കേരളത്തിലെ അപകടങ്ങളും അവൈലബിറ്റി ബയാസും

നിങ്ങളോട് ഞാനൊരു ബെറ്റ് വയ്ക്കട്ടെ? അടുത്ത രണ്ടു മാസം കഴിയുമ്പോൾ ആരും ഇക്കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ബസ് അപകടത്തെ കുറിച്ച് സംസാരിക്കാനോ വാർത്തകളിൽ കേൾക്കാനോ പോകുന്നില്ല? പോലീസ് ടൂർ  ബസുകൾ അമിത വേഗതയിൽ പോകുന്നുണ്ടോ എന്ന് കൂടുതൽ താല്പര്യമെടുത്ത് പരിശോധിക്കാനോ, സ്കൂളിൽ നിന്ന് ടൂർ പോകുന്ന ബസുകൾ മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റിൽ രെജിസ്റ്റർ ചെയ്തതാണോ എന്നന്വേഷിക്കണോ പോകുന്നില്ല?  എന്തുകൊണ്ടാണ് ഞാൻ ഇതിത്ര ഉറപ്പായിട്ട് പറയാൻ കാരണം?  അതറിയണമെങ്കിൽ അവൈലബിലിറ്റി ബയാസ് , നെഗറ്റീവ് ബയാസ് എന്നീ രണ്ട് കാര്യങ്ങളെ കുറിച്ചറിഞ്ഞിരിക്കണം. 

അവൈലബിലിറ്റി ബയാസ് ലളിതമായ ഒരു കാര്യമാണ്. ഈയടുത്ത നടന്ന ഒരു കാര്യം നമ്മുടെ ഓർമയിൽ പണ്ട് നടന്ന കാര്യങ്ങളേക്കാൾ കൂടുതൽ വ്യക്തതയോടെ നിൽക്കുകയും, പണ്ട് നടന്ന ഇതിനേക്കാൾ വലിയ കാര്യങ്ങളെ കുറിച്ച് ഇത്രയ്ക്ക് ഓർമ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാര്യമാണ്. ഈയടുത്ത് നടന്ന കാര്യമാണ് ഇനിയും നടക്കാൻ സാധ്യതയുള്ളത് എന്ന തലച്ചോറിന്റെ ഒരു പരിണാമപരമായ അനുമാനം ആണിതിന് പിന്നിൽ. 

ഇതിനൊരു ഉദാഹരണം പലപ്പോഴും ഒരു വിമാന അപകടം ഉണ്ടായിക്കഴിയുമ്പോൾ പലർക്കും വിമാനത്തിൽ പിന്നീട് കയറാൻ കൂടുതൽ ഭയമുണ്ടാകും, കണക്കുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമായ ഒരു സഞ്ചാര മാർഗം വിമാനം ആണെങ്കിൽ കൂടി. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് തേക്കടിയിൽ ഒരു ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് നാല്പത്തിയഞ്ച് ടൂറിസ്റ്റുകൾ മരിച്ചിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തീർച്ചയായും ടൂറിസ്റ്റ് ബോട്ടുകളിൽ ആളുകൾ കയറാതെ ഇരിക്കുകയോ, കയറിയാൽ തന്നെ ലൈഫ് ജാക്കറ്റ് ഇട്ടിട്ട് കയറുകയോ ചെയ്തിരിക്കണം. എന്നാൽ ഇപ്പോൾ നിങ്ങൾ ബോട്ടിൽ കയറാൻ ഭയം ഉണ്ടാകണമെന്നില്ല,  ലൈഫ് ജാക്കറ്റിനെ കുറിച്ച് അധികൃതർ നിർബന്ധിച്ചാൽ അല്ലാതെ ഇടാൻ തയാറാവുകയുമില്ല. അതുപോലെയാണ് ഇക്കഴിഞ്ഞ ദിവസം നടന്ന ടൂറിസ്റ്റ് ബസപകടം. നമ്മുടെ ഓർമയിൽ ഈ അപകടം ഉള്ളിടത്തോളം കാലം മാത്രമായിരിക്കും നമ്മൾ ഈ സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ പോകുന്നത്. ഡ്രൈവറെ കുറിച്ചും ബസിനെ കുറിച്ചും  കേട്ടിടത്തോളം ഇതൊരു അപകടമരണം അല്ല, കൊലപാതകമാണ്, നമ്മുടെ സിസ്റ്റം കൊലചെയ്യാൻ വിട്ടുകൊടുത്തതാണ് ആ കുഞ്ഞുങ്ങളെ.

ഞാൻ ജോലി ചെയ്യുന്ന ഫിനാൻഷ്യൽ റിസ്ക് ഡിപ്പാർട്മെന്റിൽ ഞങ്ങൾ എന്നും പറയാറുള്ള ഒരു കാര്യമാണ് ഒരു കാര്യം നടന്ന് കഴിഞ്ഞു അതിനെകുറിച്ച് വേവലാതി പെടുന്നതിനു പകരം അത്തരം അപകടം നടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നു. നാട്ടിൽ വാഹന അപകടങ്ങൾ നടനില്ലെങ്കിലേ അത്ഭുതപെടാനുള്ളൂ. ഇക്കഴിഞ്ഞ കേരളം സന്ദർശന വേളയിൽ ഏതാണ്ട് എല്ലാ ദിവസവും ഡ്രൈവ് ചെയ്ത അനുഭവത്തിൽ നിന്ന് , കേരളത്തിൽ ഡ്രൈവ് ചെയ്യുന്ന ഒരാൾ വീട്ടിൽ തിരിച്ചെത്തുന്നത് അത്ഭുതമായിട്ടാണ് ഞാൻ കണക്കാക്കുന്നത്, പ്രത്യേകിച്ച് രാത്രി ഡ്രൈവ് ചെയ്യുന്നവർ ( ക്ഷമിക്കണം, കുറച്ച് സ്ട്രോങ്ങ് ആയ അഭിപ്രായം ആണ്, അമേരിക്കയിൽ നിന്ന് വന്ന് നാട്ടിൽ ഡ്രൈവ് ചെയ്യുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നത് ഇക്കാര്യമാണ്)  .  പലപ്പോഴും രണ്ടേ രണ്ടു ലൈനുകളുള്ള, അൻപത് വർഷം മുൻപുള്ള ട്രാഫികിന് വേണ്ടി നിർമിച്ച   ചെറിയ റോഡുകളെയാണ്  നമ്മൾ ഹൈവേ എന്ന് വിളിക്കുന്നത്. രണ്ടുവരി മാത്രമുള്ള ഒരു “ഹൈവേയിൽ” ആളെ എടുക്കാൻ വേണ്ടി പതുകെ പോകുന്ന ഒരു ഓട്ടോറിക്ഷ മതി അപകടം ഉണ്ടാകാൻ വേണ്ടി. ഇത് ഓട്ടോറിക്ഷക്കാരന്റെ പ്രശ്നമോ, ഓട്ടോറിക്ഷ മറികടക്കുന്ന ഡ്രൈവറുടെയോ പ്രശ്നമല്ല, മറിച്ച് ഇന്നത്തെ ട്രാഫികിന് അനുസൃതമായ വീഥിയിൽ റോഡുണ്ടാക്കാത്ത സർക്കാരുകളുടെ  പിടിപ്പ്കേട് മാത്രമാണ്. ഞാൻ ഡ്രൈവ് ചെയുമ്പോൾ പല സ്ഥലത്തും വളരെ നന്നായി ടാർ ചെയ്ത റോഡുകളുണ്ട്, പക്ഷെ അതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള വീതിയില്ല. കൊച്ചിയിൽ നിന്ന് ചേർത്തല വരെ നാലുവരി പാത കഴിഞ്ഞാൽ പിന്നെ അടുത്ത നാലുവരി പാത കാണണമെങ്കിൽ തിരുവനന്തപുരത്തു എത്തണമെന്ന അവസ്ഥയാണ്. ആലപ്പുഴ കൊല്ലം ബൈപാസുകൾ നിർമിച്ചില്ലായിരുന്നു എങ്കിൽ ഡ്രൈവിംഗ് ഇനിയും ദുസ്സഹമായേനെ. 

ഇങ്ങിനെ ആയിരകണക്കിന് വാഹനങ്ങൾ പോകുന്ന, നമ്മൾ ഹൈവേ എന്ന് വിളിക്കുന്ന  ഇടവഴികളിൽ  മുപ്പത് കിലോമീറ്റര് സ്പീഡ് ലിമിറ്റ്‌  എന്നൊക്കെ എഴുതിവയ്ക്കുന്നത് അപഹാസ്യമാണ്.  കുറെ ഇടങ്ങളിൽ ഹൈവേ വീതി കൂട്ടാനുള്ള പ്രവർത്തികൾ നടന്നു കാണുന്നുണ്ട്. അവയുടെ വീതി കൂടുന്നതിന് അനുസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂടുമെന്ന് ഉറപ്പാണ്. സുരക്ഷിതമായി വേഗത്തിൽ റോഡിലൂടെ വണ്ടിയോടിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. റോഡിൽ വാഹനങ്ങളുടെ എണ്ണം കുറക്കാനുള്ള സ്പീഡ് റെയിൽ പോലുള്ള പദ്ധതികൾ നമ്മുടെ നാട്ടിലും വരേണ്ടതുണ്ട്, അത് ഒരു ബദൽ നിർദേശങ്ങളും ഇല്ലാതെ എതിർക്കുന്നവർക്കും  ഈ റോഡ് അപകടങ്ങളിൽ പരോക്ഷമായ പങ്കുണ്ട്.  ഈ  അതിനനുസരിച്ച് ഗതാഗത മാര്ഗങ്ങള് വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.  റോഡ് സുരക്ഷാ ഒരു അപകടം നടന്ന കുറച്ചു നാളത്തേക്ക് മാത്രം നടപ്പിലാക്കേണ്ട കാര്യമല്ല മറിച്ച് അതൊരു ജീവിത രീതിയായി കൊണ്ടുനടക്കേണ്ട കാര്യമാണ്. കേരളത്തിൽ മര്യാദയ്ക്ക് നിയമം പാലിച്ച് വണ്ടിയോടിക്കുന്ന ആരെങ്കിലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല ( ഞാൻ ഉൾപ്പെടെ) കാരണം അങ്ങിനെ വണ്ടിയോടിച്ചാൽ നമ്മൾ ഉദ്ദേശിച്ച ഇടത്ത് ഒരിക്കലും  സമയത്ത് എത്താൻ പോകുന്നില്ല എന്നതാണ് യാഥാർഥ്യം. നമ്മുടെ നേരെ നമ്മൾ ഡ്രൈവ് ചെയ്യുന്ന വാഹനത്തേക്കാൾ വലിയ വാഹനം വരുന്നത് വരെ റോഡിന്റെ മധ്യത്തിലൂടെ വാഹനം ഓടിക്കുക എന്നതാണ് കേരളത്തിലെ രണ്ടുവരി റോഡുകളിലൂടെ ഡ്രൈവ് ചെയ്യുന്ന ആളുകളുടെ നിലപാട്. 

ഇനി നെഗറ്റീവ് ബയാസിനെ കുറിച്ച്. നമ്മുടെ ജീവിതത്തിൽ നടക്കുന്ന മോശമായ കാര്യങ്ങളെ കുറിച്ച് കൂടുതൽ നേരവും കൂടുതൽ ശക്തമായും ഓർത്തിരിക്കുന്ന പ്രതിഭാസം ആണത്. അതും പരിണാമപരമായി നമുക്ക് വന്നു ചേർന്നിട്ടുള്ള ഒരു സംഗതിയാണ്. ഇതിന്റെ ഒരു പ്രശനം നമ്മൾ കൂടുതലായി നെഗറ്റീവ് വാർത്തകൾ കേൾക്കാൻ ഇഷ്ടപെടുന്നു എന്നുള്ളതാണ്. ഇതറിയാവുന്നത് കൊണ്ടാണ് ന്യൂസ് ചാനലുകൾ ഒരു അപകടം നടന്ന ഉടനെ അതിനെകുറിച്ച് വലിയ തോതിൽ വാർത്തകൾ കൊടുക്കുന്നതും, എന്തെങ്കിലും നല്ലത് നടന്നാൽ അതിന്റെ വാർത്താപ്രാധാന്യത്തെ നെഗറ്റീവ് വാർത്തകളുടെ അത്രയ്ക്ക് ഇല്ലാത്തതും. പരസ്യ വരുമാനം കൊണ്ട് ജീവിക്കുന്ന അവരെ അതിൽ കുറ്റം പറയാൻ കഴിയില്ല. ഇത്തരം അപകടങ്ങളെ കുറിച്ച് യാഥാർത്യ ബോധത്തോടെ ചിന്തിച്ച ഇത് ഒഴിവാക്കാൻ സ്ഥിരമായ പരിഹാരം എങ്ങിനെ ഉണ്ടാക്കാൻ കഴിയുമെന്ന് ആലോചിച്ച നടപ്പിൽ വരുത്തുക മാത്രമാണ് നെഗറ്റീവ് ഭയസിൽ നിന്ന് രക്ഷപെടാനുള്ള ഏകമാർഗം. 

കേരളത്തിൽ നടക്കുന്ന അപകടങ്ങളെക്കുറിച്ചും, ആ അപകടങ്ങൾ ഉണ്ടാകാനുള്ള അടിസ്ഥാന കാരണങ്ങളെ കുറിച്ചും, ഈ കാരണങ്ങൾക്ക് ഉള്ള സ്ഥിരമായ പരിഹാരത്തിന് വേണ്ടി സർക്കാർ എന്തുചെയ്തു എന്നും വിശദീകരിക്കുന്ന ഡാറ്റ ഓരോ മാസവും പുറത്ത് വിടാൻ സർക്കാർ തയ്യാറായാൽ അത് വലിയൊരു കാൽവെയ്പ്പ് ആയിരിക്കും. 

മരണമഞ്ഞവർക്ക് ആദരാജ്ഞലികൾ. എന്റെ ഇളയ മകന്റെ പ്രായത്തിലുള്ള കുട്ടികളാണ്. വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. ഇനി ഒരുകാലത്തും ഇങ്ങിനെ ഒരു “കൊലപാതകം” ഒരിക്കലും നടക്കാതിരിക്കാനുള്ള മാർഗങ്ങൾ ഏർപ്പെടുത്തുകയും അതിനെക്കുറിച്ച് ഫോളോ അപ്പ് ചെയ്യുകയും ആയിരിക്കും നമുക്ക് ഈ കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: