ലോക മാനസിക ആരോഗ്യ ദിനത്തിൽ തനിയാവർത്തനം ഒന്ന് കൂടി കാണുമ്പോൾ …
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തനിയാവർത്തനം റിലീസ് ആകുന്നത്. ഒരു കുഴപ്പവുമില്ലാത്ത ബാലൻ മാഷെ സമൂഹം എങ്ങിനെയാണ് ഒരു ഭ്രാന്തനായി മാറ്റുന്നത് എന്നതാണ് അതിന്റെ കഥ എന്നാണ് ഞാൻ അന്ന് മനസിലാക്കിയിരുന്നത്, പിന്നീട് മനോരോഗങ്ങളെ കുറിച്ച് കൂടുതൽ അടുത്തറിയുന്നത് വരെ. ഭ്രാന്ത് യഥാർത്ഥത്തിൽ ഒരു കുടുംബത്തിൽ പരമ്പരാഗതമായി വരാൻ സാധ്യത ഉണ്ട് എന്നുള്ള അറിവ് അന്നെനിക്ക് ഇല്ലായിരുന്നു. അത് പക്ഷെ ഈ ഭ്രാന്തിന്റെ ജീൻ ഉണ്ടായാൽ മാത്രം പോരാ അതിനു പുറമെ അതിനുള്ള സാഹചര്യം കൂടി വേണമെന്നും അറിഞ്ഞുകഴിഞ്ഞപ്പോഴാണ് തനിയാവർത്തനത്തിൽ ലോഹിതദാസ് അറിഞ്ഞോ അറിയാതെയോ ഒളിപ്പിച്ചുവച്ച “ബ്രില്ലിയൻസ്” കാണാൻ കഴിഞ്ഞത്.
തനിയാവർത്തനം പറയുന്ന കഥ ആദ്യകാഴ്ചയിൽ വളരെ ലളിതമായ ഒന്നാണ് (സ്പോയ്ലർ അലെർട്ട്, സിനിമ കാണാത്തവർ ഈ പാരഗ്രാഫ് വായിക്കരുത്) . സ്കൂൾ അദ്ധ്യാപകനായ ബാലൻ മാഷുടെ വീട്ടിലെ അകത്തളത്തിൽ മനസിന് സുഖമില്ലാത്ത ശ്രീധരൻ മാമയെ ചങ്ങലയിൽ തളച്ചിട്ടുണ്ട്. ഏതോ ഒരു കാരണവർ ഒരു ദേവിയുടെ വിഗ്രഹം കിണറ്റിലെറിഞ്ഞത് കൊണ്ട് കുടുംബത്തിന് വന്നു ചേർന്ന ഒരു ശാപമാണ് പരമ്പര പരമ്പരയായി കുടുംബത്തിലെ ആണുങ്ങൾക്ക് വന്നു ചേരുന്ന ഭ്രാന്ത് എന്നാണ് വിശ്വാസം. ശ്രീധരൻ മാമയെ ഒരു ദിവസം ബാലൻ മാഷ് ചങ്ങല അഴിച്ചു വിടുകയും ശ്രീധരൻ വീട്ടിലെ കുളത്തിൽ വീണു മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു. കുടുംബത്തിൽ ഭ്രാന്ത് വരാൻ ഉള്ള അടുത്ത ആൾ ബാലൻ മാഷാണ് എന്ന് വീട്ടുകാരും നാട്ടുകാരും തീരുമാനിക്കുകയും അദ്ദേഹത്ത മറ്റൊരു കണ്ണിലൂടെ കാണാൻ തുടങ്ങുകയും ചെയ്യുന്നു. ശ്രീധരൻ മാമയെ ചങ്ങല അഴിച്ചുവിട്ട് മരണത്തിന് കാരണമായത് താനാണ് എന്ന തോന്നൽ ഉള്ള ബാലൻ മാഷ് ഒരു രാത്രി ദുസ്വപ്നം കണ്ട് നിലവിളിച്ചുകൊണ്ട് ഞെട്ടിയുണരുന്നു. പിന്നീട് വീട്ടുകാരും സമൂഹവും ഇദ്ദേഹത്തെ ഭ്രാന്തനായി കാണുകയും, ഭാര്യയെയും കുട്ടിയേയും വിട്ടുപിരിയുകയും, തന്റെ അറിവില്ലാതെ അനിയത്തിയുടെ വിവാഹം തീരുമാനിക്കപ്പെടുകയും ഒക്കെ ചെയ്ത വിഷമത്തിൽ ഇദ്ദേഹം യഥാർത്ഥ മാനസിക രോഗിയായി മാറുകയും, സ്വന്തം ‘അമ്മ തന്നെ വിഷം കൊടുത്ത് കൊല്ലുന്നതുമാണ് ഇതിലെ കഥ.
ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നത് (Hallucinations) Schizophrenia യുടെ ഒരു ലക്ഷണമാണ്. ഈ രോഗം എന്തുകൊണ്ടാണ് ഉണ്ടകുന്നത് എന്നും ഇത് ചില കുടുംബങ്ങളിൽ കൂടുതലായി കാണപെടുമോ എന്നതിനെ കുറിച്ചും ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. രണ്ടുതരത്തിലുള്ള പഠനങ്ങളാണ് നടന്നിട്ടുള്ളത്. ഇരട്ടക്കുട്ടികളുടെ ഇടയിൽ നടന്ന ഒരു പഠനവും, ചെറുപ്പത്തിൽ തന്നെ പല വീടുകളിയാളി ദത്തെടുക്കപെട്ട കുട്ടികളുടെ രോഗരത്തിന്റെ അടിസ്ഥാനത്തിലുള്ള മറ്റൊരു പഠനവും. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ Schizophrenia ഉള്ള ഒരു രോഗിയുടെ ഇരട്ട സഹോദരനോ സഹോദരിക്കോ ഈ രോഗമുണ്ടാകാനുള്ള സാധ്യത 50 ശതമാനമാണ്, ഇരട്ടകൾ അല്ലാത്ത സഹോദരനായ സഹോദരിക്കോ ഈ സാധ്യത 25 ശതമാനവുമാണ്. സാധാരണ ആളുകളിൽ ഈ രോഗസാധ്യത ഒന്നോ രണ്ടോ ശതമാനം മാത്രമാണ് എന്ന കണക്ക് മുകളിൽ പറഞ്ഞ വലിയ ശതമാന കണക്കുകളുമായി കൂട്ടിവായിച്ചാൽ ഈ രോഗത്തിന് ഒരു ജനിതക കാരണം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല.
അങ്ങിനെയുള്ള പരീക്ഷണങ്ങളാണ് Schizophrenia രോഗികളിൽ ഒരു പറ്റം ജീനുകളിൽ ഉളള മ്യൂട്ടേഷൻസ് കണ്ടെത്തിയത് (SNPs & CNVs) . ഒരു പ്രത്യേക ജീനിനു പകരം പല ജീനുകളാണ് ഈ രോഗത്തിന് പിറകിലെന്നാണ് ഇപ്പോഴുള്ള അനുമാനം. ബാലൻ മാഷിന്റെ കുടുംബത്തിൽ ഈ ജീനുകളുടെ കോമ്പിനേഷൻ പരമ്പരാഗതമായി ഉണ്ടായിരുന്നിരിക്കണം എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.
പക്ഷെ ജീനുകളാണ് ഈ രോഗത്തിന്റെ പിറകിലെങ്കിൽ ചെറുപ്പത്തിൽ പല വീടുകളിലേക്ക് ദത്തെടുക്കപെട്ട ഇരട്ടക്കുട്ടികളിൽ രണ്ടുപേർക്കും ഈ രോഗം വരേണ്ടതല്ലേ? രണ്ടുപേരിൽ ഒരാൾക്ക് മാത്രം വന്നാൽ പോരല്ലോ. അവിടെയാണ് ശരീരത്തിൽ ജീനുകൾ ഉണ്ടായാൽ മാത്രം പോരാ മറിച്ച് ഇതിന്റെ ഫലമായി മാനസിക രോഗം ഉണ്ടാകാൻ സാഹചര്യങ്ങൾ കൂടി അനുകൂലാമായി വരണം എന്ന മറ്റൊരു കാര്യം കൂടി ശാസ്ത്രജ്ഞർ കണ്ടെത്തുന്നത് (gene expression). ആഘാതം (Trauma), പ്രത്യേകിച്ച് കുട്ടിക്കാലത്തെ കഠിനമായ ആഘാതം, ഒരാൾക്ക് സ്കീസോഫ്രീനിയ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും എന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ജീവിതത്തിൽ ഉണ്ടാകുന്ന വലിയ ആഘാതങ്ങൾ ഈ രോഗത്തിന്റെ കാരണമായ ജീനുകളെ express ചെയ്യാൻ കാരണമാകാം. ബാലൻ മാഷുടെ കാര്യത്തിൽ താൻ ചങ്ങല തുറന്നു വിട്ടതുകൊണ്ടാണ് ശ്രീധരൻ മാമ മരിച്ചത് എന്നുള്ള ആഘാതമായിരിക്കണം ഈ രോഗത്തിന്റെ തുടക്കത്തിലേക്ക് നയിച്ചത്. മനഃശാസ്ത്രത്തിലെ Diathesis-Stress മോഡലിന്റെ ജീവശാസ്ത്രപരമായ കാരണം ഇതായിരിക്കാം. അന്തർലീനമായ ദുർബലതയും (ജീൻ) പാരിസ്ഥിതിക സമ്മർദ്ദവും (environmental factors ) തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായാണ് മാനസിക വൈകല്യങ്ങൾ ഉണ്ടാകുന്നതെന്ന് ഡയാറ്റിസിസ്-സ്ട്രെസ് മോഡൽ അഭിപ്രായപ്പെടുന്നു. വീട്ടിലെ കാരണവന്മാരുടെ മതപരമായ ചടങ്ങുകളും, ഭ്രാന്തില്ലാത്ത തന്നെ ഭ്രാന്തനായി കാണുന്ന സമൂഹത്തിന്റെ സമീപനവും എല്ലാം environmental ഘടകങ്ങൾ ആണ് ഈ സിനിമയിൽ.
ലോഹിതദാസ് കലാകാരൻ എത്ര സൂക്ഷമായിട്ടാണ് സമൂഹത്തെ നിരീക്ഷിച്ചിട്ടുള്ളത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മേല്പറഞ്ഞ ശാസ്ത്രം അറിഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ സ്ക്രിപ്റ്റ് എഴുതിയത് എന്നെനിക്ക് തോന്നുന്നില്ല, പക്ഷെ അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് ഈ സിനിമയെ മലയാളത്തിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്നായി പ്രതിഷ്ഠിക്കുന്നു. അദേഹത്തിന് ഈ ലോക മാനസിക ആരോഗ്യ ദിനത്തിൽ പ്രണാമം. മാനസിക ആരോഗ്യം കൂടുതൽ ചർച്ച ചെയ്യാൻ വഴി വയ്ക്കുന്ന കൂടുതൽ ചർച്ചകളും സിനിമകളും ഇനിയും ഉണ്ടാകട്ടെ…
നോട്ട് : വളരെയധികം ഗവേഷങ്ങൾ ഇന്നും നടക്കുന്ന ഒരു മേഖലയാണിത്. ഞാൻ എഴുതിയ പല കാര്യങ്ങളും റോബർട്ട് സാപ്പോൽസ്‌കിയുടെ Behave മുതലായ പുസ്തകങ്ങൾ വായിച്ചുള്ള അറിവാണ്, അതുകഴിഞ്ഞുള്ള ഗവേഷണങ്ങളുടെ കാര്യമറിയില്ല. കൂടുതൽ അറിവുള്ള വായനക്കാർ പുതിയ ഗവേഷണങ്ങൾ കുറിച്ച് കമന്റ് ചെയ്‌താൽ ഉപകാരം.
Leave a Reply