ലവ് ജിഹാദ്

രണ്ടായിരത്തി ഒന്നിൽ എന്റെയും ഗോമതിയുടെയും രജിസ്റ്റർ വിവാഹം കഴിഞ്ഞു ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ അയൽപക്കത്തുള്ള ഒരു മുസ്ലിം ദമ്പതിമാർ എന്റെ വീട്ടിലേക്ക് വന്നു. ഞാൻ ആദ്യമായിട്ടായിരുന്നു അവരെ കാണുന്നത്.

“അപ്പോൾ ഇനി എന്താണ് പരിപാടി, പൊന്നാനിയിൽ പോകുന്നത് എപ്പോഴാണ്?”

ഉപചാരവാക്കുകൾക്ക് ശേഷം അവർ വന്ന കാര്യത്തിലേക്ക് കടന്നു. ഇത് കേട്ടപ്പോഴാണ് ഗോമതിയെ ഇസ്ലാം മതത്തിലേക്ക് മാറ്റാനായി ആവശ്യപ്പെടാതെ തന്നെ സഹായിക്കാനായിട്ടാണ് ഇവർ വന്നതെന്ന് എനിക്ക് മനസിലായത്. ഞാൻ ഉമ്മയെ നോക്കി കണ്ണുരുട്ടി, തന്നെ അറിയിക്കാതെ വന്നതാണെന്നും അയൽക്കാർ വീട്ടിലേക്ക് വരുമ്പോൾ എങ്ങിനെയാണ് വേണ്ടെന്നു പറയുന്നത് എന്നും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് രക്ഷെപ്പട്ടു.

“ഗോമതിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അവൾക്ക് വേണമെങ്കിൽ മതം മാറുന്നതിൽ എനിക്ക് വിരോധമില്ല, പക്ഷെ അവൾക്ക് മതം മാറേണ്ട എന്നു അവൾ വ്യക്തമാക്കി കഴിഞ്ഞതാണ്, അതുകൊണ്ട് പൊന്നാനിയിൽ പോകുന്നത് എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല” എന്ന് ഞാൻ മാന്യമായി പറഞ്ഞു നോക്കി.

“പക്ഷെ നാട്ടു നടപ്പ് അങ്ങിനെയല്ലലോ. പെണ്ണുങ്ങൾ ആണുങ്ങളുടെ മതത്തിലേക്ക് മാറുന്നതല്ലേ എല്ലാവരും ചെയ്യുന്നത്. മാത്രമല്ല, ഹിന്ദു യുവതിയെ വിവാഹം കഴിച്ച് മതം മാറിയില്ല എങ്കിൽ നിങ്ങളും മതത്തിനു പുറത്താകും” അവർ വിടാനുള്ള ഭാവമില്ല

“വർഷങ്ങൾക്ക് മുൻപ് എന്റെ ബാപ്പ വേറെ കല്യാണം കഴിച്ചു പോയി ആഴ്ചയിൽ പല ദിവസങ്ങളിൽ ആരുമില്ലാതെ ഇവിടെ കഴിഞ്ഞ സമയത്ത് ഞങ്ങൾ ഇവിടെ എങ്ങിനെ കഴിയുന്നു എന്ന് തിരിഞ്ഞു നോക്കാതെ ഇരുന്നവർ ഇപ്പോൾ വേറെ മതത്തിലെ പെണ്ണിനെ കല്യാണം കഴിച്ചത് അറിഞ്ഞപ്പോൾ മതം മാറ്റാൻ വരുന്നതിന്റെ ഗുട്ടൻസ് എന്താണെന്നു എനിക്ക് മനസിലാകുന്നില്ല. മാത്രമല്ല, ഞാൻ ഇസ്ലാം പിന്തുടരുന്ന ആളുമല്ല. അതുകൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും ഇതിൽ താല്പര്യമില്ല. മാത്രമല്ല, ഇനി ഗോമതി സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്ക് മാറിയാൽ തന്നെ ഞാൻ ഹിന്ദു മതത്തിലേക്ക് മാറും.” എന്ന് കുറച്ചു പരുഷമായി തന്നെ പറയേണ്ടി വന്നു അവരെ ഒഴിവാക്കാൻ. ഉമ്മയെ കുറച്ച് പുച്ഛത്തോടെ നോക്കിയിട്ട് അവർ വീട്ടിൽ നിന്ന് പോയി.

പ്രേമിക്കുന്ന എല്ലാവരോടും കൂടി പറയുന്ന ഒരുകാര്യമാണ്, വിവാഹത്തിന് വേണ്ടി സ്ത്രീയോ പുരുഷനോ തന്റെ പങ്കാളിയുടെ മതത്തിലേക്ക് മാറണം എന്നാരെങ്കിലും നിർബന്ധം പിടിച്ചാൽ, ആ ബന്ധം അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത്. കാരണം രണ്ടുപേർ ഒരുമിച്ച് ജീവിക്കുമ്പോൾ ഏറ്റവും പ്രാധാന്യം കുറഞ്ഞ ഒരു വിഷയം മാത്രമാണ് മതം. അതുപോലും സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുനടക്കാൻ സമ്മതിക്കുന്നില്ല എങ്കിൽ അതുകഴിഞ്ഞുള്ള ജീവിതം ഒട്ടും സ്വാതന്ത്ര്യം ഉള്ളതാവില്ല. ഇനി നിങ്ങളുടെ വിവാഹശേഷമുള്ള ജീവിതത്തിൽ മതം ഒരു പ്രധാന ഭാഗം ആണെങ്കിൽ നിങ്ങളുടെ വിവാഹ ബന്ധത്തെ കുറിച്ച് ഒന്ന് പുനരാലോചിക്കുന്നത് നന്നായിരിക്കും.

രണ്ടായിരത്തിൽ ആരംഭ സമയത്ത് ഇന്ത്യയിൽ ഒട്ടാകെ നടന്ന ഐടി വിപ്ലവത്തിന്റെ ഭാഗമായി , അതുവരെ സ്വന്തം മതത്തേയും ജാതിയിലെയും ആളുകളെ മാത്രം കണ്ടുപരിചയിച്ച അനേകം യുവതീയുവാക്കൾ നഗരങ്ങളിൽ ഐടി കമ്പനികൾ കണ്ടുമുട്ടാൻ തുടങ്ങിയ പ്രതിഭാസം ആയിരുന്നു എന്നെയും ഗോമതിയെയും തമ്മിൽ വിവാഹം വരെ എത്തിച്ച പ്രണയത്തിന്റെ പശ്ചാത്തലം. അതുവരെ സ്വന്തം ജാതിയിലും മതത്തിലും മാത്രമുള്ളവരെ , മാതാപിതാക്കളുടെ തിരഞ്ഞെടുപ്പ് പ്രകാരം വിവാഹം ചെയ്തുകൊണ്ടിരുന്ന അനേകം യുവതീയുവാക്കൾ ഞങ്ങളെപ്പോലെ പരസ്പരം ജാതിയും മതവും നോക്കാതെ നഗരങ്ങളിൽ ഒരുമിച്ചു ജീവിക്കാനും വിവാഹം കഴിക്കാനും തുടങ്ങിയപ്പോൾ വിവാഹത്തിൽ മതത്തിനുള്ള സ്വാധീനം കുറച്ചു വർഷങ്ങൾക്കുള്ളിൽ അവസാനിക്കും എന്ന് ഞങ്ങൾ കരുതിയതാണ്.

പക്ഷെ രണ്ടായിരത്തി ഒമ്പതിൽ പതനതിട്ടയിലെ രണ്ടു പെൺകുട്ടികളെ രണ്ടു മുസ്ലിം യുവാക്കളെ വിവാഹം കഴിക്കാൻ ശ്രമിച്ച കേസ് ഹൈക്കോടതിയിൽ ഒരു ജാമ്യാപേക്ഷയുടെ രൂപത്തിൽ എത്തിയപ്പോൾ ഡിജിപി ജേക്കബ് പുന്നൂസ് മുഴുവൻ അന്വേഷിക്കാതെ ഹൈ കോടതിയിൽ നൽകിയ ഒരു തൽക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ ടി ശങ്കരൻ നടത്തിയ തീർത്തും വസ്തുതാവിരുദ്ധമായ ഒരു പരാമർശം സംഘപരിവാർ മാധ്യമങ്ങൾ വലിയ വാർത്തയാക്കി. കേരളത്തിൽ ആയിരക്കണക്കിന് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ , പണം വാങ്ങി പ്രണയിച്ച് ഇസ്ലാമിലേക്ക് മാറ്റുന്നു എന്ന ആരോപണം നിലവിലുണ്ടെന്നും അത് അന്വേഷിക്കണമെന്നും കെടി ശങ്കരൻ ഉത്തരവിട്ടു. ഏതോ സംഘപരിവാറുകാരന്റെ തലയിൽ ഉദിച്ച ആദ്യം വന്നത് ഹിന്ദു ജനജാഗ്രത എന്ന വെബ്‌സൈറ്റിൽ ആണ്. അതേ ആശയം കോടതിയിയിൽ പറയാൻ കെടി ശങ്കരന് എത്ര പണം കിട്ടിക്കാണും എന്നറിയില്ല, അല്ലെങ്കിൽ വിരമിച്ച ശേഷം ഒരു ഗവർണർ പോസ്റ്റ് അദ്ദേഹത്തിന് ഓഫർ നല്കിയിട്ടുണ്ടാവാം.

പിന്നീട് പോലീസ് നടത്തിയ അന്വേഷങ്ങളുടെ അവസാനം ഡിജിപി ജേക്കബ് പുന്നൂസ് തന്നെ മേല്പറഞ്ഞ ഒരു കേസിനു പോലും തെളിവില്ല എന്നും, ഊഹാപോഹങ്ങൾ തല്പരകകക്ഷികൾ പ്രചരിപ്പിക്കുന്ന നുണകൾ ആണെന്നും പ്രസ്താവിച്ചു. പല മതങ്ങളിൽ ഉള്ള ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വിവാഹം കഴിക്കുമ്പോൾ പെൺകുട്ടികൾ ആൺകുട്ടികളുടെ മതത്തിലേക്ക് മാറുന്ന മിശ്രവിവാഹങ്ങളിൽ പെൺകുട്ടികൾ മുസ്ലിം മതത്തിലേക്ക് മാത്രം മാറുന്ന കേസുകൾ ഉയർത്തിക്കാട്ടിയാണ് ലവ് ജിഹാദ് വാദം ഉയർത്തുന്നത് എന്ന് അദ്ദേഹം റിപ്പോർട്ടിൽ പറഞ്ഞു.

കെടി ശങ്കരന് ശേഷം ഈ കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് എം. ശശിധരന്‍, ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ചിന്താഗതികള്‍ എന്നും നീതിപീഠത്തിന്റെ മനസ്സിനെ ഇതു വേദനിപ്പിക്കുന്നു എന്നും തന്റെ വിധിന്യായത്തില്‍ പറഞ്ഞു. മാത്രമല്ല, പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞു. കോടതിയെ കോടതി തന്നെ തിരുത്തി. അല്ലെങ്കിൽ തന്നെ നമ്മുടെ പെൺകുട്ടികൾ ഒരു ബുദ്ധിയും വിവേകവും ഇല്ലാത്തവർ ആണെന്നെന്നോ ഈ ആരോപണം ഉന്നയിക്കുന്നവർ പറയുന്നത്? ഒരു പെൺകുട്ടിക് ഒരു ലക്ഷം വച്ച് മുസ്ലിം ആണ്കുട്ടികൾക്ക് കൊടുത്ത് പ്രണയിച്ച് മതം മാറ്റാൻ ശ്രമം നടക്കുന്നു എന്നത് സാധാരണ മനുഷ്യന്റെ യുക്തിയെ തന്നെ വെല്ലുവിളിക്കുന്ന ആരോപണമാണ്.

പക്ഷെ ഒരു തെളിവുമില്ലാതെ ഓരോ വർഷവും ലവ് ജിഹാദ് കേസുകൾ വാർത്തകളിൽ നിറഞ്ഞു. അവസാനം സീറോ മലബാർ സഭ തന്നെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുമായി ഇടയലേഖനം ഇറക്കി. കേന്ദ്രസർക്കാർ NIA തുടങ്ങിയ കേന്ദ്ര ഏജൻസികളെ കൊണ്ട് തന്നെ അന്വേഷിപ്പിച്ചു ഉത്തർപ്രദേശിലും കർണാടകത്തിലും ലവ് ജിഹാദുണ്ടെന്നു വരുത്താൻ നോക്കി, അതിനും തെളിവുകൾ ഇല്ല എന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വരെ ലവ് ജിഹാദിന് തെളിവില്ല എന്ന് സമ്മതിക്കേണ്ടി വന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ തെളിവില്ല എന്ന് പറഞ്ഞിട്ടും 2,868 ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദ് വഴി മത മാറ്റി എന്ന വാദത്തിൽ സീറോ മലബാർ സഭ ഉറച്ചു നിന്നു. ഇരുപതോളം ക്രിസ്ത്യൻ പെൺകുട്ടികളെ ഐസിസിൽ വരെ ചേർത്ത് എന്ന ആരോപണവും വന്നു. പക്ഷെ തെളിവുകൾ മാത്രം ഇല്ല. രണ്ടായിരത്തിൽ അധിക ക്രിസ്ത്യൻ പെൺകുട്ടികൾ വേറെ മതക്കാരെ വിവാഹം കഴിച്ചു എന്ന് മാത്രമാണ് ഇതിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയേണ്ടത്. അതുപോലെ അനേകം മുസ്ലിം പെൺകുട്ടികൾ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വിവാഹം കഴിച്ചു അവരുടെ മതത്തിലേക്ക് മാറിക്കാണും , പക്ഷെ അതൊന്നും കുരിശു ജിഹാദോ ഒന്നുമായി അറിയപ്പെടുന്നില്ല എന്ന് മാത്രം. അവസാനം അങ്കമാലി അതിരൂപത തന്നെ ഈ ആരോപണങ്ങൾക്ക് എതിരെ രംഗത്ത് വന്നു. പക്ഷെ ഇന്നും സംഘപരിവാർ ക്രിസ്ത്യൻ ഗ്രൂപുകളിൽ ഒരു തെളിവുമില്ലാതെ ലവ് ജിഹാദ് വാദം ഉന്നയിക്കുന്നത് കാണാം. അതിൽ വീണു പോയ വളരെ അധികം ക്രിസ്ത്യാനികളെ ഫേസ്ബുക് ഗ്രൂപ്പുകളിൽ കാണാം, അതിൽ ആരോപണം ഉന്നയിക്കുന്ന ബഹുഭൂരിപക്ഷം ഐഡികളും സംഘികൾ ഉണ്ടാക്കിയതാണ് എങ്കിലും.

പ്രണയ വിവാഹത്തിൽ മത മാറുന്നതിന്റെ പ്രധാന കാരണം രജിസ്റ്റർ വിവാഹ നിയമത്തിലെ മുപ്പത് ദിവസം നോട്ടീസ് ഇടണം എന്ന വ്യവസ്ഥ ആണ്. മതപരമായി വിവാഹം കഴിച്ചവർക്ക് ഈ നിബന്ധന ഇല്ല. ഞാൻ കല്യാണം കഴിക്കുന്ന സമയത്ത് മുപ്പത് ദിവസം ഈ നോട്ടീസ് റെജിറ്റർ ഓഫീസിന്റെ പുറത്ത് പൊടി പിടിച്ച് കിടക്കുമായിരുന്നു, ആരും തിരിഞ്ഞു പോലും നോക്കില്ല. ലവ് ജിഹാദ് എന്നൊക്കെ പറഞ്ഞു ആളുകളെ പേടിപ്പിച്ച് കഴിഞ്ഞപ്പോൾ സ്വന്തം മതത്തിലെ പെൺകുട്ടികൾ വേറെ മതത്തിലെ ആൺകുട്ടികളെ വിവാഹം കഴിക്കുന്നത് തടയാൻ ഈ നോട്ടീസുകളുടെ ഫോട്ടോ എടുത്ത് അവരുടെ വീട്ടിൽ അറിയിക്കുന്ന അവസ്ഥ ഒക്കെ വന്നു. രജിസ്റ്റർ ഓഫീസിലെ വർഗീയ ചിന്തയുള്ള ചില ഉദ്യോഗസ്ഥർ ഇതിനു കൂട്ട് നിൽക്കുകയും ചെയ്തു. ഈ നോട്ടീസ് ഇടുന്ന പരിപാടി ഇപ്പോഴും ഉണ്ടോ എന്നെനിക്ക് അറിയില്ല , എന്തായാലും ഈ 30 ദിവസം എന്ന നിബന്ധനയാണ് എടുത്തുകളയേണ്ട സമയം കഴിഞ്ഞു.

എന്തുകൊണ്ടായിരിക്കും പെണ്കുട്ടികൾ വേറെ മതത്തിലെ ആണുങ്ങളെ വിവാഹം കഴിക്കുമ്പോൾ മാത്രം ആളുകൾക്ക് കൂടുതൽ ചൊറിയുന്നത് ? കാരണം പണ്ടുമുതലേ പെണ്ണിനെ വ്യവഹാരം ചെയ്യാൻ ആയുള്ള ഒരു “ചരക്ക്” ആയി കണക്കുകൂട്ടുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഒരു പെൺകുട്ടിയെ പരാമർശിക്കാൻ വേണ്ടി “ചരക്ക്” എന്ന കമ്മോഡിറ്റി യുടെ മലയാള പദം ഒരു നാണവും ഇല്ലാതെ ഉപയോഗിക്കുന്ന നാറികൾ ആണ് നമ്മൾ. പെൺകുട്ടികളെ ഗോത്രങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കാൻ വേണ്ടി വിവാഹം കഴിച്ചു കൊടുകുന്ന ഏർപ്പാട് മുഹമ്മദിന്റെ കാലം മുതൽ മുഗൾ ചക്രവർത്തിമാരുടെ കാലം വരെ ഉണ്ടായിരുന്നു. (അക്ബർ ജോധയെ വിവാഹം കഴിച്ചത് പ്രണയം കൊണ്ടൊന്നുമല്ല, രാജപുത്രന്മാരും ആയുള്ള ബന്ധം ഉറപ്പിക്കാൻ വേണ്ടിയാണു. വിവാഹശേഷം ഉണ്ടായിരിക്കാൻ സാധ്യതയുള്ള പ്രണയത്തെ കുറിച്ചെനിക്കറിയില്ല). സ്ത്രീ സ്മൂഹത്തിലെ പുരുഷന്മാർ സൂക്ഷിക്കേണ്ട ഒരു ചരക്ക് ആണെന്ന് പഴയ സങ്കല്പമാണ് സ്ത്രീകൾ സ്വയം തീരുമാനം എടുത്ത് മത്തത്തിൽ നിന്നും ജാതിയിൽ നിന്നും വേറെ പോയി വിവാഹം കഴിക്കുമ്പോൾ അപമാനം ആകുന്നതും, മറിച്ച് സ്വന്തം മതത്തിലെ അല്ലെങ്കിൽ ജാതിയിലെ ഒരു പുരുഷൻ വേറെ മതത്തിലോ ജാതിയിലോ പെട്ട ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുകൊണ്ട് വരുമ്പോൾ അതു അഭിമാനവും ആകുന്നത്.

ഇപ്പോൾ മുസ്ലിങ്ങൾ ഹിന്ദു യുവതികളെ വിവാഹം ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ അടുത്ത ഇരകൾ ജാതി മാറി വിവാഹം കഴിക്കാൻ പോകുന്നവരാണ്. ജാതി ശുദ്ധി നിലനിർത്തുക എന്ന ബ്രാഹ്മിൺ ആശയലോകത്തിന്റെ ആദ്യപടി മാത്രമാണ് നമ്മൾ ഇപ്പോൾ കാണുന്ന ലവ് ജിഹാദ് ആരോപണം. അടുത്തപടി “ഉന്നത” ജാതിയിൽ ഉള്ള സ്ത്രീകളെ വിവാഹം ചെയുന്ന “താഴ്ന്ന” ജാതിക്കാരെ തല്ലിക്കൊല്ലൽ ആയിരിക്കും, ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും വരെ ഇത് നടക്കുന്നുണ്ട്.

ആണും പെണ്ണും ഒരേ ജാതിയിൽ നിന്ന് തന്നെ വിവാഹം കഴിച്ചാൽ എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നവരുണ്ടാകാം. ജനിതകശാസ്ത്ര പ്രകാരം കൂടുതൽ വ്യത്യസ്‍തരായ ആളുകൾ വിവാഹം കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാകാൻ നല്ലത്. ഒരേ ഗോത്രത്തിലും ഉപഗോത്രത്തിലും ജാതിയിലും മാത്രം ഉളളവർ വിവാഹം ചെയ്യുമ്പോൾ ജനിതക രോഗങ്ങളുള്ള കുട്ടികൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ജൂതന്മാരിൽ Ashkenazi വിഭാഗത്തിൽ പെടുന്ന ആളുകൾ അതെ ഗ്രൂപ്പിൽ പെട്ടവരെ മാത്രം വിവാഹം ചെയ്തത് മൂലം ഇപ്പോൾ വളരെ അധികം ജനിതക രോഗങ്ങൾ വരൻ വലിയ സാധ്യത ഉള്ള കൂട്ടത്തിലാണ് പെടുന്നത്. അതുപോലെ തന്നെയാണ് ദക്ഷിണ ഇന്ത്യയിലെ വൈശ്യ ജാതിയിൽ പെട്ടവർക്ക് മസ്സിൽ റിലാക്സ് ചെയ്യാനുള്ള മരുന്ന് കൊടുത്താൽ മരിച്ചു പോകാനുള്ള സാധ്യത കൂട്ടുന്ന ജീൻ ഉണ്ടാകുന്ന പ്രശ്നം. ഒരേ ജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നത് കൊണ്ട് അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കുട്ടികൾ ഇതേ ജീൻ കിട്ടാനുള്ള സാധ്യത കൂടുതലാണ്. ഡേവിഡ് റെയ്ക്കും തങ്കരാജും ഇതേപ്പറ്റി നടത്തിയ ഗവേഷങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പക്ഷെ ഇത്തരം കൂടിച്ചേരലുകൾ കൊണ്ടുവരുന്ന ഭാഷ, ഭക്ഷണ സാംസ്‌കാരിക വിനിമയങ്ങളും, ഇവരുടെ കുട്ടികൾ കൊണ്ടുവരുന്ന മതസൗഹാർദ്ദവും ഒക്കെ ഈ ശാരീരിക ജനിതകത്തെക്കാൾ വലിയ സാമൂഹിക ജനിതകം കെട്ടിപ്പടുക്കാൻ ആവശ്യമാണ്. ജാതി ഉന്മൂലനം എന്ന അസാമാന്യ ലേഖനത്തിന്റെ അവസാനം ഡോക്ടർ അംബേദ്‌കർ ഇന്റർകാസ്റ്റ് വിവാഹങ്ങൾക്ക് മാത്രമേ ഇന്ത്യയിലെ ജാതി വ്യവസ്ഥ അവസാനിപ്പിക്കാൻ കഴിയൂ എന്ന് പറഞ്ഞു നിർത്തിയിടത്തു നിന്ന് നമ്മൾ ഒരടി പോലും മുന്നോട്ട് പോയിട്ടില്ല.

സംഘപരിവാറിന്റെ നുകത്തിൽ ക്രിസ്ത്യാനികളെ കൊണ്ടുപോയിൽ കെട്ടുവാനുള്ള ശ്രമങ്ങൾക്ക് ഏറ്റവും വലിയ വളക്കൂറു നൽകിയത് ലവ് ജിഹാദ് ആരോപണങ്ങൾ ആണ്. ഒരു തെളിവും വെളിവുമില്ലാതെ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ ബിജെപിയുടെ പ്രകടനപത്രികയിൽ വരെ എത്തിപ്പെട്ടു. ഇല്ലാത്ത ഒരു കാര്യം തടയാൻ നിയമനിർമാണം നടത്തും എന്ന് പറയുന്ന ആ പ്രകടനപത്രിക ചന്തി തുടക്കാൻ പോലും ഉപയോഗിക്കാൻ പാടില്ല.

അടുത്ത തവണ ഹിന്ദു / ക്രിസ്ത്യൻ സങ്കികൾ ലവ് ജിഹാദിനെ കുറിച്ച് പറയുമ്പോൾ അവരോട് തെളിവ് ചോദിക്കുക. എത്ര ലവ് ജിഹാദികളെ ദേശീയ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തു എന്ന് ചോദിക്കുക. ഓർക്കുക പ്രണയ വിവാഹത്തിന് വേണ്ടി മതം മാറിയ പാവങ്ങളെ കുറിച്ചല്ല, മറിച്ച് ഭീകര സങ്കടനകളുടെ പണം വാങ്ങി പെൺകുട്ടികളെ പ്രേമത്തിൽ പെടുത്തി ഐസിസ് പോലുള്ള സംഘടനകളിൽ ചേർത്ത, ഒരു ഊള സങ്കി പറഞ്ഞ പോലെ ഒരാൾക്ക് അറുപതിൽ ഒരു ഭാര്യ ആയി മാറാൻ വേണ്ടി കൊണ്ടുപോയി കൊടുത്ത ആരെയാണ് ദേശീയ അന്വേഷണ ഏജൻസികൾ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് ചോദിക്കുക.

വോട്ടിനു വേണ്ടി നമ്മുടെ നാടിൻറെ ഐക്യം മതത്തിന്റെ പേര് പറഞ്ഞു തകർക്കാൻ സങ്കികൾ ശ്രമിക്കുന്നതിൽ എനിക്ക് വലിയ അത്ഭുതമില്ല, പക്ഷെ അതിനു ചില ക്രിസ്ത്യൻ സഹോദരങ്ങൾ കൂട്ടുനിൽകുന്നത് കാണുമ്പോൾ നല്ല സങ്കടമുണ്ട്. ഓർക്കുക ആർഎസ്എസ് ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്നത് മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകാരും കഴിഞ്ഞാൽ പിന്നെ ക്രിസ്ത്യാനികളെയാണ്. ട്രെയിനിൽ വച്ച് കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം വോട്ടു ചെയ്യുമ്പോൾ ഓർമയിൽ വച്ചാൽ നല്ലത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: