണിന്റെ കളിയാണ്. അടുത്തതായി പങ്കാളിയുടെ സാനിധ്യത്തിൽ നമ്മളെ വളരെ ഊർജസ്വലരാക്കുന്ന നോർഎപിനെഫ്രിൻ എന്ന ഹോർമോൺ ആണ്. ഈ ഹോർമോൺ യാഥാർത്ഥത്തിൽ   ഒരു അപകടം ഉണ്ടാകുമ്പോൾ ഓടി രക്ഷപെടണോ, അതോ അതിക്രമിയെ നേരിടാനോ എന്നുള്ള തീരുമാണ് സമയത്ത് ശരീരം ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്. ഉദാഹരണത്തിന് നമ്മളെ കടിക്കാനായി ഒരു പട്ടി കുരച്ച് കൊണ്ട് ഓടി വരുമ്പോൾ, നമ്മുടെ ഹൃദയമിടിപ്പ് കൂടും, വിയർക്കും, വിശപ്പ് ഉറക്കം എന്നിവയൊക്കെ നമ്മൾ മറന്നു പോകും. നമ്മൾ പ്രേമിക്കുന്നവരുടെ സാനിധ്യത്തിൽ നമ്മൾ ഈ പറഞ്ഞ എല്ലാം അനുഭവിക്കാനുള്ള കാരണം ഈ ഹോർമോണിന്റെ ഉത്പാദനമാണ്. മറ്റൊന്ന് ഈ ഘട്ടത്തിൽ  സെറോടോണിൻ എന്ന ഹോർമോണിന്റെ ഉല്പാദനത്തിൽ ഉണ്ടാകുന്ന കുറവാണു.  പ്രണയിക്കുന്നവരുടെ മൂഡ് സ്വിങ്, പങ്കാളി തന്നോട് തന്നെ സംസാരിച്ചുകൊണ്ടിരിക്കണം, വേറെ ആളുകളെ നോക്കരുത് തുടങ്ങിയ ചില സ്വഭാവങ്ങൾ ഈ ഹോർമോണിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്. 

 നമ്മുടെ ശരീരം നമ്മുടെ ഡിഎൻഎ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യാനുള്ള ഒരു ഉപകരണം മാത്രമാണ് എന്ന് മുൻപ് പറഞ്ഞതിനോട് ഇതുവരെയുള്ള കാര്യങ്ങൾ യോജിക്കുന്നുണ്ട്. പക്ഷെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞു ഒരു കുട്ടി ജനിച്ചു കഴിഞ്ഞ്  അടുത്ത പങ്കാളിയെ നോക്കി പോകുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായാൽ ആദ്യത്തെ അഞ്ചാറ് വർഷത്തേക്ക് മാതാപിതാക്കളുടെ സംരക്ഷണം വേണ്ട മനുഷ്യ കുട്ടികൾ അത് സർവൈവ് ചെയ്യില്ല എന്നതുകൊണ്ടാണ്, മൂന്നാമത്തെ ഘട്ടത്തിലെ ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടുന്നത്. കുട്ടികൾ സ്വന്തം കാലിൽ നില്കുന്നത് വരെ അമ്മയെയും അച്ഛനെയും ഒരുമിച്ച് നിർത്തുന്നത്തിനു വേണ്ടി ശരീരം ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് ഓക്സിടോസിനും, വാസോപ്രെസ്സിനും. ഓക്സിറ്റോസിൻ  രണ്ടുപേരെ മാനസികമായി ഒരുമിച്ച്  നിർത്തുന്ന ഹോർമോൺ ആണ്, ഇതിന്റെ ഇരട്ടപ്പേര് തന്നെ cuddle hormone എന്നാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, മുലയൂട്ടുമ്പോൾ, പ്രസവിക്കുമ്പോൾ ഒക്കെ ഈ ഹോർമോൺ വലിയ തോതിൽ ഉല്പാദിപ്പിക്കപ്പെടുന്നത് ജനിക്കുന്ന കുഞ്ഞിനെ അച്ഛനും അമ്മയും ഇട്ടിട്ടു പോകരുത് എന്നത് കൊണ്ടാണ്. മേല്പറഞ്ഞ രണ്ട പ്രവർത്തികളും അമ്മമാരിയുമായും ആയി ബന്ധപ്പെട്ടത് കൊണ്ട് അമ്മമാർക്ക് കുട്ടികളുമായുള്ള ജീവശാസ്ത്രപരമായ ബന്ധം കൂടുതലായിരിക്കുകയും ചെയ്യും.  മാതാപിതാക്കൾ കുട്ടികളുമായി മാത്രമല്ല നമ്മുടെ കൂട്ടുകാരോടും മറ്റും നമുക്ക് ഒരു പ്രത്യേക മമത ഉണ്ടാകുന്നതും ഇതേ ഹോർമോൺ തന്നെയാണ്. 

ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. കുട്ടികൾക്ക് നാലോ അഞ്ചോ വയസാകുന്നത് വരെ പ്രണയിക്കുന്നവരെ ഒരുമിച്ച് നിർത്താനുള്ള വെടിമരുന്ന് നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇനി നമുക്ക്  ഇതിലേക്ക് ഇന്ന് നിലവിലുള്ള വിവാഹം എന്ന സമ്പ്രദായത്തെ കൊണ്ടുവന്നു നോക്കാം. കേരളത്തിലെ ആധുനിക സമൂഹത്തിൽ വിവാഹങ്ങൾ  മേല്പറഞ്ഞ ഡിഎൻഎ കൈമാറ്റം,  കുട്ടികളെ ഉല്പാദിപ്പിക്കൽ എന്നതിന് മാത്രമുള്ളതല്ല,  മറിച്ച് ആധുനിക വിവാഹങ്ങൾ, ലൈംഗികത, കുടുംബം, സ്നേഹം , പ്രണയം തുടങ്ങി രണ്ടു വ്യക്തികൾക്ക് പുറമെ, രണ്ടു  കുടുംബങ്ങളെയും ചിലപ്പോൾ രണ്ടു സമൂഹങ്ങളെ വരെയും  ഒന്നിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണ്. പങ്കാളികൾ തമ്മിലുള്ള  പ്രണയം  പലപ്പോഴും ഇത്തരം വിവാഹങ്ങളിൽ ഒന്നാം കക്ഷി പോലുമല്ല. സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് ആയ കുടുംബം തുടങ്ങാൻ രണ്ടു പേർക്ക്  ലൈഗിംക ബന്ധത്തിന് വേണ്ടി നമ്മുടെ സമൂഹം കൊടുക്കുന്ന ഒരു ലൈസൻസാണ് പലപ്പോഴും  നമ്മുടെ വിവാഹങ്ങൾ. കുട്ടികളെ ഉല്പാദിപ്പിക്കുന്നത്, സമൂഹത്തിന്റെ നിലനില്പിന്ന് അത്യന്താപേക്ഷിതമായതു കൊണ്ടാണ് കേരളത്തിലെ രണ്ടു പേർ വ്യവസ്ഥാപിത രീതിയിൽ  കല്യാണം കഴിച്ചാൽ കാണുന്നവരൊക്ക വിശേഷം ഒന്നുമയില്ലേ എന്ന ചോദ്യം ചോദിക്കുന്നത്. ഇവർ തമ്മിൽ പ്രണയം ഉണ്ടോ എന്നത് അവർക്കൊരു വിഷയമേ അല്ല.   

എന്നാൽ മറ്റു രാജ്യങ്ങളിൽ രണ്ടു വ്യക്തികൾ മേല്പറഞ്ഞ ഹോർമോണുകളുടെ പ്രവർത്തന  ഫലമായി ഇണകളുടെ തിരഞ്ഞെടുപ്പ് നടത്തുകയും,  ഒന്നോ രണ്ടോ വർഷം ഒരുമിച്ച് താമസിച്ച് ശേഷം (ലിവിങ് ടുഗെതർ) കുടുംബം തുടങ്ങാൻ സ്വയം തീരുമാനം എടുക്കുകയും, സ്വന്തമായി ഉണ്ടാക്കിയ പൈസ തങ്ങളുടെ വിവാഹത്തിന് വേണ്ടി ഉപയോഗിക്കുകയോ  ചെയ്യുന്ന കുടുംബങ്ങൾ അടങ്ങിയ സമൂഹങ്ങളാണ്. വിവാഹം കഴിഞ്ഞവരോട് കുട്ടികൾ  ആയില്ലേ എന്ന ചോദ്യം ഇവിടെ ഉണ്ടാകില്ല. മാത്രമല്ല, വിവാഹത്തിന് ശേഷം, രണ്ടുപേർക്കും യോജിച്ചു പോകാൻ പറ്റില്ല എന്ന് കണ്ടാൽ  തമ്മിൽ പിരിയുന്നത് ഒരു പ്രശ്നമായി ഇവർ കാണാറില്ല. നമ്മുടെ നാട്ടിൽ ഡൈവോഴ്സ് രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശനം എന്നതിലുപരി , ഒരു വലിയ സാമൂഹിക പ്രശ്നമായി  കാണാക്കപ്പെടുന്നത്,   രണ്ടു കുടുംബങ്ങളും, സമൂഹങ്ങളും ഒക്കെ വിവാഹത്തിന്റെ ഭാഗമായി വരുന്നതുകൊണ്ടാണെന്നു തോന്നുന്നു. 

നമ്മുടെ ശരീരം ഇപ്പോഴും  കായ്കനികൾ പെറുക്കി നടന്ന കാലത്തെ മനുഷ്യരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. അതുകൊണ്ട്  ആധുനിക ജീവിതകാലം മുഴുവൻ ഒരേ പങ്കാളിയുള്ള  വിവാഹങ്ങളിൽ , ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായി കഴിഞ്ഞു നാലോ അഞ്ചോ വർഷമായി കഴിയുമ്പോൾ , ജീവശാസ്ത്രത്തിന്റെ റോൾ കഴിഞ്ഞു. കാരണം കുട്ടികൾ ജനിച്ചു, നമ്മുടെ ഡിഎൻഎ കൈമാറ്റം കഴിഞ്ഞു, കുട്ടികൾ കായ്കനികൾ പെറുക്കി ഭക്ഷിക്കാനുള്ള വയസുമായി.  ഇരുപത്  ഇരുപത്തിയഞ്ചുയ് വയസുവരെ കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി മാതാപിതാക്കൾ അവരുടെ കൂടെ ജീവിക്കണ്ടേ ആധുനിക ലോകത്തെ കുറിച്ച് നമ്മുടെ ശരീരങ്ങൾക്ക് വലിയ ബോധ്യമില്ല. അതുകൊണ്ട്, കുട്ടികൾ ജനിച്ച് നാലു വർഷങ്ങൾക് കഴിയുമ്പോൾ പങ്കാളികൾ തമ്മിലുള്ള സ്നേഹം സ്വാഭാവികമായി കുറഞ്ഞു വരും. വിവാഹം കഴിഞ്ഞവർ ഒന്ന് തിരിഞ്ഞു നോക്കിയാൽ നിങ്ങൾ തമ്മിലുള്ള പ്രണയത്തിന്റെ ( കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്ന പ്രണയകാലം) കാലം കഴിയുന്നത് കുട്ടികൾ ജനിച്ചു കുറച്ചു കഴിയുമ്പോഴാണ്. 

മേല്പറഞ്ഞ പോലെ ഹോർമോണുകളുടെ ഉത്പാദനം കുറഞ്ഞു കഴിയുമ്പോൾ ശാരീരികമായി ഒരു പക്ഷെ പ്രണയം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ, രണ്ടു കാര്യങ്ങൾ കൊണ്ട് അതിനെ മറികടക്കുന്നവരുമുണ്ട്. ഒന്ന് ലൈംഗികിതയാണ്. രണ്ടുപേർ  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ എൻഡോർഫിൻ , ഓക്‌സിടോസിൻ എന്നീ ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് അവരവർ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജിക്കും. ( വെറും ലൈംഗിക ബന്ധത്തിന് വേണ്ടി മാത്രം തുടങ്ങുന്ന ചില ബന്ധങ്ങൾ ലൈംഗിക ബന്ധത്തിന് ശേഷം പ്രണയമായി തീരുന്ന കേസുകൾ ഇങ്ങിനെ സംഭവിക്കുന്നതാണ്). അതുകൊണ്ട്, പങ്കാളികൾ തമ്മിൽ പറ്റുമ്പോഴെല്ലാം ലൈംഗിക ബന്ധതയിൽ ഏർപ്പെടുന്നത് പ്രണയം നിലനിർത്തിക്കൊണ്ടു പോകാനുള്ള ഒരു നല്ല എളുപ്പവഴിയാണ്. പലപ്പോഴും പങ്കാളികൾ തമ്മിലുള്ള വലിയ വഴക്കുകൾ പോലും കിടപ്പറയിലേക്ക് കൊണ്ടുപോകരുത് എന്ന് പറയുന്നത് കാരണമിതാണ്. കിടപ്പറയിൽ എത്തുകയാണെങ്കിൽ അതിനു പുറത്തേക്ക് വഴക്ക് എന്ത് കാരണവശാലും വരാൻ  അനുവദിക്കരുത്. 

രണ്ടാമത് ആധുനിക വിവാഹം  ഒരു സോഷ്യൽ കോൺട്രാക്ട് ആണെന്ന് മനസിലാക്കുന്ന ആളുകളാണ്. നമ്മുടെ ശരീരം നമ്മളോട് എന്തൊക്കെ പറഞ്ഞാലും, ഒരു ഇണയുമായി, ചേർന്ന് കുടുംബം തുടങ്ങി   മരിക്കുന്നത് വരെ അങ്ങിനെ തുടങ്ങുരുമെന്ന് മനസിലുറപ്പിച്ച്,  പ്രണയത്തെ ആദ്യത്തെ അതേ ആവേശത്തോടെ  കൊണ്ടുപോകുന്ന മാനസിക വികാസം പ്രാപിച്ച  കുറെ മനുഷ്യരുണ്ട്. വിവാഹം  എന്നാൽ ഒരാളോട് തന്നെ പല പ്രാവശ്യം പ്രണയത്തിൽ വീഴുന്ന ഒരു പ്രക്രിയ ആണെന്ന്, ഈ ശാസ്ത്രമൊന്നും അറിയാതെ  തന്നെ  പണ്ടേ മനസ്സിലാക്കിയവർ.  

എന്റെ  ജീവിതത്തിൽ നടന്ന ഏറ്റവും വലിയ ഭാഗ്യം ഇത്തരമൊരു പങ്കാളിയെ കിട്ടി എന്നതാണ്. ഗോമതി ജീവിതത്തിൽ ഏറ്റവും വലിയ മണ്ടത്തരം കാട്ടിയതിന്റെ ഇരുപത്തിയൊന്നാം വാർഷികമാണിന്ന് 🙂 പത്ത് രൂപ മുദ്രകടലാസിൽ , മൂന്ന് സാക്ഷികളുമായി, അഞ്ഞൂറ് രൂപയിൽ ഒതുങ്ങിയ  ഒരു കല്യാണം. കാലമിത്ര കഴിഞ്ഞിട്ടും പ്രണയം ആദ്യം കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന സമയത്തേത് പോലെ തന്നെ  കൊണ്ടുനടക്കുന്ന പങ്കാളിക്ക് പ്രണാമം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: