ഇന്ത്യയിലെ പല പ്രമുഖ ചരിത്ര സ്മാരകങ്ങളെ കുറിച്ചും, കൊത്തുപണികളുള്ള പഴയ അമ്പലങ്ങളെ കുറിച്ചുമെല്ലാം ഞാൻ പലപ്പോഴും അറിയുന്നത് ന്യൂ യോർക്കിലും മറ്റുമുള്ള മ്യൂസിയങ്ങളിൽ നിന്നാണ്. ഉദാഹരണത്തിന് ഇറ്റലിയിലെ പ്രതിമകളോട് കിടപിടിക്കുന്ന, സോപ് സ്റ്റോണിൽ അസാധാരണമായ കൊത്തുപണികളുള്ള ശില്പങ്ങളുള്ള, പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ബേലൂർ , ഹലേബീഡു അമ്പലങ്ങൾ കുറിച്ച് ഞാനറിഞ്ഞത് ന്യൂ യോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ Standing Vishnu as Keshava എന്ന പ്രതിമ കണ്ടതിന് ശേഷമാണു. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കുടുംബസമേതം കാണാൻ പോയിരുന്നു, നല്ലൊരു ഹോട്ടൽ പോലുമില്ലാത്ത ഒരു പ്രദേശത്തായിരുന്നു ഈ ക്ഷേത്രങ്ങൾ. അസാധാരണ കൊത്തുപണികൾ. ഒരു മനോഹര സ്ത്രീ പ്രതിമയുടെ കൈയിലെ വളകൾ നമുക്ക് തിരിക്കാൻ കഴിയും.
ഈജിപ്ത്, ഇറ്റലി, ഫ്രാൻസ് , ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഈ ക്ഷേത്രങ്ങളെങ്കിൽ, ഇങ്ങോട്ട് പോകാനായി സ്വകാര്യ എയർപോർട്ട് ഒക്കെയായി ഒരു ലോക മഹാത്ഭുതമായി കൊണ്ട് നടന്നേനെ.
ഇതേപോലെ തന്നെ തെക്കേ ഇന്ത്യയുടെ, പ്രത്യേകിച്ച തമിഴ്‌നാട്ടിലെ പാണ്ട്യ, ചോള രാജാക്കന്മാരെ കുറിച്ചുള്ള ഒരു പുസ്തകം വായിച്ചപ്പോഴാണ് തമിഴ്‌നാട്ടിൽ എട്ടാം നൂറ്റാണ്ട് വരെ ഭൂരിപക്ഷം ജെയിൻ മതക്കാരായിരുന്നു എന്നും ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി രാജാക്കന്മാർ ഹിന്ദു മതത്തിലേക്ക് മാറിയപ്പോൾ ബഹുഭൂരിപക്ഷം ജനങ്ങളും ഹിന്ദുമതം സ്വീകരിച്ചത് എന്നുമറിഞ്ഞത്. മധുരയുമായി ബന്ധപെട്ടു കിടക്കുന്ന ചിലപ്പതികാരം രചിച്ചത് തന്നെ ഒരു ജെയിൻ സന്യാസിയായിരിക്കുന്നു എന്നതൊക്കെ എനിക്ക് പുതിയ അറിവായിരുന്നു. ജൈന മതത്തിൽ നിന്ന് ഹിന്ദു മതത്തിലേക്ക് മാറാൻ വിസമ്മതിച്ച ഏതാണ്ട് എണ്ണായിരം ജൈനന്മാരെ ശൂലത്തിൽ തറച്ചു കൊലപ്പെടുത്തി എന്നൊരു പരാമർശം പെരിയ പുരാണം എന്നൊരു കൃതിയിലുണ്ട്. ഇതൊരു ചരിത്രസത്യമാണോ അതോ സത്യമാണോ വെറും കഥ മാത്രമാണോ എന്നെനിക്കറിയില്ല.
പക്ഷെ തമിഴ്‍നാട്ടിലെ ഒരു പ്രശസ്ത ജെയിൻ അമ്പലം , ഗോമതിയുടെ വീട്ടിൽ നിന്ന് ഏതാണ്ട് ഒന്നര മണിക്കൂർ ദൂരെയുള്ള, കോവിൽപട്ടിക്ക് തൊട്ടടുത്തുള്ള, കഴുകുമലൈ എന്ന ഗ്രാമത്തിലാണുള്ളത്. ഇതിന്റെ തൊട്ടടുത്താണ് അവൾ പഠിച്ചതെങ്കിലും ഞാൻ പറഞ്ഞിട്ടാണ് ഇങ്ങിനെ ഒരമ്പലം ഉള്ള കാര്യം തന്നെ അവളറിയുന്നത്. ഇത്തവണ നാട്ടിൽ പോയപ്പോൾ ഞങ്ങളവിടെ പോയിരുന്നു. ഞങ്ങൾ ചെന്ന സമയത്ത് കാഴ്ചക്കാരായി ഞങ്ങൾ മാത്രമാണുണ്ടായിരുന്നത്.
ഒരു വലിയ മലയിൽ ഉള്ള കൊത്തുപണികളാണ് പ്രധാന ആകർഷണം. എട്ടാം നൂറ്റാണ്ടിൽ പാണ്ട്യ രാജാവായ പരാന്തക നെടുംചെഴിയാൻറെ കാലത്താണ് ഇത് പണികഴിപ്പിച്ചതെന്ന് രേഖകകൾ പറയുന്നു. ഗോമതേശ്വരന്റെയും തീർത്ഥങ്കരന്മാരുടെയും രൂപങ്ങൾ പാറയിൽ കൊത്തിവച്ച നിലയിലാണ് ഇവിടെയുള്ളത്. ഇതിന്റെ തൊട്ടടുത്ത് തന്നെ മനോഹരമായ് ആറു ഹിന്ദു ക്ഷേത്രവുമുണ്ട്. ഇതും എട്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ്. തെക്കേ ഇന്ത്യയിലെ എല്ലോറ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഒരു , എല്ലോറയിലെ ക്ഷേത്രം പോലെ തന്നെ ഒരു പാറ താഴോട്ട് തുരന്നു പണി കഴിപ്പിച്ചിട്ടുളളതാണ്. ആദ്യമായി ഈ പാറ കണ്ടപ്പോൾ ഇതിനകത്ത് ഇങ്ങിനെയൊരു ക്ഷേത്രം കൊത്തിയുണ്ടാകാം എന്ന് ചിന്തിച്ച ശില്പിയും , ഇറ്റലിയിൽ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഒരു മാർബിൾ ശില കണ്ടപ്പോൾ അതിൽ നിന്ന് ദാവീദിന്റെ പ്രതിമ കൊത്തിയുണ്ടാക്കാം എന്ന് ചിന്തിച്ച മൈക്കിൾ ആഞ്ചെലോയും ഒരേ പ്രതിഭയുള്ളവരാണ്. ഒരേ ഒരു വ്യത്യാസം, ദാവീദിന്റെ പ്രതിമ ഉണ്ടാക്കിയത് മൈക്കിൾ ആഞ്ചലോ ആണെന്ന് നമുക്കെല്ലാം അറിയാം, പക്ഷെ അതിന്റെ നൂറിരട്ടി പണിയുള്ള ഈ അമ്പലം കൊത്തിയുണ്ടാക്കിയ ശില്പിയുടെ പേര് ഒരിടത്തുമില്ല.
ശില്പിയുട പേരറിയില്ലെങ്കിലും ഈ ക്ഷേത്രത്തിലെ കുറിച്ചും അടുത്തുള്ള മുരുകൻ കോവിലിനെ കുറിച്ചും നമ്മുടെ പെരുന്തച്ഛന്റെ കഥയോട് സാമ്യമുള്ള ഒരു കഥയുണ്ട്. ഇതിൽ ഒരു ക്ഷേത്രം അച്ഛനും മറ്റേത് മകനുമാണ് കൊത്തിയുണ്ടാക്കിയത്. അച്ഛന്റെ വാക്ക് കേൾക്കാതെ ചില പണികൾ ചെയ്ത മകനെ അച്ഛൻ ഉളി കഴുത്തിലിട്ടു കൊന്നു എന്നാണ് ആ കഥ. ഒരേ കഥ പല നാടുകളിൽ പല പേരുകളിൽ കേൾക്കുന്നത് ഇതാദ്യമല്ല.
വെട്ടുവൻകോവിൽ ഇതുപോലെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കേണ്ട ഒരു ക്ഷേത്രമല്ല. അവിടെയുള്ള കൊത്തുപണികളുടെ സൗന്ദര്യം കണ്ടുതന്നെ അറിയേണ്ടതാണ്. കുറ്റാലം വെള്ളച്ചാട്ടം കാണാൻ പോകുന്നവർക്ക് ഒന്നര മണിക്കൂർ അധികം എടുത്താൽ ഈ സ്ഥലത്തെത്താം. വേറെ രാജ്യങ്ങളിലായിരുന്നെകിൽ ആയിരകണക്കിന് രൂപ ടിക്കറ്റ് വച്ച് ആളുകളെ കയറ്റിയേനെ.
തിരികെ വരുന്ന വഴിക്ക് തമിഴ് നാട് ആർക്കിയോളജിക്കൽ വകുപ്പിന്റെ ഒരു ഓഫീസിനു മുന്നിൽ ഒരു ഓവുചാലിൽ കിടക്കുന്ന , പഴയ നല്ല ഭംഗിയുള്ള ശില്പങ്ങൾ കണ്ടു സങ്കടം വന്നു. ഇനി കേരളത്തിലെ ചരിത്ര സ്മാരകങ്ങളുടെ ദയനീയ സ്ഥിതി അറിയണമെങ്കിൽ ഫോർട്ട് കൊച്ചിയിലെ ഇമ്മാനുവൽ കോട്ട, ഡച്ച് സെമിത്തേരി , പോർട്ടുഗീസുകാർ പതിനാറാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ പള്ളിപ്പുറം കോട്ട ഒക്കെ സന്ദർശിച്ചാൽ മതി. ടൂറിസ്റ്റുകൾ വരുന്നത് കൊണ്ട്, ഡച്ച് പാലസും, സിനഗോഗും മാത്രമാണ് കുറച്ചെങ്കിലും നന്നായി സംരക്ഷിച്ചിരിക്കുന്നത്.
നമ്മുടെ ചരിത്രം , അത് നല്ലതോ ചീത്തയോ എന്തായാലും, അതിന്റെ ശേഷിപ്പുകൾ നന്നായി സൂക്ഷിച്ചു വയ്ക്കേണ്ടത് നമ്മുടെ കടമയാണ്. ആരോട് പറയാൻ. ഏതെങ്കിലും ചരിത്ര സ്മാരകങ്ങൾ കണ്ടാൽ അതിൽ “ജാനു ലവ് റാം ” എന്നൊക്കെ എഴുതി വയ്ക്കാൻ കൈ തരിക്കുന്നവരല്ലേ നമ്മൾ.
Leave a Reply