കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗായകൻ എന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയപ്പോൾ സംഗീതം ഇഷ്ടപെടുന്ന കുറെ കൂട്ടുകാരെ ഞാൻ വീട്ടിലേക്കു വിളിച്ചിരുന്നു. ഇതിൽ പല മതങ്ങളിൽ പെട്ടവരും, സംഘപരിവാർ അനുഭാവികൾ ഉൾപ്പെടെ പല രാഷ്ട്രീയ വിശ്വാസങ്ങളിൽ പെട്ടവരും ഉണ്ടായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം നേരം നീണ്ട ഒരു വലിയ സംഗീത സന്ധ്യയായിരുന്നു അന്നത്തെ ആ കൂടിച്ചേരൽ.
ഈ കൂടിച്ചേരലിന്റെ അവസാനം നടന്ന വിരുന്നിൽ, ഏതാണ്ട് ഇരുപത് വർഷമായി ഇവിടെ എന്റെ സുഹൃത്തായിട്ടുള്ള സംഘപരിവാർ അനുഭാവിയായ സുഹൃത്ത് എന്നെ കെട്ടിപിടിച്ച് ഉമ്മ വച്ചു. അന്ന് കേട്ട പഴയ ഗാനങ്ങൾ അവനെ അത്രയ്ക്ക് സന്തോഷിപ്പിച്ചിരുന്നു. എന്നിട്ട് അവൻ അവിടെയുള്ള എന്റെ മറ്റു സുഹൃത്തുക്കളോടായി പറഞ്ഞു..
“എനിക്ക് നസീറിനെ കുറെ നാളായി അറിയാം. ഇവനെ ഇഷ്ടപെടണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്, പക്ഷെ എന്ത് ചെയ്യാം ഞാൻ ഒരു ഹിന്ദുവും ഇവൻ ഒരു മുസ്ലിമും ആയി പോയില്ലേ? ”
ജീവിതത്തിൽ വിരലിൽ എണ്ണാവുന്ന തവണ മാത്രം പള്ളിയിൽ പോയിട്ടുള്ള ( അതിൽ തന്നെ ഒരെണ്ണം എന്റെ ബാപ്പയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് പള്ളിക്കാരോട് വഴക്കിടാൻ പോയതാണ്), അതിലേറെ തവണ ഭാര്യയുടെ കൂടെ അമ്പലങ്ങളിൽ പോയിട്ടുള്ള, ചരിത്ര പഠനത്തിന്റെ ഭാഗമായി ഖുർആന്റെ കൂടെ മണ്ഡൂക്യ ഉപനിഷത്തും പഠിച്ചിട്ടുള്ള , ഒരു പ്രഖ്യാപിത യുക്തി വാദിയായ എന്നെ ഒരു മനുഷ്യനായി കാണാൻ കഴിയാതെ ഒരു മുസ്ലിമായി മാത്രമേ അവനു കാണാൻ കഴിഞ്ഞുള്ളു… അതാണ് സംഘപരിവാറിന്റെയും ഹിന്ദുത്വ ആശയങ്ങളുടെയും ശക്തി.
അത് തന്നെയാണ് തസ്ലീമ നസ്രീൻ എഴുതിയ ലജ്ജയിലെ കേന്ദ്രകഥാപാത്രത്തിനും സംഭവിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രനിർമാണം നടത്തുന്നത് ഒരു വലിയ മണ്ടത്തരമാണെന്ന് തെളിയിച്ച ഒരു സംഭവമാണ് ബംഗ്ലാദേശ് സ്വാതന്ത്ര്യം. ബംഗാളി ഭാഷ സംസാരിക്കുന്ന ബംഗ്ലാദേശി ഭക്ഷണവും സംസ്കാരവും ഉള്ളിൽ പേറുന്ന ബംഗ്ലാദേശ് ഇന്ത്യ പാകിസ്ഥാൻ വിഭജന സമയത്ത് പാകിസ്താന്റെ ഭാഗമായിരുന്നു. ഉറുദു പാകിസ്താനിലെ ദേശീയ ഭാഷയാക്കുന്നതിന് എതിരെ തുടങ്ങിയ പ്രക്ഷോഭം 1971 ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലാണ് അവസാനിച്ചത്. ഈ സ്വാതന്ത്ര്യ സമരത്തിൽ ബംഗ്ലാദേശിൽ ഉണ്ടായിരുന്ന ഏതാണ്ട് ഇരുപതു ശതമാനം ഹിന്ദുക്കളും പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ ഒരു മതേതര ബംഗ്ലാദേശ് നിലവിലെ വന്നു. മതേതരത്വം ബംഗ്ലാദേശ് ഭരണഘടനയിൽ എഴുതിച്ചേർക്കപെട്ടു.
ബംഗ്ലാദേശ് ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മുസ്ലിം രാജ്യമാക്കി മാറ്റണമെന്ന് ആഗ്രഹിച്ചിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്ക് അതൊരു വലിയ പ്രഹരമായിരുന്നു. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്ഥാൻ പട്ടാളക്കാർക്ക് വേണ്ടി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കാഴ്ച വയ്ക്കുന്നത് വരെയുള്ള യുദ്ധ കുറ്റങ്ങൾ ചെയ്തതിന് പിന്നീട് വിചാരണ നേരിട്ട ഒരു കൂട്ടമായിരുന്നു ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി. ഇങ്ങിനെ തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ ഭൂരിപക്ഷവും ഹിന്ദു സ്ത്രീകളായിരുന്നു. ഒരു പക്ഷെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തെ മുസ്ലിങ്ങളേക്കാൾ ക്ലേശമനുഭവിച്ചത് അവിടെയുളള ഹിന്ദുക്കളായിരുന്നു.
പക്ഷെ 1975 ഓഗസ്റ്റ് പതിനഞ്ചിലെ പട്ടാള അട്ടിമറി കാര്യങ്ങൾ കീഴ്മേൽ മറിച്ചു. മുജീബുർ റഹ്മാനെയും അധികാരത്തിൽ വരാൻ സാധ്യതയുള്ള മറ്റു മതേതര നേതാക്കളെ മുഴുവൻ വെടിവച്ചു കൊന്ന് , സിയ ഉർ റഹ്‌മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി അധികാരത്തിൽ വന്നു. ജനങ്ങളുടെ അംഗീകാരമില്ലാതെ അധികാരത്തിൽ വരുന്ന പലരും ചെയ്യുന്നത് പോലെ മതത്തെ ഉപയോഗിച്ച് അധികാരം ഉറപ്പിക്കാൻ ബംഗ്ളാദേശ് നാഷണൽ പാർട്ടി ഇസ്ലാം ബംഗ്ലാദേശിന്റെ മതമായി പ്രഖ്യാപിച്ചു. 1941 ൽ മാത്രം സ്ഥാപിതമായ, ബ്രിട്ടീഷുകാരുമായുള്ള സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്ത, ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ പരിശ്രമിച്ച ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിന്റെ അധികാര സ്ഥാനങ്ങളിൽ വന്നു. ഇന്ത്യയിൽ ആർഎസ്എസ് ചെയ്യുന്നത് പോലെ നേരിട്ട് ഒന്നിലും ഇടപെടാതെ പല പേരുകളിൽ പല സംഘടനകൾ ഉപയോഗിച്ചാണ് അവർ ബംഗ്ലാദേശിലെ അധികാരം പിടിച്ചെടുത്തത്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ അവാമി ലീഗ് , ഇന്ത്യയിലെ കോൺഗ്രസിനെ പോലെ അധികാരത്തിൽ വളരെ നാൾ പുറത്തുനിർത്തപെട്ടു. ബിജെപി യെ പോലെ ബംഗ്ലാദേശ് നാഷണൽ പാർട്ടി മതവികാരം ആളിക്കത്തിച്ചുകൊണ്ട് അധികാരത്തിൽ തുടർന്നു. ജമാഅത്തെ ഇസ്ലാമിയുടെ അപ്രഖ്യാപിത അജണ്ട ബംഗ്ളാദേശിലെ ഹിന്ദുക്കളെ എങ്ങിനെയെങ്കിലും ഇന്ത്യയിലേക്ക് നാടുകടത്തണം എന്നായിരുന്നു. ഇന്ത്യയിലെ ആർഎസ്എസ് പറയുന്ന അതെ ന്യായം, മതത്തിന്റെ പേരിൽ വിഭജനം നടന്നുപ്പോൾ ഹിന്ദുക്കൾക് വേണ്ടി ഉണ്ടാക്കിയ ഇന്ത്യയിലേക്ക് പൊയ്ക്കൂടേ ?
ഇങ്ങിനെയുള്ള ഒരു കാലഘട്ടത്തിലാണ് ഇന്ത്യയിൽ അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടക്കുന്നതും ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികൾ പൊളിക്കുന്നതും, എല്ലാം ഒരുക്കിവച്ച പോലെ ഇന്ത്യയിൽ എമ്പാടും കലാപങ്ങൾ അരങ്ങേറുന്നതും. ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്ത് നടന്നതിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആയിരക്കണക്കിന് ആളുകൾ അന്നത്തെ കലാപങ്ങളിൽ കൊല്ലപ്പെട്ടു. മതേതര സ്വഭാവം ശക്തമായുണ്ടായിരുന്ന കേരളത്തിൽ പക്ഷെ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല, കേരളത്തിലെ അന്നത്തെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിന്റെ അവസരോചിതമായ ഇടപെടൽ എടുത്തുപറയേണ്ട കാര്യമാണ്.
ഇന്ത്യയിൽ ബാബരി മസ്ജിദ് പൊളിച്ചത് ബംഗ്ലാദേശിന് ഒരു തരത്തിലും ഇടപെടേണ്ട ഒരു കാര്യമേ അല്ല, പക്ഷെ ബംഗ്ളദേശിലെ ജമാഅത്തെ ഇസ്ലാമി അത് ബംഗ്ളദേശിലെ ഹിന്ദുക്കളെ ഉപദ്രവിക്കാനുള്ള ഒരവസരമായി എടുത്തു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത, നിരീശ്വരവാദിയായ, എന്തൊക്കെ നടന്നാലും , തൻ ജനിച്ചുവളർന്ന വീടും നാടും സംസ്കാരവും വിട്ട് വേറെ രാജ്യമായ ഇന്ത്യയിൽ പോകില്ല എന്ന് പ്രതിജ്ഞയെടുത്ത, ഇടതുപക്ഷ രാഷ്ട്രീയ അഭിമുഖ്യം പുലർത്തുന്ന , “ലജ്ജ” യിൽ നായകനെ മുസ്ലിം കലാപകാരികൾ മർദിക്കുന്ന, വീട് തല്ലിത്തകർക്കുന്നു , വീട്ടിലെ ഇളയ മകളായ മായയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തു നദിയിലെറിയുന്നു. ഈ അക്രമത്തിന്റെ കാരണം അക്രമകാരികളുടെ കാഴ്ചപ്പാടിൽ വളരെ ലളിതമാണ്, ഇന്ത്യയിൽ ഹിന്ദുത്വ വാദികൾ പള്ളി പൊളിച്ചതിനു ബംഗ്ലാദേശിലെ “ഹിന്ദുക്കൾ” ഉത്തരവാദികളാണ്. കലാപം തുടങ്ങി പതിമൂന്നാം ദിവസം, അക്രമം സഹിക്കവയ്യാതെ അവർ ഇന്ത്യയിലേക്ക് കുടിയേറാൻ തീരുമാനിക്കുന്നവയിടെയാണ് ഈ നോവൽ അവാസാനിക്കുനത്. വെറും രണ്ടാഴ്‌ച കൊണ്ടെഴുതിയ ഈ നോവൽ അന്ന് നടന്ന അക്രമങ്ങളുടെ ഒരു രൂപരേഖ കൂടിയാണ്. ഹൃദയമിടിപ്പ് കൂടാതെ വായിക്കാൻ കഴിയാത്ത ഒന്ന്. സാഹിത്യപരമായി വലിയ മേന്മ അവകാശപ്പെടാനില്ലാത്ത ഈ നോവൽ പക്ഷെ അന്നത്തെ സമൂഹത്തിന്റെ നേർ രേഖ സത്യസന്ധമായി ഭയരഹിതമായി വരച്ചു കാണിക്കുന്നു. അന്ന് ബംഗ്ലാദേശിൽ നടന്ന കാര്യങ്ങളുടെ ഒരവർത്തനമാണ് പിന്നീട് ഹിന്ദുത്വ ഫാസ്റ്റിസ്റ്റുകൾ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ സംഭവിച്ചത്. ഈ നോവൽ വായിക്കുമ്പോൾ , മുസ്ലിം / ഹിന്ദു എന്നുളള വാക്കുകൾ പരസപരം മാറ്റിയാൽ അത് ബിജെപി ആർഎസ്എസ് അധികാരത്തിൽ വന്ന ഇന്ത്യയുടെ കഥയാകും. ബംഗ്ലാദേശിലെ മുസ്ലിം തീവ്രവാദികൾ തസ്ലീമയെ വെറുക്കുന്നതിന്റെ കാരണം ലളിതമാണ്, അവരുടെ വാക്കുകൾ ചെന്ന് തറക്കുന്നത് മതഭ്രാന്തിന്റെ മൂഢവിശ്വാസങ്ങളിലാണ്.
ഒരു രാജ്യത്തിൽ ഏറ്റവും ഭയക്കേണ്ടത് എന്തിനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണിത്. പക്ഷെ ഈ ഭയം ന്യൂനപക്ഷ മതങ്ങൾക്ക് മാത്രമല്ല, സ്വതന്ത്ര ചിന്തകർക്ക് കൂടിയുണ്ടാകണം. കാരണം ഇസ്ലാമിക് തീവ്രവാദം നിലവിൽ വന്നതു മുതൽ അനേകം സ്വതന്ത്ര ചിന്തകർ ബംഗ്ളദേശിൽ വെട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. രണ്ടായിരത്തി പതിനഞ്ചിൽ മാത്രം അഞ്ച് സ്വതന്ത്ര ചിന്തകരാണ് ബംഗ്ളദേശിൽ ഇസ്ലാമിക തീവ്രവാദികളുടെ വെട്ടേറ്റ് മരിച്ചത്. അതിൽ തന്നെ അമേരിക്കൻ ബംഗ്ളദേശ് ഇരട്ടപൗരത്വമുള്ള സ്വതന്ത്ര ചിന്തകനായ അവിജിത് റോയിയെ ധാക്കയിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യ റാഫിയാ അഹമ്മദിന്റെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഇന്ത്യയിൽ ഹിന്ദുത്വ / ഇസ്ലാമിക തീവ്രവാദികളെ എതിർക്കുന്ന സ്വതന്ത്ര ചിന്തകർക്ക് എന്ത് സംഭവിക്കുന്നു എന്ന് ആലോചിക്കുന്നവർക്ക്, എംഎം കൽബുർഗി, ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോൽക്കർ,ഗോവിന്ദ് പൻസാരെ, ജോസഫ് മാഷ്, അഭിമന്യു എന്നൊക്കെ ഗൂഗിൾ ചെയ്തു നോക്കാവുന്നതാണ്. ഇന്ന് ഹിന്ദുത്വയ്ക്ക് ചൂട്ട് പിടിക്കുകായും ന്യായീകരണം ചമയ്ക്കുകയും ചെയ്യുന്ന ചില സ്വതന്ത്ര ചിന്തകർ ആലോചിക്കേണ്ട വിഷയമാണിത്. മത തീവ്രവാദം എല്ലാ കാലത്തും, എല്ലായിടത്തും, എല്ലാ രൂപങ്ങളിലും എതിർക്കപ്പെടേണ്ടതാണ്. അതിന് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വ്യത്യാസമൊന്നും ഉണ്ടാകരുത്.
നോട്ട് 1 : ഈ പോസ്റ് മതതീവ്രവാദികളെ കുറിച്ചാണ്, സാധാരണ മതവിശ്വാസികളെ കുറിച്ചല്ല. സാധാരണ മതവിശ്വാസികൾ ഭൂരിഭാഗവും ചെറുപ്പത്തിലേ ശീലങ്ങൾ കൊണ്ട് മതങ്ങളിൽ വിശ്വസിക്കുന്നവരാണ്. മിക്കവർക്കും ഒരു സ്വകാര്യ അനുഭവമോ, സാംസ്‌കാരിക കൂട്ടായ്‍മകൾക്ക് ഉള്ള അവസരമോ മാത്രമാണ് മതങ്ങൾ. മതതീവ്രവാദികൾ പക്ഷെ അങ്ങിനെയല്ല, മറ്റു മതസ്ഥരോടുള്ള വെറുപ്പാണ് അവരെ നയിക്കുന്നത്, അവർ കേരളത്തിൽ എങ്കിലും ഒരു ന്യൂനപക്ഷമാണ് എന്നതാണ് ഒരാശ്വാസം.
നോട്ട് 2 : ബംഗ്ലാദേശ് മേല്പറഞ്ഞ സന്ദർഭങ്ങളിൽ നിന്ന് വളരെ മുന്നോട്ട് പോയിക്കഴിഞ്ഞു. എഴുത്തുകാരിയും 1971 ലെ സ്വാതന്ത്ര്യ സമരത്തിൽ കുടുംബാങ്ങങ്ങളെ നഷ്ടപെട്ടവരുമായ ജഹനാര ഇമാമിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് യുവത നടത്തിയ വലിയ സമരങ്ങളിൽ ബംഗ്ളദേശ് ജമാഅത്തെ ഇസ്ലാമി അതികാരത്തിൽ നിന്ന് പിഴുതെറിയപെട്ടു, മുജീബുർ റഹ്‌മാന്റെ മകളായ ഷേഖ് ഹസീന കഴിഞ്ഞ കുറെ വര്ഷങ്ങളായി അധികാരത്തിലുണ്ട്. ദരിദ്രരാഷ്ട്രമായിരുന്ന ബംഗ്ളദേശിന്റെ ജിഡിപി (പെർ ക്യാപിറ്റ) ഇപ്പോൾ ഇന്ത്യയേക്കാൾ കൂടുതലാണ്. ജമാഅത്തെ ഇസ്ലാമിയുടെ പല നേതാക്കളെയും 1971 ലെ യുദ്ധകുറ്റങ്ങളുടെ അടിസ്ഥാനത്തിൽ തൂക്കിലേറ്റി. ബ്ലോഗർ അവിജിത് റോയിയെ വെട്ടിക്കൊലപ്പെടുത്തിയ അഞ്ച് പേർക്ക് ബംഗ്ളദേശ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത് കഴിഞ്ഞ വർഷമാണ്. ഇന്ത്യയ്ക്കും പ്രതീക്ഷ നൽകുന്ന ഒരു കാര്യമാണിത്. ഇന്ത്യയിൽ കൊല്ലപ്പെട്ട സ്വതന്ത്ര ചിന്തകരുടെ കൊലയാളികൾക്കും ഇതുപോലെ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Leave a Reply