തിളച്ച വെള്ളത്തിലെ തവളകൾ.

വളരെ പതുക്കെ ഒരു സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് പറയാൻ ഉപയോഗിക്കുന്ന ഒരു കഥയാണ് തിളച്ച വെള്ളത്തിലെ തവളയുടെ കഥ. മനുഷ്യരെ പോലെ സ്ഥിരോഷ്‌മാവുള്ളവയല്ല തവളകൾ. പുറത്തുള്ള ഊഷ്മാവിനനുസരിച്ച് തവളകളുടെ ശരീരോഷ്മാവ് മാറിക്കൊണ്ടിരിക്കും.

അങ്ങിനെയാണെങ്കിൽ ഒരു പാത്രത്തിൽ സാധാരണ ഊഷ്മാവിലുള്ള കുറച്ചു വെള്ളത്തിൽ ഒരു തവളയെ ഇട്ടാൽ, കുറച്ച് സമയത്തിനുള്ളിൽ തവളയുടെ ശരീര ഊഷ്മാവ് ഈ വെള്ളത്തിന്റേതിന് തുല്യമായി മാറും. എന്നിട്ട് ഈ വെള്ളം ഒരു ഗ്യാസ് സ്റ്റോവിനു മുകളിൽ വച്ച് വളരെ വളരെ പതുക്കെ ചൂടാക്കുക എന്ന് കരുതുക. ഓരോ ദശാംശം ചൂട് കൂടുന്നതിന് അനുസരിച്ചും തവളയുടെ ശരീര ഊഷ്മാവ് പതുക്കെ കൂടിക്കൊണ്ടിരിക്കും.

ഈ മാറ്റം വളരെ വളരെ പതുക്കെയാണ് നടക്കുന്നത് എന്നത് കൊണ്ട് മണിക്കൂറുകൾ കഴിയുമ്പോൾ വെള്ളം തിളക്കാൻ തുടങ്ങുകയും തവള വെന്തു മരിക്കുകയും ചെയ്യും എന്നാണു സിദ്ധാന്തം. തിളച്ച വെള്ളത്തിൽ ഇട്ടാൽ ചൂട് കൊണ്ട് ചാടിപോകുന്ന തവളയെ അതറിയാതെ കൊല്ലാൻ പറ്റിയ ഒരു മാർഗമാണ് വളരെ പതുക്കെ വെള്ളത്തിന്റെ ചൂട് കൂട്ടുന്നത് എന്നതാണ് ഈ കഥയുടെ സാരം. ഒരു സമൂഹത്തിലെ ആപത്ത് പിടിച്ച ചില കാര്യങ്ങൾ വളരെ വളരെ പതുക്കെ നടത്തിയാൽ ആളുകളുടെ ശ്രദ്ധ പതിയാതെ കാര്യം സാധിച്ചെടുക്കാൻ സാധിക്കും എന്നതാണ് സാമൂഹിക ശാസ്ത്രത്തിൽ ഈ കഥയുടെ പ്രസക്തി.

ജർമനിയിൽ ഒന്നാം ലോകമഹയുദ്ധത്തിനു ശേഷം ജോസഫ് ഗീബൽസിന്റെ നുണ പ്രചാരണങ്ങളിലൂടെ ജൂതന്മാർ തങ്ങളുടെ ശത്രുക്കളെന്നു ജർമൻ ജനതയെ പതുക്കെ പതുക്കെ വിശ്വസിപ്പിച്ചെടുക്കാനും, ആ വിശ്വാസത്തെ ഏകദേശം അറുപതു ലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്യുനതിലേക്കും എത്തിച്ചതും ഈ തിളച്ച വെള്ളത്തിലെ തവളയുടെ ഒരു ഉദാഹരണമാണ്. ഇന്ത്യയിൽ മുസ്ലിങ്ങളെ അപരവൽക്കരിച്ച് അധികാരണം നേടിയ സംഘപരിവാർ നടത്തിയതും ഇത് തന്നെയാണ്. ഇന്ത്യക്കാർ അത് മനസിലാക്കി വന്നപ്പോഴേക്കും സമയം വൈകി പോയി.

കേരള രാഷ്ട്രീയത്തിൽ മറ്റുള്ളവരെ ജാതിയും മതവും പറഞ്ഞു അപരനാക്കി വോട്ടു ചോദിക്കുന്നത് വളരെ നാണം കേട്ട ഏർപ്പാട് ആയിട്ടാണ് എന്റെ ചെറുപ്പത്തിലൊക്കെ കരുതിയിരുന്നത്. അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അവരുടെ പാർട്ടിക്കാർ തന്നെ അവരെ തിരുത്തുകയോ പാർട്ടിക്ക് പുറത്താക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ ബാബ്‌റി മസ്ജിദ് / രാമക്ഷേത്ര പ്രശ്നം മുതൽ ചില രാഷ്ട്രീയ പാർട്ടികൾ നുണകൾ പ്രചരിപ്പിക്കുകയും വളരെ വളരെ പതുക്കെ സമൂഹത്തിൽ ചില ആളുകൾ എങ്കിലും പച്ചക്ക് വർഗീയത പറയുവാനും തുടങ്ങി. പക്ഷെ ഈ പറച്ചിലുകൾ അവരുടെ കൂട്ടങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നു. ഇന്ത്യയിൽ 1992 ലെ ബാബ്‌റി മസ്ജിദ് തകർച്ചയും, ഗുജറാത്ത് കൂട്ടക്കൊലയും ഇന്ത്യയിൽ മതേതരത്വം എന്ന തവളയുടെ അന്ത്യം കുറിച്ച് എങ്കിലും കേരളത്തിൽ എന്നിട്ടും മതാന്ധത പൊതുധാരയിൽ നിന്ന് അകന്നു നിന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി ചില പാർട്ടിക്കാർ ഇങ്ങിനെ പതുക്കെ പതുകെ വർഗീയത പറഞ്ഞു തിളപ്പിച്ച് വെള്ളത്തിന്റെ ചൂട് കൂട്ടികൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ അത് അതിന്റെ എല്ലാ പരിധികളും ലംഖിച്ച് പുറത്തു വന്നു കഴിഞ്ഞു. പൂഞ്ഞാറിൽ പിസി ജോർജ് മുതൽ, തൃശൂരിൽ ഗോപാലകൃഷ്ണൻ മുതൽ ഉളളവർ പണ്ട് ശശികലയും കുമ്മനവും എല്ലാം വിതച്ച വിത്തിന്റെ ഫലം കൊയ്യുന്ന തിരക്കിലാണ്. രാഷ്ട്രീയത്തിന് പകരം ശബരിമല പ്രശ്നം ഉന്നയിച്ച് വോട്ടു നേടാൻ കഴിയുമോ എന്ന് മറ്റുള്ളവർ ശ്രമിക്കുന്നു.

പക്ഷെ മേല്പറഞ്ഞ തവളയുടെ കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ട്. മേല്പറഞ്ഞ സിദ്ധാന്തമനുസരിച്ച് തവള സ്വയം ചൂടാക്കി മരണപ്പെടുമെകിലും, യഥാർത്ഥത്തിൽ ഈ പരീക്ഷണം നടത്തിയാൽ, ഒരു പ്രത്യേക ചൂട് എത്തുമ്പോൾ തവളയ്ക്ക് കാര്യം മനസ്സിലാവുകയും അത് വെള്ളത്തിലെ നിന്ന് ചാടി പുറത്തേക്ക് പോവുകയും ചെയ്യും.

കേരളത്തിലെ മത വർഗീയത തവളയെ കൊല്ലുന്ന ചൂടിൽ എത്തിക്കഴിഞ്ഞു. ഇനി മലയാളികൾക്ക് ചെയ്യാനുള്ളത് വർഗീയതടയുടെ ഈ ചൂടുവെള്ളത്തിൽ നിന്ന് പുറത്തുകടന്ന് ഈ പരീക്ഷണം നടക്കുന്നവരോട് നമ്മൾ വിഡ്‌ഡികൾ അല്ലെന്നു കാണിച്ചുകൊടുക്കലാണ്.

അതിനാവട്ടെ ഇന്നത്തെ ഓരോ വോട്ടും. മതവും ജാതിയും വർഗീയതയും പറഞ്ഞു വോട്ടു പിടിക്കുന്ന ഓരോരുത്തർക്കും ഒരു പാഠമാവട്ടെ ഇന്നത്തെ തിരഞ്ഞെടുപ്പ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: