കാലിഫോർണിയയിൽ പഠിക്കുന്ന മകനെ ഇന്ന് വെറുതെ വിളിച്ചപ്പോൾ അവൻ ഇപ്പൊൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഹോംവർക്കിനെ കുറിച്ച് പറഞ്ഞു.
ഒരു കുരങ്ങൻ ഒരു ടൈപ് റൈറ്ററിന്റെ മുന്നിലിരുന്ന് അതിന് തോന്നുന്ന പോലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് കരുതുക. തോന്നിയ പോലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന കൂട്ടത്തിൽ യാദൃശ്ചികമായി, അതിന്റെ അറിവില്ലാതെ തന്നെ ചിലപ്പോൾ ഈ അക്ഷരങ്ങൾ കൂടിച്ചേർന്ന് നമുക്ക് അറിയാവുന്ന വാക്കുകൾ ആയി മാറാൻ ഒരു സാധ്യതയുണ്ട്. അങ്ങിനെയാണെകിൽ ഈ കുരങ്ങൻ ഇരുപത് ലക്ഷം അക്ഷരങ്ങൾ ഇതുപോലെ തോന്ന്യാക്ഷരങ്ങളായി ടൈപ് ചെയ്‌തു കഴിയുമ്പോൾ “book” എന്ന വാക്ക് എത്ര തവണ വന്നു കാണും?
ഇതുകൊണ്ടാണ് ഞാൻ അവനെ അധികം വിളിച്ചു ശല്യം ചെയ്യാത്തത്, വെറുതെ എന്തിനാണ് നമ്മൾ പണി വാങ്ങി വയ്ക്കുന്നത് 🙂
ഈ ചോദ്യം തമാശയായി തോന്നാമെങ്കിലും അരിസ്റ്റോട്ടിലിന്റെ ചിന്തകൾ വരെ നീണ്ടുകിടക്കുന്ന ഒരു ചരിത്രം ഇതിനുണ്ട്. Infinite monkey theorem എന്നാണ് ഇതറിയപെടുന്നത്. ഇങ്ങിനെ ടൈപ്പ് ചെയ്യുന്ന ബുക്ക് പോലുള്ള വാക്കുകൾ ടൈപ് ചെയ്യാനുള്ള സാധ്യത പോലെ വാചകങ്ങളും, ഷേക്സ്പെയറിന്റെ ഒഥല്ലോ വരെ എഴുതാനുള്ള സാധ്യത വളരെ വളരെ വളരെ കുറവാണെങ്കിലും പൂജ്യമല്ല. ഇതിനു ഗണിതശാസ്ത്രത്തിൽ ഒരു പ്രൂഫും ഉണ്ട്. എന്തിനാണ് കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന കുട്ടികൾ ഇതുപോലുള്ള ചോദ്യങ്ങൾ ഒക്കെ ചെയ്ത സമയം കളയുന്നത് എന്ന് പണ്ടെനിക്ക് തോന്നുമായിരുന്നു, ഗൂഗിളിന്റെ കഥ വായിക്കുന്നത് വരെ.
1995 ഓഗസ്റ്റ് 15 നാണു ഇന്ത്യയിൽ ഇന്റർനെറ്റ് വരുന്നത്. ഞാൻ അന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ എംസിഎ പഠിക്കുകയിരുന്നു കിലോ ബൈറ്റ് കണക്കിൽ ഫോൺ കണക്ഷൻ ഉപയോഗിച്ച് വച്ച് “ചില വെബ്‌സൈറ്റുകൾ” കാണുന്ന സാധനം ആയിരുന്നു അന്ന് ഞങ്ങൾക്ക് ഇന്റർനെറ്റ്. പിന്നീട് അമേരിക്കയിൽ വന്ന സമയത്ത് അമേരിക്കൻ ഓൺലൈൻ, യാഹൂ തുടങ്ങിയ വെബ്‌സൈറ്റുകളിൽ വാർത്തകൾ ഒക്കെ വരാൻ തുടങ്ങി. പക്ഷെ ഇന്റർനെറ്റിൽ ലഭ്യമായ വെബ്‌സൈറ്റുകൾ പരിമിതമായിരുന്നു.
അമേരിക്കയിൽ 1994 ലോ മറ്റോ ആണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫെസ്സറായ രാജീവ് മൊട്ട്വാനി, തന്റെ വിദ്യാർത്ഥികളായ കുട്ടികളുമായി ചേർന്ന് , ഇന്റർനെറ്റിലെ വിവിധ വെബ്‌സൈറ്റുകളെ ഒരേ കുടക്കീഴിൽ കൊണ്ടുവന്നാലുള്ള പ്രയോജനം എന്നൊരു വിഷയത്തെ കുറിച്ച് കുറിച്ച് ഗവേഷണം നടത്തുന്നത്. അതിന്റെ ഭാഗമായി പ്രൊഫെസ്സർ Terry Winograd, പ്രൊഫെസ്സർ മൊട്‍വാനി, വിദ്യാർത്ഥികളായ സെർഗേ ബ്രിൻ,ലോറെൻസ് പേജ് തുടങ്ങിയവർ ചേർന്ന് എഴുതിയ ഒരു പേപ്പർ ആണ് “ഇന്റർനെറ് നമ്മുടെ പോക്കറ്റിൽ ആന്നെകിൽ അതുവച്ച് എന്ത് ചെയ്യാൻ കഴിയും : What can you do with a Web in your Pocket” എന്നത്.
അന്ന് അത് കേൾക്കുന്നവർക്ക് അതൊരു തമാശയായി തോന്നാമായിരുന്നു, പക്ഷെ ഇന്റർനെറ്റിലെ എല്ലാ വെബ്‌സൈറ്റുകളിലെയും വിവരങ്ങൾ നമ്മൾ ഒരു കമ്പ്യൂട്ടറിലേക്ക് ഡൌൺലോഡ് ചെയ്തു വച്ചാൽ, ഓരോ വെബ്‌സൈറ്റും എത്ര തവണ മറ്റു വെബ്‌സൈറ്റുകളുമായി ബന്ധപെടുന്നുന്നു എന്ന് നമുക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയും. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വാക്കോ വിഷയമോ ആയി ബന്ധപെട്ട് ഏതൊക്കെ വെബസൈറ്റുകളാണ് കൃത്യമായും മൗലികമായും വിവരം നൽകുന്നത് എന്ന് നമുക്ക് റാങ്ക് ചെയ്യാനും കഴിയും. അന്ന് ആ പേപ്പറിൽ പറഞ്ഞ വെബ് പേജ് റാങ്കിങ് ആണ് ഗൂഗിളിന്റെ സെർച്ച് ഇത്ര കൃത്യമായി നടക്കാനുള്ള അടിസ്ഥാന കാരണം. അന്നുവരെ Lycos, AOL, യാഹൂ തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഒരു വാക്ക് നമ്മൾ സെർച്ച് ചെയ്‌താൽ, ആ വാക്ക് ഉള്ള ഏതാണ്ട് എല്ലാ വെബ്‌സൈറ്റുകളും അത് ആ വാക്കുമായി വലിയ ബന്ധം ഉണ്ടെങ്കിലും ഇല്ലെകിലും നമ്മുടെ സെർച്ച് ഫലത്തിൽ വരുമായിരുന്നു. ഇവരുടെ ഈ കണ്ടുപിടുത്തം നമുക്ക് ആവശ്യമുള്ള വെബ്‌സൈറ്റുകൾ സെർച്ചിന്റെ ഏറ്റവും മുകളിൽ കാണിക്കുവാനുള്ള വഴി കാണിക്കുന്നതായിരുന്നു.
നമ്മുടെ നാട്ടിലാണെകിൽ സാധാരണ ഗതിയിൽ ഇത്തരം ഒരു ഗവേഷണ ഫലം പേപ്പറിൽ ഒതുങ്ങേണ്ടതായിരുന്നു. പക്ഷെ രാജീവ് മൊട്‍വാനിക്ക് സിലിക്കൺ വാലിയിൽ സോഫ്റ്റ്‌വെയർ കമ്പനികളുമായി പരിചയവും ഉണ്ട്, മാത്രമല്ല തനിക്ക് വിജയപ്രതീക്ഷയുള്ള പുതിയ സ്റ്റാർട്ടപ്പ് കമ്പനികളിൽ പൈസ നിക്ഷേപിക്കുന്ന ഒരാൾ കൂടിയായിരുന്നു ( angel investor ). സ്റ്റാൻഫോർഡിൽ തങ്ങളുടെ ആശയങ്ങളെ സ്റ്റാർട്ടപ്പ് ആക്കി മാറ്റാനുള്ള കുട്ടികളുടെ പ്രധാന വഴികാട്ടിയായിരുന്നു രാജീവ്. അദ്ദേഹമാണ് ഈ പേപ്പറിന്റെ അടിസ്ഥാനത്തിൽ ഒരു സെർച്ച് കമ്പനി തുടങ്ങാൻ സെർഗെ ബിൻ, ലോറെൻസ് പേജ് എന്നിവരെ പ്രേരിപ്പിക്കുന്നതും നിക്ഷേപകരെ കണ്ടെത്താൻ സഹായിക്കുന്നതും.
ബെർക്കിലി , സ്റ്റാൻഫോർഡ് തുടങ്ങി അമേരിക്കയിലെ പല സർവകലാശാലകളിലെ പ്രൊഫെസർമാരും ഇതുപോലെ തങ്ങളുടെ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപങ്ങനളുമായും അതിൽ പണം നിക്ഷേപിക്കുന്ന നിക്ഷേപകരുമായി അടുത്ത ബന്ധമുള്ളവരാണ്. തങ്ങളുടെ മേഖലകളിൽ പുതുതായി കണ്ടുപിടുത്തങ്ങൾ നടത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത് മുതൽ അതൊരു സ്റ്റാർട്ടപ്പ് ആയി തുടങ്ങാൻ വിദ്യാർത്ഥികളെ സഹായിരിക്കുകയും, ചിലപ്പോൾ അവർ തന്നെ പണം നിക്ഷേപിക്കുകയും ചെയ്യും.
ഗൂഗിൾ തുടങ്ങി വൻ വിജയമായി കഴിഞ്ഞപ്പോൾ ഗൂഗിളിന്റെ സാങ്കേതിക വിഭാഗത്തിന്റെയും , ഗൂഗിൾ സ്ഥാപകരുടെയും ഉപദേശകൻ എന്നൊരു തസ്തികയിൽ രാജീവിനെ നിയമിച്ചു, സ്റ്റാൻഫോർഡിൽ അദ്ധ്യാപകനായി ജോലി നോക്കെ തന്നെയാണ് രാജീവ് ഈ ചുമതല കൂടി വഹിച്ചത്. ഗൂഗിൾ സ്റ്റോക്ക് മാർകെറ്റിൽ വന്നപ്പോൾ കുറെ ഷെയറുകൾ സെർഗെയും ലാരി പേജും അദേഹത്തിന് നൽകുകയും ചെയ്തു.
അമേരിക്കയിലെ പല കമ്പനികളും തുടങ്ങിയ കഥകൾ അന്വേഷിച്ചു പോയാൽ ഇതുപോലുള്ള അദ്ധ്യാപകരെ നമുക്ക് കണ്ടെത്താൻ കഴിയും. സ്വന്തം മേഖലയിൽ അപാര അറിവുള്ള കൂടെ തന്നെ പ്രായോഗികമായി അതിനെ ഉപയോഗിക്കാൻ കൂടി അറിയുന്നവർ.
രാജീവ് മൊട്‍വാനി 2009 ൽ സ്വന്തം വസതിയിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. അദ്ദേഹത്തിന് നീന്തൽ അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സ്റ്റാൻഫോർഡിങ് അദ്ദേഹത്തിന്റെ പേരിൽ ഒരു ചെയർ ഏർപ്പെടുത്തി. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കാലിഫോർണിയയിൽ അറിയപ്പെടുന്ന നിക്ഷേപകയാണ്.
കേരളത്തിലും പതിനാറു വർഷങ്ങൾക്ക് മുൻപ് തന്നെ സ്റ്റാർട്ടപ്പ് മിഷൻ വന്നു കഴിഞ്ഞു. ഈയടുത്ത് കേരളത്തിലെ ഏറ്റവും മികച്ച പത്ത് സ്റ്റാർട്ടപ്പ് കമ്പനികൾ എന്നൊരു വീഡിയോ യൂട്യൂബിൽ ഞാൻ കണ്ടിരുന്നു. ശരിയായ മുന്നോട്ടുള്ള പാതയിൽ തന്നെയാണ് നമ്മളും എന്ന് തോന്നുന്നു. ഗൂഗിൾ പോലുള്ള ഒരു കമ്പനി കേരളത്തിൽ നിന്ന് തുടങ്ങി കാണുന്നത് എന്തൊരു സന്തോഷമുള്ള കാര്യമായിരിക്കും. നോക്കിയ എന്ന ഒരു കമ്പനി വഴിമാത്രം ഫിൻലൻഡിനെ അറിഞ്ഞവരാന് നമ്മളിൽ പലരും. ഒരു പക്ഷെ കേരളത്തെ കുറിച്ച് നാളെ മാറ്റ് നാട്ടുകാർ അറിയാൻ പോകുന്നത് ഇതുപോലുള്ള ഒരു കമ്പനി വഴിയായിരിക്കും.
പക്ഷെ അതിനു വിദ്യാര്ഥികളുമായും തങ്ങളുടെ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായും പാലമായി നിൽക്കാൻ കഴിയുന്ന അദ്ധ്യാപകരെ നമുക്ക് ആവശ്യമുണ്ട്. ഞാൻ പഠിച്ചിരുന്ന സമയത്ത് അങ്ങിനെ ഉണ്ടായിരുന്നില്ല. തുടർ പഠനവും ഇതുപോലെ വിദ്യാർത്ഥികളെ സ്വന്തം കമ്പനികൾ തുടങ്ങാൻ പ്രേരിപ്പിക്കുന്നതുമൊന്നും അദ്ധ്യാപകർ ചെയ്യുന്ന കാര്യമായി അന്ന് കരുതിയിരുന്നില്ല. കോബോൾ പഠിപ്പിക്കാൻ വന്ന അദ്ധ്യാപകൻ താൻ പഠിച്ച vacuum ട്യൂബിനെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്ന അനുഭവം എല്ലാം എനിക്കുണ്ട്. ഇപ്പോൾ നാട്ടിൽ സ്ഥിതി മാറിക്കാനും എന്ന് കരുതുന്നു.
ഗൂഗിളിൻറെ കഥ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇതെന്തുകൊണ്ടു എഴുതി എന്ന് കൂടി ഒന്ന് ചെറുതായി പറഞ്ഞു വയ്ക്കാം.
സിപിഐഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കോൺഗ്രസിലെ കെവി തോമസ് പങ്കെടുത്തത് നന്നായോ അല്ലയോ എന്ന ബഹളത്തിനിടയ്ക്ക് മുങ്ങി പോയ ഒരു കാര്യമാണ് ആ സെമിനാറിൽ എന്താണ് ചർച്ച ചെയ്തത് എന്നത്. സ്റ്റാലിന്റെ , ഇന്ത്യയുടെ ഗ്രാമ വൈവിധ്യങ്ങൾ കൂടിച്ചേർന്ന് എങ്ങിനെ ഒരു ബഹുവർണ രാഷ്ട്രമായിത്തീരുന്നു എന്ന, അതിനെ തുരങ്കം വയ്ക്കുന്ന ചില ശക്തികളെ കുറിച്ചെല്ലാം ഉള്ള ഒരു പ്രസംഗമല്ലാതെ മറ്റു കനപ്പെട്ട ഒരു ചർച്ചയും ദൃശ്യാ മാധ്യമങ്ങളിലൂടെ എന്റെ ശ്രദ്ധയിൽ പെട്ടില്ല. കേരളത്തിന്റെ ഭാവിയെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള നമ്മുടെ മുഖ്യമന്ത്രിയും, കോൺഗ്രസിൽ നിന്ന് ശശി തരൂരിനെ പോലുള്ള പ്രഗത്ഭരായ വ്യക്തികൾ പങ്കെടുത്ത്, കേരളത്തിന്റെ രാഷ്ട്രീയ, സാങ്കേതിക, സാമ്പത്തിക ഭാവിയെ കുറിച്ചുള്ള കനപ്പെട്ട ചർച്ചകൾ കാണാൻ ഞാൻ വളരെയധികം ആഗ്രഹിച്ച ഒരു സെമിനാർ ആയിരുന്നു അത്. വെള്ളപൊക്കം നടന്ന സമയത്തും, കൊറോണ സമയത്തും മുഖ്യമന്ത്രി പിണറായി വിജയൻറെ ചില വാർത്താ സമ്മേളനങ്ങൾ കേരളത്തിനെ ഭാവിയെ കുറിച്ചുള്ള രൂപരേഖ വ്യക്തമായി വരച്ചു ചേർക്കുന്നവയായിരുന്നു. പങ്കെടുത്ത വ്യക്‌തികളുടെ പേരിൽ അല്ലാതെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ പേരിൽ ഈ സെർമിനാർ അറിയപ്പെട്ടിരുന്നു എങ്കിലെന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. ഒരു പക്ഷെ ഇങ്ങിനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി നടത്തിയ ഒരു സെമിനാര് ആയിരിക്കില്ല അത്, അല്ലെങ്കിൽ ഇത്തരം കനപ്പെട്ട ചർച്ചകൾ നിയമസഭയിൽ നടക്കുന്നത് ഞാൻ കാണാതെ പോകുന്നത് ആകാം.
അതിൽ ചർച്ച ചെയ്യപ്പെട്ടു കണ്ടിരുന്നെകിൽ എന്ന് ഞാൻ അഗ്രഹിച്ച ഒന്നാണ് കേരളത്തിൽ ഭാവി എങ്ങനെയായിരിക്കണം എന്ന് രാഷ്ട്രീയ കക്ഷികളുടെ വീക്ഷണങ്ങളും, അതെ എങ്ങിനെ നടപ്പിൽ വരുത്താൻ ആണ് അവർ ആഗ്രഹിക്കുന്നതെന്നും. അതാണ് മുകളിലുള്ള എഴുത്തിനു നിദാനം.ഇന്ന് ജനിക്കുന്ന ഒരു മലയാളി കുട്ടിയുടെ ജീവിതം അവനു അല്ലെങ്കിൽ അവൾക്ക് പഠനം കഴിഞ്ഞു ജോലി ചെയ്തു തുടങ്ങി ഒരു കുടുംബം തുടങ്ങുന്ന ഏകദേശ വയസായ ഇരുപത്തെട്ടു വയസാകുമ്പോൾ നമ്മൾ 2050 ൽ ആകും. നമ്മുടെ അടുത്ത തലമുറയുടെ ജീവിതമെങ്ങിനെയാകണമെന്നു ഇപ്പോൾ തന്നെ നമ്മൾ ചിന്തിച്ചു തുടങ്ങണം. കേരളത്തിൽ ലഭ്യമായ തോറിയം പോലുള്ള സുരക്ഷിത ന്യൂക്ലിയർ മൂലകങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായ അടുത്ത തലമുറ ന്യൂക്ലിയർ പ്ലാന്റുകൾ ഡിസൈൻ ചെയ്യണം, ഹൈഡ്രോണിക്സ്, എയിറോണിക്സ് , കൃതൃമ ബുദ്ധി തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃഷി ചെയ്തു കേരളവും ഒരു സ്വയം പര്യാപ്‌ത സംസ്ഥാനം ആക്കുന്നത് എങ്ങിനെ, എലോൺ മസ്‌ക് തുടങ്ങിയ ബോറിങ് കമ്പനി മാതൃകയിൽ നമുക്ക് നമ്മുടെ ഗതാഗത സംവിധാനങ്ങൾ പരിഷകരിക്കാൻ സാധിക്കുമോ എന്നൊക്കെ ആലോചിക്കാൻ നമ്മൾ ഇപ്പോഴേ തുടങ്ങണം.
കേരളത്തിലെ എല്ലാ രാഷ്രീയ പാർട്ടികളും തങ്ങളുടെ വികസന മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുകയും അതിനെകുറിച്ച് സാർത്ഥകമായ ചർച്ചകൾ നടത്തുകയും, അതൊക്കെ സമയബന്ധിതമായി നടപ്പിലാക്കാനും തുടങ്ങിയാൽ നമ്മുടെ അടുത്ത തലമുറക്കെങ്കിലും, ഞങ്ങളെ പോലെ , കേരളത്തിൽ നിന്ന് , തന്റെ കുടുംബത്തെയും കൂട്ടുകാരെയും നാടിനെയും ഭാഷയെയും സംസകാരത്തെയും ഉപേക്ഷിച്ച്, വേരുകൾ മുഴുവൻ പിഴുതെടുത്ത് പുറത്ത് വേറെയൊരു നാട്ടിൽ പോയി ജോലി ചെയ്യേണ്ടി വരില്ല.
Leave a Reply