അമ്മയാകണോ?

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ  അമേരിക്കൻ നഗരങ്ങൾ നേരിട്ടിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു  വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ തുടങ്ങി ലഹരി മരുന്നുകച്ചവടം വരെയുള്ള അക്രമസംഭവങ്ങൾ 1960 മുതൽ കുതിച്ചുയരാൻ തുടങ്ങി. 1960 ൽ ന്യൂ യോർക്ക് നഗരത്തിൽ 482 കൊലപാതകങ്ങൾ നടന്നിടത്ത് 1990 ൽ 2245 പേര് കൊല്ലപ്പെട്ടു. വെടിവെപ്പിൽ ആളുകൾ കൊല്ലപ്പെടുന്നത് നിത്യസംഭവമായി. ഇങ്ങിനെ പോയാൽ ന്യൂ യോർക്ക് താമസിക്കാൻ പറ്റാത്ത ഒരു നഗരമാകുമെന്നു വിദഗ്ദന്മാർ അഭിപ്രായപ്പെട്ടു. 

കൗമാരപ്രായക്കാരായിരുന്നു കുറ്റവാളികളിൽ കൂടുതലും. എളുപ്പം വിലയ്ക്ക് വാങ്ങാവുന്ന തോക്ക് കാട്ടി ഇവർ ആളുകളെ ഭയപ്പെടുത്തി പണം വാങ്ങി. കൊടുക്കാത്തവരെ വെടിവെച്ചു കൊന്നു. മിക്ക കുട്ടികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ലഹരി മരുന്ന് വില്പനയും , തോക്ക് കാണിച്ചു പണം പിടിച്ചു വാങ്ങലും ആയിരുന്നു ഇവർക്ക് എളുപ്പത്തിൽ വരുമാനം കണ്ടെത്താനുള്ള ഒരു മാർഗം.  ക്ലിന്റൺ പ്രെസിഡന്റായി ചുമതല ഏറ്റെടുത്ത സമയമായിരുന്നു. ഈ കുട്ടി കുറ്റവാളികളെ എങ്ങിനെ നേരിടും എന്ന് അദ്ദേഹവും തല പുകച്ചു. 

പക്ഷെ വലിയ മാറ്റങ്ങൾ എന്തെങ്കിലും കൊണ്ടുവരുന്നതിന് മുൻപ്തന്നെ  എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് അമേരിക്കയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് പെട്ടെന്നു താഴെക്ക്  വരാൻ തുടങ്ങി. ന്യൂ യോർക്ക് നഗരത്തിൽ കൊലപാതകങ്ങൾ മേല്പറഞ്ഞ 1990 ലെ 2245 ൽ നിന്ന് 2000 ൽ 600 ആയും, 2007 ൽ വെറും 494 ആയും കുറഞ്ഞു. ഇതിന്റെ കാരണം എന്താണെന്നു ആദ്യമാർക്കും വ്യക്തമായില്ല. പിന്നീട്  സ്റ്റീവൻ ലേവിറ്റും , ജോൺ ഡോണോഹുവും നടത്തിയ ഒരു പഠനമാണ് കുറ്റകൃത്യങ്ങൾ കുറയാനുള്ള  കാരണം പുറത്തു കൊണ്ടുവന്നത്. 

അവരുടെ ഗവേഷണത്തെ കുറിച്ച് പറയുന്നതിന് മുൻപ്  വർഷങ്ങൾക്ക് മുൻപ് നടന്ന, അമേരിക്ക ഇളക്കി മറിച്ച , ഇന്നും ആളുകൾ ചർച്ച ചെയ്യുന്ന കേസിന്റെ  ഒരു കഥ അറിയണം.  നോർമ മക്കോർവി ആണ് അതിലെ നായിക. നോർമ ഡാലസിൽ താമസിച്ചിരുന്ന,പാവപെട്ട, വിദ്യാഭ്യാസം ഇല്ലാത്ത,  വൈദഗ്ദ്യം വേണ്ട ഒരു ജോലിയും അറിയാത്ത, മയക്കുമരുന്നു ഉപയോഗിക്കുന്ന ഒരു ഇരുപത്തിയൊന്ന് വയസുകാരി ആയിരുന്നു. രണ്ടു പ്രസവങ്ങളിൽ ഉണ്ടായ കുട്ടികളെ മറ്റുളളവർക്ക് ദത്തെടുക്കാൻ കൊടുത്ത അവൾ പക്ഷെ മൂന്നാമതും ഗർഭിണിയായി. ഒരു കുട്ടിയെ വളർത്താൻ ഒരു നിർവഹവുമില്ലാതിരുന്ന അവൾ അബോർഷന്  വേണ്ടി ആശുപത്രിയിൽ ഒരു ഡോക്ടറെ സമീപിച്ചു.

ഡാലസ് നഗരം ഉൾപ്പെടുന്ന ടെക്‌സാസ് സംസ്ഥാനത്തിൽ പക്ഷെ അബോർഷൻ നിയമവിരുദ്ധമായിരുന്നു. അബോർഷൻ  ഒരു സ്ത്രീയുടെ അവകാശമാണ് എന്ന്  കരുതുന്ന,  ചില സംഘടനകൾ അബോർഷൻ അമേരിക്ക മുഴുവൻ നിയമവിധേയമാക്കാൻ  വേണ്ടി നോർമയെ കക്ഷി ചേർത്ത് കൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. ഈ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്താതെ ഇരിക്കാൻ വേണ്ടി നോർമയ്ക്ക്  ജെയിൻ റോ എന്ന കള്ളപ്പേരും കൊടുത്തു. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഹാജരായ അറ്റോർണി ജനറൽ ഹെൻറി വെയ്ഡിന്റെ പേര് കൂടി കൂട്ടിച്ചേർത്തു കൊണ്ട് ഈ കേസ് Roe v. Wade എന്ന് ലോക പ്രശസ്തമായി. 

വാശിയേറിയ വാദപ്രതിവാദങ്ങൾക്കവസാനം 1973 ജനുവരി ഇരുപത്തി രണ്ടിന് സുപ്രീം കോടതി അമേരിക്കയിൽ മുഴുവൻ ഗർഭഛിദ്രം നിയമവിധേയമാക്കി വിധി പ്രസ്താവിച്ചു. നോർമയെ പോലെ കുട്ടികളെ വളർത്താൻ സാഹചര്യമില്ലാത്ത ലക്ഷകണക്കിന് യുവതികൾ അബോർഷൻ ചെയ്യാൻ തുടങ്ങി. Unwanted pregnancy യുടെ എണ്ണം വളരെ കുറഞ്ഞു. 

ഈ കേസ് എങ്ങിനെയാണ് അമേരിക്കയിലെ കുറ്റകൃത്യങ്ങൾ കുറച്ചത് എന്ന് നിങ്ങൾക്ക് സംശയം തോന്നാം. എല്ലാ കുട്ടികളും ഒരേ പോലെ ജീവിത സാഹചര്യങ്ങളിൽ വളരുന്നവരല്ല. സാമ്പത്തികമായും വൈകാരികമായും  പക്വത ഇല്ലാത്ത അച്ഛനും അമ്മയും ഉള്ളത് കൊണ്ടും , അല്ലെങ്കിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വേണ്ടി കൂടുതൽ സമയം ജോലി ചെയ്യുന്നത് കൊണ്ട് കുട്ടികളെ നോക്കാൻ സമയം കിട്ടാതെ വരുന്നത് കൊണ്ടും, അമ്മമാരുടെ വിദ്യാഭ്യാസ കുറവ് കുട്ടികളെ ബാധിക്കുന്നത് കൊണ്ടും, സ്ത്രീകൾക്ക് കുട്ടികളെ നോക്കാൻ കഴിവില്ലാതെ സാഹചര്യങ്ങളിൽ ജനിക്കുന്ന കുട്ടികൾ,  വിദ്യാഭ്യാസം ഇല്ലാതെ താഴ്ന്ന വരുമാനം ഉള്ള ജോലികൾ ചെയ്യുന്നവരായോ, പെട്ടെന്ന് പൈസ ഉണ്ടാക്കാൻ വേണ്ടി കുറ്റകൃത്യങ്ങളിൽ ഏർപെടുന്നവരായോ വളർന്നു വരുന്നു എന്നതാണ് സ്റ്റീവൻ ലേവിറ്റിന്റെ പഠനം പറയുന്നത്. അബോർഷൻ നിയവിരുദ്ധം ആയിരുന്ന സമയത്ത് പെൺകുട്ടികൾക്ക് വേണ്ട എങ്കിലും അവർ കുട്ടികളെ പ്രസവിക്കേണ്ടി വന്നു. എന്നാൽ നിയമവിധേയമാക്കിയപ്പോൾ ഇത്തരം കുട്ടികളുടെ എണ്ണം കുറയുകയും കുറ്റകൃത്യങ്ങളുടെ എണ്ണം താഴെ പോവുകയും ചെയ്തു. ഓർക്കുക 1973 ൽ വിധി വന്നു ഏതാണ്ട് ഇരുപതു വർഷങ്ങൾക്ക് ശേഷം 1991 മുതൽ കുറ്റകൃത്യങ്ങളുടെഎണ്ണം കുറയാൻ തുടങ്ങി. 

തനിക്ക് കുട്ടികൾ വേണോ വേണ്ടയോ എന്നത് ഒരു സ്ത്രീയുടെ തീരുമാനമാണ്. പ്രായപൂർത്തി ആയ ഉടനെ പെൺകുട്ടികളെ വിവാഹം ചെയ്‌തു കൊടുക്കുന്ന ചില സമുദായങ്ങളിൽ പ്രത്യേകിച്ചും.   ഒരു കുട്ടിയെ ഉണ്ടാക്കാൻ എളുപ്പമാണ്, പക്ഷെ അതിനെ ആരോഗ്യമുള്ള, വിദ്യാഭ്യാസമുള്ള ഒരു കുട്ടിയായി വളർത്തിക്കൊണ്ടുവരാൻ മാതാവിനും പിതാവിനും പക്വതയും അറിവും സമ്പത്തും സമയവും വേണം. ഇതൊന്നും അല്ലെങ്കിൽ പോലും കുട്ടികൾ വേണോ വേണ്ടയോ എന്നത് വ്യക്തികളുടെ  സ്വകാര്യ തീരുമാനങ്ങളാണ്. അതിൽ സമൂഹത്തിനു കൈകടത്തേണ്ട ഒരു കാര്യവുമില്ല.  

എന്റെ സ്വകാര്യ അനുഭവത്തിലും ഇതുപോലെ പ്രായവും പക്വതയും എത്താതെ വിവാഹം കഴിച്ച പെൺകുട്ടികളുടെ കുട്ടികൾ അവർക്ക് എത്താമായിരുന്ന ഉയരങ്ങളിൽ എത്താനായില്ല  എന്ന് ഞാൻ അകണ്ടിട്ടുണ്ട്. ഉദാഹരണത്തിന് എന്റെ ഇത്ത പതിനേഴാം വയസിൽ വിവാഹം കഴിച്ചതാണ്. ഗോമതിയുടെ ചേച്ചി കല്യാണം കഴിക്കുമ്പോൾ  വയസ് ഇരുപത്തി ഒന്ന്. ഗോമതിയുടെ ചേച്ചിയുടെ മകൾ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ഐടി ജോലിയിൽ കയറിയപ്പോൾ, എന്റെ ഇത്തയുടെ രണ്ടു കുട്ടികളും ബിരുദം പാസായില്ല. ഈ രണ്ടു കുട്ടികളുടെയും  മാതാപിതാക്കളുടെ പഠനസാഹചര്യം ഒന്നാണ്. രണ്ടുപേർക്കും കുടുംബത്തിൽ നിന്ന് പഠിച്ച് നല്ല നിലയിൽ എത്തിയവർ ഉദാഹരണങ്ങൾ ആയുണ്ട്. മറ്റു പല ഘടകങ്ങളും  കുട്ടികളുടെ വിദ്യഭ്യാസത്തിന്റെയും ജോലിയുടെയും കാര്യത്തിലുള്ള വ്യത്യാസത്തിൽ ഉണ്ടാകാമെങ്കിലും ഒരു പ്രധാന കാരണം അമ്മമാരുടെ  വിവാഹ പ്രായത്തിലും  , കുട്ടികളെ പ്രസവിച്ച പ്രായത്തിലുമുള്ള വ്യത്യാസമാണ് എന്നാണ് എന്റെ നിരീക്ഷണം.

അതുകൊണ്ട് വിദ്യാഭ്യാസം നേടി, സ്വന്തം കാലിൽ നിന്ന ഒരു പെൺകുട്ടി അവൾക്ക് ഒരു കുട്ടി വേണം എന്ന് തോന്നുമ്പോൾ പ്രസവിക്കട്ടെ, കുട്ടികൾ വേണ്ട എന്നാണ് തീരുമാനം എങ്കിൽ അങ്ങിനെ ആകട്ടെ. ഇനി സുരക്ഷയുടെ അഭാവത്തിൽ ഗർഭിണി ആയാൽ അബോർഷൻ ചെയ്യട്ടെ, അത് അവളുടെ അവകാശമാണ്.  നമ്മൾ കൈകടത്തേണ്ട കാര്യമില്ല. 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: