2018 ലെ വെള്ളപൊക്കം മനുഷ്യനിർമിതമല്ല

എന്റെ പഴയ ഓഫീസ് ഹഡ്സൺ ന്യൂ യോർക്കിനും ന്യൂ ജേർസിക്കും ഇടയിലുള്ള ഹഡ്സൺ പുഴയുടെ അടുത്താണ്. ഒരു ദിവസം എല്ലാവരും ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് കണ്ട് ഞാനും തിക്കിത്തിരക്കി പുറത്തേക്ക് നോക്കിയപ്പോൾ പുഴയിൽ ഒരു വലിയ യാത്ര വിമാനം കിടക്കുന്നു. അതിന്റെ ചിറകിൽ മനുഷ്യർ നിൽക്കുന്നു.

ലഗാർഡിയ എന്ന ന്യൂയോർക്ക് എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഉടനെ രണ്ടു എൻജിനിലും പക്ഷികൾ ഇടിച്ച് പ്രവർത്തനക്ഷമം ആകാതെ വന്നപ്പോൾ ക്യാപ്റ്റൻ സള്ളി എന്ന , ഇപ്പോൾ സിനിമയിലൂടെ പ്രശസ്തനായ പൈലറ്റ് തന്റെ ദീർഘകാലമായി വിമാനം പറത്തിയുള്ള പരിചയവും , വൈദഗ്ധ്യവും ഉപയോഗിച്ച് വിമാനം പുഴയിൽ ഇറക്കിയതാണ്. പെട്ടെന്നു തന്നെ അടുത്തുണ്ടായിരുന്ന ബോട്ടുകൾ വിമാനത്തിന്റെ ചിറകിൽ ഇറങ്ങി നിന്നിരുന്ന യാത്രക്കാരെ തണുപ്പിൽ നിന്ന് രക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വിമാനം പതുക്കെ പുഴയുടെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി. ഒരു ജീവൻ പോലും നഷ്ടപ്പെടാത്ത ഈ സംഭവം ക്യാപ്റ്റൻ സള്ളിക്ക് വലിയ പ്രശസ്തി ഉണ്ടാക്കിക്കൊടുത്തു.

പക്ഷെ അമേരിക്കയിൽ ഒരു വിമാനാപകടം നടന്നാൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) എന്ന സർക്കാർ ഏജൻസി അതിനെ കുറിച്ച് അന്വേഷണം നടത്തും. ഇപ്പോൾ ഉണ്ടായ അപകടം എന്തുകൊണ്ട് ഉണ്ടായി, യന്ത്ര ഭാഗങ്ങളുടെയോ, മനുഷ്യന്റെയോ പിഴവ് അപകടത്തിന് കാരണം ആയോ, ഇനി ഭാവിയിൽ ഇത് ഉണ്ടാകാതെയിരിക്കാൻ എന്ത് ചെയ്യണം എന്നൊക്കെ ഉള്ള പഠനമാണ് പ്രധാനമായും ഇവർ ചെയ്യുന്നത്.

മേല്പറഞ്ഞ അപകടത്തിൽ അവർ അന്വേഷിച്ച ഒരു കാര്യം, പക്ഷികൾ ഇടിച്ച ഉടനെ ഏറ്റവും അടുത്തുള്ള ഒരു എയർപോർട്ടിൽ ഇറക്കാതെ എന്തുകൊണ്ട് ക്യാപ്റ്റൻ സള്ളി ഹുഡ്‌സൺ പുഴയിൽ വിമാനം ഇറക്കി എന്നതായിരുന്നു. കാരണം ന്യൂ യോർക്ക് , ന്യൂ ജേഴ്സി ഭാഗത്ത് വളരെ അധികം വലുതും ചെറുതുമായ അടുത്ത് കിടക്കുന്ന വിമാനത്താവളങ്ങൾ ഉണ്ട്. ക്യാപ്റ്റന്റെ ഭാഗത്ത് നിന്ന് മാനുഷികമായ തെറ്റ് പറ്റിയോ എന്നറിയാൻ ഈ അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നവർ ഈ അപകടം ഒരു ഫ്ലൈറ്റ് സിമുലേറ്ററിൽ പുനർസൃഷ്ടിച്ചു. വൈദഗ്ധ്യം ഉള്ള പല പൈലറ്റുമാരെ കൊണ്ട് അവർ എങ്ങിനെ ഈ സന്ദർഭത്തെ നേരിടും എന്ന് പരിശോധിപ്പിച്ചു.

അവരുടെ അഭിപ്രായപ്രകാരം ഈ വിമാനത്തിൽ പക്ഷി ഇടിക്കുന്ന സമയത്ത് തൊട്ടടുത്ത ഉണ്ടായിരുന്ന ടിറ്റർബറോ എയർപോർട്ട്, അഞ്ച് മിനിറ്റ് ദൂരത്തിൽ ഉള്ള ലഗാർഡിയ എയർപോർട്ട് എന്നിവയിൽ ഇറക്കം ആയിരുന്നു എന്ന് കണ്ടെത്തി. വിമാനം പുഴയിലേക്ക് ലാൻഡ് ചെയ്യാൻ വരുന്നത് സമയത്ത് ഹഡ്സൺ പുഴ മുറിച്ചു കടക്കുന്ന ജോർജ്‌ വാഷിംഗ്‌ടൺ പാലത്തിനു എണ്ണൂറ് അടി അടുത്തുവരെ വന്നിരുന്നു എന്നും, പാലത്തിൽ വിമാനം പിടിച്ചിരുന്നുവെങ്കിൽ വിമാനത്തിൽ ഉള്ളവരും, പാലത്തിൽ ഉള്ളവരും ആയി കൂടുതൽ ആളുകൾക്ക് ജീവഹാനി ഉണ്ടാകുമായിരുന്നു എന്നും അവർ റിപ്പോർട്ട് ചെയ്തു. NTSB ഫ്ലൈറ്റ് സിമുലേറ്റർ വച്ച് നടത്തിയ പതിമൂന്ന് ശ്രമത്തിൽ ഏഴിലും ഇവർക്ക് തിരികെ എയർപോർട്ടിൽ ഇറക്കാൻ കഴിഞ്ഞു, ഒരു ശ്രമത്തിൽ റ്റീറ്റർബറോ വിമാനത്താവളത്തിലും മറ്റ് ആറു ശ്രമങ്ങളിൽ തിരികെ വിമാനം പുറപ്പെട്ട ലഗാർഡിയ വിമാനത്താവളത്തിലും. എന്ന് വച്ചാൽ ക്യാപ്റ്റൻ സള്ളി നമ്മൾ വിചാരിച്ച പോലെ അത്ര വൈദഗ്ദ്യം ഉള്ള ഒരാൾ ആയിരുന്നില്ല , എന്നും ആളുകളുടെ ജീവൻ അദ്ദേഹം രക്ഷിച്ചു എന്നത് വെറും പൊള്ളയായ അവകാശ വാദമാണെന്നും ആയിരുന്നു NTSB യുടെ ആദ്യത്തെ വിലയിരുത്തൽ.

പക്ഷെ NTSB യിലെ ചില വിദഗ്ധന്മാർ ഇതിൽ സംശയം പ്രകടിപ്പിച്ചു, കാരണം ഫ്ലൈറ്റ് സിമുലേറ്ററിൽ ഇരുന്ന് ഈ അപകടം പുനർ നിർമിച്ച് ഏതെങ്കിലും എയർപോർട്ടിൽ ഈ വിമാനം ഇറക്കാൻ കഴിയുമോ എന്ന് ശ്രമിക്കുന്ന എല്ലാവർക്കും ഈ അപകടത്തെ കുറിച്ച് അറിയാം. ചിറകിൽ പക്ഷികൾ ഇടിച്ചത് ആണെന്നും , രണ്ടു എൻജിനും പ്രവർത്തന രഹിതം ആണെന്നും, തിരികെ പുഴയിൽ ഇറക്കിയ കാര്യവും എല്ലാം അറിയാം. അവരുടെ തലച്ചോർ ഈ വിവരം പ്രോസസ്സ് ചെയ്തു കഴിഞ്ഞതാണ്.

പക്ഷെ ഈ സംഭവത്തെ കുറിച്ചറിയാത്ത ഒരാൾക്ക് ആദ്യമായിട്ടാണ് ഈ വിവരം ലഭിക്കുന്നത് എങ്കിൽ അവരുടെ തലച്ചോറിനു ഈ വിവരം പ്രോസസ്സ് ചെയ്യാൻ കൂടുതൽ സമയം എടുക്കും. പക്ഷികൾ എൻജിനിൽ ഇടിച്ച കാര്യം, രണ്ടു എൻജിനും പ്രവർത്തന രഹിതമായ കാര്യം (വളരെ അപൂർവമായി മാത്രമാണ് രണ്ടു എൻജിനും പ്രവർത്തനരഹിതം ആകുന്നത്) , അടുത്ത് റ്റീറ്റർബറോ എന്ന എയർപോർട്ട് ഉണ്ടെന്ന കാര്യം തുടങ്ങി അനേകം ഘടകങ്ങൾ കോർത്തി ഇണക്കി ഏറ്റവും അനുയോജ്യമായ ഒരു തീരുമാനം എടുക്കാൻ മനുഷ്യന്റെ തലച്ചോർ കുറച്ചു സമയമെടുക്കും. (ഡാനിയേൽ കനീമാൻ എഴുതിയ Thinking, Fast and Slow എന്ന മനോഹര പുസ്തകത്തിൽ തലച്ചോർ എങ്ങിനെയൊക്കെയാണ് പുതിയ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത് എന്ന് വിശദമായി പറയുന്നുണ്ട്, വായിക്കാത്തവർ തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകമാണ്).

ക്യാപ്റ്റൻ സള്ളിവനെ സംബന്ധിച്ചിടത്തോളം വിമാനത്തിൽ പക്ഷി ഇടിച്ച സമയത്ത് അതൊരു പുതിയ വിവരം ആയിരുന്നത് കൊണ്ട്, പ്രദേശത്തിന്റെ തലച്ചോർ ഈ വിവരങ്ങൾ പ്രോസസ്സ് ചെയ്യാനെടുത്ത മുപ്പത് സെക്കന്റ് NTSB തങ്ങളുടെ ഫ്ലൈറ്റ് സിമുലേറ്ററിൽ കൂട്ടിച്ചേർത്ത് തങ്ങളുടെ പരീക്ഷണങ്ങൾ ആവർത്തിച്ചു. പതിമൂന്നിൽ പതിമൂന്ന് തവണയും വിമാനം തകർന്നു വീണു, വിമാനത്തിലെ എല്ലാവരും മരിക്കുമായിരുന്നു എന്നവർ കണ്ടെത്തി. ഓർക്കൂ വെറും മുപ്പത് സെക്കന്റ് സമയം മാത്രമാണ് ഈ ഫലങ്ങളെ ഇങ്ങിനെ മാറ്റിയത്. ക്യാപ്റ്റൻ സള്ളിവൻ ഒരു ഹീറോ ആണെന് NTSB അവസാന വിലയിരുത്തൽ നടത്തി. കാരണം ഈ പുഴയിൽ അല്ലാതെ ന്യൂ യോർക്ക് പോലുള്ള ഒരു നഗരത്തിൽ ആയിരുന്നു ഈ വിമാനം തകർന്നു വീണിരുന്നത് എങ്കിൽ ആയിരക്കണക്കിന് മരണങ്ങൾ നടന്നേനെ.

കറുത്ത അരയന്നങ്ങൾ എന്നത് നസീം താലിബ് എഴുതിയ ഒരു അടിപൊളി പുസ്തകമാണ്. കറുത്ത അരയന്നങ്ങളെ കണ്ടെത്തുന്ന വരെ അരയന്നങ്ങൾ എല്ലാം വെളുത്തിട്ടാണ് എന്ന് ആളുകൾ കരുതിയിരുന്നത് കൊണ്ടാണ് അദ്ദേഹം പുസ്തകത്തിന് ആ പേരിട്ടത്. ഒരു പുതിയ ദുരന്തം ഉണ്ടാകുമ്പോൾ അത് എന്താണെന്നു മനസിലാക്കി ആ സന്ദർഭത്തിൽ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കാൻ മനുഷ്യന്റെ തലച്ചോർ കുറച്ചു സമയം എടുക്കും. പിന്നീട് ഈ ദുരന്തത്തെ കുറിച്ച് പഠിക്കുന്നവർക്ക് പക്ഷെ എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിയാവുന്നത് കൊണ്ട് അവർ എത്തിച്ചേരുന്ന നിഗമനങ്ങളിലും, തീരുമാനങ്ങളിലും ആയിരിക്കില്ല ദുരന്ത സമയത്തെ ആളുകൾ ഒരു പക്ഷെ എത്തിച്ചേരുന്നത്. പിന്നീട് ഇതിനെകുറിച്ച് പഠനം നടത്തുന്നവർ പലപ്പോഴും വിട്ടുപോകുന്ന ഒരു പോയിന്റ് ആണിത്.

കേരളത്തിലെ 2018 ലെ വെള്ളപൊക്കം മനുഷ്യ നിർമിതമായിരുന്നു എന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ പഠനം കണ്ടപ്പോൾ എനിക്കോർമ്മ വന്ന കഥയാണ് മുകളിൽ. അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഴയാണ് 2018 ൽ പെയ്തത്. അത് IISc സമ്മതിക്കുന്ന കാര്യമാണ്. ദുരന്തപ്രവചന ഉപകരണങ്ങൾ പ്രവർത്തിച്ചില്ല എന്നതും, പരസ്പരം ഏകോപനം ഉണ്ടായിരുന്നില്ല എന്നതും ആണ് അവരുടെ മറ്റൊരു പോയിന്റ്. മഴ കൃത്യമായി പ്രവചിക്കുന്നത്തിൽ തെറ്റ് പറ്റി എന്നതും അവർ എടുത്തു പറയുന്നു. ഡാമിൽ മണ്ണടിഞ്ഞത് കൊണ്ട് ജലസംഭരണ ശേഷി കുറഞ്ഞത് മുതൽ , പുതിയ നിർമാണങ്ങൾ മൂലം നീരൊഴുക്ക് തടസ്സപ്പെട്ടത് വരെ വെള്ളപൊക്കത്തിന്റെ കാരണമായി റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. ഡാമിൽ സാധാരണ കൂടുതൽ മഴ പെയ്താൽ ഉൾകൊള്ളാൻ കുറച്ചു ഉയരം മാറ്റി വൈകും, അത് ശരിയായി മാനേജ് ചെയ്തില്ല എന്നും IISc കുറ്റപ്പെടുത്തുന്നുണ്ട് . ഇതെല്ലം ശരിയായ നിരീക്ഷണങ്ങൾ ആണ്, പലതും മനുഷ്യ നിർമ്മിതമാണ്. പക്ഷെ അസാധാരണമായ 2018 ഓഗസ്റ്റ് 1 മുതൽ 18 വരെ സാധാരണ കിട്ടുന്നതിന്റെ ഒന്നര ഇരട്ടി മഴ പെയ്യും എന്നാരും പ്രതീക്ഷിച്ചില്ല. അതിൽ ഭൂരിഭാഗവും പെയ്തത് ഓഗസ്റ്റ് 8 , 9 ,10 എന്നീ തീയതികളിൽ ആയിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോ ജലം സ്വാഭാവികമായി ഒഴുകി പോകുന്ന ഇടങ്ങൾ അടച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ആളുകളെ വരെ നമുക്ക് കുറ്റം പറയാം. പക്ഷെ പുതുതായി ഒരു സംഭവം നടക്കുന്ന സമയത്ത് ഈ പറയുന്നവരെ അവിടെ ഇരുത്തിയാൽ അവരും എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് മറ്റുള്ളവർക്ക് വിമർശിക്കാൻ കഴിയും. 2018 ൽ ഡാം ഇല്ലാതിരുന്ന സ്ഥലങ്ങളിലും വെള്ളപൊക്കം ഉണ്ടായിട്ടുണ്ട്, 2019 ൽ ഡാം തുറന്നുവിടാതെയും വെള്ളപൊക്കം ഉണ്ടായിട്ടുണ്ട് എന്നത് ഇതിനോട് ചേർത്ത് വായിക്കുക.

ഓർക്കുക കൊറോണ തുടങ്ങിയ സമയത്ത് നമ്മൾ കണ്ടൈൻമെൻറ് മെത്തേഡ് മാറ്റി അമേരിക്കയിലെ പോലെ മിറ്റിഗേഷൻ മെത്തേഡ് നമ്മൾ പിന്തുടരണം എന്ന് പറഞ്ഞ ആളാണ് നമ്മുടെ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയിൽ കൊറോണ മരണ നിരക്ക് ഇപ്പോൾ രണ്ടു ശതമാനത്തോളമാണ്, കേരളത്തിൽ 0.35 ഉം. കൊറോണ ഉണ്ടാകുന്നതിനു മുമ്പുള്ളതിനേക്കാൾ ഏതാണ്ട് പത്തു ശതമാനം മരണം കുറവാണു കേരളത്തിൽ ഇപ്പോൾ കാണിക്കുന്നത്. ഇത് ലോകത്തിൽ തന്നെ അപൂർവമാണ്. ഇതിനു പല കാരണങ്ങൾ ഉണ്ട് എന്നറിയാവുന്നത് കൊണ്ട് ഞാൻ പ്രതിപക്ഷ നേതാവിനെ കുറ്റം പറയുന്നില്ല കാരണം ഞാൻ മുകളിൽ പറഞ്ഞ പോലെ ഒരു പുതിയ ദുരന്തം നടക്കുമ്പോൾ അതിനെപ്പറ്റി നമുക്ക് വലിയ പിടിയൊന്നുമില്ല. കറുത്ത അരയന്നതിന്റെ ആനുകൂല്യം അദ്ദേഹത്തിനും ലഭിക്കണം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: