
ട്രോളി പ്രശ്നം എന്നറിയപ്പെടുന്ന ലോകപ്രശസ്തമായ ഒരു ചിന്താപരീക്ഷണമുണ്ട്. വളരെ ലളിതമാണത്. ഡ്രൈവർ ഇല്ലാതെ, ഒരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു റെയിൽവേ ഒരു ട്രോളിയുടെ ബ്രേക്ക് തകരാറിലാകുന്നു. അത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ട്രാക്കിന്റെ അറ്റത്ത് അഞ്ച് ജോലിക്കാർ ജോലി ചെയ്യുന്നുണ്ട്, ഈ ട്രോളി നേരെ പോയാൽ അവർ കൊല്ലപ്പെടും.
പക്ഷെ നിങ്ങളുടെ കൈയിൽ ഒരു ലിവർ ഉണ്ട് എന്ന് കരുതുക. അത് വലിച്ചാൽ ഈ ട്രോളി വേറെയൊരു ട്രാക്കിലേക്ക് തിരിഞ്ഞു പോകും. ആ ട്രാക്കിൽ ഒരാൾ മാത്രമാണ് ജോലി ചെയ്യുന്നത്. നിങ്ങൾ എന്ത് ചെയ്യും?
ഏതാണ്ട് എല്ലാവരും ഒരേ ഉത്തരം നൽകുന്ന ഒരു ചോദ്യമാണിത്. നമ്മൾ ലിവർ വലിച്ച് ഒരാളെ ബലികൊടുക്കുകയും അഞ്ച് പേരെ രക്ഷിക്കുകയും ചെയ്യും എന്നാണ് ഭൂരിഭാഗവും പറയുക.
ഇനി ഇതിൽ ഒരു മാറ്റം വരുത്തി നോക്കാം. ഇത്തവണ നിങ്ങളുടെ കയ്യിൽ ലിവർ ഇല്ല. മറിച്ച് നിങ്ങൾ ഒരു പാലത്തിൽ നിൽക്കുന്നു, അതിന്റെ അടിയിലൂടെ ആണ് ഈ ട്രോളി കടന്നുപോകുന്നത്. നിങ്ങളുടെ മുന്നിൽ ഈ ട്രോളി വരുന്നതും നോക്കി ഒരു വലിയ തടിയൻ നിൽപ്പുണ്ട്, നിങ്ങൾ അയാളെ തള്ളി റെയിൽവേ ട്രാക്കിലേക്ക് ഇട്ടാൽ ഈ ട്രോളി അയാളുടെ ശരീരത്തിൽ ഇടിച്ച് പാളം തെറ്റുകയും നേരത്തെ പറഞ്ഞ പോലെ തന്നെ ഒരാൾക്ക് പകരം അഞ്ചുപേർ രക്ഷപെടുകയും ചെയ്യും. നിങ്ങൾ അയാളെ ട്രാക്കിലേക്ക് തള്ളിയിടുമോ? കർമ്മവും ഫലവും ഏതാണ്ട് ഒന്ന് തന്നെയാണെങ്കിലും ഭൂരിഭാഗം ആളുകളും ഇത്തവണ തടിയനെ പാളത്തിലേക്ക് തള്ളിയിടില്ല എന്ന നിലപാട് എടുക്കും. കാരണം നമ്മുടെ നേരിട്ടുള്ള ഒരു പ്രവർത്തി കാരണം നേരിട്ട് ഒരാൾ മരിക്കുക എന്നത് സാധാരണ ഗതിയിൽ മനുഷ്യന്റെ മനസിന് താങ്ങാനാവാത്ത ഒരു കാര്യമാണ്, പരോക്ഷമായി അത് അഞ്ചുപേരുടെ മരണത്തിനു കാരണം ആകുമെമെങ്കിൽ കൂടി.
ഇനി ഇതിന്റെ തന്നെ കുറച്ചു കൂടി വ്യത്യാസം ഉള്ള ഒരു ചോദ്യം ചോദിക്കാം. ഇത്തവണ നിങ്ങൾ ഒരു ഡോക്ടർ ആണെന്ന് കരുതുക. നിങ്ങളുടെ വാർഡിൽ അവയവദാനം പ്രതീക്ഷിച്ചു കിടക്കുന്ന നാലു രോഗികൾ ഉണ്ട്. ഒരാൾക്ക് ഹൃദയവും, രണ്ടാമന് കരളും, മൂന്നാമന് ശ്വാസകോശവും നാലാമന് വൃക്കയുമാണ് വേണ്ടത്. ഒരു ദാതാവിനെ കിട്ടാനുള്ള സാധ്യത തുലോം ചുരുക്കമാണ്, ഇവർ അടുത്ത ഒന്ന് രണ്ടു ദിവസങ്ങൾക്ക് ഉള്ളിൽ മരിച്ചു പോകും. അപ്പോഴാണ് നിങ്ങളെ കാണാൻ മറ്റൊരു രോഗി വരുന്നത്. അപ്പോൾ നിങ്ങൾക്ക് ഒരു ആശയം തോന്നുന്നു. എന്തുകൊണ്ട് ഇയാളെ മയക്കി കിടത്തി അയാളുടെ ആരോഗ്യമുള്ള അവയവങ്ങൾ എടുത്ത് മറ്റ് നാലുപേരെ രക്ഷിച്ചുകൂടാ? നിങ്ങൾ ചെയ്യുമോ? ചെയ്യില്ല എന്ന് ഏതാണ്ട് എല്ലാവരും പറയും എന്നെനിക്കറിയാം. കാരണം ഒരു മനുഷ്യന്റെ ജീവൻ അവന്റെ അവകാശമാണ്. കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിപോലും ഒരാളുടെ ജീവൻ എടുക്കാൻ ആർക്കും അവകാശമില്ല, ഒരു പക്ഷെ അയാൾ അതിനു സർവാത്മനാ സമ്മതം തന്നാൽ പോലും. കാരണം ജീവനു വിലയിടാൻ കഴിയില്ല, ഒരു നിശ്ചിത വില ഇടാതെ ഒരു ജീവന്റെ വില നാല് ജീവന്റെ വിലയേക്കാൾ കൂടുതലാണെന്നു പറയാനും കഴിയില്ല. ഒരു ജീവന് വിലയിടുന്നത് നമ്മളിൽ പലർക്കും ആലോചിക്കാൻ പോലുമാവില്ല.
പക്ഷെ യുക്തിപൂർവം ചിന്തിക്കുകയും സ്വതന്ത്ര കമ്പോളത്തെ പിന്തുണക്കുകയും ചിലരോട് ചോദിച്ചാൽ ഈ ചോദ്യത്തിന് ഒരു പക്ഷെ വ്യത്യസ്‍തമായ ഉത്തരം ലഭിക്കുമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ജീവന് വില ഇട്ടാണ് പലപ്പോഴും പല കോർപ്പറേറ്റ് തീരുമാനങ്ങളും എടുക്കപെടുന്നത്. ഒരാളെ കൊന്നു നാലുപേരെ രക്ഷിക്കണം എന്ന് വാദിക്കുന്ന ആളുകളെ പക്ഷെ പ്രത്യക്ഷത്തിൽ നമുക്ക് തിരിച്ചറിയാൻ കഴിയില്ല. അത് വ്യക്തം ആക്കാൻ നടന്ന ഒരു സംഭവം പറയാം.
സിഗരറ്റ് വലിക്കുന്നത് രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ തകർക്കുന്നു എന്ന ചെക്ക് റിപ്പബ്ലിക്കിന്റെ പരാതിയോട് പ്രതികരിക്കവേ ലോകത്തിലെ പ്രമുഖ സിഗരറ്റ് നിർമാതാക്കളും ചെക്ക് റിപ്പബ്ലിക്കിൽ സിഗരറ്റ് വില്പന നടത്തുകയും ചെയ്യുന്ന ഫിലിപ്പ് മോറിസ് എന്ന കമ്പനി രണ്ടായിരത്തി ഒന്നിൽ ഒരു പഠന റിപ്പോർട്ട് പുറത്തു വിട്ടു. അതിൻപ്രകാരം ആളുകൾ സിഗരറ്റ് വലിക്കുന്നത് കൊണ്ട് ചെക്ക് റിപ്പബ്ലിക്കിന് വലിയ ലാഭമാണ് ഉള്ളത് കാരണം സിഗരറ്റ് വലിക്കുന്ന ആളുകൾ സിഗരറ്റ് വലിക്കാത്ത ആളുകളെക്കാൾ അഞ്ചു വർഷം മുൻപ് മരിച്ചുപോകും. അത്രയും നാളത്തെ ആരോഗ്യ പരിപാലനം, പെൻഷൻ, സോഷ്യൽ സെക്യൂരിറ്റി തുക, പാർപ്പിട ചിലവ് എന്നിവ കൂട്ടിയാൽ ഒരു വർഷം നൂറ്റി നാല്പത്തി ഏഴു മില്യൺ ഡോളർ ലാഭിക്കാം എന്നായിരുന്നു ഫിലിപ്പ് മോറിസ് അവരുടെ പഠനത്തിൽ ചൂണ്ടിക്കാണിച്ചത്. അതുകൊണ്ട് പുകവലി പ്രോത്സാഹിപ്പിച്ചല്ലെങ്കിലും സിഗരറ്റിനു വലിയ നികുതി ഏർപ്പെടുത്തുന്നത് ശരിയല്ല എന്നായിരുന്നു അവരുടെ വാദം. യുക്തിയും സ്വതന്ത്ര വിപണിയുടെ ലോജിക്കും വച്ച് നോക്കുമ്പോൾ ഇത് ന്യായമായ വാദമായി തോന്നാം. പക്ഷെ ലോകത്ത് വലിയ കോളിളക്കം ഉണ്ടാക്കിയ ഒരു റിപ്പോർട്ട് ആയിരുന്നു ഇത്. അവസാനം ഫിലിപ്പ് മോറിസ് ഈ റിപ്പോർട്ട് പിൻവലിച്ചു മാപ്പ് പറഞ്ഞു.
സ്വതന്ത്ര വിപണിയുടെ യുക്തി എല്ലാകാലത്തും എല്ലാ സാഹചര്യങ്ങളിലും ശരിയാവില്ല എന്ന് പറയാൻ വേണ്ടിയാണു ഞാനീ ഉദാഹരണങ്ങൾ എല്ലാം പറഞ്ഞത്. ഇതിനർത്ഥം ഞാൻ മുതലാളിത്തത്തിന് പൂർണമായും എതിരാണ് എന്നല്ല. പക്ഷെ അത് വ്യക്തമാക്കാൻ മുതലാളിത്തം കൊണ്ട് ഞാൻ എന്താണ് ഉദേശിക്കുന്നത് എന്ന് കൂടി പറയേണ്ടി വരും. ഏറ്റവും ലളിതമായി ഒരു മുതലാളിത്ത വ്യവസ്ഥയിൽ താഴെ പറയുന്ന കാര്യങ്ങൾ സംഭവിക്കുന്നു.
1. ഒരു വ്യക്തിക്ക് ഒരു പുതിയ ആശയം ഉണ്ടാകുന്നു. ഉദാഹരണത്തിന് എലോൺ മാസ്‌ക് തനിയെ ഓടുന്ന ഇലക്ട്രിക്ക് കാറിന്റെ ആശയം മനസ്സിൽ വരുന്നു. അയാൾ ഒരു കമ്പനി തുടങ്ങുന്നു.
2. നിക്ഷേപകർ ഈ ആശയത്തിൽ ആകൃഷ്ടർ ആയി ഈ കമ്പനിയിൽ പണം നിക്ഷേപിക്കുന്നു. കമ്പനിയുടെ ഉത്പന്നം ആളുകൾ വാങ്ങുകയും കമ്പനിക്ക് ലാഭം ഉണ്ടാവുകയും ചെയ്യുന്നു. ഇതേപോലുള്ള പല തരത്തിലുള്ള ഉത്പന്നങ്ങൾ മാർക്കറ്റിൽ ഉണ്ടെങ്കിൽ ആളുകളുടെ ആവശ്യം അനുസരിച്ച് ഉത്പന്നം വിട്ടുപോവുന്നത് കൊണ്ട് ചില കമ്പനികൾക്ക് കൂടുതലും ചില കമ്പനികൾക്ക് കുറവും ലാഭം ലഭിക്കുന്നു.
3. ഇനി വേറെ ഒരാൾ പുതിയ ഒരു ആശയവുമായി വരുമ്പോൾ മേല്പറഞ്ഞ കമ്പനിയുടെ ഉൽപ്പന്നത്തിന് വില കുറയുകയും, കമ്പനി പൂട്ടിപ്പോവുകയോ, വേറെ ഉലപന്നങ്ങൾ ഉണ്ടാകുന്നതിലേക്ക് തിരിയുകയോ ചെയുന്നു.
4. ഏറ്റവും നല്ല ആശയം ഉള്ള, ഏറ്റവും നന്നായി കമ്പനി നടത്തിക്കൊണ്ടു പോകുന്ന കമ്പനി കൂടുതൽ ലാഭം ഉണ്ടാക്കുന്നു.
ഓർക്കുക ഇവിടെ പുതിയ, ആശയവും, അതിനു വേണ്ടിയ ഗവേഷണവും , എല്ലാം സ്വകാര്യ ചെലവിലാണ് നടക്കുന്നത്.
പക്ഷെ ലോകത്ത് പലപ്പോഴും പലരും മുതലാളിത്തം എന്ന് തെറ്റിദ്ധരിക്കുന്ന ഒന്നാണ് ചങ്ങാത്ത മുതലാളിത്തം.
ഇത് പ്രവർത്തിക്കുന്നത് താഴെ പറയുന്ന പോലെയാണ്. ആദ്യത്തെ രണ്ടു ഘട്ടങ്ങളും ഒരേപോലെയാണ് അതുകഴിഞ്ഞാണ് ഇത് മാറുന്നത്.
1. ഒരു വ്യക്തിക്ക് ഒരു പുതിയ ആശയം ഉണ്ടാകുന്നു. ഉദാഹരണത്തിന് എലോൺ മാസ്‌ക് തനിയെ ഓടുന്ന ഇലക്ട്രിക്ക് കാറിന്റെ ആശയം മനസ്സിൽ വരുന്നു. അയാൾ ഒരു കമ്പനി തുടങ്ങുന്നു.
2. നിക്ഷേപകർ ഈ ആശയത്തിൽ ആകൃഷ്ടർ ആയി ഈ കമ്പനിയിൽ പണം നിക്ഷേപിക്കുന്നു. കമ്പനിയുടെ ഉത്പന്നം ആളുകൾ വാങ്ങുകയും കമ്പനിക്ക് ലാഭം ഉണ്ടാവുകയും ചെയ്യുന്നു.
3. ഈ പണം ഉപയോഗിച്ച് കമ്പനി സർക്കാരിനെയും രാഷ്ട്രീയ പാർട്ടികളെയും സ്വാധീനിക്കുന്നു. നികുതി ഇളവ് , ഈ കമ്പനിയുടെ മാത്രം ഉൽപ്പന്നം ഉപയോഗിക്കാൻ വേണ്ടി സർക്കാരിനെ കൊണ്ട് തീരുമാനം എടുപ്പിക്കൽ തുടങ്ങി അനേകം മേഖലകളിൽ ഇടപെടാനും, തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനാം എടുക്കാൻ സാധ്യതയുള്ള രാഷ്ട്രീയപാർട്ടിക്കൾക്ക് ആവശ്യാനുസരണം പണം പല വഴികളിലൂടെ സംഭാവന നൽകുന്നു. ഇത്തരം പണം ലഭിക്കുന്നത് കൊണ്ട് പലപ്പോഴും പൊതുമേഖലയിലെ ഗവേഷണങ്ങൾ ലാഭം ഇല്ലാതെ ഉപയോഗിക്കാനും, ഇറക്കുമതി നികുതികൾ ഇളവ് ചെയ്തു കൊടുക്കാനും രാഷ്ട്രീയക്കാർ മത്സരിക്കും. അമേരിക്കയിൽ ലോബ്ബിയിങ് എന്ന ഓമനപ്പേരിൽ ആണിത് അറിയപ്പെടുന്നത്. പരസ്യമായ കൈക്കൂലി എന്നും പറയാം. അമേരിക്കയിൽ റെയിൽവേ ശൃംഖല യൂറോപ്പിലെ പോലെ വ്യാപകം അല്ലാത്തതിന്റെ ഒരു കാരണം കാർ നിർമാതാക്കളുടെ ലോബ്ബിയിങ് കൊണ്ടാണെന്നു കേട്ടിട്ടുണ്ട്.
ഇനി ഏതെങ്കിലും കാരണം കൊണ്ട് ഈ കമ്പനിയുടെ ഉത്പന്നം ആളുകൾ വാങ്ങാതെ ഈ കമ്പനി സ്വാഭാവികമായി തകർച്ച നേരിട്ടാൽ സർക്കാർ നികുതിദായകരുടെ പണം ഉപയോഗിച്ച് ഈ കമ്പനികളുടെ ലോൺ എഴുതി തള്ളുകയോ, ഇവർക്ക് പണം സഹായമായി നൽകുകയോ ചെയ്യും.
മേല്പറഞ്ഞ സംഭവം എന്റെ ജീവിതത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. 2008 ൽ അമേരിക്കയിലെ വിപണി തകർന്നടിഞ്ഞ സമയത്ത് നഷ്ടം ഉണ്ടാക്കി തകരാൻ പോയ ഞാൻ ജോലി ചെയ്തിരുന്ന ബാങ്കിനെ അമേരിക്കൻ നികുതിദായകരുടെ പണം ഉപയോഗിച്ച് അമേരിക്കൻ സർക്കാർ രക്ഷിച്ചെടുക്കുകയായിരുന്നു. ഇത്രയും പണം സർക്കാരിന്റെ കയ്യിൽ നിന്ന് കിട്ടിയ അക്കൊല്ലമാണ് എനിക്ക് ഏറ്റവും കൂടുതൽ ബോണസ് ലഭിച്ചത്, എന്റെ ബാങ്ക് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയെങ്കിലും പോലും.
4. ഏറ്റവും അഴിമതി നിറഞ്ഞ ഏറ്റവും നന്നായി സർക്കാരിനെയും രാഷ്ട്രീയ പാർട്ടികളെയും അവിഹിതമായി സ്വാധീനിക്കുന കമ്പനികൾ തഴച്ചു വളരും, പുതിയ ആശയങ്ങളുമായി വരുന്ന മറ്റു പുതിയ കമ്പനികൾ ഇത്തരം സർക്കാർ സഹായത്തോടെ നിലനിൽക്കുന്ന വലിയ കമ്പനികളോട് പിടിച്ചു നില്ക്കാൻ വയ്യാതെ സ്ഥലം വിടും.
ചിലരെങ്കിലും ഇത്തരം ചങ്ങാത്ത മുതലാളിത്തത്തെ ശരിയായ മുതലാളിത്തം ആയി തെറ്റിദ്ധരിച്ച് അവർക്ക് വേണ്ടി വാദിച്ചു കാണാറുണ്ട്,
ഇനി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്‌സിന് പല വിലയിട്ട കഥയിലേക്ക് വരാം.
1. സ്വതന്ത്ര വിപണി മുറുകെ പിടിക്കുന്നവർ വാദിക്കുന്നത് ഒന്നിൽ കൂടുതൽ കമ്പനികൾ പലതരം വാക്‌സിനുകൾ വികസിപ്പിക്കുകയും വിതരണം നടത്തുകയും വഴി വിപണിയിൽ മത്സരം ഉണ്ടാകുമെന്നും അതുവഴി വിലകുറയുമെന്നും ആണ്. കേരളത്തെ കുറ്റം പറയാൻ വേണ്ടി നിയമിതനായ കേന്ദ്രമന്ത്രിയും അത് തന്നെയാണ് പറഞ്ഞത്. പക്ഷെ ഞാൻ ആദ്യം പറഞ്ഞ ഉദാഹരണത്തിൽ കണ്ടത് പോലെ ഇപ്പോഴും സ്വതന്ത്ര മാർക്കറ്റ് സിദ്ധാന്തം പ്രവർത്തിക്കണം എന്നില്ല, പ്രത്യേകിച്ച് ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും. അതുകൊണ്ടാണ് ലോകത്തിലെ വലിയ മുതലാളിത്ത രാജ്യങ്ങളിൽ പലതിലും വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും പ്രധാനമായും സർക്കാർ നിയന്ത്രണത്തിൽ ഉള്ളത്. പല കമ്പനികൾ തമ്മിൽ മത്സരിച്ച് വില കുറഞ്ഞു വരുമ്പോഴേക്കും പണക്കാരായ ഭൂരിഭാഗം ആളുകളും കൂടിയ വിലയ്ക്ക് വാക്‌സിൻ എടുക്കുകയും, കുറഞ്ഞ വില കാത്ത് നിൽക്കുന്ന ദരിദ്രരിൽ ഒരു ഭാഗം കൊറോണ വന്നു മരിക്കുകയും ചെയ്യും. ജനങ്ങൾ ഉള്ളിടത്തോളം മാത്രമാണ് സോഷ്യലിസം, മുതലാളിത്തം എന്നൊക്കെ ഉള്ള വാദങ്ങൾ, ജനങ്ങൾ മരിച്ചുവീഴുന്നയിടത്ത് മുതലാളിത്തമാണോ സോഷ്യലിസമാണോ നല്ലത് എന്ന ചർച്ച തന്നെ അസ്ഥാനത്താണ്.
2. ബ്രിട്ടനിലെ പൊതുജനങ്ങളുടെ പണം കൊണ്ട് പ്രവർത്തിക്കുന്ന ഓസ്‌ഫോർഡ് സർവകലാശാല ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിൻ ഗവേഷണം നടത്തി കണ്ടുപിടിച്ചത്. ഇത് സൗജന്യമായി ലോകത്തിലെ എല്ലാ വാക്‌സിൻ നിർമ്മാതാക്കൾക്കും കൊടുക്കാനിരുന്ന അവരെ ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ആണ് AstraZeneca യും ആയി ബന്ധപ്പെടുത്തുന്നത്. കൊറോണ കഴിയുന്നത് വരെ ലാഭം എടുക്കാതെ വാക്‌സിൻ നിർമിച്ച് നൽകണം എന്നായിരുന്നു കരാർ. കൊറോണ മഹാമാരി കഴിഞ്ഞുള്ള സമയത്ത് ഈ വാക്‌സിൻ വില്പന വഴി അവർക്ക് ലാഭം എടുക്കാൻ തടസമില്ല. ഇന്ത്യയിൽ AstraZeneca വാക്‌സിൻ ഉണ്ടാക്കാൻ വേണ്ടി കരാറിൽ ഏർപ്പെട്ട ഒരു കമ്പനി മാത്രമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്. ഞാൻ അവരെ വിലകുറച്ചു കാണുകയല്ല, ലോകത്തിലെ വലിയ വാക്‌സിൻ നിർമാതാക്കൾ തന്നെയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്, പക്ഷെ കോവിഡ് വാക്‌സിന്റെ കാര്യത്തിൽ ഗവേഷണം നടത്തിയതും വാക്‌സിൻ കണ്ടുപിടിച്ചതും ഒരു പൊതുമേഖലാ സർവകലാശാലയാണ്. അമേരിക്കയിലും സ്ഥിതി വിഭിന്നമല്ല. ഫൈസർ വാക്‌സിന്റെ പിറകിലുള്ള ആശയവും അമേരിക്കൻ സർക്കാരിന്റെ വിഭാഗം ആയ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടുപിടിച്ച ഒന്നാണ്. വാക്‌സിൻ ഉണ്ടാക്കാൻ തുടങ്ങിക്കഴിഞ്ഞു പക്ഷെ AstraZeneca , Pfizer തുടങ്ങിയ കമ്പനികളൊക്കെ ലാഭം ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിലാണ്, അമേരിക്കയിൽ സർക്കാർ വില നൽകി വാങ്ങുന്നത് കൊണ്ട് ഇവിടുള്ളവർ അറിയുന്നില്ല എന്ന് മാത്രം.
3 . മറ്റൊന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ നിർമിക്കാൻ വേണ്ടി സർക്കാർ ചെയ്ത സഹായങ്ങളാണ്. അവർക്ക് ഇറക്കുമതി ഇളവ് ചെയ്തു കൊടുത്തതല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഏതാണ്ട് മൂവ്വായിരം കോടി രൂപ നൽകിയിട്ടുണ്ട്. ഇതൊന്നും മുതലാളിത്ത വ്യവസ്ഥിതിയുടെ പരിധിയിൽ വരുന്നതല്ല. (നിങ്ങൾ ഒരു കാർ വാങ്ങാൻ പണം കൊടുത്ത് സഹായിച്ചിട്ടു ആ കാറിൽ സഞ്ചരിക്കാൻ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ചോദിച്ചാൽ നിങ്ങൾക് എന്ത് തോന്നുമോ അത് തന്നെയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടി നോക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും തോന്നേണ്ടത്.)
അപ്പോൾ അവർ ലാഭം ഉണ്ടാക്കേണ്ട എന്നാണോ? ഒരിക്കലും അല്ല. സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി തന്നെ മുൻപ് പറഞ്ഞത് നൂറ്റി അൻപത് രൂപയ്ക്ക് വാക്‌സിൻ വിട്ടാലും അവർ ചെറിയ ലാഭം ഉണ്ടാക്കുന്നു എന്നാണ്. ഇനി 150 രൂപയ്ക്ക് വിറ്റാൽ ലാഭം ഇല്ല എന്ന് തന്നെ കരുതുക. മാത്രമല്ല വിൽക്കുന്ന പൈസയുടെ 50% AztrZeneca യ്ക്ക് റോയൽറ്റി ആയി കൊടുക്കണം എന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് (ഓക്സ്ഫോർഡ് സർവകലാശാല വാക്‌സിൻ സാങ്കേതിക വിദ്യ കൈമാറുന്നതിന് വേണ്ടി പറഞ്ഞ നിബന്ധനയോടെ ഖണ്ഡനം ആണിത്, എങ്ങിനെയാണ് ഇത് ഓക്സ്ഫോർഡ് സമ്മതിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല.) . അതും കൂടി കണക്കാക്കിയാൽ സീറം ഇന്സ്ടിട്യൂട്ടിനു ഒരു വാക്‌സിൻ ഉണ്ടാക്കാൻ ഏതാണ്ട് 75 രൂപയാണ് ചില്വ് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നമ്മൾ കണക്കുകൂട്ടി നോക്കിയാൽ..
കേന്ദ്ര സർക്കാരിന് വിൽക്കുമ്പോൾ :
സംസ്ഥാന സർക്കാരുകൾക്ക് വിൽക്കുമ്പോൾ :
വാക്‌സിൻ വില : 400
ഉത്പാദ ചിലവ് : 75
റോയൽറ്റി : 200
ലാഭം : 125 ( 45% ശതമാനം ലാഭം)
സ്വകാര്യ പാർട്ടികൾക്ക് വിൽക്കുമ്പോൾ :
വാക്‌സിൻ വില : 600
ഉല്പാദന ചിലവ് : 75
റോയൽറ്റി : 300
ലാഭം : 225 (60% ശതമാനം ലാഭം).
(മുകളിൽ കാണുന്ന ലാഭം വളരെ തുച്ഛമായി തോന്നുമെങ്കിലും ഇന്ത്യയിലെ ജനസംഖ്യയുടെ പകുതി കൊണ്ട് ഗുണിച്ചുനോക്കുമ്പോൾ സംസ്ഥാന സർക്കാരുകൾക്ക് വിറ്റാൽ പതിനേഴായിരം കോടിയും സ്വാകാര്യ പാർട്ടികൾക്ക് വിറ്റാൽ മുപ്പത്തിഒന്നായിരം കോടി രൂപയും ലാഭം ഇതിൽ നിന്ന് കമ്പനികൾ ഉണ്ടാകുന്നതായി കാണാം. )
ഇനി പറയൂ നിങ്ങളാണ് ഈ കമ്പനി നടത്തുന്നത് എങ്കിൽ കൂടുതൽ വാക്‌സിൻ പതിനേഴായിരം കോടി ലാഭം കിട്ടുന്ന സംസ്ഥാന സർക്കാരുകൾക്ക് നൽകുമോ അതോ മുപ്പത്തിഒന്നായിരം കോടി രൂപ ലാഭം കിട്ടുന്ന സ്വകാര്യ കമ്പനികൾക്ക് നൽകുമോ? ഉത്തരം ഈ കമ്പനി ജനങ്ങളുടെ ജീവന് എത്ര വിലയിടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയപാർട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ എത്ര പണം ഇവരുടെ കയ്യിൽ നിന്ന് ലഭിക്കും എന്നതിനെയും …
Leave a Reply