സോഷ്യലിസം vs മുതലാളിത്തം

രണ്ടായിരത്തിയെട്ടിൽ, അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത്   ഞാൻ ഓഫിസിൽ പോയിരുന്നത് , എന്റെ ഇരിപ്പിടത്തിന് അരികെ ഒരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടാകുമോ എന്ന് പേടിച്ചായിരുന്നു.

നമ്മുടെ സീറ്റിന്റെ അടുത്തൊരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടെങ്കിൽ അതിനർത്ഥം നമ്മളെ കമ്പനി പറഞ്ഞുവിടാനുള്ള സാധ്യത അന്നുണ്ടെന്നാണ്. ഓഫീസിൽ എന്റെ കുറെ സുഹൃത്തുക്കളെ അങ്ങിനെ പറഞ്ഞു വിട്ടിരുന്നു. നമ്മളെ പറഞ്ഞു വിടാൻ കമ്പനി തീരുമാനിച്ചു കഴിഞ്ഞാൽ ഹ്യൂമൻ റിസോഴ്സിൽ നിന്ന് ഒരാൾ വരും, നമുക്ക് തരാൻ പോകുന്ന പാക്കേജ് എന്താണെന്ന് പറയും. പിന്നീട് നമ്മുടെ സീറ്റിലേക്ക് തിരികെ പോകാൻ സമ്മതിക്കില്ല, അവിടെയുള്ള എല്ലാ സാധനവും സെക്യൂരിറ്റി നേരത്തെ പറഞ്ഞ ബ്രൗൺ നിറമുള്ള കാർഡ്ബോർഡ് ബോക്സിൽ ആക്കി നമ്മളെ വാതിലിനു പുറത്തേക്ക് കൊണ്ടുവിടും. അന്ന് ഫിനാൻഷ്യൽ കമ്പനികളുടെ വാതിൽക്കൽ അനേകം പേര് ഇങ്ങിനെ ബ്രൗൺ നിറമുള്ള കാർഡ്ബോർഡ് ബോക്‌സും പിടിച്ചു ടാക്സി നോക്കി നിൽക്കുന്നത്  ഒരു സ്ഥിരം കാഴ്ചയായിരുന്നു.

അന്ന് കമ്പനി മൊത്തമായി പൂട്ടിപ്പോകാൻ   സാധ്യതയുണ്ടായിരുന്ന ഒരു കമ്പനിയായിരുന്നു ഞാൻ ജോലി ചെയ്തിരുന്ന മെരിൽ ലിഞ്ച് എന്ന ഇൻവെസ്റ്റ്മെന്റ് ബാങ്ക്, മറ്റൊന്ന് നൂറ്റമ്പത് വർഷത്തെ പാരമ്പര്യമുള്ള ലീ മാൻ ബ്രദേഴ്‌സ് എന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കായിരുന്നു.

2008 സെപ്റ്റംബറിൽ ലീ മാൻ ബ്രദേഴ്‌സ് പൊളിഞ്ഞു, എന്റെ സുഹൃത്തുക്കൾ ഉൾപെടെ അനേകം പേർക്ക് പെൻഷനും നിക്ഷേപവും ഉൾപെടെ എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി. അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ എല്ലാ ബാങ്കുകളും നേരിട്ടോ അല്ലാതെയോ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് ഒരു പ്രധാനപ്പെട്ട ബാങ്ക്  പൊളിഞ്ഞാൽ അതിന്റെ അലയൊലികൾ എല്ലാ ബാങ്കുകളെയും ബാധിക്കും. ഉദാഹരണത്തിന് ലീ മാൻ ബ്രദേഴ്‌സ് കോടിക്കണക്കിനു രൂപ കൊടുക്കാനുള്ള ബാങ്കിന് ആ തുക കിട്ടാത്തത് കൊണ്ട് നഷ്ടമുണ്ടാകും, അത് ഈ പറഞ്ഞ ബാങ്കുമായി ഇടപാട് നടത്തുന്ന മറ്റു ബാങ്കുകളെ ബാധിക്കും. അമേരിക്ക ഒരു വൻ തകർച്ച മുന്നിൽ കണ്ട സമയമായിരുന്നു അത്.

അമേരിക്കയിൽ പക്ഷെ ആദ്യമായിട്ടായിരുന്നില്ല ഇങ്ങിനെ സാമ്പത്തിക രംഗം തകരുന്നത്. 1930 കളിൽ നടന്ന സാമ്പത്തിക തകർച്ചയുടെ ഒരവർത്തനമായിരുന്നു 2008 ലേത്. എന്തുകൊണ്ടാണ് ബാങ്കുകൾ തകരുന്നത് എന്നതിനെ കുറിച്ച് അനേകം ഗവേഷണങ്ങൾ അപ്പോഴേക്കും നടന്നിരുന്നു. അതിൽ പ്രധാനപ്പെട്ട ഗവേഷങ്ങൾ നടത്തിയ  Ben Bernanke 1983 ൽ തന്നെ ബാങ്കുകളുടെ നിയന്ത്രണമില്ലാത്ത പ്രവർത്തികൾ   എങ്ങിനെയാണ് ചിലപ്പോൾ സാമ്പത്തിക രംഗത്തിന്റെ തകർച്ചയ്ക്ക് വഴിവയ്ക്കുന്നത് എന്നതിനെ കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.  2008 ൽ ഈ സാമ്പത്തിക തകർച്ച നടക്കുമ്പോൾ പ്രസിഡന്റ് ബുഷിന്റെ കീഴിൽ ഫെഡറൽ റിസേർവ് ചെയർമാൻ ആയിരുന്നു. 

അമേരിക്കൻ സാമ്പത്തിക രംഗത്തിന്റെ തകർച്ച നിയന്ത്രണ വിധേയമാക്കാൻ Bernanke പല നിർദേശങ്ങൾ മുന്നോട്ടു വച്ചു. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ  ഗവണ്മെന്റ്  ബാങ്കുകൾക്ക് നൽകുന്ന ഹ്ര്വസകാല  വായ്പകളുടെ പലിശ പൂജ്യമായി കുറച്ചും , ബോണ്ടുകൾ മാർക്കറ്റിൽ നിന്ന് ഗവണ്മെന്റ് തന്നെ തിരികെ വാങ്ങി ദീർഘകാല വായ്പാ നിരക്കുകൾ കുറച്ചു നിർത്തിയും  (ക്വാണ്ടിറ്റേറ്റീവ് ഈസിങ് ), ബാങ്കുകളുടെ തകർച്ച തടയാനായി ഗവണ്മെന്റ് തന്നെ Capital Purchase Program എന്ന പേരിൽ ഏതാണ്ട് അഞ്ഞൂറ് ബില്യൺ ഡോളർ തകരാൻ പോകുന്ന കമ്പനികൾ നിക്ഷേപിച്ചും ഒക്കെയാണ് അമേരിക്കയിലെ ഏതാണ്ട് എല്ലാ കമ്പനികളും ബാങ്കുകളും  സ്റ്റോക്ക് മാർക്കറ്റും തകരുമായിരുന്ന ഒരു വലിയ വിപത്തിൽ നിന്ന് അന്നത്തെ സാമ്പത്തിക രംഗം കരകയറ്റിയത്. ഞാൻ ജോലി ചെയ്തിരുന്ന മെരിൽ ലിഞ്ച് തകരാതെ അതിനെ  ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുക്കാനുള്ള ഒരു കാരണവും ഇത്തരത്തിലുള്ള ഗവണ്മെന്റ് ഇടപെടലായിരുന്നു.

പിന്നീട് ഒബാമ പ്രസിഡന്റ് ആയപ്പോൾ ഇനി ഇത്തരം തകർച്ച ഉണ്ടാകാതിരിക്കാനായി Dodd-Frank Act കൊണ്ടുവന്നു. ഇതിൽ പ്രധാനപ്പെട്ട മൂന്ന് നിർദേശങ്ങൾ ഉണ്ടായിരുന്നു.

1) തകർന്നാൽ ഒരു രാജ്യത്തിൻറെ സാമ്പത്തിക രംഗത്തെ സാരമായി ബാധിക്കുന്ന തരത്തിലുള്ള സിറ്റിബാങ്ക് പോലുള്ള സ്വകാര്യ ബാങ്കുകളുടെ (too big to fail )  സാമ്പത്തിക സ്ഥിരത ഗവണ്മെന്റ് സ്ഥിരമായി നിരീക്ഷിക്കും.  ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന ബാങ്ക് ഉൾപ്പെടെ അമേരിക്കയിലെ ഏതാണ്ട് എല്ലാ ബാങ്കുകളും ഇത്തരം സ്ട്രെസ് ടെസ്റ്റുകൾ ഇപ്പോൾ വർഷാവർഷം  നടത്താറുണ്ട് സർക്കാരിന് അതിൽ മേൽനോട്ടവുമുണ്ട്.

2) രണ്ടായിരത്തി എട്ടിലെ സാമ്പത്തിക തകർച്ചയുടെ പ്രധാന കാരണം ലോൺ തിരിച്ചടക്കാൻ കഴിവില്ലാത്ത ആളുകൾക്ക് ബാങ്കുകൾ ലോൺ കൊടുത്തതായിരുന്നു. വീടുകളുടെ വില  വാങ്ങിയ വിലയുടെ താഴെ പോവുകയും, ലോൺ തിരിച്ചടക്കാൻ മാർഗമില്ലാതെ വരികയും ചെയ്തപ്പോൾ, വീട് വാങ്ങാനായി ആദ്യം കൊടുത്ത പൈസ നഷ്ടപെട്ടത് വീട് വാങ്ങിയ സാധാരണക്കാർക്കാണ്. അതുകൊണ്ട് ഗവണ്മെന്റ് Consumer Financial Protection Bureau എന്നൊന്ന് തുടങ്ങി ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ചില അവകാശങ്ങൾ അനുവദിച്ചു. തങ്ങൾ എടുക്കുന്ന ലോൺ ഭാവിയിൽ പണി തരാൻ സാധ്യതയുളളതാണോ അല്ലയോ എന്നത് ഇപ്പോൾ ലോണെടുക്കുന്നവർക്ക് അറിയാൻ കഴിയും, മുൻപ് അങ്ങിനെ ആയിരുന്നില്ല.  ക്രെഡിറ്റ് കാർഡ് സ്റ്റെസ്റ്റമെന്റിൽ ഇപ്പോൾ വ്യ്കതമായി എത്ര പൈസ ഫീ ആയും പലിശ ആയും ഈടാക്കുന്നുണ്ട് എന്നൊക്കെ ഇപ്പോൾ വ്യക്തമായി രേഖപെടുത്തിയിട്ടുണ്ടാകും.

3) നമ്മൾ ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ബാങ്ക് ആ പണം മറ്റുളളവർക്ക് ലോൺ കൊടുക്കാനായി ഉപയോഗിക്കും.  പക്ഷെ അങ്ങിനെ ലോൺ കൊടുക്കുന്നത് തിരിച്ചടക്കാൻ കഴിയാത്ത ആളുകൾക്ക് ആണെകിലോ, ബാങ്ക് പണം നിക്ഷേപിക്കുന്നത് വലിയ റിസ്ക് ഉള്ള സ്റ്റോക്കുകളിൽ ആണെങ്കിലോ ചിലപ്പോൾ നമ്മുടെ പണം നഷ്ടപ്പെടും. ഈ നിയമനത്തിന്റെ ഭാഗമായി, ബാങ്കുകൾക്ക് എത്ര പണം നിക്ഷേപിക്കാം, എത്ര പണം ഇങ്ങിനെയുള്ള സ്റ്റോക്കുകളിൽ നിക്ഷേപിക്കാം എന്നതിനെ പറ്റിയൊക്കെ വ്യക്തമായ നിർദേശങ്ങൾ ഉള്ള വോൾക്കർ നിയമങ്ങൾ നിലവിൽ വന്നു. ഇതനുസരിച്ച് ബാങ്കിൽ ഇടുന്ന പണം ബാങ്കുകൾക്ക് തോന്നിയ പോലെ ചിലവഴിക്കാൻ കഴിയില്ല, അതിന് ഗവണ്മെന്റ് നിയന്ത്രണമുണ്ട്.

ഒരു ബാങ്ക് പൊളിയാൻ  പോകുന്നു എന്ന ഒരു ശ്രുതി പരന്നാൽ ആളുകൾ ആ ബാങ്കിലെ നിക്ഷേപം എത്രയും പെട്ടെന്ന് പിൻവലിക്കാൻ നോക്കും, പക്ഷെ ദീർഘകാല വായ്പകൾ കൊടുത്തിട്ടുള്ള ബാങ്കുകൾക്ക് പണം എല്ലാവര്ക്കും പെട്ടെന്ന് നല്കാൻ കഴിയില്ല, അതുകൊണ്ട് ഒരു ബാങ്ക് തകരാൻ പോകുന്നു എന്ന പ്രചാരണം മാത്രം മതി ഒരു ബാങ്കിനെ പൊളിക്കാൻ. അമേരിക്കയിലും ഇന്ത്യ ഉൾപെടെ പല രാജ്യങ്ങളിലും ബാങ്കിലെ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി കൊടുക്കുന്നുണ്ട്. അമേരിക്കയിൽ $2,50,000 വും ഇന്ത്യയിൽ അത് അഞ്ച് ലക്ഷവും ആണെന്ന് തോന്നുന്നു. ഇങ്ങിനെ ഒരു ഉറപ്പ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത് കൊണ്ട്  ബാങ്ക് തകരാൻ പോകുന്നു എന്ന പ്രചാരണം ഉണ്ടെങ്കില്, ആളുകൾ ഉടനെ പണം പിന്വലിക്കേണ്ട ആവശ്യം വരുന്നില്ല.

മുതലാളിത്തത്തിന്റെ പ്രധാന പ്രശനങ്ങൾ പലതും മുതലാളിത്തം സോഷ്യലിസത്തിന് പരിഹാരമെന്നോണം വയ്ക്കുന്ന പരിഹാരങ്ങൾ  തന്നെയാണ് എന്നത് ഒരു വിരോധാഭാസമാണ്. ഉദാഹരണത്തിന് സ്വകാര്യ സ്വത്ത് എത്ര വേണമെങ്കിലും കൈവശം വയ്ക്കാനുളള സ്വാതന്ത്ര്യം. മുതലാളിത്തത്തിൽ പലപ്പോഴും സ്വാകാര്യ സ്വത്ത് വളരെ കുറഞ്ഞ എണ്ണം ആളുകളുടെ കയ്യിൽ ആയിരിക്കും. ഉദാഹരണത്തിന് അമേരിക്കയിൽ ഒരു ശതമാനം ആളുകൾ തൊണ്ണൂറ് ശതമാനം ആളുകളേക്കാൾ സമ്പത്ത് കയ്യിൽ വച്ചിട്ടുണ്ട്.

മറ്റൊന്ന് ഒരാൾക്കു സ്വകാര്യ സംരംഭം തുടങ്ങാനുള്ള സ്വാതന്ത്ര്യമാണ്. ഒരാൾ ഒരു സംരംഭം തുടങ്ങുമ്പോൾ ആ കമ്പനി വിജയമായാൽ അതിന്റെ ലാഭം അയാൾക് ലഭിക്കുമെന്ന് പോലെ തന്നെ  നഷ്ടം വന്നാൽ അതിന്റെ നഷ്ടം വന്നാൽ അത് സഹിക്കാനുള്ള ബാധ്യതയും അയാൾക്ക് തന്നെയാണ്. എന്നാൽ മേല്പറഞ്ഞ രണ്ടായിരത്തി എട്ടിലെ സാമ്പത്തിക തകർച്ചയുടെ  സമയത്ത് സംഭവിച്ച പോലെ പലപ്പോഴും കമ്പനി ലാഭം ഉണ്ടാകുമ്പോൾ അതിന്റെ സാമ്പത്തിക ലാഭം  അതിന്റെ മുതലാളിമാർക്ക് കിട്ടുകയും, എന്നാൽ കമ്പനി തകരുമ്പോൾ അത് സാധാരക്കാരുടെ നികുതി ഉപയോഗിച്ച് തകരാതെ പിടിച്ചു നിർത്താൻ സർക്കാർ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. സാധാരണക്കാരന്റെ സംരംഭങ്ങൾക്ക് ഇങ്ങിനെ ഒരു ഇൻഷുറൻസ് സർക്കാർ നൽകുന്നുമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയിൽ ഒക്കുപ്പൈ വാൾ സ്ട്രീറ്റ് എന്നൊരു പൊതുജന പ്രതിഷേധ സമരം നടന്നപ്പോൾ ഞാനും അതിൽ പങ്കെടിത്തിരുന്നു.

നമ്മുടെ നാട്ടിൽ പലപ്പോഴും സോഷ്യലിസം മുതലാളിത്തം എന്നീ വാക്കുകൾ നേർ എതിർചേരിയിൽ നിൽക്കുന്ന  കറുപ്പും വെളുപ്പുമായിട്ടാണ് ആളുകൾ കണക്കാക്കുന്നത്. സോഷ്യലിസത്തെ വിശ്വസിക്കുന്നവർ മുതലാളിത്തത്തെയും, തിരിച്ച് മുതലാളിത്തത്തിൽ വിശ്വസിക്കുന്നവർ സോഷ്യലിസത്തെയും വളരെ മോശമായിട്ടാണ് കാണുന്നത്. ചൈന ഒരു 100% സോഷ്യലിസ്റ്റ് രാജ്യമാണ് അമേരിക്ക ഒരു 100%  മുതലാളിത്ത രാജ്യവുമായിട്ടൊക്കെയാണ് ആളുകൾ കരുതുന്നത്. എന്നാൽ യാഥാർഥ്യം ഇതിൽ നിന്നും വളരെ അകലെയാണ്. അമേരിക്കയിൽ സോഷ്യലിസം ഇഷ്ടം പോലെയുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും ശമ്പളത്തിൽ നിന്ന് സോഷ്യൽ സെക്യൂരിറ്റി ടാക്സ് തന്നെ പിടിക്കുന്നുണ്ട്, ജോലിയിൽ നിന്ന് റിട്ടയർ ചെയ്യുന്ന സമയത്ത് സർക്കാർ അത് മാസാമാസം ഒരു സംഖ്യ വച്ച്  തിരികെ തരും. അത് കൂടാതെ എല്ലാ പൊതു വിദ്യാലയങ്ങളും  സൗജന്യമാണ് ( നികുതി വരുമാനം കൊണ്ട് നടന്നു പോകുന്നത് കൊണ്ട്, പണക്കാരനും പാവപ്പെട്ടവനും ഒരേ സ്കൂൾ വിദ്യാഭ്യാസം  ലഭിക്കും, പ്രൈവറ്റ് സ്കൂളുകൾ വേറെയുമുണ്ട്. പല സ്റ്റേറ്റ് കോളേജുകളിലും ഫീ സ്വകാര്യ കോളേജുകളെക്കാൾ കുറവാണ്). ചൈനയുടെ കാര്യമെടുത്താൽ ആലിബാബയുടെ മുതലാളി ചൈനീസ് ഗവണ്മെന്റ് അല്ല എന്നതിൽ നിന്ന് തന്നെ അവിടെ 100% സോഷ്യലിസം അല്ലെന്ന് കാണാം (China has  co-existence of private capitalists and entrepreneurs with public and collective enterprise). ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഇതിന്റെ രണ്ടിന്റെയും ഇടക്കുള്ള ഒരു വഴിയാണ് തിരഞ്ഞെടുക്കുന്നത്. മുതലാളിത്ത രാജ്യങ്ങളിൽ ഏറ്റവും കുറവ് സോഷ്യലിസമുള്ള രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക എന്ന് വേണമെങ്കിൽ പറയാം, ആരോഗ്യ സംരക്ഷണം ഒക്കെ സർക്കാരിന്റെ ഭാഗമായു യൂറോപ്പ്യൻ രാജ്യങ്ങൾ കുറെ കൂടി സോഷ്യലിസ്റ്റിക് മുതലാളിത്ത രാജ്യങ്ങളാണ്.  ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മുതലാളിത്തമാണെന്ന തരത്തിൽ സംസാരിക്കുന്ന ചുരുക്കം ചില മലയാളികളെങ്കിലും ഇത്തരം സൂക്ഷ്മാംശങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കാറില്ല. മുതലാളിത്തത്തിനും സോഷ്യലിസത്തിനും അതിന്റെതായ പ്രശനങ്ങൾ ഉണ്ടെന്നും അവയും, അവയുടെ പരിഹാരമാർഗങ്ങളും കൂടി ചർച്ചകളിൽ കടന്നുവരേണ്ടതാണ്.

ഇത്തവണത്തെ സാമ്പത്തിക നോബൽ സമ്മാനം ലഭിച്ചവരിൽ ഒരാൾ ബെൻ ബെർണാങ്കി ആയത് കൊണ്ട് പഴയ ഓർമ്മകൾ വന്നപ്പോൾ എഴുതിയതാണ്. പുറമേക്ക് ഇത് മുതലാളിത്തത്തിന് ലഭിച്ച നോബൽ ആണെന്ന് തോന്നാമെങ്കിലും മുതലാളിത്തത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടതിനാണ് സമ്മാനമെന്നു കാണാം. 

എഴുതിവന്നപ്പോൾ കുറച്ചു നീളം കൂടിപ്പോയി. ക്ഷമിക്കുക.  മേല്പറഞ്ഞ കാര്യങ്ങൾ കൂടാതെ പെരുമാറ്റ പക്ഷപാതങ്ങൾ (behavioural biases), ഫീഡ്‌ബാക്ക് ലൂപ്പുകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ ഭാഗമാണ്, നമ്മളറിയാതെ തന്നെ നമ്മളുടെ സാമ്പത്തിക കാര്യങ്ങളെ സ്വാധീനിക്കുന്ന  അത്തരം കാര്യങ്ങളെകുറിച്ചെല്ലാം വേറെ ഒരിക്കൽ എഴുതാം.

എന്ന് അമേരിക്കയിൽ ദീർഘ നാൾ താമസിച്ച് മുതലാളിത്ത ബാങ്കിൽ ജോലി നോക്കി മുതലാളിത്തത്തെ കുറ്റം പറയുന്ന ഒരു കമ്മി….

ചർച്ചിൽ പറഞ്ഞു എന്ന് പറയപ്പെടുന്ന ഈ ഉദ്ധരണിയോടെ അവസാനിപ്പിക്കാം : “If a man is not a socialist by the time he is 20, he has no heart. If he is not a conservative by the time he is 40, he has no brain”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: