പൂർണമായും മനുഷ്യരല്ലാത്ത നമ്മൾ

രണ്ടായിരത്തിഒന്നിലാണ്  ഞാൻ ഗോമതിയെ വിവാഹം കഴിക്കുന്നത്. വേറെ ഒരു സംസ്ഥാനത്തും മതത്തിലും ജാതിയിലും ഒക്കെയുള്ള ഒരാളെ കല്യാണം കഴിക്കുമ്പോൾ പെണ്ണിന്റെ   അച്ഛനുമമ്മയ്ക്കും എതിർപ്പുണ്ടാകുന്ന സ്വാഭാവികം, അതും മൂന്ന് കല്യാണം കഴിച്ച ബാപ്പയും, ഏഴു കല്യാണം കഴിച്ച ഉപ്പൂപ്പായും ഒക്കെയുള്ള ഒരു മുസ്ലിം ചെറുപ്പക്കാരൻ. ഇനി അച്ഛനുമമ്മയ്ക്കും എതിർപ്പിലെങ്കിൽ ബന്ധുക്കൾ വിടുമോ? അവർ എന്നെയും ഗോമതിയെയും മാത്രമല്ല  പെൺകുട്ടികൾ  മര്യാദയ്ക്ക് വളർത്താൻ അറിയാത്തതിന് അവളുടെ അച്ഛനെയും അമ്മയെയും വരെ ചീത്ത വിളിച്ചു. 

 അങ്ങിനെ പലയിടത്ത് നിന്നായി ചീത്ത കിട്ടിക്കൊണ്ടിരുന്ന ഒരു ദിവസം ഗോമതിയുടെ അമ്മയുടെ ചേച്ചിയുടെ ഭർത്താവ് എന്നെ വിളിച്ചു. “ഞങ്ങൾ മുസ്ലിം വീടുകളിൽ നിന്ന് വെള്ളം പോലും  കുടിക്കില്ല , പിന്നെയല്ലേ ഞങ്ങളുടെ പെൺകുട്ടികളെ മുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു തരുന്നത്”  എന്നൊക്കെയായിരുന്നു പുള്ളിയുടെ സംസാരത്തിന്റെ ചുരുക്കം. “വെള്ളം കുടിക്കില്ലെങ്കിൽ ഞാൻ ചായ ഉണ്ടാക്കി താരമെന്നെ ഒരു വളിച്ച തമാശയാണ് ഞാൻ അന്ന് മറുപടി കൊടുത്തത്. എന്റെ തമാശ ഇഷ്ടപെടാത്ത കൊണ്ടാണോ എന്തോ, കഴിഞ്ഞ ഇരുപത്തിയൊന്ന് കൊല്ലമായി പുള്ളി എന്നെ പിന്നെ വിളിച്ചിട്ടില്ല. 

പക്ഷെ ആ ടെലിഫോൺ സംസാരമാണ്, ഞാനും ഗോമതിയും അത്രയ്ക്ക് വ്യത്യാസമുള്ള ആളുകളാണോ എന്ന് എന്നെ ആലോചിപ്പിക്കാൻ പ്രേരിപ്പിച്ചത്. ജനിത പരിശോധന കുറഞ്ഞ വിലയ്ക്ക് നടത്തുന്ന 23andme പോലുള്ള കമ്പനികൾ വന്നപ്പോൾ കാര്യം വളരെ എളുപ്പമായി. കണ്ണടച്ച് രജിസ്റ്റർ ചെയ്തു. രണ്ടുപേരുടെയും ജനിതക പരിശോധന ഫലം വന്നപ്പോൾ പ്രതീക്ഷിച്ച പോലെ 99.9. ശതമാനം ജീനുകളും ഒരേപോലെതന്നെയാണ്. അത് പക്ഷെ ഞങ്ങൾ രണ്ടുപേരുടെയും മാത്രമല്ല, എല്ലാ മനുഷ്യരുടെ 99.9 ശതമാനം ജീനുകളും ഏതാണ്ട് തുല്യം ആയിരിക്കും.  നമ്മൾ പലപ്പോഴും കടിപിടി   കൂടുന്നത് ബാക്കിയുള്ള 0.1 ശതമാനത്തിന്റെ വ്യത്യാസത്തെ കുറിച്ചാണ്. അതിൽ തന്നെ ഞങ്ങളുടെ ജീനുകൾ തമ്മിൽ വ്യത്യസം കടുകുമണിയെക്കാൾ ചെറുതായിരുന്നു. കാരണം ലളിതമാണ്, അറിയണമെങ്കിൽ ആരാണ് ഇന്ത്യക്കാർ എന്ന് ഒന്ന് അന്വേഷിച്ചാൽ മതി.

ഇന്ത്യയിൽ ഏതാണ്ട് മൂന്ന്  സമയങ്ങളിൽ നടന്ന മനുഷ്യ കുടിയേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒന്നാമതായി ഇപ്പോൾ ആൻഡമാൻ നിക്കോബാർ ഭാഗങ്ങളിൽ ഉള്ള വലിയ കലർപ്പ്  ഇല്ലാത്ത , ഏതാണ്ട് അറുപതിനായിരം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്ന് നടന്ന ആദ്യത്തെ കുടിയേറ്റത്തിന്റെ ഭാഗമായുള്ള ഗോത്രവർഗക്കാർ, രണ്ടാമതായി ഏതാണ്ട് എണ്ണായിരം വർഷങ്ങൾക്ക് മുൻപ് കുടിയേറിയ സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ Ancestral  South Indians  (ASI) എന്ന വിഭാഗം, മൂന്നാമത് ഏതാണ്ട് നാലായിരം വർഷങ്ങൾക്ക് മുൻപ് കോക്കസ് മലനിരകളിൽ നിന്ന് വന്ന Ancestral north Indians  (ANI) എന്ന വിഭാഗം. ഇപ്പോഴുള്ള ഭൂരിഭാഗം ഇന്ത്യക്കാരും  ഇവിടെയുണ്ടായിരുന്ന Ancestral  South indians ഉം ആയി ancestral north indians ലൈംഗികമായി ബന്ധപെട്ടു ഉണ്ടായ ആളുകളാണ്. വടക്കേ ഇന്ത്യയിൽ Ancestral North indian ജീൻ കൂടുതലായി കാണപെടുമ്പോൾ തെക്കേ ഇന്ത്യയിൽ Ancestral South Indian ജീൻ കൂടുതലായി കാണപ്പെടുന്നു എന്നു മാത്രം. തമിഴ്‌നാട്ടിലെ നാടാർ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ Ancestral South Indian ജീനുകൾ കാണുന്നത് എന്ന് എവിടെയോ വായിച്ച ഓർമയുണ്ട്.  ചുരുക്കി പറഞ്ഞാൽ തെക്കേ ഇന്ത്യയിലെ ഏതു ജാതികളെ എടുത്തു നോക്കിയാലും ജനിതകത്തിൽ വലിയ വ്യത്യസമൊന്നും കാണില്ല, അതാര് മാമ്മോദീസ മുക്കിയെന്നു പറഞ്ഞിട്ടും, ഏതു ജാതിയിൽ പെട്ട് എന്ന് പറഞ്ഞിട്ടും  കാര്യമില്ല, ജനിതകം പരിശോധിച്ചാൽ കാര്യം  മനസിലാകും.  (ASI, ANI എന്നതിന് പകരം  നമുക്ക് മനസിലാകുന്ന ഭാഷയിൽ  ദ്രാവിഡർ ,ആര്യൻ എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിക്കാൻ ഇന്ത്യ സർക്കാർ സമ്മതിക്കാത്തതിന്റെ രാഷ്ട്രീയ കാരണങ്ങളെ കുറിച്ച് ഈ വിഷയത്തിൽ ആദ്യമായി ഗവേഷണം നടത്തിയ ഡേവിഡ് റൈക്ക് എഴുതിയിട്ടുണ്ട്). പക്ഷെ ജാതിക്കുള്ളിൽ നിന്ന് തന്നെ വിവാഹം കഴിക്കുന്നത് കൊണ്ട് ഇന്ത്യക്കാർ ആകെ ചെയ്ത ഒരു കാര്യം ഈ ചെറിയ ജീൻ വ്യത്യസങ്ങളെ കൂടിക്കലർപ്പില്ലാതെ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടുനടന്നു എന്നതാണ്. ഏതാണ്ട് മൂന്നു വർഷങ്ങൾക് മുൻപ് സിന്ധു നദീതടത്തിലെ ഒരു DNA sequence ചെയ്തത് ഇന്ത്യയുടെ പുരാതന ചരിത്ര ഗവേഷണത്തിലെ  വലിയ ഒരു മുന്നേറ്റം ആയിരുന്നു. 

പക്ഷെ ഇതല്ല എന്റെ വിഷയം. എന്റെ DNA റിപ്പോർട്ടിൽ വേറെയൊരു ഭാഗത്ത് ഞാൻ പൂർണമായും മനുഷ്യനേ അല്ല എന്ന ഒരു പരാമർശമുണ്ട് (എന്റെ കയ്യിലിരിപ്പ് വച്ചിട്ട് എന്റെ ഭാര്യയ്ക്ക് പണ്ടേ മനസിലായ കാര്യം :)). ആഫ്രിക്കയിൽ നിന്ന് അറുപതിനായിരം വർഷങ്ങൾക്ക് മുൻപ് പുറത്തേക്ക് വന്ന നമ്മൾ ( ഹോമോ സേപ്പിയെൻസ്) യൂറോപ്പിൽ എത്തിയപ്പോൾ അവിടെ നമ്മളെ പോലെ തന്നെ വേറെയൊരു ജീവിയെ കണ്ടു. കണ്ടാൽ മനുഷ്യനെ പോലെ ഇരിക്കുന്ന, നിയാണ്ടെർത്തലുകൾ. സംസാരിക്കാൻ കഴിവുള്ള, ചിത്രങ്ങൾ വരക്കുന്ന അവരുമായി , ആഫ്രിക്കയിൽ നിന്ന് കുടിയേറിയ മനുഷ്യൻ ലൈംഗികമായി ബന്ധപ്പെട്ടതിന്റെ ഫലമായിട്ട് ഇന്ന് ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏതാണ്ട് എല്ലാ മനുഷ്യർക്കും ഒരു ചെറിയ ശതമാനം നിയാണ്ടെർത്തൽ ജീനുകൾ ശരീരത്തിലുണ്ട്. എന്റെ ശരീരത്തിൽ ഒരു മനുഷ്യന്റെ ദേഹത്ത് കാണുന്ന ശരാശരി നിയാണ്ടെർത്തൽ ജീനുകളെക്കാൾ കൂടുതലുണ്ട് എന്ന് എന്റെ DNA റിപ്പോർട്ട് പറയുന്നു.  മനുഷ്യ പരിണാമം  നടന്നത് ഒരു ചങ്ങല പോലെയല്ല മറിച്ച് ഒരു ആൽമരത്തിന്റെ വേര് പോലെയാണ്. പല ശിഖരങ്ങൾ പല സമയങ്ങളിൽ പല നാടുകളിൽ ഉണ്ടായിവന്നിട്ടുണ്ട്. യൂറോപ്പിലെ നിയാണ്ടെർത്തൽ മനുഷ്യരെ പോലെ ഏഷ്യയിൽ ഡെനിസോവൻ എന്ന വിഭാഗം “മനുഷ്യർ” ഉണ്ടായിട്ടുണ്ട്. Melanesian ആളുകളിൽ നാലുമുതൽ ആര് വരെ ശതമാനം ഡെനിസോവൻ ഡിഎൻഎ ആണ്. 

പക്ഷെ ചോദ്യം ഇതാണ്  ഈയടുത്താൻ DNA sequencing തുടങ്ങിയത്. നാല്പതിനായിരം വർഷങ്ങൾക്ക് മുൻപുള്ള നിയാണ്ടെർത്തൽ മനുഷ്യരുടെ DNA നമ്മുടെ ശരീരത്തിൽ ഉണ്ടെന്ന് നമുക്ക് എങ്ങിനെ പറയാൻ കഴിയും? അവിടെയാണ് ഇക്കൊല്ലത്തെ നോബൽ സമ്മാനം കിട്ടിയ സ്വാന്റെ പേബോ യുടെ പ്രധാന്യം. വളരെ വർഷങ്ങൾക്ക് മുൻപുള്ള നിയാണ്ടെർത്തൽ സൈറ്റുകളിൽ നിന്ന് നിയാണ്ടെർത്തൽ ജീനുകൾ വേര്തിരിച്ചെടുക്കുന്നത്, ഒരു ടെലിഫോൺ ഡയറക്ടറി ഒരു shredding മെഷീനിൽ കൂടി കടത്തി വിട്ട് അത് ചവർ വണ്ടി എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞിട് വർഷങ്ങൾ കഴിഞ്ഞു അവിടെ നിന്ന് ആ ടെലിഫോൺ ഡയറക്ടറി കണ്ടെടുക്കുന്നതിനേക്കൾ വിഷമം പിടിച്ചതാണെന്ന് പറഞ്ഞത് The Sixth Extinction എന്ന മനോഹര പുസ്തകമെഴുതിയ എലിസബത്ത് കോൾബെർട് ആണ്. കാരണം നിയാണ്ടെർത്തൽ സൈറ്റുകളിൽ മറ്റു ജീവികളുടെ DNA മുതൽ ഗവേഷണം നടത്തുന്ന ആളുകളുടെ DNA വരെ ഉണ്ടാകും. ഇതിൽ നിന്ന് നിയാണ്ടെർത്തൽ ഡിഎൻഎ വേർതിരിച്ചെടുത്ത sequence ചെയ്തതിനാണ് ഇക്കൊല്ലത്തെ മെഡിസിനിലെ നോബൽ സമ്മാനം  സ്വാന്റെ പേബോയെ തേടിയെത്തിയത്. 

നോട്ട് 1 : എന്നെ അന്ന് ചീത്ത വിളിച്ച ആളുടെ മകൾ പ്രേമിച്ചാണ് കല്യാണം കഴിച്ചത്.. കഴിഞ്ഞ വർഷം ഗോമതിയെ വിളിച്ച അന്നങ്ങിനെയൊന്നും പറയാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞു എന്ന് കേട്ടു.   

നോട്ട്  2 : എന്റെ ജീനിലെ വൈ ക്രോമസോം ഹാപ്ലോ ഗ്രൂപ്പ് ( അച്ഛൻ വന്ന വഴി) R-Z93(R1a1a1b2) ആണ്. അതിന്റെ സഞ്ചാര പഥം നോക്കിയാൽ എന്തുകൊണ്ട് അസർബൈജാനിലെയ്‌ലൊ അർമേനിയയിലോ ഉള്ള ഒരാൾക്ക് എന്തുകൊണ്ട് എന്റെ മുഖച്ഛായ വന്നുവെന്ന് കാണാൻ പറ്റും (പണ്ടൊരു പോസ്റ്റ് ഇതിനെപറ്റി എഴുതിയിട്ടുണ്ട്). ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലെ സ്റ്റെപ്പയിലൂടെ , Caucasus പർവത നിരകൾ താണ്ടി ഇന്ത്യയിൽ എത്തിയ പൂർവികരിൽ നമ്മളിൽ പലരുടെയും. നിങ്ങൾക്ക്  പലർക്കും ഇതുപോലെ മുഖസാദൃശ്യമുള്ള ബന്ധുക്കൾ അവിടെയൊക്കെ കാണും.

R-Z93 ഹാപ്ലോ ഗ്രൂപ്പ് R-M512 , R-M420 എന്നീ ഹാപ്ലോ ഗ്രൂപുകളിൽ നിന്ന് വേർതിരിഞ്ഞു വന്നതാണ്.  ഇന്ന് ഈ ഹാപ്ലോഗ്രൂപ്പുകൾ  ഈസ്റ്റേൺ യൂറോപ്, റഷ്യ, ഉക്രൈൻ എന്നിവിടങ്ങളിലാണ് കൂടുതൽ സാധാരണയായി കാണുന്നത്. ഇവയിൽ നിന്ന് വേർതിരിഞ്ഞു വന്ന എന്റെ ഹാപ്ലോ ഗ്രൂപ്പ് ആയ R-Z93 ഇന്ത്യയിലും ഏഷ്യയിലെ മറ്റു ഭാഗങ്ങളിലും കാണാം. ഏതാണ്ട് 6000 വർഷങ്ങൾക്ക് (240 തലമുറകൾക്ക്  മുൻപ്) ആണ്  ഈ ഹാപ്ലോഗ്രൂപ് വേർതിരിഞ്ഞു വന്നത്. ഇന്ത്യയിലെ ദ്രാവിഡർ ഏതാണ്ട് 8000 വർഷങ്ങൾക്ക് മുൻപ് ഇങ്ങോട്ട് കുടിയേറിയവരാണ് എന്ന് ഇതുമായി കൂട്ടി വായിക്കാം എന്ന് തോന്നുന്നു.

അമ്മ വന്ന വഴി വലിയ ചുറ്റിക്കളി ഇല്ലാതിരുന്ന M53 ആണ്. അല്ലെങ്കിലും പണ്ട് മൈഗ്രേഷൻ ആണുങ്ങളാണ് പ്രധാനമായും ചെയ്തിരുന്നത്. സ്ത്രീകൾ ഒരിടത്തു തന്നെ കൂടുകയും ഇങ്ങോട്ട് വരുന്നവരും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഒരു പുതിയ ജനിതക സ്വഭാവത്തെ ഉള്ള സമൂഹം ഉണ്ടായിവരികയും ആണ് ചെയ്തിരുന്നത്. ആഫ്രിക്കയിയൽ ഉണ്ടായിരുന്നവരുടെ L ഗ്രൂപ്പിൽ നിന്ന് ആഫ്രിക്കയിലേക്ക് പുറത്തേക്ക് പോയവരുടെ M ഗ്രൂപ്പ് ഉണ്ടാവുകയും അവരുടെ സബ് ഗ്രൂപ് ആയി M53 നിലവിൽ വരികയും ചെയ്തു എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്.

One thought on “പൂർണമായും മനുഷ്യരല്ലാത്ത നമ്മൾ

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: