ഇന്ദ്രൻസും വിൽ സ്മിത്തും തമ്മിൽ ….
അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് എന്നെ അറിയാനുള്ള സാധ്യത എത്രയാണ്? ഏറ്റവും കൂടിയത് പരസ്പരം പരിചയമുള്ള ആറു പേരുടെ ദൂരമേ ഞങ്ങൾ തമ്മിൽ ഉള്ളൂ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇതൊരു തള്ളാണ് എന്ന് കരുതി തള്ളി കളയുന്നതിനു മുൻപ് അടുത്ത പാരഗ്രാഫ് കൂടി വായിക്കുക.
ഞാനും ബരാക്ക് ഒബാമയും തമ്മിൽ ഉള്ള ബന്ധം അറിയാൻ ബുദ്ധിമുട്ടായത് കൊണ്ട് ചോദ്യം വേറൊരു തരത്തിൽ ചോദിക്കാം. നമ്മുടെ പ്രിയ നടൻ ഇന്ദ്രൻസും ഈയടുത്ത് ഓസ്‌കാർ അവാർഡ് വേളയിൽ ക്രിസ് റോക്കിനെ തല്ലി കുപ്രസിദ്ധി നേടിയ വിൽ സ്മിത്ത് എന്ന പ്രശസ്ത ഹോളിവുഡ് നടനും തമ്മിൽ പരസ്പരം അറിയാനുള്ള സാധ്യത എന്താണ്? ഇവർ തമ്മിൽ നേരിട്ട് സ്വകാര്യ ബന്ധം ഇല്ല എന്ന് നമ്മൾ ഊഹിച്ചാൽ പോലും, രണ്ടുപേരും ഒരേ ഫീൽഡിൽ ജോലി ചെയ്യുന്നവരായത് കൊണ്ട് ഇത് കണ്ടു പിടിക്കാൻ എളുപ്പമാണ്. നമ്മൾ ആദ്യം ചെയ്യേണ്ടത് ചെയ്യേണ്ടത് ഇന്ദ്രൻസും വിൽ സ്മിത്തും ഒരുമിച്ച് ഒരേ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് നോക്കിയാൽ മതി. അവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ അവരുടെ ഇടയിലുള്ള ദൂരം, അഥവാ ഡിഗ്രി ഓഫ് സെപറേഷൻ ഒന്നാണ് എന്ന് പറയാം.
ഇന്ദ്രൻസും വിൽ സ്മിത്തും ഒരുമിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ലാത്തത് കൊണ്ട് ഇനി നമുക്ക് ഇന്ദ്രൻസിന്റെ കൂടെ അഭിനയിച്ച ആരെങ്കിലും വിൽ സ്മിത്തിന്റെ കൂടെ അഭിയനയിച്ചിട്ടുണ്ടെന്നോ എന്ന് നോക്കണം. അങ്ങിനെ ഒരാൾ ഉണ്ടെങ്കിൽ ഇവർ തമ്മിലുള്ള ഡിഗ്രി ഓഫ് സെപറേഷൻ രണ്ടാണ് എന്ന് വരും. ഇനി അങ്ങിനെയും ഒരാൾ ഇല്ലെങ്കിൽ ഇതേ പ്രവർത്തി തുടർന്ന് പോയി എത്ര ആളുകളുടെ പരിചയം കൊണ്ട് ഇന്ദ്രൻസും വിൽ സ്മിത്തും തമ്മിൽ ബന്ധം വരുമെന്ന് നോക്കാൻ എളുപ്പമാണ്. ലോകത്ത് ഒരു പരിചയവുമില്ലാത്ത രണ്ടുപേർ തമ്മിൽ ഇതുപോലെയുള്ള ഒരു ബന്ധം കണ്ടെത്താൻ ആറു പേരിൽ കൂടുതൽ ആളുകൾ വേണ്ടിവരില്ല എന്നതാണ് സിക്സ് ഡിഗ്രി ഓഫ് സെപ്പറേഷൻ എന്ന സിദ്ധാന്തം പറയുന്നത്. അതായത് ഇന്ദ്രൻസിനും വിൽ സ്മിത്തിനും ഇടയിൽ ഏറ്റവും കൂടിയാൽ ആറു സുഹൃത്തുക്കൾ മാത്രമാണ് ഉള്ളതെന്ന്. വിശ്വാസം ഇല്ലെങ്കിൽ നമുക്ക് ഇത് ശരിയാണോ എന്ന് നോക്കാം. ഇവർ അഭിനയിച്ച ചിത്രം, കൂടെ അഭിനയിച്ച അഭിനേതാവ് എന്നിങ്ങനെ താഴെ കൊടുത്തിരിക്കുന്നു.
ഇന്ദ്രൻസ് => അഭിനയിച്ചത് : കിലുക്കം കിലുകിലുക്കം => കൂടെ അഭിനയിച്ചത് : ശരത് സക്‌സേന => ശരത് സക്‌സേന അഭിനയിച്ച ചിത്രം The Great New Wonderful => കൂടെ അഭിനയിച്ചത് Will Arnett => Will Arnett അഭിനയിച്ച ചിത്രം : Men in blak 3 => കൂടെ അഭിനയിച്ചത് വിൽ സ്മിത്ത് 🙂
എന്ന് പറഞ്ഞാൽ ഇന്ദ്രൻസിനും വിൽ സ്മിത്തിനും ഇടയിൽ ഉള്ള ഡിഗ്രി ഓർ സെപ്പറേഷൻ വെറും 3 മാത്രമാണ്. ഇത് പക്ഷെ ഇത്ര എളുപ്പമായത് ഇവർ ഒരേ മേഖലയിൽ ജോലി ചെയുന്നവരായത് കൊണ്ടാണ്. ഏതാണ്ട് എല്ലാ മലയാള അഭിനേതാക്കളും ഹോളിവുഡ് അഭിനേതാക്കളും തമ്മിൽ ഇതുപോലെ മൂന്നു സുഹൃത്തുക്കളുടെ അകാലമേ ഉള്ളൂ. എല്ലാവരും ഇതുപോലെ പരസ്പരം ഇടപഴകുന്ന ഒരു ലോകത്ത് കണക്കുകൾ പ്രകാരം ലോകത്ത് എവിടെയും ഉള്ള രണ്ടുപേർ തമ്മിൽ വെറും ആറു സുഹൃത്തുക്കളുടെ ദൂരമേ ഉണ്ടാകാൻ പാടുള്ളൂ. കണക്ക് ലളിതമാണ്, നമുക്ക് ഒരു നൂറു പേരെ അറിയാം എന്ന് കരുതുക, നമ്മുടെ സുഹൃത്തുകൾക്ക് നമ്മൾ അല്ലാതെ, നമ്മളെ അറിയാത്ത വേറെ നൂറു സുഹൃത്തുക്കൾ ഉണ്ടെന്നും കരുതിയാൽ നമ്മൾ രണ്ടു പേരുടെ ഇടയിൽ തന്നെ പരിചയമുള്ള പതിനായിരം ആളുകൾ ആയി. ഇതുപോലെ 6 പ്രാവശ്യം ചെയ്‌താൽ ലോകത്ത് ഇന്നുള്ള ജനസംഖ്യയുടെ പല മടങ്ങു ആളുകൾ ആകും .
പക്ഷെ ഈ സിദ്ധാന്തത്തിനു നിങ്ങൾ പലരും ഊഹിച്ചത് പോലെ ഒരു പ്രശ്നമുണ്ട്. മേൽ പറഞ്ഞ പോലെ ഒരു നടന് വേറെ ഒരു നടനെയോ, ഒരു ഡോക്ർക്ക് വേറൊരു ഡോക്ടറെയോ അറിയുന്ന പോലെ ആയിരിക്കില്ല, ഒരു നടന് ഒരു ഡോക്ടറെ അറിയാൻ കഴിയുക. ഉദാഹരണത്തിന് നടൻ ഇന്ദ്രൻസിനു അമേരിക്കയിലെ പ്രശസ്ത ഡോക്ടർ ആയ ഒലിവർ സാക്സിനെ അറിയാമോ എന്ന് ചോദിച്ചാൽ ഒരു പക്ഷെ പണി പാളും കാരണം രണ്ടുപേരും തമ്മിൽ പൊതു സുഹൃത്തുക്കൾ ഉണ്ടാകാനുള്ള സാധ്യത കുറവാണു.
അതുകൊണ്ട് എന്താണ് പ്രശ്നം എന്ന് ചോദിച്ചാൽ ഇന്ദ്രൻസ് ആരാണ് എന്ന് ഒലിവർ സാക്സിനോ, ഒലിവർ സാക്‌സ് ആരാണ് എന്ന് ഇന്ദ്രൻസിനോ അറിയാൻ കഴിയാതെ പോകും എന്നതാണ്. അവർ തമ്മിൽ അറിഞ്ഞില്ലെങ്കിലും വലിയ പ്രശ്നം ഉണ്ടോ എന്ന് നിങ്ങൾ ചോദിച്ചേക്കാം, ഉണ്ടാകാൻ സാധ്യതയില്ല, പക്ഷെ ഒരു സമൂഹത്തിൽ ഒരുമിച്ചു ജീവിക്കുന്ന ആളുകളുടെ കാര്യത്തിൽ നമ്മൾ ഇതേ സിദ്ധാന്തം പ്രയോഗിച്ചാൽ ഉത്തരം വ്യത്യസ്തമായിരിക്കും.
നമ്മളിൽ പലരും ശീലങ്ങൾ കൊണ്ട് ചില മത വിശ്വാസങ്ങൾ പിന്തുടരുന്നവരോ, രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരോ ഒക്കെയാണ്. അമ്പലത്തിൽ ചെറുപ്പത്തിലേ പോയി ശീലിച്ചത് കൊണ്ട് ഹിന്ദുവും, ചെറുപ്പത്തിലേ പള്ളിയിൽ പോയി ശീലിച്ചത് കൊണ്ട് മുസ്ലിമും ക്രിസ്ത്യാനിയും , ചെറുപ്പത്തിൽ അച്ഛനോ അമ്മയോ കമ്മ്യൂണിസ്റ്റുകാർ ആയത് കൊണ്ട് കമ്മ്യൂണിസ്റ്റും ഒക്കെയായി വളരുന്നവരാണ്. ഖുർആൻ വായിച്ചു മുസ്ലിം ആവുന്നവരും, മാർക്സിനെയും മറ്റും വായിച്ചു കമ്മ്യൂണിസ്റ്റ് ആകുന്നവരും വളരെ ചുരുക്കമാണ്. നമുക്ക് മറ്റ് മതങ്ങളിൽ പെട്ട സുഹൃത്തുക്കൾ ഉള്ളത് കൊണ്ടും, മാറ്റ് രാഷ്ട്രീയ പാർട്ടികളിൽ ഉള്ള സഹപാഠികൾ ഉള്ളതുകൊണ്ടും ഒക്കെയാണ് അങ്ങിനെയുളളവരും നമ്മളെ പോലെ തന്നെയുള്ള സാധാരണ മനുഷ്യർ ആണെന്നും നമ്മളെ പോലെ സുഖ ദുഃഖങ്ങൾ ഉള്ള സാധാരണക്കാരനാണ് എന്ന തിരിച്ചറിവ് ഉള്ളത്. അതുകൊണ്ട് തന്നെ സുഹൃത്തുക്കൾ തമ്മിൽ നേരിട്ട് കാണുമ്പോൾ ഇങ്ങിയെന്നുള്ള മത രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ മറ്റുള്ളവരെ നമ്മളെ പോലെ മനുഷ്യരായി തന്നെ നമുക്ക് കാണാൻ കഴിയുന്നത്. അതുകൊണ്ടാണ് അവിശ്വാസിയായ ഞാൻ മുസ്ലിം സുഹൃത്തുക്കളുടെ വീട്ടിൽ നോമ്പ് തുറക്കുന്നതും, എന്റെ വീട്ടിൽ മറ്റു മതത്തിലെ സുഹൃത്തുക്കൾ വരുന്നതും, അമ്പലത്തിൽ ഗോമതി ഭരതനാട്യം കളിയ്ക്കാൻ പോകുമ്പോൾ കൂടെ പോകുന്ന എന്നെ സ്നേഹത്തോടെ അവർ സ്വീകരിക്കുന്നതും. പെരുന്നാളിനും ഓണത്തിനും ക്രിസ്തുമസിനും കൂട്ടുകാരുടെ വീട്ടിൽ പോകുന്നതും ഭക്ഷണം കഴിക്കുന്നതും അമ്പലത്തിൽ നാടകം കാണാൻ പോകുന്നതും തുടങ്ങി സർക്കാർ സ്കൂളിൽ ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിക്കുന്നത് വരെ ചെയ്യുന്നത് മനുഷ്വത്വത്തെ ഊട്ടിയുറപ്പിക്കലാണ്.
പക്ഷെ സോഷ്യൽ മീഡിയയിൽ വരുമ്പോ ഒരു ചെറിയ (വലിയ) പ്രശനമുണ്ട്, ആളുകൾ പരസ്പരം സംവദിക്കുന്നത് പരസ്പരം കണ്ടിട്ടല്ല. അതുകൊണ്ട് തന്നെ കമ്മി, കൊങ്ങി , സംഘി സുടാപ്പി തുടങ്ങിയ പേരിട്ട വിളിക്കുന്ന, നമുക്ക് ഇഷ്‌മില്ലാത്ത ആളുകളുടെ പോസ്റ്റുകൾ / കമന്റുകൾ വായിക്കുമ്പോൾ നമ്മൾ അവരെ നമ്മളിൽ പെട്ടവരല്ലാത്ത ആളുകളെയാണ് കാണുന്നത്. എനിക്ക് പരിചയമുള്ള, `ഇസ്ലാമോഫോബിയ ഉള്ള പല സംഘപരിവാർ സുഹൃത്തുക്കളും അടുത്ത് ഒരു മുസ്ലിം വീട് പോലുമില്ലാത്ത വളർന്നു, മനസിലെ ബയാസുകളെല്ലാം ഉറച്ചു കഴിഞ്ഞു ശത്രുപക്ഷത് മാത്രമായി മുസ്ലിങ്ങളെ കണ്ടു തുടങ്ങിയവരാണ്. അങ്ങിനെയല്ലാത്തവർ ഇല്ലെന്നല്ല, പക്ഷെ ചുരുക്കമാണ്, ഇത് എല്ലാവർക്കും ബാധകമാണ്, രാഷ്‌ടീയമായാലും, മതമായാലും.
രണ്ടു പേര് തമ്മിലുള്ള ഒരു പ്രശ്നം വരുമ്പോൾ രണ്ടുപേരുടെയും ഭാഗങ്ങൾ കേട്ട് മനസിലാക്കി പൊതുവായ , സമാധാനപൂർണമായ ഒരു നിലപാടിലേക്ക് വരാൻ ഒരു പൊതു സുഹൃത്ത് ആവശ്യമാണ്. നമ്മൾ ജീവിതത്തിലും സാമൂഹിളാ മാധ്യമങ്ങളിലും നമ്മുടേതായ ഇടങ്ങളിൽ ഒതുങ്ങി പോകുമ്പോൾ സംഭവിക്കുന്നത് ഇതുപോലെ രണ്ടുപക്ഷത്തും ഉള്ളത് സാധാരണ മനുഷ്യരാണ് എന്ന് അറിയുന്ന പൊതു സുഹൃത്തുക്കളുടെ അഭാവമാണ്.
എനിക്ക് ഇത് മനസിലാകുന്നത് വരെ ഉണ്ടായിരുന്ന ഒരു വൃത്തികെട്ട സ്വഭാവമായിരുന്നു സോഷ്യൽ മീഡിയയിൽ എനിക്ക് ഒരു തരത്തിലും യോജിക്കാതെ വരുന്ന പോസ്റ്റുകളും കമന്റുകളും ഇടുന്ന സുഹൃത്തുക്കളെ ഒഴിവാക്കുക എന്നത്. ഇപ്പോൾ പക്ഷെ എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്, ഒരാൾ അയാളായി മാറാൻ കാരണം അയാളുടെ ജനിതകവും സാമൂഹികവും ആയുള്ള ചുറ്റുപാടുകളാണ് എന്നും, അയാളെ ശത്രുപക്ഷത്ത് നിർത്തേണ്ട കാര്യമില്ലെന്നും, സാമൂഹിക വ്യവസ്ഥിതിയാണ് മാറ്റേണ്ടത് എന്നുമുള്ള ഒരു തിരിച്ചറിവ് വന്നിട്ട് അധികം നാളുകളായിട്ടില്ല.
ഞാൻ ചെയ്ത പോലെ ആളുകളെ ഒഴിവാക്കാൻ തുടങ്ങുമ്പോൾ , നമ്മൾ നമ്മളെ പോലുള്ളവരെ മാത്രം സുഹൃത്തുക്കളായി വയ്ക്കുന്നത് കൊണ്ട് സംഭവിക്കുന്നത് എന്താണെന്നു വച്ചാൽ നമ്മൾ എഴുതുന്ന പലതും വായിക്കുന്നത് നമ്മളെ പോലെ ചിന്തിക്കുന്നവർ മാത്രമാണ്, നമ്മൾ ആരെയാണോ മാറ്റാൻ ഉദേശിക്കുന്നത് , അവരുടെ അടുത്ത് നമ്മുടെ കാഴ്ചപ്പടുകൾ എത്തിപ്പെടുന്നു പോലുമില്ല. നമ്മൾ പറയുന്നത് കേട്ടാൽ അല്ലെ മാറണോ വേണ്ടയോ എന്നവർക്ക് തീരുമാനിക്കാൻ കഴിയുക. പലപ്പോഴും മാറ്റങ്ങൾ സംഭവിക്കുന്നത് വളരെ പതുക്കെയാണ്. വര്ഷങ്ങളുടെ വായനയിലൂടെയും മറ്റുമല്ലേ നമ്മൾ തന്നെ ഇന്ന് കാണുന്ന നമ്മളായത്. പലപ്പോഴും ഒരേ ഫീൽഡിൽ ജോലി ചെയ്യുന്ന , ഒരേ രാഷ്ട്രീയം പറയുന്ന , ഒരേ മതത്തിൽ പെട്ടവരെ ഒക്കെ മറ്റു ജോലികൾ ചെയ്യുന്ന , മതത്തിൽ പെട്ട മറ്റു രാഷ്ട്രീയ പാർട്ടിയിൽ പെട്ട ഗ്രൂപ്പുകളും ആയി ബന്ധിപ്പിക്കുന്നത് ഇതുപോലെ രണ്ടു വശത്തും ഉള്ളവരുടെ പൊതു സുഹൃത്തുക്കളാണ്, അവർ ഒരു പക്ഷെ നമ്മുടെ ചിന്തയുമായി യോജിച്ചു പോകുന്നവർ ആകണമെന്നില്ല. അതുകൊണ്ട് നമ്മുടെ പരിധിയിൽ ഇല്ലാത്ത ആ ആറാമത്തെ കൂട്ടുകാരനെ നനമുക്ക് നമ്മുടെ കൂടെ ചേർത്ത് നിർത്തേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്. മറ്റൊന്ന് ഒരു പക്ഷെ ഇങ്ങിനെയുള്ള ആളുകളുമായുള്ള ഇടപെടലുകൾ കൊണ്ട് നമ്മൾ ആയിരിക്കും മാറുന്നത്, മാറാതെ ഇരിക്കാൻ നമ്മൾ ജഡവസ്തുക്കളൊന്നും അല്ലല്ലോ. പരിസ്ഥിതി സംബന്ധപെട്ട കാര്യങ്ങളിലെല്ലാം ഞാൻ തന്നെ കുറെ മാറിയിട്ടുള്ളത് ഫേസ്ബുക്കിൽ നടന്ന പല ചർച്ചകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ്.
എനിക്ക് ഇപ്പോൾ ഏതാണ്ട് നാലായിരത്തി അഞ്ഞൂറ് സുഹൃത്തുക്കളാണ് ഉള്ളത്. ഇനി കുറച്ച് സുഹൃത്തുക്കൾ ആയി എന്നോട് രാഷ്ട്രീയമായും വിശ്വാസപരമായും എതിർചേരികളിൽ നിൽക്കുന്ന സുഹൃത്തുക്കളെ ചേർക്കണം എന്ന് കരുതുന്നു. ഇതിനു മുൻപ് സുഹൃത്തുക്കൾ ആയിരുന്ന, ഞാൻ നേരത്തെ പറഞ്ഞ എന്റെ പ്രശ്നം മൂലം ഞാൻ അണ്ഫ്രണ്ട് ചെയ്ത ആളുകളോട് റിക്വസ്റ്റ് അയക്കാൻ അപേക്ഷ.
ഇന്ത്യയിൽ ഫാസിസം തടഞ്ഞു നിർത്തുന്ന അവസാനത്തെ തുരുത്ത് ഇതേപോലെ തന്നെയോ ഇതിനേക്കാൾ സ്ട്രോങ്ങ് ആയി നിർത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്.അതിനു വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം.
എന്റെ പ്രിയ നടൻ ഇന്ദ്രൻസിനോടുള്ള സ്നേഹത്തോടെ….
അടിക്കുറിപ്പ് : 1. ഞാൻ ഈ പോസ്റ്റിൽ പറഞ്ഞ സിദ്ധാന്തം പരീക്ഷിക്കാൻ എളുപ്പമാണ്, നിങ്ങൾ ഫേസ്ബുക് അധികം ഉപയോഗിക്കാത്ത അല്ലെങ്കിൽ ഫേസ്ബുക്കിൽ എന്നെ വായിക്കാൻ സാധ്യതയില്ലാത്ത നിങ്ങളുടെ സുഹൃത്തുക്കളോട് എന്നെ അറിയാമോ എന്ന് ചോദിച്ച നോക്കുക, അവർക്ക് അറിയില്ല എങ്കിൽ അവരുടെ മറ്റു സുഹൃത്തുക്കളോട് എന്റെ പേര് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചു നോക്കാൻ പറയൂ. ഫേസ്ബുക്കിൽ ഉള്ളവർക്കു മൂന്നു സുഹൃത്തുക്കളിൽ കൂടുതൽ അകലം ഉണ്ടാകില്ല എന്നാണ് വയ്പ്പ്. ഫലം എന്തായാലും കമെന്റിൽ എഴുതിയാൽ ഉപകാരം. 2. രണ്ട് അഭിനേതാക്കൾ തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാൻ ഒരു വെബ്‌സൈറ്റ് ഉണ്ട്, നിങ്ങൾക്ക് ഇഷ്ടമുള്ള നടന്മാരുടെ പേര് ഒക്കെ ഉപയോഗിച്ച് നോക്കുന്നത് രസമാണ്, ചാർളി ചാപ്ലിനും പ്രേം നസീറും തമ്മിലുള്ള ബന്ധം അവർ അഭിനയിച്ച ചിത്രങ്ങൾ ഉപയോഗിച്ച് കണ്ടുപിടിക്കാം , ലിങ്ക് കമന്റിൽ)
Leave a Reply