
ഒരു ജൂൺ മാസത്തിലാണ് ഞാൻ സ്വീഡനിൽ ജോലിക്ക് വേണ്ടി എത്തപ്പെട്ടത്. ആദ്യമായി എത്തിയ വിദേശ രാജ്യവുമായി ഇഴുകി ചേരാൻ ഉള്ള ബുദ്ധിമുട്ടുകളിൽ ഏറ്റവും പ്രധാനം ദിവസത്തിന്റെ ദൈർഘ്യം ആയിരുന്നു. ഉത്തരാർദ്ധഗോളത്തിൽ ആർട്ടിക് വൃത്തത്തിനു അടുത്ത് കിടക്കുന്ന രാജ്യമായത് കൊണ്ട് രാവിലെ മൂന്നര മണിക്ക് സൂര്യനുദിക്കും. രാത്രി ഒൻപത് മണിക്കോ മറ്റോ ആണ് സൂര്യാസ്തമയം. താമസിക്കുന്ന ഹോട്ടൽ റൂമിൽ ജനലുകളിൽ വെളിച്ചം തടയുന്ന നല്ല കർട്ടനുകൾ ഉള്ളത് കൊണ്ട് രാവിലെ ആണോ രാത്രി ആണോ എന്നൊന്നും അറിയാൻ കഴിയില്ല. ഓഫീസിലിരുന്നാൽ വൈകിട്ട് അഞ്ചുമണിക്ക് നമ്മുടെ നാട്ടിലെ നട്ടുച്ച പോലെ തോന്നും. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ പകുതിക്ക് ജോലി നിർത്തി വീട്ടിലേക്ക് പോകുന്ന ഒരു ഫീൽ വരും.
നോർവെ, സ്വീഡൻ, ഫിൻലൻഡ് തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ വടക്കു ഭാഗം ഉത്തരധ്രുവത്തിനടുത്തായത് കൊണ്ട് വേനൽകാലത്ത് അവിടെ മാസങ്ങളോളം സൂര്യൻ അസ്തമിക്കാതെ നില്കും. മഞ്ഞുകാലത്ത് മാസങ്ങളോളം സൂര്യൻ ഉദിക്കുകയും ചെയ്യില്ല. ജൂൺ ഇരുപതാം തീയതിയോട് അടുത്ത് സ്റ്റോക്ക്ഹോമിൽ ഏറ്റവും ദീർഘമായ ദിവസം വരുന്ന ആഴ്ച വാട്ടർ ഫെസ്റ്റിവൽ എന്ന പേരിൽ സംഘടിപ്പിക്കുന്ന വാട്ടർ ഫെസ്റ്റിവൽ എന്ന ഒരു വലിയ ആഘോഷത്തിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.
ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ റംസാൻ നോമ്പ് ജൂൺ മാസത്തിൽ വന്നു പെട്ടാൽ എന്ത് ചെയ്യും എന്ന് എനിക്ക് വലിയ സംശയമായിരുന്നു. ഞാൻ സ്ഥിരമായി ഇന്ത്യൻ ഭക്ഷണം കഴിക്കാൻ പോകുന്ന ഒരു ബംഗ്ലാദേശി കട നടത്തുന്ന ഒരു മുസ്ലിം സുഹൃത്താണ് ആ സംശയം തീർത്തു തന്നത്. ഖുർആനിൽ ഇതിനെ കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷെ ഉത്തരധ്രുവത്തിൽ മുസ്ലിങ്ങൾ ജീവിക്കാൻ തുടങ്ങിയതിനു ശേഷം ആരോ ഇക്കാര്യം ചൂണ്ടിക്കാണിച്ച ശേഷം പുറപ്പെടുവിച്ച ഒരു ഫത്വ പ്രകാരം ഇവിടെയുള്ള മുസ്ലിങ്ങൾക്ക് മൂന്ന് ഓപ്‌ഷൻസ് ആണുള്ളത്. ഒന്നുകിൽ സൂര്യൻ പ്രാദേശികമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമയം നോക്കി ഏതാണ്ട് പത്തൊൻപത് മണിക്കൂർ നോമ്പ് പിടിക്കുക. പക്ഷെ ഇത് കഠിനം ആണെന്ന് മാത്രമല്ല, സൂര്യൻ അസ്തമിക്കാത്ത ഇടങ്ങളിൽ പ്രായോഗികവും അല്ല. അങ്ങിനെ ഉള്ളവർക്ക് അടുത്തുള്ള ഏതു രാജ്യത്താണോ സൂര്യൻ അസ്തമിക്കുന്നത് ആ സമയം പിന്തുടരാം. മൂന്നാമത്തെ ഓപ്ഷൻ മെക്കയിൽ സൂര്യൻ ഉദിക്കുകയൂം അസ്തമിക്കുകയും ചെയ്യുന്ന സമയം പിന്തുടരുക എന്നുള്ളതാണ്. ഈ മൂന്നാമത്തെ ഓപ്ഷൻ ആണ് ഭൂരിഭാഗം ആളുകളും പിന്തുടരുന്നത്.
ആലോചിച്ചു നോക്കുമ്പോൾ നമുക്ക് മനസിലാകുന്നത് വിശാലമായ ഈ പ്രപഞ്ചം എങ്ങിനെ സൃഷിക്കപ്പെട്ടു എന്നൊക്കെ അറിയാവുന്ന, അതൊക്കെ വിശുദ്ധ ഗ്രന്ഥങ്ങളിൽ എഴുതി വച്ചിട്ടുള്ള ആളുകൾക്ക് പക്ഷെ ഈ ഭൂമിയിൽ തന്നെ ചില ഭാഗങ്ങളിൽ ചില ദിവസങ്ങളിൽ സൂര്യൻ ഒരിക്കലും അസ്തമിക്കാതെ നിൽക്കുന്ന സ്ഥലങ്ങൾ ഉണ്ടായിരുന്നു എന്നറിയില്ലായിരുന്നു എന്നതാണ്. വസ്ത്ര ധാരണത്തിലും ഭക്ഷണ കാര്യത്തിലും എല്ലാം ഇത്തരം പ്രാദേശിക അറിവുകളോ അറിവില്ലായ്‍മയോ മതത്തിന്റെ ഭാഗമായി വരുന്നത് കാണാം. മതം ഉണ്ടാക്കിയവരുടെ പ്രപഞ്ചം, അവരുടെ ചുറ്റുപാടുമുള്ള , അവർക്ക് എത്തിപ്പെടാൻ കഴിയുന്ന പ്രദേശങ്ങൾ മാത്രമായിരുന്നു.
നോമ്പ് പിടിക്കുന്നത് മറ്റുള്ളവന്റെ വിശപ്പറിയാനുള്ള ഒരു മാർഗമായാണ് നിർദേശികപ്പട്ടിട്ടുള്ളത് എന്നാണ് എന്റെ അറിവ്. പക്ഷെ ഇസ്ലാമിക ലോകത്ത് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ ഭക്ഷണ ശേഖരണവും വിതരണവും നടക്കുന്നത് നോമ്പ് കാലത്താണ് എന്നത് ഒരു വിരോധാഭാസമാണ്. കാരണം സൂര്യാസ്തമയം കഴിഞ്ഞു സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള ഒരു അവസരമായിട്ടാണ് ചിലർ നോമ്പ് കാലത്തേ കാണുന്നത്. റംസാൻ മാസത്തിൽ UAE യിൽ മാത്രം ഭക്ഷണ വേസ്റ്റ് അറുപത് ശതമാനത്തിൽ കൂടുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഭക്ഷണത്തിൽ മിതത്വം പാലിച്ചാൽ ഈ വേസ്റ്റ് ഒഴിവാക്കാവുന്നതാണ്. അല്ലെങ്കിൽ നോമ്പ് പിടിക്കാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലതെന്നു പറയേണ്ടി വരും. അധികം ഭക്ഷണം ചിലവാകാതെ വന്നാൽ പാവപ്പെട്ടവർക്ക് വിലകുറച്ചു ഭക്ഷണം ലഭിക്കും.
ഇങ്ങിനെയൊക്കെ പറയുമെങ്കിലും നോമ്പെടുക്കാത്ത, എന്നാൽ പല ജാതിമതങ്ങളിൽ പെട്ട കൂട്ടുകാരുമായി ഒരുമിച്ചുള്ള നോമ്പുതുറ ഇഷ്ടപെടുന്ന, അടുത്തുള്ള അമ്പലത്തിൽ നിന്ന് വൃശ്ചിക മാസത്തിൽ അയ്യപ്പഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ കുളിരു കോരുന്ന, പരിശുദ്ധാത്മാവേ എന്ന യേശുദാസിന്റെ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറയുന്ന, ഒരു വിചിത്ര നിരീശ്വരവാദിയാണ് ഞാൻ. നമ്മളെല്ലാം നമ്മൾ വളർന്നു വന്ന സാഹചര്യങ്ങളുടെ ഉത്പന്നങ്ങൾ ആണല്ലോ.
അപ്പോൾ വിശ്വാസികളായ എല്ലാ സുഹൃത്തുകൾക്കും എന്റെ റംസാൻ വ്രതാശംസകൾ.
Leave a Reply