

കാമറ കണ്ടുപിടിക്കുന്നതിനു മുൻപ് വാട്ടർ കളർ ചിത്രങ്ങളിലൂടെ ലോകത്തിലെ വിവിധ ദേശങ്ങളിലെ പുഴുക്കളേയും, ചിത്രശലഭങ്ങളെയും, കൊക്കൂണുകളെയും അവ അധിവസിക്കുന്ന പ്രദേശത്തെ ചെടികളെയും അതിമനോഹരമായി വരച്ച് ,അതിലൂടെ ശാസ്ത്രത്തിന്റെ ഗതി മാറ്റിയ സ്ത്രീയാണ് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മരിയ സിബില്ല മേരിയൻ (Maria Sibylla Merian).
ചിത്രശലഭത്തിന്റെ ജീവിത ചക്രം കണ്ടുപിടിച്ചത് മരിയ ആണ്. അന്നുണ്ടായിരുന്ന, ചെളിയിൽ നിന്ന് പുഴുക്കളും ചിത്രശലഭങ്ങളും ഉണ്ടായി വരുന്നു എന്ന വിശ്വാസത്തെ വളരെ നാളത്തെ നിരീക്ഷണങ്ങൾക്കും , ആ നിരീക്ഷണങ്ങൾ വാട്ടർ കളർ ചിത്രങ്ങളായി രേഖപെടുത്തിയും ഒരു ചിത്രശലഭം, അതിന്റെ ജീവിത ചക്രമായ മുട്ട -> ലാർവ -> പ്യൂപ്പ -> ചിത്രശലഭം എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വസ്തുത ലോകത്തിനു മനസിലായത്. വളരെ വിശദമായ നിരീക്ഷണം അതേപോലെ ചിത്രങ്ങൾ ആക്കുന്നത് കൊണ്ട് ഒരു ക്യാമെറയിൽ എടുക്കുന്ന അതെ വിശദംശങ്ങൾ അവരുടെ ചിത്രങ്ങളിൽ ഉണ്ടായിരുന്നു.
1699 ൽ യൂറോപ്പിൽ നിന്ന് അന്ന് ഡച്ച് ആധിപത്യത്തിൽ ആയിരുന്ന സുരിനാമിലേക്ക് കപ്പൽ വഴി യാത്ര ചെയ്തു അവിടെയുള്ള ജീവജാലങ്ങളെ നിരീക്ഷിക്കാൻ തുടങ്ങിയതാണ് ചിത്രശലഭങ്ങളുടെ ജീവിത ചക്രം മനസിലാക്കാൻ മരിയയെ സഹായിച്ചത്. അവർ വരച്ച ചിത്രങ്ങൾ അടങ്ങിയ പുസ്തകം ശാസ്ത്ര ലോകത്തെ വലിയ സംഭാവനയായി ഇന്നും കണക്കാക്കുന്നു. പുഴുക്കളേയും, പൂമ്പാറ്റകളെയും അവ വസിക്കുന്ന ചെടികളുടെ ചിത്രം ഉൾപ്പെടെ രേഖപ്പടുത്തിയത് കൊണ്ട് അവയുടെ ആവാസവ്യവസ്ഥയെ കുറിച്ചും, അന്നുണ്ടായിരുന്ന സസ്യജാലങ്ങൾ കുറിച്ചും വിശദമായ ചിത്രങ്ങൾ നമുക്ക് ലഭിച്ചു. സുരിനാമിൽ വച്ച് വരച്ച ചിത്രങ്ങൾ അടങ്ങിയ പുസ്തകം Metamorphosis insectorum Surinamensium 1705 ൽ പ്രസിദ്ധീകരിച്ചു (ആമസോണിൽ ഇപ്പോഴും ഇതിന്റെ കോപ്പി കിട്ടും).
മുകളിൽ ഇത്രയും എഴുതിയ സമയത്ത് ഒന്നിൽ കൂടുതൽ തവണ ഞാൻ വാട്ടർ കളർ എടുത്തു പറഞ്ഞത് ചിലർ എങ്കിലും ശ്രദ്ധിച്ചു കാണും. മനപ്പൂർവം പറഞ്ഞതാണ്. കാരണം അക്കാലത്ത് മാറിയ താമസിച്ചിരുന്ന നഗരത്തിൽ സ്ത്രീകൾക്ക് ഓയിൽ പെയിന്റിംഗ് ഉപയോഗിക്കാൻ അനുവാദം ഇല്ലായിരുന്നു. അന്നത്തെ പുരുഷന്മാരായ കലാകാരന്മാരുടെ സമൂഹം അത് അനുവദിച്ചിരുന്നില്ല.
അന്നത്തെ യൂറോപ്പിൽ വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് സ്വത്തവകാശമോ , കരാറുകളിൽ ഏർപ്പെടാനുള്ള അവകാശമോ, കോടതികളിൽ സാക്ഷിമൊഴി നൽകാനുള്ള അവകാശമോ ഒന്നും ഉണ്ടായിരുന്നില്ല. വളരെ നാളത്തെ സ്ത്രീപക്ഷ പ്രക്ഷോഭങ്ങൾക്ക് ശേഷമാണു ഇന്ന് നമ്മൾ കാണുന്ന സ്ത്രീകൾക്ക് തുല്യ നീതിയും അവസരവും നൽകുന്ന യൂറോപ്പ് ഉണ്ടായി വന്നത്.
മനുഷ്യരുടെ തുല്യതയിലും അവകാശങ്ങളിലും വിശ്വസിക്കുന്ന യൂറോപ്പിലെ ഇന്നത്തെ തലമുറ പഴയ തലമുറയിലെ പുരുഷന്മാരെ നോക്കി അത്ഭുതത്തോടെയും പരിഹാസത്തോടെയും ചിരിക്കുന്നുണ്ടാവണം.
ഒരു പക്ഷെ നൂറോ ഇരുന്നൂറോ വർഷങ്ങൾക്ക് ശേഷം നമ്മുടെ കുട്ടികൾ നമ്മളുടെ ചരിത്രം വായിക്കുമ്പോൾ, ചെറുപ്പക്കാരിയായ സ്ത്രീകൾ ഒരു പ്രത്യേക ആരാധനാലയത്തിൽ കയറിയാൽ രണ്ടു വർഷം തടവു ശിക്ഷ ലഭിക്കുന്ന നിയമത്തെ കുറിച്ചുള്ള ചർച്ചകൾ കണ്ടും, പുരുഷന്മാരുടെ വികാരം അവർക്ക് തന്നെ അടക്കി നിർത്താൻ കഴിയാത്ത കൊണ്ട് സ്ത്രീകളെ ചില മതങ്ങളുടെ ആരാധനാലയങ്ങളിൽ കയറ്റാത്തതിനെ കുറിച്ചും, രണ്ടായിരം വർഷം മുൻപ് മരിച്ചുപോയ ഒരാളുടെ മണവാട്ടി എന്ന പട്ടം ചാർത്തി ഒരു കൂട്ടം സ്ത്രീകളെ ജീവിതകാലം മുഴുവൻ അവിവാഹിതകൾ ആക്കി നിർത്തി അടിമപ്പണി നടത്തിക്കുന്നതിനെ കുറിച്ചെല്ലാം വായിച്ച് അത്ഭുതപ്പെടും. അവർ അന്ന് നമ്മളെ നോക്കി കളിയാക്കി ചിരിക്കാൻ പോകുന്ന ചിരി കാതോർത്താൽ നമുക്ക് ഇപ്പോഴേ കേൾക്കാം..
👏👏👏
LikeLike