” It takes a village to raise a child” : ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം ആവശ്യമാണ് : ആഫ്രിക്കൻ പഴമൊഴി.
കുട്ടികൾ മാതാപിതാക്കളുടെ സ്വത്താണോ അതോ രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ സ്വത്താണോ എന്ന ചോദ്യത്തിനു മറുപടി പറയാൻ എളുപ്പമാണ്. കുട്ടികൾ ആരുടെയും സ്വത്തല്ല. സ്വയം ഒരു വ്യക്തിത്വവും സ്വന്തമായ ഭാവിയുമുള്ള വ്യക്തികളാണ് കുട്ടികൾ.
പക്ഷെ കുട്ടികൾ ആരുടെ ഉത്തരവാദിത്വമാണ് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം കുറച്ചു കൂടി കുഴപ്പം പിടിച്ചതാണ്. മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് കുട്ടികൾ എങ്കിൽ അവരെ മാതാപിതാക്കൾ മാനസികമായും ശാരീരികമായും കുട്ടികളെ ഉപദ്രവിച്ചത് സമൂഹത്തിനു നിയമപരമായി ഇടപെടാൻ കഴിയില്ല. സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് കുട്ടികൾ എങ്കിൽ ജനനം മുതൽ സ്റ്റേറ്റ് കുട്ടികളെ നോക്കി വളർത്തേണ്ടി വരും.
വികസിത രാജ്യങ്ങളിൽ ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ഓർ സമീപനമാണ് കുട്ടികളുടെ ഉത്തരവാദിത്വത്തിന്റെ കാര്യത്തിൽ. ഒരു രാജ്യത്തിൻറെ ഏറ്റവും വലിയ സ്വത്ത് അതിന്റെ കുട്ടികളാണ് എന്ന മനസിലാക്കലിൽ നിന്നാണ് ഈ സമീപനങ്ങളും നിയമങ്ങളും രൂപം കൊണ്ടിട്ടുള്ളത്.
കുട്ടികൾ പ്രാഥമികമായി മാതാപിതാക്കളുടെ ഉത്തരവാദിത്വം ആകുമ്പോൾ തന്നെ സ്റ്റേറ്റ് വേണ്ട സമയങ്ങളിൽ അതിൽ ഇടപെടും.
ഉദാഹരണത്തിന് ലോകത്തെ വികസന സൂചികകളിൽ മുന്നിൽ നിൽക്കുന്ന ഫിൻലാന്റിൽ ഒരു കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾക്ക് ഒരു സർക്കാർ ഒരു ഗിഫ്റ്റ് ബോക്സ് നൽകും. അതിൽ കുട്ടികൾക്കുള്ള ഉടുപ്പുകൾ, ഉറങ്ങാനുള്ള സ്ലീപ്പിങ് ബാഗ്, കുട്ടിയെ കുളിപ്പിക്കാനുള്ള സാമഗ്രികൾ, നാപ്കിൻ, ക്രീം, ബെഡ്, ബാത്ത് ടവൽ, നഖം മുറിക്കാനുള്ള കത്രിക, ടൂത് ബ്രഷ്, ഹെയർ ബ്രഷ്, കൂടെ മാതാവിന് വേണ്ടി ബ്രാ പാഡ് തുടങ്ങി ഉള്ള സാധനങ്ങൾ ഉണ്ടാകും. ഇത് വരുന്ന പെട്ടിയിൽ കുട്ടിയെ കിടത്തി തുറക്കുകയും ചെയ്യാം. മാതാവിനും പിതാവിനും ശമ്പളത്തോടെ ഏതാണ്ട് ഏഴുമാസം ലീവും ലഭിക്കും. കാരണം കുട്ടിയുടെ ആരോഗ്യം ഫിൻലൻഡ് എന്ന രാജ്യത്തിന്റെ ഭാവിയും ആയി ബന്ധപെട്ടു കിടക്കുന്നത് കൊണ്ടാണ് ആ രാജ്യം ഓരോ കുട്ടികൾക്കും ഇത്രയും സാധനങ്ങൾ ജനിക്കുമ്പോൾ തന്നെ കൊടുക്കുന്നതും. പിന്നീട് വിദ്യാഭ്യാസവും ആരോഗ്യവും എല്ലാം സർക്കാർ തന്നെയാണ് നോക്കുന്നത്.
പക്ഷെ കുട്ടികളെ വീട്ടിൽ നോക്കി വളർത്തുന്നത് മാതാപിതാക്കൾ തന്നെയാണ്. എന്നാൽ മാതാപിതാക്കൾ അവരുടെ ജോലി ശരിയായി ചെയ്യാത്ത അവസ്ഥ വരുമ്പോൾ രാജ്യം ഇടപെടും. ഉദാഹരണത്തിന് മദ്യപിച്ച് കുട്ടികളെ ഉപദ്രവിക്കുന്ന കേസുകളിൽ ഏതാണ്ട് എല്ലാ വികസിത രാജ്യങ്ങളിലും കുട്ടികൾക്ക് പോലീസിനെയോ ചൈൽഡ് കെയർ ഡിപ്പാർട്മെന്റിനെയോ വിളിക്കാൻ ഉള്ള നമ്പർ സ്കൂളുകളിൽ നിന്ന് തന്നെ നൽകും. അതിനുള്ള നിർദ്ദേശങ്ങളും നൽകും. ബിയോളജിക്കൽ ആയ അച്ഛനോ അമ്മയോ, അതോ രണ്ടാനമ്മയോ രണ്ടാനച്ചനോ കുട്ടികളെ ഉപദ്രവിച്ചു എന്ന് ഇതുപോലെ വിവരം ലഭിക്കൽ സോഷ്യൽ സർവീസ് ആളുകൾ വീട്ടിലേലെത്തി അന്വേഷണം നടത്തി കുട്ടികളെ കൊണ്ടുപോകും.
കുറച്ചു നാളുകൾക്ക് മുൻപ് നോർവ്വേയിൽ സ്കൂളിൽ വച്ച് പാന്റിൽ മൂത്രം ഒഴിച്ചതിനു ഒരു ഇന്ത്യൻ പിതാവ് തന്റെ കുട്ടിയുടെ കൈയിൽ അടിക്കുകയും പൊള്ളിക്കുകയും, ഇനി അതുപോലെ ചെയ്താൽ ഇന്ത്യയിലേക്ക് കൊണ്ടുപോകും എന്ന് ഭീഷണി പെടുത്തുകയും ചെയ്ത ഒരു കേസിൽ, നോർവേ പോലീസ് ഇന്ത്യൻ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടു. അത്ര സ്ട്രോങ്ങ് ആണ് അവിടെ കുട്ടികളെ സംരക്ഷിക്കുന്ന നിയമങ്ങൾ.
നമ്മുടെ നാട്ടിൽ പക്ഷെ ഇതുപോലെ ഒരു സംഗതി ആയിട്ടില്ല. പലപ്പോഴും കുട്ടികളുടെ പൂർണ ഉത്തരവാദിത്വം മാതാപിതാക്കളുടെ കയ്യിലാണ്. പക്ഷെ മാതാപിതാക്കൾക്കു കുട്ടികളെ ശരിയായ വിധം നോക്കാൻ കഴിഞ്ഞില്ല എങ്കിൽ എന്ത് സംഭവിക്കും?
ഞാൻ ജനിച്ചു വളർന്ന ഗ്രാമത്തിൽ അയല്പക്കകാരുടെയും ഗ്രാമത്തിലെ മറ്റു ആളുകളുടെയും ഒരു കണ്ണ് ഇപ്പോഴും കുട്ടികളുടെ മേൽ ഉണ്ടായിരുന്നു. ശീമക്കൊന്ന കൊണ്ട് കെട്ടിയ വേലികൾ പോലും വീടുകൾക്ക് ഇടയിൽ വരുന്നതിനു മുൻപുള്ള ഒരു പള്ളുരുത്തിയിൽ ആയിരുന്നു എന്റെ കുട്ടിക്കാലം. എല്ലാവർക്കും എല്ലാവരെയും അറിയാവുന്ന ഒരു ഗ്രാമം. കുട്ടികൾ എന്തെങ്കിലും കുരുത്തക്കേട് ചെയ്താൽ ആ സ്പോട്ടിൽ വച്ച് തന്നെ മറ്റുള്ള മുതിർന്നവർ കുട്ടികളെ ശാസിക്കുന്നത് സാധാരണ കാര്യം ആയിരുന്നു. അവനു രണ്ടടി കൂടി കൊടുക്കാം ആയിരുന്നു എന്ന് കുട്ടികളുടെ മാതാപിതാക്കൾ അതിനെ പിന്തുണക്കുകയും ചെയ്യും. കുട്ടികൾ നല്ലത് ചെയ്യുകയോ എന്തെങ്കിലും പരീക്ഷയിൽ മാർക്ക് വാങ്ങുകയോ ഒക്കെ ചെയ്താൽ ഈ പറഞ്ഞ എല്ലാവരും സന്തോഷിക്കുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്യും. എനിക്ക് നാലാം ക്ലാസ്സിൽ വച്ച് ഒരു സ്കോളർഷിപ് കിട്ടിയപ്പോൾ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന കുമാരപ്പണിക്കൻ ആണ് എനിക്ക് ചോക്ലേറ്റ് വാങ്ങി തന്നതും നന്നായി വരട്ടെ എന്നനുഗ്രഹിച്ചതും.
ഇതിനർത്ഥം ഗ്രാമം മുഴുവൻ നൂറു ശതമാനം നല്ല ഒരു സ്ഥലം ആയിരുന്നു എന്നല്ല. ഇതിന്റെ ഇടയിലൂടെ ഒക്കെ തന്നെ ലൈംഗിക അക്രമങ്ങളും എല്ലാം നടന്നിട്ടുണ്ട്. പക്ഷെ ഗ്രാമത്തിലെ എല്ലാവർക്കും കുട്ടികളുടെ മേൽ ഒരു കണ്ണുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികളോടുള്ള പല ഉപദ്രവങ്ങളും അവർക്ക് കൂടുതൽ അടുത്തറിയാവുന്ന ആളുകളുടെ കൈയിൽ നിന്ന് സ്വന്തം വീടുകളിൽ തന്നെയാണ് നടന്നിട്ടുള്ളത്.
പക്ഷെ ഗ്രാമങ്ങളിൽ വീടുകൾക്ക് ഇടയിൽ വേലിയും മതിലുകളും വന്ന ഒരു ന്യൂക്ലെയർ കുടുംബ വ്യവസ്ഥയിലേക്ക് മാറിയപ്പോൾ കുട്ടികളുടെ ക്ഷേമം അന്വേഷിക്കുന്ന പരിപാടി ഒരു ഇൻസ്റ്റിറ്റിയൂഷൻ ആയി നടപ്പിലാക്കാൻ ഒന്നുകിൽ നമുക് സാധിച്ചില്ല, അല്ലെങ്കിൽ ആ സംവിധാനം ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണ് വാളയാറിൽ രണ്ടു പെൺകുട്ടികളുടെ കേസ് കാണിക്കുന്നത്.
ആദ്യത്തെ കുട്ടിയുടെ കൊലപാതകം കഴിഞ്ഞപ്പോൾ തന്നെ രണ്ടാമത്തെ കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള ഒരു ബാധ്യത ഒരു സമൂഹം എന്ന നിലയിൽ നമുക്ക് ഉണ്ടായിരുന്നു.അതുണ്ടായില്ല എന്നത് ലജ്ജാകരമാണ്.
ആദ്യത്തെ കുട്ടി തന്നെ സ്കൂൾ, അവൾക്ക് അസുഖം വരുമ്പോൾ കാണിക്കുന്ന ആശുപത്രി , കൂട്ടുകാരികളുടെ വീട് തുടങ്ങി സമൂഹത്തിലെ അനേകം അടരുകളിലൂടെ കടന്നു പോയിട്ടുണ്ട്. അപ്പോഴൊന്നും ആ കുട്ടിക്ക് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല എന്നത് ഖേദകരമാണ്. ഇപ്പോൾ പല കുട്ടികളുടെ പീഡന കാര്യങ്ങളും സ്കൂളുകളിലെ കൗണ്സിലിംഗ് വഴി പുറത്തുവരുന്നതും, അല്ലെങ്കിൽ അദ്ധ്യാപകരുടെ സൂക്ഷ്മ നിരീക്ഷണം വഴി പുറത്തു വരുന്നതും നമ്മൾ കാണുന്നുണ്ട്. ഇക്കാര്യത്തിൽ അതെന്തു കൊണ്ട് സംഭവിച്ചില്ല എന്നത് നമ്മൾ പരിഗണിക്കേണ്ട വിഷയമാണ്. ഒരു പക്ഷെ സ്കൂൾ അദ്ധ്യാപകർക്ക് ഒരു ട്രെയിനിങ് ഇക്കാര്യത്തിൽ കൊടുക്കേണ്ടതാണ്.
ആദ്യത്തെ കുട്ടിയുടെ മരണത്തിനു ശേഷം രണ്ടാമത്തെ കുട്ടി അതെ സന്ദർഭത്തിലൂടെ കടന്നു പോയി എന്നത് ഏറ്റവും ലജ്ജാകരവും വേദനാജനകവുമാണ്. ശിശുക്ഷേമ സമിതി ഉണ്ടെന്നാണ് എന്റെ അറിവ്. അവർ ഇക്കാര്യത്തിൽ എന്ത് സംഭവിച്ചു എന്നും, ഇനി ഇതുപോലെ നടക്കാതിരിക്കാൻ എന്തുചെയ്യാൻ കഴിയും എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്.
മറ്റു ചിലരുടെ ആരോപണം ആ കുട്ടിയുടെ അമ്മയെ കുറിച്ചാണ്. ആ സ്ത്രീയും ഭർത്താവും ഭർത്താവിന്റെ കൂട്ടുകാരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും, ആദ്യത്തെ കുട്ടിയുടെ മരണം , പ്രതികൾ ബന്ധുക്കൾ ആയിരുന്നത് കൊണ്ട് ഒതുക്കിത്തീർക്കുകയും ചെയ്തു എന്നാണ് പ്രധാന ആരോപണം. പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് എതിരെ തിരഞ്ഞെടുപ്പിൽ നിൽക്കാൻ തീരുമാനിച്ചത് കൊണ്ട് ഇവർ മറ്റുള്ളവരുടെ കയ്യിലെ രാഷ്ട്രീയ പാവയാണ് എന്നൊരു ആരോപണവും ഉയരുന്നുണ്ട്. പക്ഷെ ആളുകൾ ഇതിൽ മനസിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.
ദളിത് കോളനികൾ പോലെ ലക്ഷകണക്കിന് കുടുംബങ്ങൾ രണ്ടോ മൂന്നോ സെന്ററിൽ ഒരു ghetto ആയി ഒതുക്കപ്പെടുകയും, ദാരിദ്ര്യത്തിന്റെ നിത്യമായ ഒരു ചക്രത്തിൽ ( cycle of poverty ) കഴിയുകയും ചെയ്യുന്ന ഒരു കുടുംബത്തിലെ വലിയ പഠിപ്പില്ലാത്ത സ്ത്രീയെ സംബന്ധിച്ച് , അന്നന്ന് ഉള്ള അന്നത്തിനു വേണ്ടി ഓടിനടക്കുന്ന സമയത്ത്, അവരോ അവരുടെ കുട്ടികളോ ഒരു അനീതിക്ക് ഇരയാവുകയാണ് എന്ന് തിരിച്ചറിയാനും, അതിന് വേണ്ടിയുള്ള നിയമ പരിരക്ഷയ്ക്ക് വേണ്ടി പോലീസിനെസമീപിക്കാനും മറ്റുമുള്ള അവസരങ്ങളും, അറിവും കുറവായിരിക്കും. ഈ സ്ത്രീയുടെ വിദ്യാഭ്യാസവും അവരുടെ നിയമ പരിരക്ഷയയ്ക്ക് എളുപ്പം സമീപിക്കാൻ കഴിയാത്ത പോലീസ് / കുടുംബ ക്ഷേമ സംവിധാനങ്ങളുടെ അഭാവവും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെയെല്ലാം കുറ്റം കൂടിയാണ്. എന്ന് വച്ചാൽ വാളയാർ കുട്ടികൾ മാത്രമല്ല , അമ്മയും ഒരു ഇരയാണ്. ആദിവാസി ദളിത് ഉന്നമനത്തിനു കോടിക്കണക്കിന് പൈസ സർക്കാർ ബഡ്ജറ്റുകളിൽ വകയിരുത്തുകയും, അതൊന്നും അവരുടെ പുരോഗതിക്ക് എത്താതെ പോവുകയും ചെയ്യുന്ന സ്ഥിതി വിശേഷം നമ്മൾ ഏറ്റവും പെട്ടെന്ന് പരിഹരിച്ച മതിയാകൂ. കുറച്ചുകൂടി വിശാലമായി ചിന്തിക്കുമ്പോൾ അവസരം ലഭിക്കാത്തത് കൊണ്ട് സമ്പത്തോ, വിദ്യാഭ്യാസമോ ഇല്ലാതെ ഇരിക്കുന്ന ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്വം നമ്മൾക്ക് എല്ലാവർക്കുമാണ്. ഈ രണ്ടു
കൊല്ലപ്പെട്ട ഈ രണ്ടു പെൺകുട്ടികളും നമ്മുടെ പെൺകുട്ടികളാണ്. ഈ അമ്മ നമ്മുടെ എല്ലാം അമ്മയും. ഈ അമ്മയോട് സഹാനുഭൂതിയോടെ പെരുമാറുകയും, ഇനി നമ്മുടെ സമൂഹത്തിൽ ഇതുപോലെ ഒരു സംഭവം എങ്ങിനെ ഒഴിവാക്കാം എന്ന് ചിന്തിച്ച് അതിന്മേൽ നടപടികൾ എടുക്കാൻ സർക്കാരിനെ നിർബന്ധിക്കുകയും ചെയ്യണം.
ഒരു ജനാധിപത്യ സംവിധാനത്തിലെ സുന്ദരമായ ഒരു നിമിഷമാണ് വാളയാർ കുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാഴ്ച. ഒരു ജനാധിപത്യ പ്രക്രിയയിലൂടെ ഒരാൾ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്ന കാഴ്ച ജനാധിപത്യ രീതിയിൽ വിശ്വസിക്കുന്ന നമ്മളെ എല്ലാം സന്തോഷിപ്പിക്കേണ്ട ഒന്നാണ്.
കേസ് ഇപ്പോൾ സിബിഐയുടെ കയ്യിലാണ്. രണ്ടു കൊലപാതക കേസിലും ഇരകൾക്ക് നീതി ലഭിക്കട്ടെ എന്നും, ഈ ഹീനമായ കുറ്റകൃത്യം ചെയ്തവരും ഈ കേസിൽ അലംഭാവം കാണിച്ച നീതിപാലകരും, പ്രോസിക്യൂട്ടർമാരും ഉൾപ്പെടെ ഉള്ളവർ ശിക്ഷിക്കപ്പെടട്ടെ എന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു.
Leave a Reply