എനിക്കൊരു സുഹൃത്തുണ്ട്. കോൺഗ്രെസ്സുകാരനാണ്. പക്ഷെ പുള്ളിക്ക് ഗാന്ധിയെ വെറുപ്പാണ്. കാരണം ഗാന്ധി കാരണമാണ് ഇന്ത്യ പാക്കിസ്ഥാൻ വിഭജനം നടന്നതെന്ന് അവൻ കരുതുന്നു, മാത്രമല്ല ഗാന്ധി പാകിസ്താന് ഇന്ത്യ നൽകാനുള്ള പണം നല്കാൻ വേണ്ടി നിരാഹാരം കിടന്ന ആളാണ്, ഇന്ത്യ ഒരു മതേതര രാജ്യമാകാനും കാരണം ഗാന്ധിയാണ്. അവനു നെഹ്രുവിനെയും ഇഷ്ടമല്ല, കാരണം നെഹ്‌റു കാരണമാണ്, കശ്മീരിന്റെ ഒരു ഭാഗം ഇന്ത്യയ്ക്ക് നഷ്ടമായത്. നെഹ്രുവാണ് ഇന്ത്യയുടെ പുരോഗതിയെ പിന്നോട്ടടിച്ച സോഷ്യലിസം കൊണ്ടുവന്നത്. മാത്രമല്ല നെഹ്‌റു ഒരു പെണ്ണുപിടിയനുമാണ്. ആകെ ഇഷ്ടം പട്ടേലിനെയാണ്, അദ്ദേഹമില്ലായിരുന്നുവെങ്കിൽ ഇന്നത്തെ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. ചാട്ടം എങ്ങോട്ടാണെന്ന് മനസിലായല്ലോ…
കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രശ്നം “ഞാൻ സംഘിയല്ല പക്ഷെ…” എന്ന് പറയുന്ന ഇത്തരം കോൺഗ്രെസ്സുകാരാണ് എന്ന് ഒരു പക്ഷെ നമുക്ക് തോന്നാം.. പക്ഷെ കോൺഗ്രസ് എന്നും ഇങ്ങിനെയായിരുന്നു, പല അഭിപ്രായങ്ങളുള്ള, പല മതങ്ങളിൽ വിശ്വസിക്കുന്ന, പല സാമ്പത്തിക വീക്ഷണങ്ങളുള്ള അംഗങ്ങളുള്ള ഒരു സംഘടനയാണ്, എന്തിനധികം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം നോക്കിയാൽ അതിന്റെ നേതാക്കന്മാരും തുടങ്ങിയത് കോൺഗ്രസിലാണ്. ബിജെപി സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിയും കോൺഗ്രസിലാണ് തുടക്കം കുറിച്ചത്. കോൺഗ്രസ് ഒരിക്കലുമൊരു കേഡർ പാർട്ടി ആകാത്തതിന്റെ കാരണവും അതാണ്. ഇപ്പറഞ്ഞവരെയെല്ലാം ഒരുമിച്ച് നിർത്തുക എന്നത് ചില്ലറകാര്യമല്ല. എന്നാൽ ഇന്ന് ഇന്ത്യ കടന്നു പോകുന്ന വർഗീയത വിപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഇപ്പോഴും ഏറ്റവും കരുത്തുള്ള ഒരു പാർട്ടി കോൺഗ്രസ് തന്നെയാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ ശ്രീധരനെ കോൺഗ്രസിലെ ഷാഫി പറമ്പിൽ ഫോട്ടോ ഫിനിഷിൽ തോല്പിച്ചപ്പോൾ കയ്യടിച്ചവരിൽ ഇടതുപക്ഷക്കാരും ഉണ്ടെന്ന് എനിക്കറിയാവുന്ന കാര്യമാണ്. അതുകൊണ്ടാണ് കോൺഗ്രസിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ മൊത്തം ശ്രദ്ധ നേടുന്ന ഒരു വാർത്തയാവുന്നത്.
ഈയടുത്ത കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നടക്കുന്ന ഏറ്റവും പ്രതീക്ഷ നൽകുന്ന ഒന്നാണ് ഒക്ടോബർ പതിനേഴിന് നടക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഒരേ പാർട്ടിയിലെ രണ്ടുപേർ പരസ്പരം മത്സരിക്കുന്നതും പ്രചാരണം നടത്തുന്നതുമെല്ലാം ഇപ്പോഴുള്ള ഇന്ത്യക്കാർക്ക് പുതുമയാണെങ്കിലും, അമേരിക്കയിൽ ഒരേ പാർട്ടിയിൽ പെട്ട അനേകം ആളുകൾ അവരുടെ പാർട്ടികളുടെ പ്രസിഡന്റ്റ് സ്ഥാനാര്ഥിയാകാനോ, ഗവർണർ സ്ഥാനാര്ഥിയാകാനോ ഒക്കെ മത്സരിക്കുന്നത് സാധാരണമാണ്. പ്രൈമറി ഇലെക്ഷൻ എന്നാണ് അവയെ വിളിക്കുക. അമേരിക്കയിൽ ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ എന്നീ രണ്ട് പ്രധാന രാഷ്ട്രീയപാർട്ടികളാണുള്ളത്. ഞാൻ ന്യൂ ജേഴ്സിയിൽ രജിസ്റ്റർ ചെയ്ത ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്, അതുകൊണ്ട്, പ്രസിഡന്റ് / ഗവർണർ തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റ് പാർട്ടിയിൽ നിന്ന് ആരാണ് സ്ഥാനാർഥി എന്ന് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പിൽ ഞാനും വോട്ടു ചെയ്യാറുണ്ട്.
ഇത്തരം പ്രൈമറി തിരഞ്ഞെടുപ്പുകളിൽ ഒരേ പാർട്ടിയിലെ പല ആളുകൾ മത്സരിക്കും. ഒരാൾ ജയിച്ചു കഴിഞ്ഞാൽ ആ ഫലത്തെ എല്ലാവരും മാനിക്കുകയും, പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും. ചിലപ്പോൾ പ്രൈമറി തിരഞ്ഞെടുപ്പിൽ എതിരാളികളായി മത്സരിച്ചവർ ഒരുമിച്ച് റിപ്പബ്ലിക്കൻ പാർട്ടിയെ നേരിടുകയും ചെയ്യും. ഉദാഹരണത്തിന് കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പിൽ ബെർണി സാൻഡേഴ്‌സ് , കമല ഹാരിസ് , ജോ ബൈഡൻ എന്നിവർ മത്സരിച്ചതാണ്. ജോ ബൈഡൻ പ്രൈമറി ജയിച്ചുകഴിഞ്ഞപ്പോൾ, തന്റെ പാർട്ടിയിൽ തന്നെയുള്ള എന്നാൽ പ്രൈമറിയിൽ എതിരാളിയായിരുന്നു കമല ഹാരിസിനെയാണ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. ആരോഗ്യകരമായ ഇത്തരം മത്സരങ്ങൾ പാർട്ടിക്കകത്ത് തന്നെ നടക്കുന്നത് ഉൾപാർട്ടി ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുകയേ ചെയ്യൂ…
ഇതൊക്കെ അറിയാവുന്ന ഒരാളാണ് ശശി തരൂർ അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചാലും തോറ്റാലും അത് ജനാധിപത്യത്തിന്റെ വിജയം തന്നെയാണെന്ന് അദ്ദേഹത്തിന് അറിയാം. ഇപ്പോഴത്തെ അവസ്ഥയിൽ നെഹ്‌റു ഗാന്ധി കുടുംബവാഴ്ചയിൽ നിന്ന് കോൺഗ്രസ് കരകയറണമെന്ന് ഏറ്റവും ആഗ്രഹമുള്ളത് ഒരു പക്ഷെ രാഹുൽ ഗാന്ധിക്കായിരിക്കും. രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങൾ ഇന്ത്യയുടെ ആത്മാവിനെ തിരികെ പിടിക്കാനുള്ള കാര്യങ്ങളാണെങ്കിലും രാഷ്ട്രീയം തിയറി മാത്രമല്ല, അതിന് ചില പ്രായോഗിക തലങ്ങൾ കൂടിയുണ്ട്, രാഹുലിന്റെ പരാജയം അങ്ങിനെയുള്ള കാര്യങ്ങളിലാണ്. ഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപ് അതിനുവേണ്ട സിദ്ധാന്തങ്ങൾ രൂപീകരിച്ചപ്പോൾ, നെഹ്രുവും മറ്റ് കോൺഗ്രസ് നേതാക്കളുമാണ്, ഗ്രൗണ്ട് വർക്ക് നടത്തിയതും പ്രായോഗികമായി കാര്യങ്ങൾ നടത്തികൊണ്ടുപോയതും. ഇന്നത്തെ ഇന്ത്യയിൽ രാഹുൽഗാന്ധിയുടെ ആശയങ്ങൾക്ക് പ്രായോഗികമായി സർക്കാർ ലെവലിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുത്ത് AICC അധ്യക്ഷനെ മാത്രമല്ല മറ്റു അംഗങ്ങളെയും ഇതുപോലെയുള്ള ആഭ്യന്തര തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കണം എന്നാണ് എന്റെ അഭിപ്രായം. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, എന്നാൽ ഗാന്ധി കുടുംബവുമായും, ഹൈ കമന്റുമായും ഡൽഹിയിൽ മാത്രം ബന്ധമുള്ള ചില പെട്ടി തൂക്കികളെ പുറത്തിരുത്താൻ ഇത് സഹായിക്കും.
ഇന്ന് പലരും കരുതുന്ന പോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ എന്നും കുടുംബഭരണമായിരുന്നില്ല, മറിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചത് മുതൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പലരും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രെസിഡന്റുമാരായിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള കോൺഗ്രസ് അധ്യക്ഷന്മാരെ നോക്കിയാൽ അഞ്ചുപേർ നെഹ്‌റു കുടുംബത്തിൽ നിന്നും, പതിമൂന്ന് പേര് പുറത്തുനിന്നുമായിരുന്നു. കോൺഗ്രസിന് സംഭവിക്കാവുന്ന ഏറ്റവും നല്ലൊരു കാര്യമാണ് ഉൾപാർട്ടി ജനാധിപത്യത്തിന്റെ വഴിയിൽ നെഹ്‌റു കുടുംബത്തിൽ നിന്ന് പുറത്തൊരാളെ അധ്യക്ഷനായി ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് വർഗീയതയെ തുരത്തുക ( മൃദു ഹിന്ദുത്വ വഴിയല്ല, മറിച്ച് നെഹ്രുവിന്റെ മതേതരത്വത്തിന്റെ വഴിയിൽ) എന്ന കാലത്തിന്റെ ആവശ്യം നിറവേറ്റാൻ കോൺഗ്രസിന് ചരിത്രപരമായ ബാധ്യതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഈ തിരഞ്ഞെടുപ്പ് അതിനുവേണ്ടിയുള്ള വഴി തുറക്കുന്ന ഒന്നാവട്ടെ….
നോട്ട് : പട്ടേലാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയെ ഇന്നത്തെ നിലയിൽ ഒരു രാജ്യമാക്കിയതെന്ന് പറയുന്നതിൽ കാര്യമുണ്ട്, പക്ഷെ അതൊരു കാറിന്റെ ബോഡി നിർമിക്കുന്നത് പോലെ ഭൗതികമായ കാര്യമാണ്. കാറിന്റെ എൻജിൻ ഉണ്ടാക്കിയത് നെഹ്രുവും അംബേദ്കറും കൂടിയാണ്. അത് പക്ഷെ സമ്മതിച്ചുതരാൻ സംഘപരിവാറിന് കഴിയില്ല കാരണം, അവരെ ഇത്രനാൾ ഭരണത്തിൽ നിന്ന് അകറ്റിനിർത്തിയത് ഇപ്പറഞ്ഞ നെഹ്‌റു / അംബേദ്‌കർ കൂട്ടുകെട്ടാണ്.
Leave a Reply